1-പ്രസാധനംമണമ്പൂർ രാജൻ ബാബു

കാമുകനേയും കാമുകിയേയും പോലെ
പ്രസാധകനും എഴുത്തുകാരനും
ആദ്യമാദ്യം പരസ്പരാശ്ളേഷത്താൽ
മതി മറന്ന് അവർ
പുറം ലോകത്തെ പുറത്താക്കും
അന്യോന്യമൂറ്റിക്കുടിച്ച് നിർവ്വാണമടയും.
സ്വർഗ്ഗവും നരകവും വരുതിയിലാക്കി
ചെപ്പും പന്തും കളിക്കും
അക്കവും അക്ഷരവും ഇണചേർന്ന്
ചാപിള്ളകൾ പിറക്കുന്നതങ്ങനെ
ഒടുവിൽ
പഴി ചാരി പരസ്പരം പുറത്താക്കുമ്പോൾ
എഴുത്തുകാരൻ പ്രസാധകന്‌
വെറും സാധനം

പ്രസാധകന്റെ ആകാശമേടയിലേക്ക്
ആംഗിൾ ഓപ്ഫ് എലിവേഷനിൽ
എഴുത്തുകാരന്റെ നിരാശാഭരിതമായ നോട്ടം,
പിന്നെ,ഇരുവരും മണ്ണടിയുമ്പോൾ
സകല മൺമേടകൾക്കും മുകളിൽ
ധ്രുവനക്ഷത്രമായി എഴുത്തുകാരൻ!
നല്ലവരെക്കുറിച്ചല്ല ഈ കിസ്സ
നല്ല പ്രസാധകർ എവിടെയുണ്ട്‌?
പറയാം,അന്വേഷിച്ചുപോയവർ
തിരിച്ചെത്തട്ടെ.

2-കന്നഡകവിതയുടെ പരിഭാഷ
മൂലകവിത-രൂപാ ഹസ്സൻ
വിവർത്തനം-ഡോ: പാർവ്വതി.ജി.ഐത്താൾ

പാതിരാവിൽ ഒരു സംവാദം

വേണ്ടെങ്കിൽ
ഇല്ല
ഇവിടെ ഒന്നും സംഭവിച്ചിട്ടേ ഇല്ല
സംഭവിച്ചതൊക്കെ നേരം പോക്ക് മാത്രം
കണക്കല്ല
കൂട്ടിവെച്ചിട്ടില്ല
എന്ന് പറഞ്ഞുകൊണ്ട് ഒന്നിനും ബദ്ധമാകാതെ
എല്ലാം കൊടഞ്ഞുവെച്ച്‌
എഴുന്നേറ്റു പോകാം
വേണ്ടാത്തതെല്ലാം അംഗീകരിച്ച്
തോൾ തുറന്നു കെട്ടിപ്പിടിച്ച്
നിറഞ്ഞ്,നിറഞ്ഞ്
കയറിവരുന്ന
എല്ലാം
ഉള്ളിലേക്കൊതുക്കിവെച്ച് അടച്ചമർത്തിപ്പിടിച്ച്
എങ്ങനെയാണെഴുതുക
പരമ്പരാഗതമല്ലാത്ത
ശാസ്ത്രീയമല്ലാത്ത
ഛന്ദോബദ്ധമല്ലാത്ത
എന്നാലും അർത്ഥപൂർണ്ണമായ ഒരു കവിത!
അത് വിട്
ഇഷ്ടമുണ്ടെങ്കിൽ
കടലും കടക്കാം
അതെ,പക്ഷേ ആദ്യം കടക്കണം വാതിൽപ്പടി!
ഉള്ളിൽ നിന്ന്‌ പിടിച്ചുവലിക്കുന്ന
നൂലാമാലയായ വേരുകൾ
പുറത്തു നിന്ന്‌ വലിച്ചെടുക്കുന്ന
രൂപമില്ലാത്ത അവ്യക്തമായ ആകാരങ്ങൾ
ഇവിടെ ഒന്നിനും
പരിപൂർണ്ണമായ രൂപമില്ല
നിരാകാരത്തിന്‌ ആകാരം നിൽക്കുന്നത് മാത്രം
കൈകളുടെ പണിയെല്ലാം
ആകാരം നേടിയതെല്ലാം
ചരിത്രമായിത്തീർന്നു
വാതിൽപ്പടി കടന്നവർക്കെല്ലാം
പാതാളം അല്ലെങ്കിൽ
ആകാശം.
വേറെവിടേയാണ്‌ അവകാശം
രണ്ട്  അതിരറ്റങ്ങളുടെ നടുക്ക്
അതിക്രമിക്കുന്ന പരിമിതിയുണ്ടോ?
ഉപയോഗിച്ച് തേഞ്ഞ തുലാസിന്റെ തട്ട്
അളക്കാൻ വേണ്ടി മാത്രം
ജീവിക്കാൻ പറ്റില്ല
അതീതരെയെല്ലാം അളവിന്  കിട്ടുന്നില്ല
അളവിന്റെ പരിമിതിയിൽപ്പെട്ടവർ
വിട്,അതീതരാവില്ല.

ഗാന്ധിജിയുടെ വരുംകാല പ്രസക്തി

പി.വി. മോഹനൻ.

1909 ൽ ഗാന്ധിജി രചിച്ച ‘ഹിന്ദ്സ്വരാജ്’ എന്ന കൃതിയുടെ പുനർവായനയാണ്‌ ഈ കുറിപ്പ്. ഹിന്ദ്സ്വരാജിനെ ഗൗരവത്തോടെ പഠിക്കുന്ന ചിന്തകർ ‘വരുംകാലരാഷ്ടീയമാനിഫെസ്റ്റോ’ എന്ന് ഈ കൃതിയെ വിശേഷിപ്പിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ സന്ദർഭത്തിൽ മുഖ്യമായ രണ്ടുധാരകളാണ്‌ നമ്മുടെ മുന്നിലുണ്ടായിരുന്നത്. ഗാന്ധിയുടേയും നെഹ്രുവിന്റേയും വ്യത്യസ്തമായ രണ്ടുവഴികൾ. ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയിൽ ഊന്നിയ ഭൂമിക്കും പ്രകൃതിക്കും പരുക്കേൽക്കാത്ത പങ്കാളിത്തസ്വഭാവമുള്ള ജനാധിപത്യ(ഗ്രാമസ്വരാജ്) മാർഗ്ഗമായിരുന്നു ഗാന്ധിയുടേത്. നിർഭാഗ്യവശാൽ നെഹ്രുവിന്റെ മാർഗ്ഗമാണ്‌ ഇന്ത്യ പിന്തുടർന്നത്. ശാസ്ത്രസാങ്കേതികവളർച്ചയുടെ പിൻബലത്താൽ വികാസം പ്രാപിച്ച ആധുനികബ്രിട്ടീഷ് നാഗരികതയുടെ പകിട്ടുംതിളക്കവുമായിരുന്നു നെഹ്രുവിനെ ആകർഷിച്ചത്. ഭക്രാനങ്കലിനെ ചൂണ്ടി നെഹ്രുപറഞ്ഞു, ‘ഇത് ആധുനികഭാരതത്തിന്റെ ക്ഷേത്രമാണ്‌’എന്നാൽ മണ്ണിനും വിണ്ണിനും ഏറെ വിപത്തുകൾ വരുത്തിയ, നാം ഏറെ കൊട്ടിഘോഷിച്ചുനടപ്പിലാക്കിയ ഹരിതവിപ്ലവം മുതൽ ഈയ്യിടെമാത്രം സംഭവിച്ച ഉത്തരഖണ്ഡിലെ വൻപ്രളയംവരെയുള്ള ദുരന്തത്തിന്റെ നാൾവഴികൾ ഗാന്ധിജിയുടെ മാർഗ്ഗമായിരുന്നു ശരി എന്ന് നമ്മെ തുടർച്ചയായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

യൂറോപ്പ്യൻ നാഗരികത അതിന്റെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് ലോകമാകെ അടക്കിവാഴുന്നകാലത്താണ്‌ ഹിന്ദ്സ്വരാജ് രചിക്കപ്പെട്ടത്. ഡോ.കെ.എൻ.പണിക്കർ എഴുതുന്നു, ഹിന്ദ്സ്വരാജ് പാശ്ചാത്യനാഗരികതയുടെ ദൗർബ്ബല്യത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നതല്ല. നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ അതിൽ നിഴലിക്കുന്നു. അതിൽ പരാമർശിച്ചകാര്യങ്ങൾ, യന്ത്രവത്കൃതയുഗത്തിന്റെ ഭീകരതകൾ, ഇന്ന് യാഥാർത്ഥ്യമായി കഴിഞ്ഞിരിക്കുന്നു.ഒരുപക്ഷേ ഇരുപതാംനൂറ്റാണ്ടിൽ എഴുതപ്പെട്ട ദൂരദർശിത്വമുള്ള ഗ്രന്ഥമായി ഹിന്ദ്സ്വരാജിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.(ഗാന്ധിജിയെ ഓർക്കുമ്പോൾ). ഒരു വ്യക്തിയെസംബന്ധിച്ച് അയാളുടെ ചിന്തകൾ രൂപപ്പെടുന്നതും പടുത്തുയർത്തപ്പെടുന്നതും നിലവിലുള്ള നാഗരികതയുമായി പ്രതിപ്രവർത്തിച്ചാണ്‌. യൂറോപ്പിന്റെ സൃഷ്ടികളായ മുതലാളിത്തവും കമ്മ്യൂണിസവും ഒരേയിടത്ത് എത്തിച്ചേർന്നതിന്റെ കാരണവും ഇതുതന്നെ. അമേരിക്കയും റഷ്യയും ചൈനയും വ്യത്യസ്തനാഗരികതകളാണെന്ന് ഇപ്പോൾ ആരും പറയുമെന്നുതോന്നുന്നില്ല. കമ്മ്യൂണിസ്റ്റു-ക്യാപ്പിറ്റലിസ്റ്റു ശക്തികൾ ഒരിക്കൽ രണ്ടായി വിഭജിച്ചെടുത്ത ലോകം ഒരേ ഈടുംപാവുമുപയോഗിച്ച് നെയ്തെടുത്തതിന്റെ ഫലമാണിത്. ഹിന്ദ്സ്വരാജിന്റെ നാഗരികസങ്കല്പങ്ങൾ പൗരാണികഭാരതീയനാഗരികതയുമായോ ആധുനിക പാശ്ചാത്യനാഗരികതയുമായോ വിളക്കിച്ചേർക്കാവുന്നതല്ല. അത് നിലവിലുള്ളതോ ഉണ്ടായിരുന്നതോ അല്ലാത്ത പുതിയൊരു ലോകക്രമത്തിന്റെ അന്വേഷണമാണ്‌.

ആധുനികപരിഷ്കാരത്തിന്റെ മുഖമുദ്രയായ യന്ത്രത്തെ ഗാന്ധിജികാണുന്നത് വൻവിപത്തിന്റെ പ്രതീകമായിട്ടാണ്‌. ഇംഗ്ലണ്ട് എന്ന ആധുനികസ്റ്റേറ്റും ശാസ്ത്രവും മൂലധനവും സംയോജിക്കുന്ന മണ്ഡലത്തിൽ നിന്നാണ്‌ ഭൂമിയിൽ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സാമ്രാജ്യത്വം എന്ന ചൂഷണവ്യവസ്ഥിതിയുടെ അടിവേരുകൾ ആധുനികശാസ്ത്രത്തിലും മൂലധനത്തിലും ആണെന്ന തിരിച്ചറിവാണ്‌ ഗാന്ധിജിയെ ആധുനികയന്ത്രസംവിധാനത്തെ എതിർക്കുവാൻ പ്രേരിപ്പിച്ചത്.. മാഞ്ചസ്റ്ററിലെ ആധുനികവ്യവസായശാലകളിൽ നിന്ന് ഇറക്കുമതിചെയ്ത വസ്ത്രങ്ങളും മറ്റ് ഉല്പന്നങ്ങളും കൊണ്ടാണ്‌ ഭാരതത്തിലെ കരകൗശലതൊഴിലാളികളെയും നെയ്ത്തുകാരേയും നശിപ്പിച്ചത്. അവരുടെ സ്ത്രീകളേയും, കുട്ടികളേയും നിത്യദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. മനുഷ്യാദ്ധ്വാനത്തെ കേവലം കൂലിവേലയായി യന്ത്രങ്ങൾ മാറ്റി. ആവിയന്ത്രത്തിൽ നിന്ന് കമ്പ്യൂട്ടറിലേക്കുള്ള ആധുനികശാസ്ത്രത്തിന്റെ പരിണാമത്തോടൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവീകരണം,ചൂഷണം,പരിസ്ഥിതിനശീകരണം,സാംസ്കാരികത്തകർച്ച തുടങ്ങിയവ മനുഷ്യവർഗ്ഗത്തിന്റെ വിജയഗാഥകളായിട്ടാണ്‌ ചരിത്രം ഘോഷിക്കുന്നത്. യന്ത്രങ്ങളെക്കുറിച്ച് മാർക്സിനുണ്ടായിരുന്നകാഴ്ച്ചപ്പാട് നിരന്തരം പരിഷ്ക്കരിക്കപ്പെടുന്നതും കൂടുതൽ ഉല്പാദനം നടത്താൻ ശേഷികണ്ടെത്തുന്നതും എന്നാണെങ്കിൽ ഗാന്ധിയെസംബന്ധിച്ച് അത് മനുഷ്യകരങ്ങളുടെ സഹായി എന്നനിലയിൽ മാത്രമായിരുന്നു. യന്ത്രത്തെ ഗാന്ധി പൂർണ്ണമായും നിരാകരിക്കുകയല്ല,യന്ത്രം മനുഷ്യനുപകാരമായിരിക്കരുത് എന്ന് അടിവരയിടുകയാണ്‌. മനുഷ്യനിലെ ക്രിയാത്മകതയെ യന്ത്രത്തിനെതിരെയുള്ള വെല്ലുവിളിയായി ഉയർത്തുവാൻ ശ്രമിച്ചു എന്നതാണ്‌ ആധുനികകാലത്ത് ഗാന്ധിയുടെ പ്രസക്തി.

