എഡിറ്റോറിയല്‍

       പൊരുതി നിന്ന അഭിനയവിസ്മയം                   


ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന സാക്ഷാൽ അശോക് കുമാര്‍ വർഷങ്ങൾക്കു മുമ്പ്‌ ബോംബെ യിലെ ഒരു സമ്മേളനത്തിൽ വെച്ച്‌ തിലകനോട് നേരിട്ട്‌ പറഞ്ഞു,“താങ്കൾ ഒരു നാട്യ വിസ്മയമാണ്‌ - ആക്റ്റിംഗ് വണ്ടർ”.

അരങ്ങിലും അഭ്രപാളിയിലും ഒരു പോലെ തിളങ്ങിയ അഭിനേതാക്കൾ വിരളം. അഭിനയകലയുടെ മർമ്മം കണ്ടറിഞ്ഞവർക്കല്ലാതെ രംഗാഭിനയത്തിലും സിനിമാഭിനയത്തിലും വിളങ്ങാനാവില്ല. ജീവനുള്ള മനുഷ്യൻ ജീവനുള്ള മനുഷ്യരുടെ മുമ്പിൽ നടിക്കുന്നതാണ്‌ നാടകം. ഓരോ  പ്രേക്ഷകനും ഇരിക്കുന്നത്‌ വ്യത്യസ്തമായ അകലത്തിലും, കോണുകളിലുമാണ്‌ മുഖത്തെ പേശീചലന ങ്ങളേ ക്കാൾ വികാരങ്ങൾ ഫലിപ്പിക്കുവാൻ ശരീരചലനങ്ങളും ശബ്ദവും ചലച്ചിത്രത്തേക്കാൾ കൂടുതൽ തീവ്രമായി ഉപയോഗിക്കേണ്ടതായി വരും. സിനിമാഭിനയത്തിൽ .ക്ളോസപ്പിന്‌ സാദ്ധ്യത കൂടുന്നതു കൊണ്ട്‌ ഭാവമിതത്വവും ഏറിയിരിക്കും. അരങ്ങ്‌ സജീവമാകുന്നത്‌ പശ്ച്ചാത്തല ദൃശ്യങ്ങ ളിലോ, സംഗീതത്തിലോ, ദീപവിതാനത്തിലോ ആടയാഭരണങ്ങളിലോ അല്ല, അഭിനയ മികവിലാണ്‌ സിനിമയേക്കാൾ നാട്യ പ്രധാനമാണ്‌ നാടകം,അഥവാ നാടകത്തിന്റെ ജീവനും ചൈതന്യവും അഭിനയമാണ്‌.സിനിമ ഇതിൽ നിന്ന്‌ വ്യത്യസ്തവും.


നടന്റെ മാധ്യമം ശരീരമാണ്‌. കഥാപാത്രങ്ങൾക്ക്‌ സ്വന്തമായ ശബ്ദവും ശരീരവും,
 ചലനവും നല്കുന്നുണ്ടെങ്കിൽ ആ നടന്റെ സ്വത്വത്തിൽ
നിന്ന്‌ വേർപെടുത്തുന്നുണ്ട്‌ അഭിനയിക്കുമ്പോൾ സ്വന്തം വ്യക്തിത്വവും കഥാപാത്രസ്വഭാവവും ഏതനുപാതത്തിൽ ലയിപ്പിക്കണമെന്നത്‌
നടന്റെ സർഗ്ഗാത്മകതയിൽ നിന്നാണ്‌ രൂപപ്പെടുന്നത്‌.
അതാണ്‌ അഭിനയത്തിന്റെ രസതന്ത്രം.പി.ജെ.ആന്റണി എന്ന മലയാളം കണ്ട അനുപമനായ നാടകപ്രതിഭയോടൊപ്പമാണ്‌ തിലകന്റെ അഭിനയബാല്യംവളരുന്നത്‌.