പാർലിമെന്ററി ജനാധിപത്യസമ്പ്രദായത്തിന്റെ കാപട്യവും പൊള്ളത്തരങ്ങളും 1909 ൽ തന്നെ ഗാന്ധിജി കണ്ടെത്തിയിരുന്നു.ബ്രിട്ടീഷ് പാർലിമെന്റിനെ മച്ചിയോടും വേശ്യയോടുമാണ്‌ ഗാന്ധി ഉപമിച്ചത്. അദ്ദേഹത്തിന്റെ താഴെ ഉദ്ധരിച്ചിട്ടുള്ള വാക്കുകൾ ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യസമ്പ്രദായത്തിനുപോലും എത്രമാത്രം യോജിച്ചതാണെന്നു കാണുക. ‘ജനപ്രതിനിധികൾ പൊതുവിൽ തൻകാര്യം നോക്കികളും കപടനാട്യക്കാരുമാണ്‌. സ്വന്തം കാര്യത്തെക്കുറിച്ചാണ്‌ ഓരോരുത്തരുടേയും ചിന്ത......ഗൗരവമുള്ളവിഷയത്തെക്കുറിച്ച് ചർച്ചനടക്കുമ്പോൾ തന്നെ സഭയിൽ നീണ്ടുനിവർന്നുകിടന്നുറങ്ങുന്നവരുണ്ടാകും. വിഷയം തൊടാതെ വലിച്ചുനീട്ടിയാകും പലരുടേയും പ്രസംഗം.

മനുഷ്യശരീരത്തെ ഡോക്ടർമാരുടെ പിടിയിൽനിന്നു മോചിപ്പിച്ചു രോഗിക്കുതന്നെ തിരിച്ചുനല്കാനുള്ള ദർശനം ഗാന്ധി രൂപപ്പെടുത്തി. രോഗിയുടെ ശരീരത്തിൻമേലുള്ള ചികിത്സകരുടെ അധികാരം ഗാന്ധി വകവെച്ചുകൊടുത്തില്ല. പകരം തന്റെ ശരീരത്തെ അറിയുവാനും നിർവ്വചിക്കുവാനുമുള്ള അവകാശം വ്യക്തിയെത്തന്നെ ഏല്പിച്ചു. സ്വയംപരീക്ഷിച്ച,തന്റെ കുടുംബാംഗങ്ങളിലും ആശ്രമവാസികളിലും പരീക്ഷിച്ചുവിജയിച്ച പ്രകൃതിചികിത്സസമ്പ്രദായം ഗാന്ധിജി പ്രാബല്യത്തിൽ വരുത്തിയിരുന്നു.

അഹിംസാ സിദ്ധാന്തത്തിൽ നിന്ന് അണുവിടപോലും വ്യതിചലിക്കാതെയാണ്‌ ഗാന്ധിജി തന്റെ സഹനസമരം രൂപപ്പെടുത്തിയത്. ഗാന്ധിജി എഴുതുന്നു: ‘പീരങ്കികൊണ്ട് അന്യരെ വെടിവെച്ചു നുറുക്കുന്നതിനോ അതോ വെടിയേറ്റു നുറുങ്ങുന്നതിനോ ഏതിനാണ്‌ കൂടുതൽ ധൈര്യം വേണ്ടിവരിക? നിങ്ങൾ തന്നെ പറയൂ, സ്വന്തം മരണത്തെ ഉറ്റതോഴനെപോലെ കൂടെക്കൊണ്ടുനടക്കുന്നവനോ അതോ അന്യരുടെ മരണത്തെ സ്വന്തം കാര്യസാദ്ധ്യത്തിന്‌ കരുവാക്കാൻ നോക്കുന്നവനോ ആരാണ്‌ യഥാർത്ഥ പോരാളി?

ഭീരുവിനൊരിക്കലും സഹനസമരക്കാരനാകാനൊക്കില്ല (പേജ് 51). ആധുനിക ചിന്തകൾ ഇന്ന് ഗൗരവപൂർവ്വം ഗാന്ധിയെ അന്വേഷിക്കുന്നു. ഗാന്ധിയെ മനസ്സിലാക്കാൻ വായനക്കപ്പുറമുള്ള അന്വേഷണം ആവശ്യമാണ്‌. ഏതെങ്കിലും  പ്രസ്ഥാനത്തിന്റെ സ്പോൺസർഷിപ്പിലെ ഗാന്ധിയൻ ചിന്തയുടെ വളർച്ചയും വ്യാപനവും ലോകത്തു സംഭവിക്കുന്നത്. ഗാന്ധിയൻ ദർശനം സ്വന്തം ഉൾക്കരുത്തുകൊണ്ടു തന്നെയാണ്‌ പോയ കാലത്തേക്കാൾ തീവ്രതയോടെ ആധുനിക നാഗരികതയ്ക്കു നേരെ കലാപങ്ങൾ സൃഷ്ടിക്കുന്നത്. ഉപഭോഗാർത്തിയുടെ ഭ്രാന്തിനെ അളക്കാനുള്ള ചങ്ങലയാണ്‌ ഗാന്ധി. ഈഗാന്ധിയേയാണ്‌ വരുംതലമുറകൾക്കാവശ്യം. ഗാന്ധിയൻ വികസനസങ്കല്പം കേന്ദ്രബിന്ദുവാക്കുന്ന ജൈവരാഷ്ടീയമാണ്‌ ഇന്ന് കോർപ്പറേറ്റുകളും ഭരണാധികാരിവർഗ്ഗവും ഭയക്കുന്നത്. ഗാന്ധി മുന്നോട്ടുവച്ച അഹിംസയിലടിയുറച്ച ആദർശാത്മകജീവിത സമ്പ്രദായത്തിലാണ്‌ ഇന്ന് ലോകത്തും ഭാരതത്തിലും സ്ത്രീകളുടേയും, കീഴാളരുടേയും, കുടിയിറക്കപ്പെട്ടവരുടേയുമൊക്കെ മോചനത്തിനും, ജീവിതത്തിനും, മണ്ണിനും വേണ്ടിയുള്ള സമരങ്ങൾ നടക്കുന്

മുഖപടമണിയുന്ന നഗര യൗവ്വനം.

.-അനിൽ  കുമാർ

സ്ഥലം ബാങ്ക്ലൂര്‍ നഗരത്തിലെ ഒരു പ്രധാന ഷോപ്പിംഗ്‌ മാള്‍..
ചന്നം പിന്നം പെയ്യുന്ന മഴയില്‍ 'വീക്കെന്റ് ' ചിലവഴിക്കാന്‍ പറ്റിയസ്ഥലം.
കുടുംബവുമൊത്ത് മാളിലെ സ്റ്റെയര്‍ കയസുകള്‍ കയറി ഇറങ്ങുന്നതിന്നിടയില്‍
മുഖം മൂടി ക്കെട്ടിയ ഒരു സ്ത്രീ ഞങ്ങളെ തന്നെ നോക്കുന്നു..
അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ പുഞ്ചിരിക്കുന്നതായി തോന്നി.
തിരിച്ചും ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി ദൃഷ്ടി മാറ്റാന്‍ ശ്രമിക്കവേ
പരിചിതമായ സ്വരത്തില്‍
ചോദിക്കുന്നു " മനസ്സിലായില്ലേ .."  ഒരു ചമ്മലോടെ പറഞ്ഞു
'ഇല്ലായിരുന്നു.. സ്വരം കേട്ടപ്പോള്‍
 മനസ്സിലായി..'. അപ്പോഴേയ്ക്കും അവരുടെ ഭര്‍ത്താവും , മകനും അവരുടെ ഒപ്പം
കൂടി. കുടുംബ സുഹൃത്ത്ദേവിയും ഭര്‍ത്താവും അവരുടെ മകനും.
 എന്താ ഈ വേഷത്തില്‍ മഴയത്തു അലര്‍ജിയായോ എന്ന എന്റെ ചോദ്യത്തിനു അമര്‍ഷത്തോടെ
അലര്‍ജിയാണേല്‍ സഹിക്കാമായിരുന്നു.. ഇതതുകൊണ്ടല്ല .. വരൂ പറയാം എന്ന് പറഞ്ഞു അവര്‍
ഞങ്ങളെ മാളിലെ ഒരു ഒഴിഞ്ഞ ബഞ്ചിലേക്ക് നയിച്ചു. കുടുംബങ്ങള്‍ തമ്മില്‍
ലോഹ്യം പറച്ചിലിനിടയില്‍
ഞാന്‍ വീണ്ടും ചോദിച്ചു മുഖംമൂടിയുടെ കാരണം . 'എല്ലായിടത്തും ക്യാമറയാ .
അതില്‍ നിന്നും
രക്ഷ നേടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാ ഈ മൂടുപടം.. ' ക്യാമറയില്‍
കുടുങ്ങിയാല്‍ ഫോട്ടോയും വീഡിയോയും
എവിടെയെല്ലാം എത്തുമെന്ന് എത്തരത്തില്‍ ദുര്യുപയോഗം ചെയ്യുമെന്നും
ആര്‍ക്കറിയാം.. ചിലപ്പോള്‍ മാനം
നഷ്ട്ടപ്പെടുന്ന രീതിയിലായിരിക്കാം അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുക.
 ' ധാര്‍മികത നഷ്ട്ടപ്പെട്ട ഈ സമൂഹത്തില്‍
സ്വയം സംരക്ഷിക്കപ്പെടെണ്ടതുണ്ട്. ..' അവള്‍ ഇത്രയും ഒറ്റ ശ്വാസത്തില്‍
പറഞ്ഞു തീര്‍ത്തു.
മുഖപടത്തില്‍ ഒളിപ്പിച്ച അവളുടെ മുഖത്തിലെ അമര്‍ഷ ഭാവം അവളുടെ കണ്ണില്‍
നിന്നും, ശബ്ദത്തില്‍ നിന്നും
എനിക്ക് മനസ്സിലാക്കാനായി..
ഞങ്ങള്‍ക്കിടയിലെ ഏതാനും നിമിഷത്തെ നിശബ്ദതക്ക് ശേഷം ദേവി വീണ്ടും തുടര്‍ന്നു .
ഇന്റര്‍നെറ്റിലെ ഫോട്ടോ ദുര്യോപയോഗത്തെ കുറിച്ച് അവള്‍
വാചാലയായി..ഇതെല്ലം കേട്ടതോടെ എന്റെ 'വാമഭാഗം '
ഭയപ്പെടോടെ എന്റെ മുഖത്തേക്ക് നോക്കി..അരക്ഷിതയായ സ്ത്രീയുടെ ദൈന്യത
ഞങ്ങള്‍ക്ക് ഇരുവരുടെയും കണ്ണുകളില്‍
കാണാമായിരുന്നു..
  സി.സി ക്യാമറകളും, ഫ്ലാഷില്ലാതെ കറങ്ങി നടക്കുന്ന മൊബൈല്‍ ക്യാമറകളും
'ദേവിക്കു' പേടി സ്വപ്നമായി തീര്‍ന്നിരിക്കുന്നു.
'സാങ്കേതിക വിദ്യ ..' ഒരുക്കിയ ശാപം... മന:സ്സമാധാനത്തോടെ ഒന്നു
പുറത്തിറങ്ങി നടക്കാനാവില്ലത്രെ.. ഷോപ്പിംഗ്‌ മാളോ,
പാര്‍ക്കോ, വിവാഹ ചടങ്ങോ , പിറന്നാള്‍ ആഘോഷമോ എന്ന് വേണ്ട എവിടെയും
അവളുടെ 'യവ്വന സൌന്ദര്യം' പകര്‍ത്താന്‍ ആളുണ്ടാവും.
ഏതാനും ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ  മകളുടെ പിറന്നാള്‍ ചടങ്ങില്‍
പങ്കെടുത്തപ്പോള്‍ ഉണ്ടായ കാര്യം ദേവി പറഞ്ഞു.
ചടങ്ങിന്റെ പിറ്റേന്ന് ഫേസ്ബുക്കില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോ
പോസ്റ്റ്‌ ചെയ്തിരിക്കുന്നു.. പലതും 'ക്ലോസ് അപ് ' ചിത്രങ്ങള്‍ .
അവര്‍ കണ്ടപ്പോഴെയ്ക്കും പലരും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു..ഉടന്‍
തന്നെ സുഹൃത്തിനെ വിളിച്ചു പറഞ്ഞു ചിത്രങ്ങള്‍ നീക്കം
ചെയ്യാനാവശ്യപ്പെട്ടു.
കൂടാതെ ഇനി പുറത്തിറങ്ങുമ്പോള്‍ മുഖം ' സ്കാര്‍ഫ് ' കൊണ്ട് മറയ്ക്കാനും
തീരുമാനിച്ചു.
സമൂഹത്തിലെ സാങ്കേതിക മുന്നേറ്റത്തില്‍ അവള്‍ അനുഭവിക്കുന്ന ചില
കാര്യങ്ങള്‍ കൂടി മനസ്സ് തുറന്നു പറഞ്ഞു..
ഓഫീസില്‍ ഇരിക്കുന്ന എട്ടും പത്തും മണിക്കൂര്‍ തങ്ങളില്‍ പലരും
ഒളിക്ക്യാമറകളെ ഭയന്ന് പ്രാഥമിക കര്‍മ്മം പോലും ചെയ്യാറില്ലത്രേ.
ഇത് പലരെയും തള്ളിവിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്കായിരിക്കും.
ട്രെയിനിലും മറ്റും ദൂരയാത്ര ചെയ്യുമ്പോഴും അവള്‍
അനുഭവിക്കുന്നത് സമാന  സാഹചര്യം തന്നെ.. അതെ.. ഇത് വളരുന്ന
സാങ്കേതികവിദ്യ 'ദേവിമാര്‍ക്ക്' ' സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൊന്ന്
മാത്രം.
അപ്പോഴേയ്ക്കും ഞങ്ങളുടെ കുട്ടികള്‍ കൈ പിടിച്ചു കാണാമറയത്തേക്ക് നീങ്ങിതുടങ്ങിയിരുന്നു..കുടുംബ 
ങ്ങള്‍ പരസ്പരം 'ബൈ' പറഞ്ഞു ഞങ്ങള്‍വീണ്ടും
മുകള്‍ നിലയിലേക്ക് നിരങ്ങി നീങ്ങുമ്പോള്‍ മുഖപടമണിഞ്ഞ ഏതാനും
'ദേവി'മാരെക്കൂടി ഞങ്ങള്‍ക്ക് കാണാനായി..അപ്പോഴും മനസ്സില്‍ പ്രതി
ധ്വനിക്കുന്നത്‌
ദേവിയുടെ അമര്‍ഷത്തിലുള്ള  സ്വരം .. ' ധാര്‍മ്മികത നഷ്ട്ടപ്പെട്ട ഈ
സമൂഹത്തില്‍ നാം സ്വയം രക്ഷാ കവചം തീര്‍ക്കേണ്ടിയിരിക്കുന്നു.. '
 'അതെ അവളുടെ യൗവ്വനം മുഖപടമണിയട്ടെ ..'

കർണ്ണാടകനായർ സർവ്വീസ് സൊസൈറ്റിയുടെ മന്നം മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് സ്ക്കൂൾ


-സ്വന്തം ലേഖകൻ-

“ഭ്രാന്താലയം” എന്ന് സ്വാമിവിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെട്ട കേരളം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ നവോത്ഥാനത്തിന്റെ കാഹളംവിളികേട്ടുണരാൻ തുടങ്ങി. അയിത്തമടങ്ങുന്ന അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അടിമത്തം തുടങ്ങിയ തുരുമ്പെടുത്ത ഫ്യൂഡൽ മൂല്യബോധങ്ങളെ തകർത്തെറിഞ്ഞത് വിശ്വമാനവീകതയുടെ പ്രകാശധാരചൊരിഞ്ഞുകൊണ്ടാണ്‌. സമുദായത്തിന്‌ പുറത്ത് പൊതുവിഹാരം നിഷേധിക്കപ്പെട്ട അവസ്ഥയിൽ, മനുഷ്യൻ, അനുവദനീയമായ സാമൂദായിക ഭൂമിയിൽ തന്നെ സംഘടിക്കുകയാണ്‌ ചെയ്തത്. ഈഴവനും,പുലയനും,നമ്പൂതിരിയും, നായരും സംഘടിച്ച്,സ്വയം പരിഷ്കരിക്കപ്പെടുകയും, അതുവഴി സമൂഹം നവീകരിക്കപ്പെടുകയും ചെയ്തത് കേരളം അഭിമാനപുരസ്സരം ഓർക്കുന്ന ചരിത്രകാലമാണ്‌ , നവോത്ഥാനകാലം.

നായർ സമൂഹം ആദരസമന്വിതം ആചാര്യനെന്ന് വിളിക്കുന്ന, രാഷ്ടം പത്മഭൂഷൺ നല്കി ആദരിച്ച ഭാരതകേസരി മന്നത്ത് പത്മനാഭൻ 99 വർഷം മുമ്പ്, 1914 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് പെരുന്നയിൽ വെച്ചാണ്‌ രൂപം കൊടുത്തത്. 1982 ലാണ്‌ കർണ്ണാടകത്തിൽ നായർസർവ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്നതിന്‌ പിന്നിൽ മറ്റൊരു സാഹചര്യമാണ്‌ ഒരുങ്ങിവന്നത്. മത്തിക്കരെയിൽ, ഒരു നായർ സഹോദരൻ മരണപ്പെട്ടപ്പോൾ, ആചാരപ്രകാരം മൃതശരീരം സംസ്കരിക്കാനും,അനന്തരക്രിയകൾ ചെയ്യാനും ഏതാനുംസുഹൃത്തുക്കളാണ്‌ഒത്തുക്കൂടിയത്.ഇത്തരം  സാഹചര്യങ്ങളിൽ,മറുനാട്ടിൽ മനുഷ്യൻ ഒറ്റപ്പെടുന്ന ജീവിതസന്ധികളെ അതിജീവിക്കണമെന്ന ചിന്തയാണ്‌,ഇന്ദിരാനഗറിലേയും ദൂരവാണിനഗറിലേയും സഹോദരങ്ങളെക്കൂടി ചേർത്ത് ഈ സംഘടന പിറവിയെടുത്തതിന്റെ മൂലകാരണം. ഇന്ന് ബാംഗ്ലൂർ മലയാളികൾക്കിടയിൽ 31 ശാഖകളോടെ നായർ സർവ്വീസ് സൊസൈറ്റി സുസംഘടിതമായ ഒരു സംഘടനയായി മാറിക്കഴിഞ്ഞു. എം.ബി. മേനോനായിരുന്നു സ്ഥാപകചെയർമാൻ.

കേരളത്തിലങ്ങോളമിങ്ങോളം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ കാല്പാടുകൾ പിന്തുടർന്നുകൊണ്ടാണ്‌ എം.എസ്. നഗറിൽ, രാമസ്വാമിപാളയത്ത്,മന്നം മെമ്മോറിയൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും, എം.എം.ഇ.ടി.സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തത്. കേവലം 13 വിദ്യാർത്ഥികളിൽ തുടങ്ങിയ ഈ സ്ഥാപനത്തിന്‌ ഇന്ന് ദൂരവാണിനഗറിന്‌ സമീപം,ടി.സി.പാളയത്ത് മറ്റൊരു സഹോദരസ്ഥാപനം കൂടി ആരംഭിക്കാൻ കഴിഞ്ഞു. മൊത്തം,1300ലേറെ വിദ്യാർത്ഥികളും,അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാരായി അറുപതോളം പേരും ഈ രണ്ടു വിദ്യാലയങ്ങളിലുമായിട്ടുണ്ട്. തോറനഹള്ളിയിൽ, ഹൊസ്ക്കൊട്ടെയിൽ നിന്ന് 11.കി.മീറ്റർ ദൂരെയായി ഒരു സി.ബി.എസ്.സി. സിലബസ്സിൽ, റസിഡൻസിസ്കൂൾ തുടങ്ങുക എന്നതാണ്‌ അടുത്തലക്ഷ്യം. അവിടെ 5 1/4 ഏക്കർ സ്ഥലം ഇതിനായി ലഭിച്ചിട്ടുണ്ട്.

1987ൽ വിദ്യാലയം,ഇടുങ്ങിയ ഒരു വാടകകെട്ടിടത്തിൽ ആരംഭിക്കുമ്പോൾ പ്രശ്നങ്ങളും,പരാധീനതകളും പ്രാരാബ്ധങ്ങളും തുറിച്ച് നോക്കുകയായിരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായി വിദ്യാർത്ഥികൾ,ഗുണനിലവാരമുള്ള അദ്ധ്യാപകർക്ക് അർഹമായ ശബളം കൊടുക്കുകയും വേണം. ത്യാഗസന്നദ്ധതയും,പ്രതിബന്ധതയും,സാമ്പത്തിക അച്ചടക്കവും അനിവാര്യം. ഉയർന്ന റിസൽറ്റ് കൂടിയേതീരു. 22ട്രസ്റ്റിമാരും, എൻ.എസ്.എസ്.ഭാരവാഹികളും ഒത്തുപിടിച്ചിട്ടാണ്‌ സിൽവർജൂബിലി കഴിഞ്ഞവർഷം ആഘോഷിക്കുമ്പോഴേക്കും,വിദ്യാലയത്തെ പ്രശസ്തമായ നിലയിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞത്. ത്യാഗത്തിന്‌ വിലകിട്ടും എന്ന വസ്തുത സാർത്ഥകമാക്കികൊണ്ട് ഇന്ന് 95 നും 100നും ഇടയിൽ വിജയശതമാനം നിലനിർത്തികൊണ്ട് പോകുമ്പോൾ മറ്റൊരുവസ്തുത ഓർമ്മിക്കേണ്ടതായുണ്ട്.ചെറിയ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെയാണ്‌ ഈ നിലവാരത്തിലേക്ക് ഉയർത്തുന്നതെന്ന്.

കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി സ്മാർട്ട്ക്ലാസ്സുകൾ തുടങ്ങി ആധുനികവിദ്യാഭ്യാസരീതികൾ ഇവിടെ നടപ്പിലാക്കിവരുന്നു. പഠനത്തോടൊപ്പം കായികമായും സാംസ്കാരികമായും ഉയർത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. താലൂക്ക്-ജില്ലാതലമത്സരങ്ങളിൽ വിദ്യാർത്ഥികൾ മികവോടെ സമ്മാനങ്ങൾ സമാഹരിക്കുന്നുണ്ട്. സമൂഹിക അവബോധമുള്ള പൗരന്മാരാക്കി ഉയർത്തുന്നലക്ഷ്യത്തോടെ 2005 മുതൽ “ബാലജനഗൃഹ” പദ്ധതി നടപ്പിലാക്കുന്നുണ്ട്. കാലാനുസൃതമായി വൈജ്ഞാനികരംഗത്തുണ്ടാകുന്ന ചലനങ്ങളെ സാംശീകരിക്കുന്നതിന്‌ വേണ്ടുന്ന അദ്ധ്യാപകപരിശീലനവും നടത്തിവരുന്നുണ്ട്.

കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻപാലേരി, ജന.സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രത്യേക ക്ഷണിതാവ് ഐ.പി.രാമചന്ദ്രൻ,ട്രഷറർ വി.വിജയൻ എന്നിവരുടെ മേൽനോട്ടത്തിലും, എം.എം.ഇ.ടി.പ്രസിഡന്റ് ഒ.വി.പി.നമ്പ്യാർ,സെക്രട്ടറി എം. വിജയൻ നായർ എന്നിവരുടെ ഭരണത്തിലുമാണ്‌ ഈ വിദ്യാലയങ്ങൾ ഇന്ന് വിജയത്തിന്റെ പടവുകൾ ചവുട്ടിക്കയറുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സഹായഹസ്തമായി, പഠിക്കുന്നവർക്ക് പ്രോത്സാഹനം നല്കിക്കൊണ്ട്, സാമ്പത്തികശേഷിയുള്ളവരിൽനിന്ന് ധനശേഖരണം നടത്തി, സ്കോളർഷിപ്പുകളും എന്റൊവ്മെന്റുകളും വിദ്യാർത്ഥികൾക്കായി നല്കിവരുന്നുണ്ട്. വിദ്യാലയനടത്തിപ്പിൽ പെരുമയാർജ്ജിച്ച മറുനാടൻ മലയാളിക്ക്, ഈ സ്ഥാപനവും ഒരു തിലകക്കുറിയാണ്‌.

കന്നഡ-മലയാളസിനിമാ സംവിധായകൻ ജോളി ബാസ്റ്റ്യൻ സംസാരിക്കുന്നു

കന്നഡ-മലയാളസിനിമാ സംവിധായകൻ ജോളി ബാസ്റ്റ്യൻ സംസാരിക്കുന്നു

മാറ്റത്തിന്റെ വഴിയിൽ മലയാള സിനിമ
ജോളി സെബാസ്റ്റ്യൻ


കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതി മുട്ടി നിന്ന മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണ്‌. “ന്യൂ ജനറേഷൻ സിനിമ” മാത്രമാണിതിന്‌ കാരണമെന്ന് പറയാനാവില്ല. സിനിമയറിയുന്ന നിരവധി ചെറുപ്പക്കാർ,തിരക്കഥ, സംവിധാനം,ക്യാമറ, എന്നീ മേഖലകളിലേക്ക് കടന്നുവരികയും നിലവിലുള്ള സിനിമാകലാകാരന്മാരുമായി  അവരുടെ പ്രവർത്തനങ്ങൾ സങ്കലനപ്പെടുകയും ചെയ്യുന്നത് ഗുണകരമാകുന്നു. ഇപ്പോൾ തന്നെ അതിന്റെ ഗുണം മലയാളത്തിന്‌ ലഭിക്കുന്നുണ്ട്‌.കൂടുതൽ നേട്ടങ്ങൾ ഉണ്ടാവും-ജോളി ബാസ്റ്റ്യൻ പറഞ്ഞു.
അറുപതുകളുടെ അന്ത്യത്തിലാണ്‌ ജോളി ബാസ്റ്റ്യന്റെ പിതാവ് ജോൺ സെബാസ്റ്റയ്ൻ എറണാംകുളത്തു നിന്ന്‌ ബാംഗ്ളൂരിലേക്ക് വരുന്നത്‌,അമ്മ സിന്റർലാ.മെക്കാനിക്കായിരുന്ന അച്ഛന്റെ തൊഴിലിനോട് ചെറുപ്പത്തിലേ ജോളിക്കും താൽപ്പര്യമായി. സ്ക്കൂൾപഠനകാലത്ത് തന്നെ മോട്ടോർമെക്കാനിസം പഠിക്കുകയും പണി ചെയ്യുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ തിപ്പസാന്ദ്രയിൽ സ്വന്തമായി ഗാരേജ് തുടങ്ങുകയും ഓട്ടോമൊബൈൽ ഡിപ്ളോമക്ക് പഠിച്ച് പാസ്സാവുകയും ചെയ്തു. ബൈക്ക് ഓടിക്കുന്നതിലും ബൈക്കിൽ അഭ്യാസം നടത്തുന്നതിലുമുള്ള വൈദഗ്ദ്ധ്യമുണ്ടായിരുന്നു. കന്നഡ നടൻ രവിചന്ദ്രന്റെ ഫിസിക്കൽ ഇൻസ്ട്രക്റ്റർ മൂർത്തി ഒരിക്കൽ ജോളിയുടെ ബൈക്ക് അഭ്യാസപ്രകടനം കണ്ട്‌ ഇഷ്ടപ്പെട്ട്‌ “പ്രേമ ലോക” എന്ന സിനിമയിൽ ,രവിചന്ദ്രന്റെ ഡ്യൂപ്പായി 1986-ൽ അഭിനയിപ്പിച്ചു. അത് ഹിറ്റായതോടെ കൈനിറയെ പടങ്ങളായിരുന്നു.എട്ടുവർഷം,സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ചു.94-ൽ“പുട്ടനഞ്ച” എന്ന ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടറായി.അതും ഹിറ്റായതോടെ ജോളിബാസ്റ്റ്യൻ സ്റ്റണ്ട്  സംവിധാനത്തിൽ ഒഴിവാക്കാനാകാത്ത ഒരു വ്യക്തിയായിമാറി.കന്നഡ,തമിഴ്,തെലുഗു,പഞ്ചാബി,ബംഗാളി,സിംഹള,മലയാളം എന്നീ ഭാഷകളി ലായി 600ലേറെ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങളുടെ ആശയവും ചിത്രീകരണവും ഈ കലാകാരന്റെ കൈകളിലൂടെ കടന്നുപോയി. രാംഗോപാൽ വർമ്മയുടെ “ബേജ് വാഡാ”(തെലുങ്ക്)എന്ന ചിത്രത്തിന്റെ ആ ക്ഷൻ ഡയറക്ടരാണ്‌.സ്വാഭാവികതയും, നാടകീയതയും,ഉദ്വേഗവും വേണ്ടും വിധം ഉപയോഗപ്പെടുത്തുന്നതിലാണ്‌ ജോളിയുടെ കരവിരുത്‌.
ലാൽ ജോസിന്റെ “അയാളും ഞാനും തമ്മിൽ”ബി.ഉണ്ണിക്കൃഷ്ണന്റെ“ഐലൌ മീ” അങ്കമാലി എം.എൽ.എ.ജോസ് തെറ്റയിൽ അഭിനയിച്ച വിനയന്റെ“കാണാക്കൊമ്പത്ത്”ലോഹിതദാസിന്റെ “നിവേദ്യം”ഇതെല്ലാം പ്രശസ്തമായ ചിലത് മാത്രം.