തിലകന്റെ നോട്ടങ്ങളിൽ തീ പാറുന്ന തീക്ഷ്ണതയും, 
കത്തിപ്പെരുകുന്ന രൂക്ഷതയും, നിസ്സഹായമായ ദയനീയതയും, കരുണതുളുമ്പുന്ന ആർദ്രതയും കൃത്യമായും സൂക്ഷ്മമായും വേർപ്പെടുത്തിയെടുക്കാം.
 പരിഹാസം, സമ്മതം,വിസമ്മതം,ചില ഇരുത്തലുകൾ...
എന്നിങ്ങനെ മൂളലുകളിലെ ദൈർഘ്യങ്ങൾക്ക് വ്യതിയാനങ്ങൾ വരുത്തുമ്പോൾ ഒലിച്ചിറങ്ങുന്ന അർത്ഥവ്യന്യാസങ്ങൾ ...
തലകുലുക്കത്തിലെ ഭാവരസങ്ങൾ...
അനായാസവും അകൃത്രിമവുമായ ശരീരചലനങ്ങൾ ...
സംഭാഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ധ്വനികളെ  പുറത്തുകൊണ്ടുവരാൻ വേണ്ടി ചില പദങ്ങളെ ഊന്നൽ നല്കുക, പെറുക്കിയെടുത്തവതരിപ്പിക്കുക...
ശരീരാവയവങ്ങളുടെ ചലനങ്ങളിൽ തിലകനിൽ മാത്രം കാണാൻ കഴിയുന്ന ചടുലതകളും, സാന്ദ്രതകളും, സൂക്ഷ്മതകളും..... 


അമ്പതുകളുടെ മദ്ധ്യം മുതൽ എൺപതുകളുടെ മദ്ധ്യം വരെകാൽനൂറ്റാണ്ടിലേറെക്കാലംതിലകൻ സ്റ്റേജ്   നിറഞ്ഞാടുകയായിരുന്നു, അരങ്ങ്‌ അടക്കി ഭരിക്കുകയായിരുന്നു, അനിഷേധ്യനായി..... ഓ.മാധവൻ, കാമ്പിശ്ശേരി, എൻ.എൻ.പിള്ള, ടി.കെ.ജോൺ, പ്രേംജി, വിക്രമൻ നായർ, വില്യം ഡിക്രൂസ്, ഡി.ഫിലിപ്പ്, പ്രേമചന്ദ്രൻ  എന്നീ പ്രഗല്ഭ നടന്മാർക്കൊപ്പം തലയുയർത്തിത്തന്നെ തിലകൻ നടനായി വിളങ്ങി. 
 തിക്കുറിശ്ശി ,കൊട്ടാരക്കര,ഗോവിന്ദന്‍ കുട്ടി,കെ.പി. ഉമ്മർ,ജോസ്പ്രകാശ്,ബാലൻ കെ.നായർ,കൊടിയേറ്റം ഗോപി,നെടുമുടി വേണു,മുരളി, രാജൻ.പി.ദേവ്....നാടകത്തിൽ നിന്ന്‌ സിനിമയിലേക്ക് കളം മാറ്റി ചവുട്ടിയ നിരവധി പ്രതിഭാസമ്പന്നരായ നടന്മാർ നമുക്കുണ്ട്‌. തിലകൻ സിനിമയിലെത്തിയപ്പോൾ സിനിമയും സമ്പന്നമായി.
ഭാവരാഗതാളങ്ങളുടെ അധിപൻ ആണ്‌ നടൻ. അഥവാ ഭരതത്വം ഉള്ളവൻ ഭരതൻ. തിലകൻ ഭരതനായിരുന്നു. “ഭ” സത്വരജസ്തമോഗുണങ്ങളേയും,“ര” രാഗം അഥവാ ശബ്ദത്തേയും ,“ത” താളം അഥവാ ചലനത്തേയും പ്രതിനിധീകരിക്കുന്നു.