സംവിധാനം 

വിശാൽ ഹെഗ്ഡേ,പൂജാഗാന്ധി എന്നിവർ നായകനും, നായികയുമായഭിനയിച്ചു് 2009-ൽ ജോളി  തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യകന്നഡ ചിത്രമാണ്‌ “നിനക്കാകി കാതിരുവേ”.രാജൻ പി.ദേവിന്റെ മകൻ ജൂബിൻ രാജ് നായകനും,സുജാത നായികയുമായഭിനയിച്ച് ജോളി  തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളപടത്തിന്‌ പേരിട്ടിട്ടില്ല,ഷൂട്ടിംഗ് പൂർത്തിയായി,എഡിറ്റിംഗ് ടേബിളിലാണ്‌.ഡബ്ബിംഗ് കഴിഞ്ഞ് തിയ്യേറ്ററിലെത്താൻ രണ്ടു മാസം കഴിയണം.
അഭിനയം
ആക്ഷൻ രംഗങ്ങളി ൽ മാത്രമല്ല,ചെറിയ റോളുകളിലായി 200ലേറെ ചിത്രങ്ങളി ൽ അഭിനയിച്ചിട്ടുണ്ട്‌.
ഗായകൻ-ട്രൂപ്പുടമ  
ആയിരത്തോളം പാട്ടുകൾ,(ഹിന്ദി,തമിഴ്,കന്നഡ,മലയാളം ഭാഷകളിലെ)ഹൃദിസ്ഥമാക്കിയ ഈ ഗായകൻ രണ്ടായിരാമാണ്ടി ൽ സ്വന്തമായി ഓർക്കസ്ട്രാ ട്രൂപ്പ്“ഗാനതരംഗ” നടത്തുന്നുണ്ട്‌. ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഈ ഗാനമേളട്രൂപ്പിന്‌ നിരവധി അവസരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്`.
മലയാള സിനിമയെക്കുറിച്ചും കലാകാരൻമാരേ ക്കുറിച്ചും മതിപ്പുള്ള ജോളി മലയാളിയാണെന്നതിൽ അഭിമാനിക്കുന്നു. മലയാള സിനിമ മറ്റു ഭാഷാചിത്രങ്ങളിലേക്ക്“പുനർ നിർമ്മാണം ” നടത്തുന്നതും,മൊഴിമാറ്റം നടത്തുന്നതും നമ്മുടെ ഗുണമേൻമയെ അടയാളപ്പെടുത്തുന്നു. ദീർഘകാലമായി ഇന്ത്യൻ സിനിമയിൽ മലയാളസിനിമക്ക് സ്വന്തമായ ഒരു സ്ഥാനമുണ്ട്‌. അതിന്റെ പേരിൽ മറ്റു ഭാഷാസിനിമാപ്രവർത്തകർക്കിടയിൽ തനിക്ക് നല്ല ബഹുമാനവും അംഗീകാരവും കിട്ടുന്നുണ്ടെന്ന് ഈ യുവകലാകാരൻ സാക്ഷ്യപ്പെടുത്തുന്നു.
അഖിലേന്ത്യാ ഫിലിംവർക്കേഴ്സ് ഫെഡറേഷന്റെ ദേശീയപ്രവർത്തക സമിതി അംഗം കൂടിയായ ജോളി ബാസ്റ്റ്യന്‌ ഞങ്ങളുടെ ആശംസകൾ....
ജോളിബാസ്റ്റ്യൻ-080 50314002

ഇതു ന്യൂ ജനറേഷൻ സംസ്ക്കാരമോ?


സതീഷ് ബാബു.ആർ. 


ഭാഷയുടെയും സംസ്ക്കാരത്തിന്റേയും അതിർ വരമ്പുകൾക്കുള്ളിൽ മാത്രം ജീവിച്ചിരുന്ന മലയാളി ഇന്ന് ന്യൂ ജനറേഷൻ സംസ്ക്കാരത്തിന്റെ നടുവേ ഓടിക്കൊണ്ടിരിക്കുകയാണ്‌.ഇത്‌ ഇന്നലേയോ,ഇന്നോ ഉണ്ടായതല്ല. വർഷങ്ങൾക്കു മുമ്പേ ഇതിന്റെ വിഷബീജങ്ങൾ നമ്മുടെ നാട്ടിൽ നാമറിയാതെ എത്തിക്കഴിഞ്ഞിരുന്നു.
ഗ്രാമീണസംസ്ക്കാരത്തിന്റെ ശ്രീകോവിലായിരുന്ന ഗ്രന്ഥശാലകളു ടെ പ്രൌഢി മങ്ങിത്തുടങ്ങി. മലയാളം പഠിപ്പിച്ചിരുന്ന നാട്ടിലെ വിദ്യാലയങ്ങൾ യവനികക്കുള്ളിലായിക്കൊണ്ടിരിക്കുന്നു. കേരള കലകളുടെ കേളീരംഗമായിരുന്ന ഉൽസവപ്പറമ്പുകൾ ശൂന്യമായിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ തനതുകലകളെല്ലാം മലയാളിക്ക് അപ്രിയങ്ങളായിത്തുടങ്ങി. മനോഹരമായി കത്തുകളെ ഴുതിയിരുന്ന മലയാളി അതും വെറുത്തുകഴിഞ്ഞു. കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലം നമ്മോടൊപ്പം ഉ ണ്ടായിരുന്ന കമ്പിയില്ലാക്കമ്പി ആഘോഷപൂർവ്വം നാം അടച്ചുപൂട്ടി. എന്തിനേറെ ചിറകിന്നടി യിൽ കാത്തുസൂക്ഷിച്ചിരുന്ന മാതാപിതാക്കളെപ്പോലും നാം അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും ഏൽപ്പിച്ച് സ്വാർത്ഥതയും ദുരാഗ്രഹവുമായി അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു. എവിടെയാണ്‌ നമുക്കു പിഴച്ചത്‌?
എല്ലാ അതിർവരമ്പുകളും ഭേദിച്ചുവന്ന മലയാളി ഇന്ന് ന്യൂ ജനറേഷൻ സംസ്ക്കാരമെന്ന പത്മവ്യൂഹത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതു ഭേദിച്ചു പുറത്തുവരാൻ കഴിയുമോ?
മാതൃഭാഷയായ മലയാളത്തിന്‌ ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഈ കാലഘട്ടത്തിൽ പോലും മലയാളത്തെ ശരിയായി അറിയാനോ,ആ സംസ്ക്കാരത്തെ പുതലമുറക്കു പകരാനോ മലയാളി  തയ്യാറാകുന്നുണ്ടോ?മലയാളം മീഡിയത്തിൽ പഠിച്ചവർ പോലും യാത്രാവേളകളിലും മറ്റും കയ്യിൽ കരുതുന്നത് ഇംഗ്ളീഷ് ഭാഷയിലെഴുതിയ പ്രസിദ്ധീകരണങ്ങളാണ്‌. ഇല്ലെങ്കിൽ മറ്റുള്ള വരെന്തു കരുതും എന്നാണ്‌ നമ്മുടെ ആശങ്ക.
ആധുനികമായ വിവരസാങ്കേതികവിദ്യകളെല്ലാം ആവശ്യമാണ്‌.ഇതിൽ നിന്നെല്ലാം നല്ലതു മാത്രമല്ല നമ്മുടെ കുഞ്ഞുങ്ങൾ ഉൾക്കൊള്ളുന്നത്‌. ഇവിടെയാണ്‌ ഭാഷയുടെയും,സംസ്ക്കാരത്തിന്റേയും പ്രസക്തി. മൊബൈലിലൂടെയും,ഇന്റർനെറ്റിലൂടെയും അനവധി അപകടങ്ങൾ പതിയിരിക്കുന്നു. ഇത്തരം അബദ്ധങ്ങളി ൽ പെട്ട് എത്രയോ ജീവിതങ്ങൾ വിടരും മുമ്പേ കൊഴിയുന്നു. ഈയടുത്ത കാലത്തിറങ്ങിയ ചില സിനിമകളി ൽ കുത്തിനിറച്ചിരിക്കുന്നത് സഭ്യമല്ലാത്ത സംഭാഷണങ്ങളും, ദ്വയാർത്ഥപ്രയോഗങ്ങളുമാണ്‌. ടെലിവിഷൻ ചാനലുകളും പുറകിലല്ല. വാർത്താചാനലുകൾ മക്കളോടൊപ്പം കാണാൻ കഴിയാതെ വന്നിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അവിഹിതബന്ധങ്ങളുടെ കഥ കേട്ട്‌ മതിയായി.ഇതൊക്കെയാണോ പുതിയ സംസ്ക്കാരം?
ടെലിവിഷൻ അവതാരകരെയെടുത്താൽ മംഗ്ളീഷുകാരുടെ പ്രളയമാണ്‌. ഇതെല്ലാം മലയാളി ഇഷ്ടപ്പെട്ടു തുടങ്ങി അഥവാ ഇഷ്ടപ്പെടേണ്ടി വരുന്നു.
മാതൃഭാഷയുടെയും,സംസ്ക്കാരത്തിന്റേയും അടിത്തറയില്ലാതെ വളരുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ പലരും ഇതൊക്കെയാണ്‌ യഥാർത്ഥ ഭാഷയും ,സംസ്ക്കാരവും എന്ന്‌ തെറ്റിദ്ധരിച്ച് വികലമായ ഈ അവസ്ഥയെ അനുകരിക്കുന്നു. ഇതു കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുക വകതിരിവില്ലായ്മയായിരിക്കും. പുതിയ അറിവിനോടൊപ്പം ഓരോരുത്തരും തങ്ങളുടെ കുട്ടികൾക്ക് മലയാളത്തിന്റെ തനിമയെക്കൂടി ബോധ്യപ്പെടുത്തണം.എല്ലാ വിദ്യാലയങ്ങളിലും മലയാളം ഒന്നാം ഭാഷയാക്കാൻ സർക്കാർ തയ്യറാകണം. അങ്ങിനെ ആശാനേയും,ഉള്ളൂരിനേയും,വള്ളത്തോളിനേയുമൊക്കെ നമ്മുടെ കുഞ്ഞങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ. ഭരണ ഭാഷ പോലും മലയാളമാക്കിയ ഈ കാലഘട്ടത്തിൽ ഇതൊരു ബാലികേറാമലയല്ല. നമ്മുടെ സ്വപ്നമായിരുന്ന മലയാളം സർവ്വകലാശാലയുടെ പണിപ്പുരയിലുള്ളവർ ഇതെല്ലാം ശ്രദ്ധിക്കുമെന്ന്‌ കരുതുന്നു.

സ്വാതന്ത്ര്യ ചിന്തകൾ

സ്വാതന്ത്ര്യ ചിന്തകൾ

ഇന്ത്യയുടെ രാഷ്ട്രീയാധികാരം,ജൻമിമുതലാളിത്തത്തിന്റെ കൈകളിലേക്ക് ചെന്നുവീഴുന്നത്,ജനതയുടെ പൂർണ്ണസ്വാതന്ത്ര്യത്തിലേക്ക് വഴി തെളിയിക്കില്ല എന്ന് പുരോഗമനവാദികൾ ആശങ്കപ്പെട്ടിരുന്നു. എങ്കിലും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ആറരപ്പതിറ്റാണ്ടുകൾ,സ്വതന്ത്രാധികാരം കൈവിടാതെ ലോകരാജ്യങ്ങൾക്കിടയിൽ അവഗണിക്കാനാവാത്ത ശക്തിയായി നിലനിൽക്കുന്നത് ജനതയുടെ വിജയം തന്നെയാണ് . തെരെഞ്ഞെടുപ്പു പ്രക്രിയകകൾ കുറ്റമറ്റതല്ലെങ്കിൽ കൂടി സമാധാനപരമായി നടത്താനും അകത്തു നിന്നും പുറത്തു നിന്നുമുള്ള ഭീഷണികളെ നേരിടാൻ കഴിയുന്നതും ഇന്ത്യയുടെ നേട്ടമാണ്‌.
എന്നാൽ ബാബറി മസ്ജിദ് തകർന്നതോടെ യഥാർത്ഥത്തിൽ തരിപ്പണമായത് നമ്മുടെ മതേതരമൂല്യങ്ങളായിരുന്നു.
വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളി ൽ,ഉൽപ്പാദനത്തിൽ,ശാസ്ത്രസാങ്കേതിക വിനിമയമേഖലകളി ൽ എല്ലാം തന്നെ മുന്നേറ്റം നടത്തിയത് അഭിമാനകരമാണ്‌. ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള  വിടവ് കുറയ്ക്കാൻ കഴിയാതിരുന്നത് മൂലധനശ്ശക്തികൾ ഭരണ നിർവ്വഹണമേഖലകളിൽ പിടി മുറുക്കിയത് കൊണ്ടാണ്‌. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കളായി ആഗോളീകരണ പ്രക്രിയക്ക് പരവതാനി വിരിച്ചതോടെ,കർഷകത്തൊഴിലാളികളുമടങ്ങുന്ന പാവപ്പെട്ടവനാണ്‌ ആ പരവതാനിയിൽ കുളിപ്പിച്ച് കിടത്താൻ വിധിക്കപ്പെട്ടത്‌. ആഗോള മൂലധനസ്രോതസ്സിനെ അമിതമായി ആശ്രയിക്കുന്നത്‌ കൊണ്ട് അവരുടെ മുതൽ മുടക്ക് ശേഷി കുറയുന്ന അവസ്ഥയിൽ നമ്മുടെ ഉൽപ്പാദനം കുറയുന്നു. രൂപയുടെ മൂല്യം കുറയുന്നു.ആ കാരണം കൂടി പറഞ്ഞ് പെട്രോൾ,ഡീസൽ,ഗ്യാസ് എന്നിവയുടെ വിലക്കയറ്റം-സാധാരണക്കാരന്റെ നടുവൊടിയുകയാണ്‌.
സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം മുഴക്കി സ്വാതന്ത്ര്യ സമരം നടത്തിയ ജനത നവ സാമ്രാജ്യത്വ മൂലധനശ്ശക്തികളുടെ കാൽക്കീഴിൽ കിടന്നു നരകിക്കുമ്പോൾ വള്ള ത്തോളിന്റെ വരികൾ ചൊല്ലി ദേശീയബോധം ഇനിയും തട്ടിയുണർത്തേണ്ടി വരും.