ജ്ഞാനിയായ തച്ചുശാസ്ത്രവിശാരദനായ ശില്പ്പി സാത്വികനായിരുന്നെങ്കിലും അനുരാഗവും, നിസ്സഹായതയും, വീര്യവും വിധേയത്വവും ഇടിമിന്നൽ പോലെ വൈവിദ്ധ്യമാർന്ന ഭാവങ്ങൾ മിന്നി മാഞ്ഞപ്പോൾ ,പെരുന്തച്ചനെ അവതരിപ്പിച്ച തിലകൻ അഭിനയകലയിലെ പെരുന്തച്ചനായി. 
എസ് .എല്‍.പുരത്തിന്റെ "കാട്ടുകുതിര"രംഗവിജയം നേടിയതില്‍  രാജന്‍ പി.ദേവ്  എന്ന  നടന്റെ പ്രാഗത്ഭ്യം കൂടി കണക്കില്‍ കൊള്ളി ച്ചിട്ടുണ്ട്. കേരള സംസ്ഥാന നാടക മത്സരത്തില്‍ രാജന്‍ പി.ദേവ്  ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടത് 'കാട്ടുകുതിര'യിലെ കൊച്ചുബാവയെ അവതരിപ്പിച്ചു കൊണ്ടാണ് .അത് സിനിമയാക്കുമ്പോള്‍  സിനിമയിലും ആ റോള്‍ കിട്ടണമെന്ന് രാജന്‍.പി.ദേവ്  ഏറെ കൊതിച്ചതാണെങ്കിലും വിധിച്ചത് തിലകനായിരുന്നു.ആലപ്പുഴയുടെ ഗ്രാമ്യശൈലിയില്‍വലിച്ചും നീട്ടിയും കുറുക്കിയും, ഹാസ്യവും, പരിഹാസ്യവും അതിര്‍ വരമ്പുകളിടാ തെ  ഒഴുകിയപ്പോള്‍ നിരക്ഷരനും പ്രതികാരദാഹിയുമായ കള്ളു മുതലാളിയായ കൊച്ചുബാവ എന്ന കഥാപാത്രം തിലകന്റെ വേഷപ്പകര്‍ച്ചയില്‍  വിസ്മയകരമായിരുന്നു. 
അഭിനേതാവിന്റെ മുഖം അതീവസുന്ദരമാകണമെന്ന പൊതുധാരണയെ പി.ജെ.ആന്റണി, കൊടിയേറ്റം  ഗോപി എന്നിവർ സർഗ്ഗാത്മകപ്രതിഭ കൊണ്ട്‌ തകർത്തതാണ്‌. മലയാളിയുടെ സൌന്ദര്യമാതൃകകളിൽ, വാർപ്പുരൂപങ്ങളിൽ തിലകന്റെ മുഖം ഉൾപ്പെടുത്താനാകില്ല. എന്നാൽ അനുനിമിഷം, അനായാസം നവരസങ്ങളും അലകടൽ പോലെ നൃത്തം ചെയ്യുമ്പോൾ, തിലകം ചാർത്തിയ ചന്ദ്രബിംബം പോലെ ആ മുഖം കാണാനാരും കൊതിച്ചുപോകുന്നു. 

"രാഗ"മെന്നത്‌ ശബ്ദം. വിചാരവികാരനുസൃതമായി ശബ്ദം ക്രമീകരിക്കപ്പെടുന്നു. മൂളലും, മുരളലും, കൂർക്കംവലിയും അട്ടഹാസവും, പൊട്ടിച്ചിരിയും, സംഭാഷണവും എല്ലാം ആരോഹണാ വരോഹണ ങ്ങളിലൂടെ കഥാപാത്രസൃഷ്ടിയിൽ നടൻ അലിയിച്ചുചേർക്കുന്നു. അയത്നലളിതമായ ക്രമീകരണ ങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവർന്ന നടനാണ്‌ തിലകൻ. തിലകനെപ്പോലെ ഒരാൾ മാത്രം, അതു തിലകൻ തന്നെ. 
ഭരതത്തിലെ‘ത’ താളം അഥവാ ചലനം.കയ്യിൽ പോലീസിന്റെ ലാത്തിയായാലും ,ആശാരിയുടെ ഉളിയായാലും ,അദ്ധ്യാപകന്റെ ചൂരലായാലും,റൌഡിയുടെ പിച്ചാത്തിയോ, തോക്കോ,ആയാലും സ്വാഭാവികമായ ചലനവൈദഗ്ദ്ധ്യം കൊണ്ട്‌ അഭിനയത്തിലെ
മാന്ത്രികനായി മാറുവാൻ തിലകനു കഴിഞ്ഞു.
അമ്പതുകളി ൽ കൊല്ലം എസ്.എന്‍ കോളേജിൽ ബി.എ.ക്കു പഠിച്ച തിലകന്‌ ഇന്ത്യയിലെ ഏത്‌ ഉന്നത ഉദ്യോഗങ്ങളിലേക്കും ചവുട്ടിക്കയറാമായിരുന്നു. എന്നാൽ തിലകന്റെ കാലുകൾ ചലിച്ചത്‌ കമ്മ്യൂണിസത്തിലേക്കായിരുന്നു. തീക്ഷ്ണയാതനകളിലേക്കും സഹനങ്ങളിലേക്കുമായിരുന്നു. അക്കാലത്ത്‌ മദ്ധ്യതിരുവിതാംകൂറിൽ നാടകത്തെ പ്രണയിക്കാത്ത കമ്മ്യൂണിസ്റ്റുകാരില്ല. തിലകനും പാർട്ടിക്കുവേണ്ടി പാടി,അഭിനയിച്ചു,നാടകങ്ങൾ സംഘടിപ്പിച്ചു. ഊണും ഉറക്കവുമുപേക്ഷിച്ച്‌ നടന്നു....സംഘര്‍ഷഭരിതമായ ജീവിതം...ഇല്ലായ്മകൾ,സംഘട്ടനങ്ങൾ, യാഥാർത്ഥ്യങ്ങളുടെമുഖം പലപ്പോഴും ക്രൂരമായിരുന്നു. വീട്ടിലും പുറത്തും എതിർപ്പുകൾ.പരുഷമായ പെരുമാറ്റങ്ങൾ...ഉള്ളിൽ ചുവപ്പണെങ്കിലും അത്‌ സുന്ദരവും ദീപ്തവുമായിരുന്നെങ്കിലും പുറമേക്ക് പൊരുതുമ്പോൾ പരുക്കനായ മനുഷ്യനായി മുദ്രകുത്തപ്പെട്ട  കലാകാരൻ.