റംസാൻ മുതൽ ഓണം വരെലോകമെമ്പാടുമുള്ള ഇസ്ളാം മതവിശ്വാസികൾക്ക് ഇക്കഴിഞ്ഞ ഒരു മാസം വ്രതാനുഷ്ഠാനത്തിന്റെ പുണ്യനാളുകളായിരുന്നു. പകൽ മുഴുവൻ ഭക്ഷണം ത്യജിച്ച് ,അഞ്ചു നേരം നിസ്ക്കരിച്ച്,സഹജീവികളു ടെ കണ്ണീരൊപ്പി,ദാനധർമ്മങ്ങൾ ചെയ്ത് വിശ്വമാനവികതയുടെ വിപുലമായ സാഹോദര്യ സന്ദേശം ഏറ്റെടുത്ത പവിത്രദിനരാത്രങ്ങൾ. ഇരുളിന്റെ ദുരിതങ്ങളി ൽ നിന്ന് പുതിയ പ്രതീക്ഷകളുടെ ചന്ദ്രക്കല  അങ്ങകലെ ആകാശഗോപുരങ്ങളിൽ ഉദിച്ചുയർന്നപ്പോൾ നോമ്പു മുറിച്ച് അവർ റംസാൻ മാസത്തിലെ ചെറിയ പെരുന്നാൾ ആഘോഷിച്ചു,സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും  പുത്തൻ പുലരികൾ ക്കായി അവർ കാത്തിരുന്നു.

ആഗസ്റ്റ് 15 ഇന്ത്യൻ ജനത സാഭിമാനത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തുന്ന ദിനം. നാനൂറിലേറെ വർഷങ്ങൾ സാമ്രാജ്യത്വശക്തികൾക്ക് കീഴിൽ തലകുനിച്ച് നിന്ന നാളുകളിൽ നിന്ന്‌ മോചനത്തിന്റെ സ്വാതന്ത്ര്യ വായു പ്രവഹിച്ച ദിനം.കക്ഷിരാഷ്ട്രീയത്തിന്നതീതമായി അനേകായിരം ധീര ദേശാഭിമാനികൾ ജീവനും,ജീവിതവും വകവെക്കാതെ അടർക്കളത്തിൽ നിന്ന് അടരാടിയ ദിനങ്ങളുടെ സാക്ഷാത്ക്കാരം. ഓരോ സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുമ്പോഴും വിഭജനത്തിന്റെ വാൾ നമ്മുടെ ഹൃദയത്തിലേൽപ്പിച്ച ഉണങ്ങാത്ത മുറിവുകൾ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും നേരെ ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്വക്കഴുകക്കണ്ണുകൾ ഇറുക്കി ക്രൂരമായി ചിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌...പക്വമായ ജനാധിപത്യ മതനിരപേക്ഷതയിലേക്ക് നീങ്ങിക്കൊണ്ട് ആ മുറിവുകൾ ഉണക്കാൻ ഇന്ത്യക്കും പാക്കിസ്ഥാനും കഴിയും എന്നു തന്നെ വിശ്വസിക്കാം. ഇരുരാഷ്ട്ര നേതൃത്വവും അതിനുസാഹചര്യമൊരുക്കാൻ ശേഷിയുള്ളവർ തന്നെയാണ്‌.
പൊന്നിൻ ചിങ്ങമാസത്തിന്റെ പൂവിളിയായി. അത്തപൂക്കളമിട്ട്,തൂശനില പരത്തി,തുമ്പപ്പൂ ചോറു വിളമ്പി,ഓണപ്പാട്ടുകൾ പാടി പൊന്നോണത്തിന്റെ വരവായി.....ഓണച്ചന്തയുടെ ഒരുക്കങ്ങൾ..ഓണക്കോടിയുടുക്കാൻ തിടുക്കം...മണ്ണിനടിയിൽ നിന്ന് പൊന്തിവരുന്ന പൂമ്പാറ്റകൾ പോലെ ഒളിവിൽ പ്പോയ കലാരൂപങ്ങൾ കേരളാന്തരീക്ഷത്തിലേക്ക് പറന്നുയരുന്ന ദിനരാത്രങ്ങൾ.
സമൃദ്ധിയുടേയും സമത്വത്തിന്റേയും സന്ദേശം പരത്തിക്കൊണ്ട് വരുന്ന മാവേലി മന്നനെ വരവേൽക്കാൻ മലയാളി വെമ്പുകയാണ് .എല്ലാ വായനക്കാർക്കും സാർത്ഥകം ന്യൂസിന്റെ ഓണാശംസകൾ......

മുഖാമുഖം-2 സാംസ്ക്കാരിക പ്രവർത്തകൻ എ.ഗോപിനാഥ് സാർത്ഥകം ന്യൂസിനോട് സംവദിക്കുന്നു.വർഗ്ഗപരമായ ധ്രുവീകരണത്തിന്‌ ശക്തിയും വേഗവും വർദ്ധിപ്പിക്കുകവിവരസാങ്കേതിക രംഗത്തേയും മറ്റു ശാസ്ത്രസാങ്കേതിക മാധ്യമങ്ങളുടെയും ഫലപ്രദമായി ,തങ്ങൾക്കനുകൂലമായി ഉപയോഗിക്കാൻ മൂലധനശക്തികൾക്ക് കഴിയുന്നുണ്ട്‌.ബാഹ്യമായി സ്വീകാര്യമാകുന്ന രീതിയിൽ‘ ആഗോളീകരണം’എന്ന പരികൽപ്പനയുടെ അപകടകരമാകുന്ന നടത്തിപ്പിലൂടെ ലോകത്തെ മുഴുവൻ സാമ്പത്തികമായും, ബൌദ്ധികമായും കീഴടക്കുമ്പോൾ,അവർ തന്നെയാണ്  ജനശത്രു എന്ന തിരിച്ചറിവുണ്ടാക്കാനും,അതിനെതി
രെ ശക്തമായ ഒരു പ്രതിരോധനിര കെട്ടിപ്പടുക്കുവാനും പീഡിതർക്ക് കഴിയുന്നില്ല എന്നത് വസ്തുതയാണ് . അതിവേഗം വളർന്നു വന്ന ചൂഷിത സമൂഹത്തിന്റെ ലക്ഷ്യബോധത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങൾ, അവകാശബോധവികാസങ്ങൾ, സമരങ്ങൾ എന്നിവയെ തളർത്താനും,പ്രതിരോധങ്ങളെ ദുർബ്ബലമാക്കാനും അധീശശക്തികൾ ക്കു കഴിയുന്നു. പകരം വർഗ്ഗീയത, വംശീയത, ജാതീയത, ലൈംഗീകത മുതലായ ഇടുങ്ങിയ ചിന്തകളുടെ പരിസരങ്ങളിലേക്കാണ്  മനുഷ്യൻ നയിക്കപ്പെടുന്നത്`. മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനങ്ങളെ മൂലധനശക്തികൾ  തന്നെ വിലയ്ക്കെടുത്തുകൊണ്ട് നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ വക്താക്കളായി അരാഷ്ട്രീയത അതിവിദഗ്ദ്ധമായി പ്രചരിക്കപ്പെടുകയും ചെയ്യുന്നു. മാധ്യമങ്ങൾ വിതരണം ചെയ്യുന്ന, പരസ്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മനഷ്യനാണിന്ന്‌. വൈവിദ്ധ്യവൈരുദ്ധ്യങ്ങളുടെ സങ്കീർണ്ണതകൾ നിറയുന്ന ഇന്ത്യയിൽ വർഗ്ഗ വിരുദ്ധപ്രവർത്തനം എളുപ്പമാണ്‌. വിശ്വാസവും,അന്ധവിശ്വാസവും,ആൾദൈവപ്രീണനവും.ആത്മീയവിപണനവും ആൾക്കൂട്ടങ്ങളെ അരാഷ്ട്രീയരാക്കുന്നു. സാമ്രാജ്യത്വ സാമ്പത്തിക വ്യവസ്ഥ അടിച്ചേൽ പ്പിക്കുന്നതിലൂടെ,അവരുടെ ചീഞ്ഞളിഞ്ഞ സംസ്ക്കാരത്തിന്റെ ജാരഗർഭവും ഈ ജനത ഏറ്റെടുക്കേണ്ടിവരുന്നു.


ഈ രാഷ്ട്രീയവസ്തുതകളു ടെ കാതൽ ചികഞ്ഞ് വർഗ്ഗപരമായ ധ്രുവീകരണത്തിന്‌ സജ്ജരാക്കുന്ന ദിശാബോധമുള്ള  പ്രസ്ഥാനങ്ങൾ ഉയർന്നു വരണം. വൈയക്തിക വിയോജിപ്പുകൾക്ക് അവധി കൊടുത്തുകൊണ്ട് ആശയപരവും,ആദർശനിഷ്ഠയുമുള്ള സംവാദങ്ങൾക്ക് വേദിയൊരുക്കാനും ബോധപൂർവ്വ ശ്രമങ്ങൾ ഉണ്ടായേ തീരു. അതിന്‌ ശക്തിയും വേഗവും വർദ്ധിപ്പിക്കുക എന്നതാണ്‌ വർത്തമാനകാലം ആവശ്യപ്പെടുന്നത്‌. ശ്രീ ഗോപിനാഥ് പറഞ്ഞു നിർത്തി.

1967-ൽ എസ്.എസ്.എൽ.സി പാസ്സായി ഗുരുവായൂരിൽ നിന്ന്‌ ബാംഗ്ളൂരിലേക്ക് വണ്ടി കയറിയതാണ് . ഐ.ടി.ഐയുടെ നാലു വർഷത്തെ മെക്കാനിക്കൽ കോഴ്സ്‌(.നാഷണൽ അപ്പ്ര ന്റിസ് ഷിപ്പ് ) പാസ്സായി.ഐ.ടി.ഐയിൽതന്നെ ജോലിയിൽ പ്രവേശിച്ചു. തുടർന്നുള്ള ജീവിതം പൂർണ്ണമായും ജനങ്ങൾക്കിടയിൽ. 1969-ൽ പത്തൊൻപതാം വയസ്സിൽ ബൈപ്പനഹള്ളി കേരള സമാജത്തിന്റെ വൈസ് പ്രസിഡണ്ട്‌,ജന:സെക്രട്ടരി എന്നീ സ്ഥനങ്ങൾ ഏറ്റെടുത്ത്‌ മലയാളികളു ടെ തോഴനായി. 73 മുതൽ ഐ.ടി.ഐ.എംബ്ളോയീസ് യൂണിയനിൽ എക്സിക്യൂട്ടീവ് അം ഗമായി. 26 വർഷം,ഒരിക്കൽ പോലും തോൽക്കാതെ വർക്കിംഗ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട മറ്റൊരു മലയാളിയില്ല. 76 മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്(മാർക്സിസ്റ്റ്)പാർട്ടിയിൽ അംഗമാണ്‌. കെ.എൻ.ഇ.ട്രസ്റ്റിലെ ട്രസ്റ്റീ,സെൻട്രൽ കൾച്ചറൽ അസോസിയേഷൻ,...ദൂരവാണിനഗർ കേരളസമാജം.റൈറ്റേഴ്സ് ഫോറം,ശാസ്ത്ര സാഹിത്യപരിഷത്ത് തുടങ്ങി പന്ത്രണ്ട് സംഘടനകളിൽ ആജീവനാന്ത അംഗത്വമുണ്ട്‌. 5 വർഷം മുമ്പ് അശരണരുടെ കണ്ണീ രൊപ്പുന്ന “കാരുണ്യ  ബംഗ്ളൂരു” എന്ന സംഘടനക്ക് രൂപം കൊടുത്തു. ഈ സംഘട നയുടെ ബുദ്ധികേന്ദ്രവും നട്ടെല്ലുമാണ്‌ എ.ഗോപിനാഥ്. നഗരത്തിലെ ഏറ്റവും വലിയ മലയാളിപ്രസ്ഥനങ്ങളി ലൊന്നായിമാറിക്കഴിഞ്ഞു ഈ പ്രസ്ഥാനം. ജാതി-മത-ഭാഷാചിന്തകൾ ക്ക തീതമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും ഈ അറുപത്തിമൂന്നുകാരന്റെ കണ്ണുകളിൽ വിപ്ളവബോധത്തിന്റെ ചുവപ്പു നിറം തിളങ്ങിനിൽക്കുന്നുണ്ട്‌.

ഉത്തരാഖണ്ഡ്പ്രകൃതിക്ഷോഭം - ഒരു വിചിന്തനം

 
സുധാകരുണാകരൻ

ഹിമഗിരിയുടെ മടിത്തട്ടിൽ ശാന്തമായി മയങ്ങിയിരുന്നപ്രദേശങ്ങളെ ഇക്കഴിഞ്ഞ ജൂൺ 16 തീയ്യതി ഉണ്ടായ പ്രളയം തകർത്തെറിഞ്ഞു. ദേവഭൂമി ഒരു ദുരന്തഭൂമിയായി .ഹിമാലയൻ സുനാമി എന്ന് പേരിട്ട് വിളിച്ചമിന്നൽ പ്രളയത്തിൽ നാമാവശേഷമായത് ഏകദേശം 7000 മനുഷ്യരുടെ ജീവൻ മാത്രമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൈതൃകസംസ്കാരത്തിന്റെ തെളിവുകൾ കൂടിയാണ്‌.