സംഗീതവിഭാഗംകൈകാര്യം ചെയ്തിരുന്ന കലാകാരന്മാർ പ്രൊഫഷണൽ നാടകത്തെ അസഹനീയമായി ബുദ്ധിമുട്ടിച്ചപ്പോൾ ,പശ്ച്ചാത്തലസംഗീതം സ്റ്റുഡിയോവിൽ റെക്കോർഡ്ചെയ്ത്‌ ഫുൾസെറ്റിലൂടെ രംഗത്തവതരിപ്പിച്ച്‌ ,സ്റ്റേജിന്റെ വശത്തിരുന്ന സംഗീതവിഭാഗക്കാരെ ഒഴിവാക്കാൻ ധൈര്യം കാണിച്ച സംവിധായകനാണ്‌ തിലകൻ. അതോടെ അവതരണച്ചിലവ്‌ കൂറയ്ക്കാൻ കഴിഞ്ഞു. ക്രമേണ എൺപതുകളിലും തൊണ്ണൂ​‍ൂറുകളിലും കേരളത്തിന്റെ വേദികളിൽ നാടകം ജനകീയമാകുകയും ചെയ്തു. അതിന്റെ കാരണക്കാരൻ തിലകനാണെന്നത്‌ നാടകലോകത്ത്‌ മാത്രം അറിയപ്പെടുന്ന വസ്തുതയാണ്‌. പശ്ച്ചാത്തലസംഗീതക്കാർ അക്കാലത്ത്‌ കാണിച്ചിരുന്ന മുഷ്ക്കിനു മുമ്പിൽ മുട്ടു മടക്കാതെ നിന്ന്‌ പൊരുതിയ കലാകാരനായിരുന്നു തിലകൻ.
ആരേയും കൂസാത്ത ഈ സ്വഭാവം സിനിമയിലും കുറേ ശത്രുക്കളെ ഉണ്ടാക്കി. അവിടെ കുറെ തമ്പുരാക്കന്മാരുടേയും, താപ്പാനകളുടേയും പിടിയിലമർന്ന സമൂഹത്തെയാണ്‌ തിലകൻ എന്ന വിപ്ളവകാരിയായ കലാകാരന്‌ നേരിടേണ്ടിവന്നത്‌. ചെറിയൊരു കൂട്ടം കുത്തകതാരങ്ങൾ സിനിമ-വ്യവസായത്തെ അമിതമായി നിയന്ത്രിച്ച്‌ നിർത്തുന്നത്‌ കണ്ട്` സഹിച്ച്‌ നില്ക്കാതെ അദ്ദേഹം പൊട്ടിത്തെറിച്ചു. സുകുമാർ അഴീക്കോട്‌ എന്ന ഒരു സാംസ്ക്കാരികനായകനും ഏതാനും സുഹൃത്തുക്കളും  മാത്രമാണ്‌ തിലകനൊപ്പം നില്ക്കാൻ സാംസ്ക്കാരികകേരളത്തിലുണ്ടായത്‌ എന്ന്‌ ചിന്തിക്കുമ്പോൾ മലയാളിയുടെ കാപട്യത്തിന്റെ വിശ്വരൂപം തെളിഞ്ഞുവരും. താരരാജാക്കന്മാരുടെ  അധികാരവലയത്തിന്റെ അദൃശ്യ ശക്തി...തിലകന്‌ പടം കൊടുത്തില്ല,തൊഴിൽ നിഷേധിച്ചു. തിലകൻ പൊരുതി. ആ അഭിനയത്തികവിനെ പുറത്തിരുത്താൻ അധികം നാൾ അവർക്കായില്ല. “അമ്മയ്ക്കും”മക്കൾക്കും ആ പ്രതിഭയുടെ മുമ്പിൽ നമസ്ക്കരിക്കേണ്ടിവന്നു.
തിലകന്റെ മരണത്തോടെ മലയാളിക്ക്‌ നഷ്ടപ്പെടുന്നത്‌ മഹാനായ ഒരു നടൻ മാത്രമല്ല അധീശശക്തികള്‍ക്ക് മുന്നിൽ മുട്ടു വളക്കാൻ തയ്യാറില്ലാത്ത ധീരനും വിപ്ളവകാരിയുമായ ഒരു കലാകാരനേയാണ്‌. ആ മഹാനായ കലാകാരന്റെ വിസ്മയകരമായ സ്മരണക്കു മുമ്പിൽ ഒരായിരം പുഷ്പ്പങ്ങൾ അർപ്പിക്കട്ടെ. ഒപ്പം ആ തിരുനെറ്റിയിലൊരു ചുവപ്പ്‌ തിലകക്കുറിയും........!