ഉത്തരാഖണ്ഡിലെ ഓരോ സ്ഥലത്തിനും പുരാണ,ഇതിഹാസ പ്രാധാന്യമുണ്ട്. കേദാർനാഥ്,ബദരിനാഥ്,ഗാംഗോത്രി,യമുനോത്രി എന്നി നാല്‌ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചാർധാം തീർത്ഥാടനത്തിനു പ്രാധാന്യം ഏറെയാണ്‌. ശ്രീനഗർ രുദ്രപ്രയാഗ്,ചമോലി തുടങ്ങി ഉത്തരാഖണ്ഡിലെ ചെറുപട്ടണങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ഗംഗയുടെ തീരത്താണ്‌. വെള്ളം കുറഞ്ഞ് നദി ഉൾവലിഞ്ഞപ്പോൾ ആ സ്ഥലം കൈയ്യേറിനിർമ്മിച്ച കെട്ടിടങ്ങളെയെല്ലാം പ്രളയജലം കൊണ്ടു പോയി.

ഇതിൽ ബദരിനാഥ് ക്ഷേത്രസമുച്ചയത്തിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും,കേദാ
ർനാഥ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം ഒഴിച്ച് ബാക്കിയെല്ലാം പ്രളയത്തിൽ പെട്ടു . ചാർധാം യാത്രനടത്താനാഗ്രഹിച്ചിരുന്നവർക്കും, യാത്രചെയ്തിട്ടുള്ളവർക്കും വലിയൊരു നഷ്ടംതന്നെയാണ്‌ ഈ പ്രളയം വരുത്തിവെച്ചിരിക്കുന്നത്. ഈ യാത്ര നടത്തുന്ന എല്ലാ തീർത്ഥാടകരും ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, പോകേണ്ട തീർത്ഥാടനകേന്ദ്രങ്ങളും, അതിനെല്ലാം ഉപരിയായി യാത്ര നടത്തേണ്ടവഴികളുമാണ്‌ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ തകർന്നടിഞ്ഞത്. ഇത് ബാഹ്യമായ ഒരു വിവരണം മാത്രം. പക്ഷേ നഷ്ടങ്ങളുടെ കണക്കെടുത്താൽ നമ്മുടെയൊക്കെ കണക്കുകൂട്ടലിനും അപ്പുറത്തായിരിക്കും കാര്യങ്ങൾ. മുപ്പത്തിരണ്ടോളം ഗ്രാമങ്ങൾ തന്നെ ഇല്ലാതായി എന്ന് പറയുന്നു. ദേവഭൂമി എന്ന് വിശേഷിപ്പിച്ചിരുന്നിടം ഇന്ന് ശ്മശാനഭൂമിയായി മാറിയിരിക്കുന്നു.
ദേവഭൂമി എന്ന നാമത്തെ അന്വർത്ഥമാക്കുന്ന വിധത്തിലാണ്‌ ഋഷികേശിലെ ഭൂപ്രകൃതി. ഒന്നുറക്കെ തുമ്മിയാൽ പ്പോലും അടർന്നു വീഴുന്നതരത്തിൽ നിൽക്കുന്ന മലനിരകൾ. (ഗഡ് വാ ൾ മലനിരകൾക്ക് ഉറപ്പില്ലാത്തതുകാരണം അവിടുത്തുകാർ ഉറക്കെ ചിരിക്കാറില്ലെന്നു പറയപ്പെടുന്നു.)ആ സ്ഥലമാണ്‌ ഏറ്റവും കൂടുതൽ പ്രളയത്തിന്നിരയായത്‌. ആയിരം അടിയെങ്കിലും താഴ്ച്ചയുള്ള കൊക്കളൊ, അതല്ലെങ്കിൽ അത്രതന്നെ താഴ്ച്ചയിൽ കൂലം കുത്തിയൊഴുകുന്ന നദികളൊ ആണ് മറുവശത്ത്‌. പർവ്വതത്തിനു് അരഞ്ഞാണം ചാർത്തിയ പോലെ കാണപ്പെടുന്ന ഋഷികേശ്  മുതൽ ബദരീനാഥ് വരേയുള്ള റോഡുകളിൽ ക്കൂടിയുള്ള യാത്ര സാധാരണനിലയിൽ തന്നെ ക്ളേശകരമാണ്‌. അതിനോടൊപ്പം പ്രവചനാതീതമായ കാലാവസ്ഥയും മണ്ണിടിച്ചിലും വാക്കുകളാൽ പറയാൻ അസാധ്യമാണ്‌.

ഈ പ്രകൃതി ക്ഷോഭത്തിനെല്ലാം ആരാണുത്തരവാദി? തീർച്ചയായും തദ്ദേശവാസികളായ ജനങ്ങളല്ല. തീർത്ഥാടനത്തിന്റെ പേരും പറഞ്ഞ് കൊള്ള ലാഭം പ്രതീക്ഷിച്ച് ആയിരക്കണക്കിന്‌ വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥലങ്ങളെ  വികസനത്തിന്റെ പേരും പറഞ്ഞ് കച്ചവടകേന്ദ്രങ്ങളാക്കുന്ന കുത്തക മുതലാളി വർഗ്ഗം തന്നെയാണ്‌. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നത് മനുഷ്യർ പ്രകൃതിയോടു ചെയ്യുന്ന ക്രൂരത കൂടുമ്പോഴാണ്‌.അശാസ്ത്രീയ മായ നിർമ്മാണപ്രവർത്തനങ്ങളും കാരണമാകാം. ഗംഗയുടെ ആറു കൈവഴികളിലും അണക്കെട്ടുകളും അതിനോടനുബന്ധിച്ചുള്ള തുരങ്കങ്ങളും,ജലവൈദ്യുത പദ്ധതികളും  ഒക്കെ ദുർബ്ബലമായ മേഖലകളി ൽ നടത്തിയതു കൂടാതെ വാഹനങ്ങളുടെ നിരക്ക് ക്രമാതീതമായതും ഈ പ്രദേശത്തിന്‌ താങ്ങാനാവാത്ത ഭാരം നൽകി. അതിന്റെ തിരിച്ചടിയാണ്‌ ഈ പ്രകൃതിദുരന്തമെന്ന്‌ പരിസ്ഥിതി വാദകർ.
ജനസംഖ്യാ നിരക്ക് വളരെ കുറഞ്ഞ സംസ്ഥാ നങ്ങളിൽ ഒന്നാണ്‌ ഉത്തരഖണ്ഡ്‌. ഗ്രാമങ്ങളോട് വിട പറയുന്നവരുടെ ഭൂമി തുച്ഛമായ നിരക്കിൽ ഭൂമാഫിയക്കാർ സ്വന്തമാക്കുന്നു. പണത്തിനുവേണ്ടി പതിയിരിക്കുന്ന അപകടങ്ങളെ ഓർക്കാതെ ചെയ്ത പ്രവർത്തനത്തിന്റെ പരിണതഫലം ഘോരദുരന്തമായി പരിണമിക്കുന്നു. നദിയുടെ സ്വത്വം മനുഷ്യൻ മറന്നാലും,നദികൾ  മറക്കാറില്ല.നുറ്റാണ്ടുകൾക്കു ശേഷമാണെങ്കിലും നദികൾ അവയുടെ യഥാർത്ഥ അതിരുകൾ തിരിച്ചുപിടിക്കും.
പതിവിലും വിപരീതമായി ഇക്കൊല്ലം നേരത്തെ എത്തിയ കാലവർഷവും ഉത്തരഖണ്ഡിനെ തളർത്തി. അതോടൊപ്പം തീർത്ഥാടകരുടെ തിക്കും തിരക്കും എല്ലാറ്റിനും ആക്കം കൂട്ടി. ചില വർഷങ്ങളിൽ ഏകദേശം രണ്ടരക്കോടിയോളം ജനങ്ങൾ ചാർധാം യാത്ര നടത്തിയതായി കണ ക്കുകൾ രേഖപ്പെടുത്തുന്നു. മൊത്തത്തിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു തന്നെ കോട്ടം സംഭവിക്കുന്നു.
ആളും അർത്ഥവും നശിച്ചതിന്റെ കണക്കെടുപ്പു കഴിയുമ്പോൾ പ്രളയം ചരിത്രത്തിൽ സ്ഥലം പിടിക്കും. ഇതിനു മുമ്പും രണ്ടു പ്രാവശ്യം ഗഡ് വാളി ൽ പ്രളയമുണ്ടായതായി ചരിത്രരേഖകളി ലുണ്ട്‌. അന്ന് സപ്തർഷികൾ അഭയം തേടിയത് ബദരീനാഥിനടുത്തുള്ള മന എന്ന ഗ്രാമത്തിലായിരുന്നത്രെ. ചൈനയുടെ അതിർത്തിയിൽ ഏറ്റവും ഒടുവിലത്തെ ഇന്ത്യൻ ഗ്രാമമാണ്‌ മാന. ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദിയുടെ ജന്മസ്ഥലം.

കേദാർനാഥിലെ പ്രതിഷ്ഠയും,ശങ്കരാചാര്യരുടെ സമാധിയും ഈ പ്രളയത്തിൽ ഒഴുകിപ്പോയെന്നു പറയുന്നു. ഈ അടുത്ത കാലത്ത് ഉത്തരഖണ്ഡിൽ ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ സാഹസികമായ പ്രവർത്തനങ്ങൾ നടന്നതും പരാമർശിക്കേണ്ടതുണ്ട്‌. പ്രതികൂലാവസ്ഥയോട് മല്ലടിച്ച്‌ അതിജീവനത്തിനായുള്ള മനുഷ്യന്റെ നിസ്സഹായനിലവിളികളിലേക്ക് പറന്നിറങ്ങിയ കര-വ്യോമസേനയുടേയും മറ്റു വിവിധ അർദ്ധസൈനിക വിഭാഗങ്ങളിലേയും ആയിരക്കണക്കിന്‌ ജവാന്മാർ രാപ്പകൽ ഭേദമെന്യേ ആഹാരം പോലുമില്ലാതെ വെല്ലുവിളികളോടെ ചെയ്ത ദുരന്ത നിവാരണ മാർഗ്ഗം വഴിയാണ്‌` അപകടത്തിന്നിരയായവരിൽ പലരേയും രക്ഷപ്പെടുത്തിയത്‌. രക്ഷാപ്രവർത്തനിടയിലെ  അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട ജവാൻ ജോമൻ ഉൾപ്പെടെയുള്ളവർക്കു മുന്നിൽ ഇന്ത്യൻ ജനത ശിരസ്സു നമിക്കുന്നു.
ഇനിയുള്ള പുനർനിർമ്മാണങ്ങൾക്ക്  വർഷങ്ങളുടെ കണക്ക് അധികാരികൾ പറയുന്നുണ്ടെങ്കിലും എല്ലാം പൂവ്വാവസ്ഥയിലാവാൻ എത്ര കാലം വേണ്ടിവരുമെന്നു പറയാൻ കഴിയില്ല. പ്രകൃതിയുടെ ഏതു ഭാഗത്താണെ ങ്കിലും പരിസ്ഥിതിയെ മാനിച്ചുകൊണ്ടുള്ള ഉയിർത്തെഴുന്നേൽ പ്പുകളാണ്‌ വേണ്ടത് . പ്രകൃതിയുമായി പൊരുത്തപ്പെട്ടു പോകണമെന്ന വ്യക്തമായ സന്ദേശമാണ്‌ ഓരോ  പ്രകൃതി ദുരന്തത്തിലൂടേയും നാം മനസ്സിലാക്കേണ്ടതും

അരങ്ങ്‌-പതിനെട്ട്

അരങ്ങ്‌-പതിനെട്ട്
പീ.വി.ശ്രീവൽസൻ

-ജീവിതപ്പാതയിൽ മേലിൽ കണ്ടുമുട്ടാത്ത നാം
വേർതിരിഞ്ഞു-വേർപിരിഞ്ഞു കഴിഞ്ഞുവല്ലോ
നനച്ചു വളർത്തി രാവും പകലുമായ്,കാത്തുവന്ന
നിനവുകൾ-കിനാവിലെക്കനലുകളായി.
അണഞ്ഞുപോയ്പ്പക്കലാളി; ചരമഗീതത്തിൻ,രൂപ
മണിഞ്ഞിതാവന്നു,പോക്കുവെയിൽനാളങ്ങൾ,
ഉറക്കം വരുന്നു,മിഴി കുഴയുന്നു,നിശേ,വന്നു
കറുപ്പു വസ്ത്രത്താലെന്നെപ്പുതപ്പിച്ചാലും-പി.കുഞ്ഞിരാമൻ നായർ
അരങ്ങത്തെ ഏതോ വേഷം പോലെ ജീവിതത്തിൽ നിന്നു മാഞ്ഞുപോയ പ്രിയപത്നി.അത്‌,എന്നെന്നേയ്ക്കുമായുള്ള ഒരു തിരിച്ചുപോക്കാണല്ലോ എന്നോർത്തപ്പോൾ തോന്നിയ വ്യർത്ഥതാബോധം.അടുക്കും ചിട്ടയുമില്ലാതെ മനസ്സിനെ ചവിട്ടി മെതിച്ച ദുരന്തബോധം.
നാലഞ്ചു ദിവസം നീണ്ട മടക്കയാത്ര കഴിഞ്ഞു വാഴേങ്കടയിൽ തിരിച്ചെത്തിയ നേരം.ഉമ്മറത്തിണ്ണ യിൽ എട്ടും പൊട്ടും തിരിയാത്ത രണ്ടു കുട്ടികൾ; അച്ഛനെ കാത്ത്.
ഇളയവനെ ഒക്കത്തു വെച്ചു മൂത്തവന്റെ കൈ പിടിച്ചു.ഏറെ ദൂരം യാത്രയാക്കാൻ വന്ന അവരുടെ അമ്മ.യാത്ര പോലും പറയാതെ പിരിഞ്ഞുപോയതോർക്കുമ്പോൾ.........

കുട്ടികളെ മാറോടടക്കി ചേർത്തുപിടിച്ചു.എത്ര നിയന്ത്രിച്ചെങ്കിലും അടക്കാനായില്ല.
പിന്നെ,അവിടെത്തന്നെ വീണു ബോധം കെട്ടുറങ്ങി.
ആരും വിളിച്ചുണർത്തിയില്ല.
ദിവസങ്ങൾ ചിലതു ചത്തുമലച്ചു.അതിനിടക്ക് ആരെല്ലാമോ ചിലർ,കൂടെയുള്ള കഥകളിക്കാരും സുഹൃത്തുക്കളും വന്നു.പലതും പറഞ്ഞു ധൈര്യം നൽകി.
കുഞ്ചുനായർക്കന്ന്  മുപ്പത്താറ്‌ വയസ്സ്‌.
ഉയർന്നുവരുന്നൊരു വേഷക്കാരൻ.പക്ഷേ വഴി മുട്ടിയ ജീവിതം.
അതുവരെ പാലിച്ച അച്ചടക്കത്തിന്റേയും ചിട്ടയുടെയും കെട്ടുകളയഞ്ഞു തുടങ്ങി.കളികൾക്കു പോകാൻ തോന്നിയില്ല.ചിലപ്പോൾ ആരോടും  പറയാതെ എങ്ങോട്ടെങ്കിലുമൊക്കെ പോയി. എവിടെപ്പോകുന്നു,എന്തിനു വേണ്ടി പോകുന്നു എന്നൊരു ലക്ഷ്യബോധവുമില്ലാതെ.ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ തിരിച്ചെത്തും. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടാകും.കുട്ടികളെ  കെട്ടിപ്പിടിച്ചു കരയും.
വഴിവിട്ടുപ്പോവുമോ എന്ന് ആധി പൂണ്ട വീട്ടുകാർ. മകൾ പോയി,അവളുടെ പിഞ്ചു കുട്ടികൾ.അവരുടെ അച്ഛൻ,അവർക്കൊന്നും വരുത്തരുതേയെന്ന ഭയാശങ്കകളിൽ മനമുരുകിയ കുഞ്ചുനായരുടെ ഭാര്യാപിതാവും മാതാവും.
ആ കൊല്ലത്തെ വർഷം കഴിഞ്ഞു.കഥകളിയുടെ കാലം തുടങ്ങി. ഇനി കഥകളിയല്ലാതെ മനസ്സിൽ മറ്റൊന്നിനും സ്ഥാനമില്ലെന്നു സ്വയം തീരുമാനിച്ച കുഞ്ചുനായർ കളികൾക്കു പോകാൻ തുടങ്ങി.
വേഷം കെട്ടി അരങ്ങത്തു ചെല്ലുമ്പോൾ എല്ലാ ദുഃഖവും മറന്നു. മനസ്സിന്റെ സംയമന നിലയിലേക്കു തിരിച്ചെത്തുന്നതായുള്ള തിരിച്ചറിവുകൾ,തിരിവെളിച്ചങ്ങൾ.
ഒരു നാൾ, എവിടേയോ കളി  കഴിഞ്ഞു വീട്ടിലെത്തിയ സമയം. കുളി കഴിഞ്ഞ് ഊണു കഴിക്കാനിരുന്നു. തികച്ചും അപ്രതീക്ഷിതമായി,ഒരിക്കൽ പ്പോലുമൊന്നൂഹിക്കുകപ്പോലും ചെയ്യാത്ത ഒരു കാര്യം കുഞ്ചുനായരെ അറിയിച്ചു, ഭാര്യയുടെ അമ്മ. മരിച്ചുപോയ പത്നിയുടെ ഇളയ സഹോദരി,ലക്ഷ്മിക്കുട്ടിയെക്കുറിച്ചായിരുന്നു അത്‌.
വാഴേങ്കട നിന്ന് നാലഞ്ചു നാഴിക വടക്കുകിഴക്കുള്ള ചെത്തല്ലൂർ.അവിടെയായിരുന്നു അവരുടെ അച്ഛന്റെ വീട്‌. ചെത്തല്ലൂരമ്പലത്തിലെ ഉൽസവക്കളിയും പ്രസിദ്ധമായിരുന്നു. അവിടത്തെ സ്ക്കൂളിൽ നിന്ന് എട്ടാം ക്ളാസ് പാസായി വീട്ടിലിരിക്കുകയായിരുന്നു ലക്ഷ്മിക്കുട്ടി.

പതിനെട്ടു വയസ്സു കഴിഞ്ഞ ലക്ഷ്മിക്കുട്ടിക്ക് നല്ല നിലയിലുള്ള വിവാഹാലോചനകൾ വന്നുകൊണ്ടിരുന്ന കാലം.കുഞ്ചുനായരേക്കാൾ പതിനെട്ടുവയസ്സിനിളപ്പമുള്ള പെൺകുട്ടി. ഭാര്യ മരിച്ച് രണ്ടു ചെറിയ കുട്ടികളുമായി കഴിയുന്ന ഒരാൾ,ഇരട്ടി പ്രായവും.അങ്ങനെയുള്ള ഒരാളെ സ്വീകരിക്കാൻ അയാൾ എത്ര പേരെടുത്ത കഥകളി ക്കാരനായാലും,സാധാരണ ഗതിയിൽ ഒരു പെൺകുട്ടിയും തയ്യാറാവുകയില്ല.
സ്വന്തം സഹോദരിയുടെ കുട്ടികളെ  ഒരു പക്ഷേ കഴിയും വിധം സംരക്ഷിച്ചെന്നിരിക്കും. അതിനപ്പുറം അങ്ങനെയൊരാളുടെ ,വലിയൊരു ജ്യേഷ്ഠന്റെ സ്ഥാനമുള്ള ഒരാളുടെ രണ്ടാമത്തെ ഭാര്യയായി ജീവിക്കുവാൻ സ്വാഭാവികമായും സമ്മതിക്കാനിടയില്ല. അതുകൊണ്ട് കുഞ്ചുനായർക്ക് അത്തരത്തിലുള്ള ഒരു ചിന്തയേ ഉണ്ടായില്ല. അതു മാത്രവുമല്ല ആ സാഹചര്യത്തിൽ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല.

ലക്ഷ്മിക്കുട്ടിയെ ഭാര്യയായി സ്വീകരിക്കുന്നതിൽ അവിടെയുള്ള എല്ലാവർക്കും, ആ പെൺകുട്ടിയടക്കം സമ്മതമാണെന്ന കാര്യം പലതവണ സൂചിപ്പിച്ചു. കൃത്യമായി മറുപടി പറയാനായില്ല.

അങ്ങനെയും ചില ദിവസങ്ങൾ,അതിനിടയ്ക്കുള്ള കളികളും.
പിന്നെപ്പിന്നെ സ്വയമറിയാതെ അങ്ങനെയൊരാഗ്രഹം വല്ലപ്പോഴും മനസ്സിലുണർന്നുവോ?
താൻ ചെയ്യുന്നത് ശരിയാണോ?തന്നേക്കാൾ പകുതി പ്രായമുള്ള  ,വിദ്യാഭ്യാസവും പക്വതയുമുള്ള ഒരു പെൺകുട്ടി. ആ പെൺകുട്ടിയുടെ യഥാർത്ഥ മനസ്ഥിതിയെന്തെന്നറിയാതെ...?
ഇക്കാര്യം അവൾക്കും സമ്മതമെന്നത് സത്യമാണെങ്കിൽ ഇതുതന്നേയല്ലേ കുട്ടികൾക്കും തനിക്കും നല്ലത്‌...?അവനവനോടു തന്നേയുള്ള ചോദ്യങ്ങൾ, സംശയങ്ങൾ.

ആളും ആരവവുമില്ലാതെയുള്ള ഒരു പുടമുറിക്കല്യാണം. പല കാര്യങ്ങളിലും നാണിക്കുട്ടിയേക്കാൾ വ്യത്യ്സ്തസ്വഭാവം.ഒഴിവു നേരങ്ങളിൽ എന്തെങ്കിലും വായിക്കാനിഷ്ടപ്പെട്ടു. കഥകളിയെപ്പറ്റി പൊതുവായി കാര്യങ്ങളറിയാൻ താല്പ്പര്യമാണെങ്കിലും അവനവനു താല്പ്പര്യമുള്ള കഥ മാത്രമേ കാണുകയുള്ളു. അഞ്ചു ദിവസം കളിയുണ്ടെങ്കിലും എല്ലാ ദിവസവും ഒരുപോലെ ഉറക്കമൊഴിച്ചു കളി കാണില്ല. വായിക്കുവാൻ വേണ്ടി അക്കാലത്തേറെ പ്രചാരമുണ്ടായിരുന്ന “അമ്പിളി അമ്മാവൻ” മാസിക സ്ഥിരമായി വരുത്തിയിരുന്നു. കുന്നത്ത് ജനാർദ്ദനമേനോന്റെ മഹാഭാരത കഥകളും  വാങ്ങിക്കൊടുത്തു. ഉൽസവക്കാലത്തും മറ്റു വിശേഷാവസരങ്ങളിലും വീട്ടിൽ നിറയെ അതിഥികളും  മറ്റു വേണ്ടപ്പെട്ടവരുമുണ്ടാകും. അവർക്കെല്ലാം സമൃദ്ധമായി വെച്ചു വിളമ്പി ഊട്ടുന്നതിൽ അങ്ങേയറ്റം ആഹ്ളാദവതിയായിരുന്ന ഒരു ഭാര്യ.

ഈ കാലത്ത് അരങ്ങത്ത് തന്റേതായ ഒരു നിലപാടും വ്യക്തമായ സ്ഥാനവും നേടിയെടുക്കാൻ കുഞ്ചുനായർക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിലെ എക്കാലത്തേയും ദൈവസാന്നിദ്ധ്യമായ വാഴേങ്കട ദേവന്റേയും ഗുരുഭൂതന്മാരുടേയും അനുഗ്രഹത്താൽ ബഹുജനങ്ങളിൽ നിന്ന് ചില ആശീർവാദമുദ്രകൾ ലഭിച്ചു. ശ്രീ കുതിരവട്ടത്ത് കുഞ്ഞൻ തമ്പാൻ വക ഒരു മോതിരം(അഭ്യാസത്തിന്റെ അവസാനകാലത്തായിരുന്നു അത്‌. അഭ്യാസച്ചിലവിലേക്ക് വേണ്ടി ഈ മോതിരം-ആദ്യം കിട്ടിയ സമ്മാനം-വിൽക്കേണ്ടി വന്നു. എന്നാലും അഭ്യാസം പൂർത്തീകരിക്കാൻ വേണ്ടിയാണല്ലോ അങ്ങനെ ചെയ്യേണ്ടിവന്നത് എന്നു സമാധാനപ്പെടുകയും ചെയ്തു.)
അതിനുശേഷം ബോംബെ മലയാളി കോൺഫ്രൻസ് വക ഒരു സ്വർണ്ണ മെഡൽ,മഹാരാഷ്ട്രയിലെ ഒരു പ്രസിദ്ധ കവിയായിരുന്ന ശ്രീ രമേഷ് ഗുപ്ത വക ഒരു മെഡൽ. പാറശ്ശേരി യുവജനസംഘം വക ഒന്നേമുക്കാൽ പവൻ തൂക്കമുള്ള ഒരു മെഡൽ,ബ്രഹ്മശ്രീ പഴയിടത്ത് ദാമോദരൻ നമ്പൂതിരി വക ഒരു മോതിരം,ഒറ്റപ്പാലം സാഹിത്യപരിഷത്ത് കളി ക്ക് ഒരു മോതിരം,ചെർപ്പു ളശ്ശേരിയിൽ നിന്നും പഴയന്നൂരിൽ നിന്നും ഓരോ മെഡൽ തുടങ്ങിയുള്ള അംഗീകാരങ്ങളും ആദരവുകളും ധാരാളമായി ലഭിച്ചു.ആസ്വാദകരുടെ ഈ തിരിച്ചറിവുകളും അനുമോദനങ്ങളും ആശീർവാദങ്ങളും കുഞ്ചുനായരെ പിന്നെപ്പിന്നെ അരങ്ങത്തും കളരിയിലും കൂടുതൽ കർമ്മനിരതനാക്കി.
ഇതിനിടയിൽ ഭാര്യവീട് സാമാന്യം പുതുക്കിപ്പണിതു.സ്ഥിര താമസം അവിടെയായി. ഭാര്യയുടെ അമ്മയും, അച്ഛനും ആ കാലത്തിനിടെ മരിച്ചുപോയി. ഭാര്യയുടെ നേരെ മൂത്ത ഒരു ജ്യേഷ്ഠത്തി കൂടെയായിരുന്നു. അപസ്മാരത്തിന്റെ അസുഖമുള്ളതിനാൽ അവർ അവിവാഹിതയായിത്തന്നെ കഴിഞ്ഞുകൂടി. പിന്നെ ലക്ഷ്മിക്കുട്ടിയുടെ ജ്യേഷ്ഠൻ ശങ്കുണ്ണിനായർ കൂടെത്തന്നെയായിരുന്നു.
കഥകളി പഠിക്കുന്ന കാലത്തു തുടങ്ങിയ കൃഷിയിലുള്ള കമ്പം മനസ്സിലന്നും ബാക്കി കിടന്നു. കാലം ചെന്നപ്പോൾ കുറേശ്ശെ കൃഷിയിടങ്ങൾ വാങ്ങി. കന്നും കൃഷിയും കഥകളിയുമായി ജീവിതം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. അപ്പോഴേക്കും ഏതാണ്ടു  നാല്പ്പതു വയസ്സ് കഴിഞ്ഞിരുന്നു.
ഭാര്യാസഹോദരൻ കൃഷികാര്യങ്ങളിൽ നൈപുണ്യമുള്ള  ആളെന്ന നിലയ്ക്കും,നാട്ടുകാരുടെയിടയിൽ ചെറുപ്പക്കാലത്തുതന്നെ സുസമ്മതനുമായിരുന്നു. ജാതിമതഭേദമെന്യേ ഏതൊരു കാര്യത്തിനും എപ്പോൾ വേണമെങ്കിലും കൈയ്മെയ് മറന്ന് ചെന്നെത്തുന്ന ഒരു പ്രകൃതം. കഥകളി യേക്കാൾ അയ്യപ്പൻ  വിളക്കിലായിരുന്നു കമ്പം. പിന്നെ,പഴനി,മധുര തുടങ്ങിയ ക്ഷേത്രങ്ങളിലേക്കു തീർത്ഥയാത്രകളും.കുഞ്ചുനായരുടെ കൃഷിയിലുള്ള താല്പ്പര്യം പൂർത്തീകരിച്ചത്,എല്ലാ നിലയ്ക്കും ഈ മനുഷ്യനായിരുന്നു. (എന്നാൽ നാൽപ്പത്തിരണ്ടാം വയസ്സിൽ അദ്ദേഹം അകാലചരമമടഞ്ഞു.)