മാനേജിംഗ് എഡിറ്റർ

                                    

  സദാചാരപോലീസിന്റെ വിളയാട്ടം
സദാചാര സംരക്ഷണം സമ്മർദ്ദത്തിലൂടെ കൈവരിക്കാൻ സേനകളിറങ്ങുന്നു. സദാചാരമെന്ന പരികല്‍പന കേവലം രതി,പ്രണയം, ലൈംഗികത എന്നിങ്ങനെ ചുരുങ്ങിയ അതിർവരമ്പുകളിൽ അണകെട്ടിനിർത്താനുള്ളതല്ല. സ്നേഹവും, കരുണയും ,സാഹോദര്യവും,സത്യവും, ധർമ്മവും നീതിയും ഉൾക്കൊള്ളുന്ന വിശ്വമാനവീകസംസ്ക്കാരത്തെ അതുൾക്കൊള്ളുന്നുണ്ട്‌. അഴിമതിയും ,മർദ്ദനവും, ചൂഷണവും സദാചാരവിരുദ്ധമാണ്‌.അഭിനവ സദാചാരപ്പോലീസുകാർ ഇതിനെതിരെ കാ, മാ, എന്നൊരക്ഷരം ഉരിയാടുന്നുണ്ടോ?ചെറുവിരൽ അനക്കുന്നുണ്ടോ?

നായ്ക്കൾ ഇണചേരുന്നത്‌ മാറ്റൊരു നായ കാണാനിടയായാൽ, ആ നായ ഉറക്കെ കുരയ്ക്കും. മനുഷ്യരടക്കമുള്ള സകലജീവജാലങ്ങളേയും വിളിച്ചറിയിച്ച്‌ കാണിച്ചുകൊടുക്കും. “കണ്ടില്ലേ.....ഇതാ അവർ ഇണചേരുന്നു,അസ്സംബന്ധം,അന്യായം.....അക്രമം...!അനീതി....!ഇതൊക്കെയാണ്‌ ആ കുരയുടെ ധ്വനി. ...!ലിംഗപരമായ സംയോഗം സുഖകരമാണെന്ന്‌ കുരയ്ക്കുന്നവനറിയാം. അതു പക്ഷേ,തനിക്കു ലഭ്യമാകുന്നില്ലെന്നതിൽ അസൂയയും അസംതൃപ്തിയും അസഹിഷ്ണുതയും അസ്വസ്ഥതയുമുണ്ട്‌. കാപട്യമില്ലാത്ത ഈ മാനസികാവസ്ഥയുടെ ബഹിർസ്ഫുരണമാണ്‌ നായയുടെ കുര. ഇതേ സംഭവം മനുഷ്യനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ ജനസമ്മിതിക്കുവേണ്ടി" സദാചാരത്തിന്റെ“ തുരുപ്പുശീട്ടിറക്കുന്നു. നായയുടെ മനുഷ്യരൂപം കുരയ്ക്കുന്നു. ”ഇതാ സദാചാരലംഘനം നടക്കുന്നു; ഇവരെ ക്രൂശിക്കണം.

അക്ഷരാഭ്യാസവും സംസ്ക്കാരവും ആർജ്ജിക്കാനാവാത്ത പാവം നായക്കറിയില്ല, താൻ ജനിച്ചതും ഇങ്ങിനെ നിന്ന്‌ കുര്യ്ക്കുന്നതും ആരോ ഇണചേർന്നതിന്റെ പരിണതഫലമായിട്ടാണെന്ന്‌. എന്നാൽ, പതിനെട്ടു ലക്ഷത്തിലേറെ വർഷം മനുഷ്യജീവിതം  പിന്നിട്ടുപോയിട്ടും ചന്ദ്രനിലേക്കും  ചൊവ്വയിലേക്കും കടന്നുചെല്ലാനുള്ള പ്രാപ്തി നേടിയിട്ടും ,ജീവശ്ശാസ്ത്രപരമായ ഒരനിവാര്യതയാണ്‌ രതി എന്ന്‌ തിരിച്ചറിയാൻ പാവം പിടിച്ച മനുഷ്യന്‌ ഇനിയും കഴിഞ്ഞിട്ടില്ല. അസൂയാലുവായ നായയിൽ നിന്നും വളരാൻ മനുഷ്യനായിട്ടില്ലായിരിക്കും എന്നാണ്‌ സമീപകാലത്ത്‌ പ്രത്യക്ഷമാകുന്ന “സദാചാരപ്പോലീസിന്റെ”പ്രകടനം കണ്ടാൽ അനുമാനിക്കേണ്ടിവരുന്നത്‌.