അങ്ങനെയിരിക്കെ വൈദ്യരത്നം പി.എസ്.വാര്യർ അവർകളുടെ കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘത്തിൽ കഥകളി ആചാര്യനായി ചെല്ലാൻ കുഞ്ചുനായർക്ക് അപ്രതീക്ഷിതമായി അവസരം കൈവന്നു.

ആരാച്ചാർ ശാക്തീകരണത്തിന്റെ വേറിട്ട ചരിത്രം


പ്രൊഫസ്സർ സി.ചന്ദ്രമതി.ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത നോവലിസ്റ്റ് കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവലിന്റെ ചർച്ച സംഘടിപ്പിച്ചു.പ്രസിഡണ്ട് ഇന്ദിരാബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.ഡി.ഗബ്രിയേൽ സ്വാഗതം പറഞ്ഞു. എഴുത്തുകാരി പ്രൊ.സി.ചന്ദ്രമതി മുഖ്യപ്രഭാഷണം നടത്തി.ആരാച്ചാർ എന്ന നോവൽ ശാക്തീകരണത്തിന്റെ വേറിട്ട ചരിത്രമാണ്‌.`ശക്തിയും,ധൈര്യവു
മുള്ള സ്ത്രീകൾ എല്ലാ കാലത്തും ജീവിച്ചിരുന്നിട്ടുണ്ട്‌.പക്ഷേ വിരലിലെണ്ണാവുന്നവർ മാത്രം.ഇന്നും സ്ഥിതി അതു തന്നെ.കൂടുതൽ സ്ത്രീകൾ മാനസികമായും,ശാരീരികമായും ശക്തിയാർജ്ജിക്കേണ്ടതുണ്ട്‌. സ്ത്രീകൾ കേവലം നിഴലുകളല്ല്,സ്വന്തം നിയതിയുടെ വിധാതാക്കളുമാണ്‌.വെറും കളിപ്പാവകളും,ചവിട്ടുപടിയും ആയി സ്ത്രീകളെ കരുതുന്ന സമൂഹത്തെ നേരിടാൻ സ്ത്രീകൾ ശക്തരായി സംഘടിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌."Empowerment of more and more Women".ഇതാണ്‌ മീര ഈ നോവലിലൂടെ നല്കുന്ന സന്ദേശം. പ്രൊ.സി.ചന്ദ്രമതി അഭിപ്രായപ്പെട്ടു.

തുടർന്നു നടന്ന ചർച്ചയിൽറെയിൽ വീൽ ഫാക്ടറിയിലെ സീനിയർ എൻജിനീയറും,സ്ത്രീപക്ഷ പ്രവർത്തകയുമായ ശ്രീമതി നിർമ്മലാജോർജ്ജ്, ടി.എം.ശ്രീധരൻ,കെ.ആർ.കിഷോർ,ആർ.വി.പിള്ള,ടി.എൻ.എം.നമ്പൂതിരി,സലീം കുമാർ,എം.ബി.മോഹൻ ദാസ്,തങ്കച്ചൻ പന്തളം,പൊന്നമ്മ ദാസ്,സി.ഡി.തോമസ്,എന്നിവർ പ്രസംഗിച്ചു.സന്തോഷ് ശിവൻ കവിത ആലപിച്ചു.ഡോക്ടർ രാജൻ നന്ദി രേഖപ്പെടുത്തി.


(ഫോട്ടോയിൽ പ്രൊ.ചന്ദ്രമതി പ്രഭാഷണം നടത്തുന്നു.സമീപം ഇന്ദിരാ ബാലൻ,നിർമ്മലാ ജോർജ്ജ്,ടി.എം.ശ്രീധരൻ,സി.ഡി.ഗബ്രിയേൽ)


എന്നു
ഇന്ദിരാ ബാലൻ
IMG_5189.JPG IMG_5189.JPG
3637K   View   Download  

അഴി തേടുന്ന അഴിമതികൾ

                                              അഴി തേടുന്ന അഴിമതികൾവസന്തകുമാർ ബൻസാൻ എന്ന റെയിൽവെ മന്ത്രിയുടെ കസേറ തെറിച്ചു. അതിനു മുമ്പ്
2-ജി.സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് സ്ഥാനമൊഴിഞ്ഞ രാജ എന്ന മുൻമന്ത്രി
കോടതിവരാന്ത നിരങ്ങുകയാണ്‌. യദിയൂരപ്പയും ഖനിരാജാക്കന്മാരായ റെഡ്ഢിമാരും
കേസിൽപ്പെട്ട് ശ്വാസം വലിക്കുകയാണ്‌. ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തിലെ ഗണേശൻ മന്ത്രിക്ക് സിനിമാസ്റ്റൈലിൽ രാജിവെക്കേണ്ടി വന്നത്
അഴിമതിക്കു കൂട്ടു നിൽക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ
അനുചരവൃന്ദഭാഷ്യം. രാഷ്ട്രത്തിന്റെ യശസ്സ് ഉയർത്താൻ വേണ്ടി വീറോടെ
കളിക്കളത്തിൽ പോരാടിയ ശ്രീശാന്തും ക്രിക്കറ്റ് ഒത്തുക്കളിക്കേസിൽ പെട്ട്
തീഹാർജയിൽ കിടന്ന് പല്ലു കടിക്കുന്നു. ഗാന്ധിജിയേയും,
ജയപ്രകാശ്നാരായണനേയും, കാമരാജിനേയും ,കെങ്കൻ
ഹനുമന്തയ്യയേയും.ഇ,എം.എസ്സിനേയും
പ്രസവിച്ച ഭാരതാംബയുടെ ഹൃദയം വേദനകൊണ്ട്
പുകയുകയാണോ? എവിടെയാണ്‌` അഴിമതിയുടെ ഉറവ പൊട്ടുന്നതെന്നു
അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് മന്ത്രിമാരിലോ,ഉദ്യോഗസ്ഥരിലോ
ക്രിക്കറ്റ്ക്കളിക്കാരിലോ ഒന്നുമല്ല. അവരെല്ലാം കളിയറിയാതെ കളിക്കുന്ന
കുരങ്ങുകൾ. കുരങ്ങിന്റെ കഴുത്തിൽ കയറിട്ട് കളി നിയന്ത്രിക്കുന്ന
കളിക്കാരനാണ്‌,കുരങ്ങിനെക്കൊണ്ട് കളിപ്പിച്ച് നാണയത്തുട്ടുകൾ
മടിശ്ശീലയിലാക്കുന്നത്‌. അവരാണ്‌` രാജ്യത്തിന്റെ കഴുത്തിൽ കയറിട്ട്
രാഷ്ട്രനേതാക്കളെ കുരങ്ങുവേഷം കെട്ടിച്ച് അപഹാസ്യരാക്കുന്ന കോർപ്പറേറ്റ്
സാമ്രാജ്യധനശക്തികൾ. ശ്രീശാന്തിനെപ്പോലെ പ്രതിഭയുള്ള കളിക്കാരെ
കുരുക്കുന്നത്‌ അധോലോകക്കാരും, വൻകിടവാതുവെപ്പുസംഘങ്ങളുമാണ്‌.

ആയിരക്കണക്കിന്‌ കോടികൾ ഖജനാവിൽ നിന്നു ചോർത്തിക്കൊടുക്കുമ്പോൾ
ഉദ്യോഗസ്ഥന്മാർക്കും മന്ത്രിമാർക്കും കിട്ടുന്നത്` ഏതാനും നക്കാപ്പിച്ച
ലക്ഷങ്ങൾ മാത്രം. പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും പല അടവുകളും
പയറ്റാൻ അവർ മിടുക്കരാണ്‌. അവരെ തളക്കാൻ ഭരണകൂടങ്ങൾക്ക് ശേഷിയുമില്ല.
എന്നാൽ, തെരെഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖന്മാർക്ക്‌
രാഷ്ട്രത്തോടും നീതിപീഠത്തോടും പ്രതിബദ്ധത വേണ്ടതാണ്‌.
ശ്രി​‍ൂതി കേട്ട മഹീശർതന്നെയീ-
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്ക് പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാര്യമായിതാൻ“

എന്ന് ചിന്താവിഷ്ടയായ സീതയിലെ ആശാന്റെ വരികളാണ്‌ ഓർമ്മയിൽ തെളിയുന്നത്‌.
പേരും,പെരുമയുമുള്ള നമ്മുടെ ഭരണക്കർത്താക്കൾ തന്നെ ധാർമ്മികമൂല്യങ്ങളിൽ
നിന്ന് സ്വയം വ്യതിചലിച്ച് നീങ്ങിയാൽ, ധർമ്മം അന്യമാകുന്ന ഈ ഭൂമിയിൽ
പിന്നെ എങ്ങനെ ജീവിക്കും?ധാർമ്മികമൂല്യങ്ങൾ വറ്റിവരണ്ടുണങ്ങിയ
മരുഭൂമിയല്ല ഇന്ത്യ.ത്യാഗവും, സ്നേഹവും,ഹൃദയവിശാലതയും എളിമയും, തെളിമയും
നിസ്വാർത്ഥതയും സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്`. പൊതുരംഗം
സ്വാർത്ഥപ്രയോജനത്തിലാണെന്ന അബദ്ധധാരണ ഒരു രോഗമായി മാറുമ്പോൾ ,അതിനൊരു
മറുമരുന്നായി‘ദുരവസ്ഥയിൽ’സാവിത്രി  അന്തർജ്ജനത്തിന്റെ ആത്മഗതമായ ആശാന്റെ
വരികൾ ഉപയോഗിക്കാം.
”താണുകിടക്കും സഹചരരെപ്പൊക്കുവാൻ
താണതാണെങ്കിൽ ഞാൻ ധന്യയായ്"
അതെ,താഴെയുള്ളവരെ ഉയർത്താൻ വേണ്ടി,ദുരഭിമാനം വെടിഞ്ഞ് തനിക്കു
താഴേണ്ടിവന്നാൽ ,അതു ധന്യതയാണെന്ന് പറയാനുള്ള മനുഷ്യസ്നേഹം നമ്മുടെ
പൊതുപ്രവർത്തകരുടെ ഹൃദയത്തിൽ പൂവിൽ തേനെന്ന വണ്ണം നിറഞ്ഞുകവിയും എന്നു
തന്നെ പ്രത്യാശിക്കാം,അഥവാ പ്രതിവിധികൾ ജനതയുടെ ഭാഗത്തു നിന്ന്‌
ഉണ്ടാകേണ്ടിവരും.

അരങ്ങു-പതിനേഴ്പീ.വി.ശ്രീവൽസൻ

മറുനാടൻ മലയാളിയുടെ രാഷ്ട്രീയംതിരഞ്ഞെടുപ്പിന്റെ മിനിയാന്ന്,ഒരു സുപ്രഭാതത്തിൽ മുമ്പെങ്ങും കാണാത്ത മലയാളിപ്രേമത്തിന്റെ കള്ളപുഞ്ചിരിയുമായി സമീപിക്കുന്ന പച്ചക്കാമുകന്മാരുടെ പഞ്ചാരപ്പുഞ്ചിരിയിൽ മയങ്ങാനൊന്നും മലയാളനാട്ടിൽ നിന്നും വരുന്ന ഒരാളെയും കിട്ടില്ല.മലയാളി മാത്രമല്ല,തീർച്ചയായും ഏതൊരു പൌരനും സംഘടിക്കണം,രാഷ്ട്രീയസാക്ഷരരാവണം. രാഷ്ട്രഗതി നിർണ്ണയത്തിനാവശ്യമായ അറിവും,അവബോധവും സാധാരണക്കാരൻ ആർജ്ജിക്കുമ്പോഴാണ്  രാഷ്ട്രീയം പ്രോജ്ജ്വലിക്കുന്നത്‌. എന്നാൽ ഓരോ സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ, കേവലം മലയാളികളായി, രാഷ്ട്രീയമായി സംഘടിക്കുന്നത്‌ വിഭാഗീയതയാണ്‌,വിഘടനാവാദമാണ്‌,അനുചിതമാണ്‌.കാരണം ,മലയാളിക്ക് മാത്രമായി അടിസ്ഥാനപരമായി ,രാഷ്ട്രീയമായി പ്രശ്നങ്ങളൊന്നുമില്ല എന്നതാണ് ` യാഥാർത്ഥ്യം. ജാതി-മത-വംശീയാടിസ്ഥാനത്തിൽ സംഘടിക്കുന്നത്‌പോലെത്തന്നെ പിഴക്കുന്ന കാൽവെപ്പുകളാണ്‌ ഭാഷയുടെ കൊടി പിടിച്ച് രാഷ്ട്രീയം കയ്യാളുന്നതും.
നവോഥാനത്തിന്റെ പുലരികളിൽ ഉണർന്ന് ദേശീയപ്രസ്ഥനത്തിലൂടെ വളർന്ന് പുരോഗമന പാതയിലൂടെ സാംസ്ക്കാരിക ഉയരങ്ങളിലേക്ക് നടന്ന് കയറുന്ന മലയാളി  ഓരോ സംസ്ഥാനത്തിലും അനുയോജ്യമായ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്‌. വസിക്കുന്ന ദേശത്തിന്റെ പ്രശ്നങ്ങളുമായി ഇഴ ചേർന്ന് നീങ്ങുന്ന മലയാളി രാഷ്ട്രീയപ്രവർത്തകൻ പൊതുസമൂഹത്തിന്റെ വക്താവാണ്‌. അയാൾ മലയാളിയുടെ പ്രശ്നത്തിലും സ്വാഭാവികമായി ഇടപെടും.