ഫാസിസം-അവൻ പലരൂപത്തിലും വേഷത്തിലും ഭാവത്തിലും വരും. തന്റെ അജണ്ട നടപ്പിലാക്കാൻ ഏത്‌ പേക്കൂത്തും ആദർശപരിവേഷം കൊടുത്ത്‌ ജനസമക്ഷം അവതരിപ്പിക്കും. പക്ഷേ, കയറിൽ കെട്ടിയ പശുപോലെ അവരെ അനുഗമിക്കാൻ ജനം ഉണ്ടാവില്ല.

രാത്രി ഒമ്പതുമണിക്ക്‌ ഒരു ഐ.ടി. ഉദ്യോഗസ്ഥ സഹപ്രവർത്തകന്റെ ബൈക്കിന്റെ പിന്നിലിരുന്ന്‌ നഗരത്തിലൂടെ യാത്ര ചെയ്താൽ, പാർട്ടിയോഫീസിലോ, വീട്ടിലോ ഇരുന്ന്‌ സ്ത്രീപുരുഷന്മാർ ഒരുമിച്ച്‌ കഴിഞ്ഞുകൂടിയാൽ, ആണും, പെണ്ണും കൂടി പാർലറിൽ പോയി ബിയർ കഴിച്ചാൽ, പുരുഷനും സ്ത്രീയും കൂടിച്ചേർന്ന്‌ സിനിമ-നാടക-പത്ര-സാഹിത്യപ്രവർത്തനങ്ങൾ നടത്തിയാൽ എല്ലാം അസഹനീയമാകുന്ന കാഴ്ച്ചകളാകുന്നു--അഥവാ സദാചാരലംഘനമാകുന്നു. സദാചാരസംരക്ഷണത്തിന്‌ അഭിനവസംരക്ഷകന്റെ വേഷം കെട്ടി “പോലീസ്” ഇറങ്ങുന്നു.


ഗൾഫ്‌ മേഖലയിൽ പെട്രോളിയം  ചൂഷണം നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന അമേരിക്കൻ സാമ്രാജ്ജ്യത്വത്തിന്നെതിരെ നിവർന്ന്‌ നിന്ന്‌ പോരാടിയ "റൗഡി"യായ സദ്ദാം ഹുസ്സൈനെ ക്രൂരമായി വേട്ടയാടിയപ്പോൾ ,കേരളം എന്ന കൊച്ചുദേശത്തുനിന്ന്‌ ഒരു കുറിയ മനുഷ്യൻ എഴുന്നേറ്റു് തലയുയർത്തിനിന്ന്‌ അമേരിക്കയോട്‌ ചോദിച്ചു,“സാർ, നിങ്ങൾക്ക് ലോകപോലീസാവാൻ എന്താണ്‌ അവകാശം?ലോകപാലനം നടത്താൻ ആരാണ്‌ നിങ്ങൾക്കവകാശം തന്നത്‌? ലോകം മുഴുവൻ മുഴങ്ങിക്കേട്ട ആ ശബ്ദം സാക്ഷാൽ ഇ.എം.എസ്സിന്റേതായിരുന്നു. നമ്മുടെ സദാചാരപ്പോലീസിന്നെതിരെ അത്തരം ചോദ്യങ്ങൾ ഉയരുന്നില്ല?

എതിർപക്ഷത്തുള്ളവരെ നിലം പരിശാക്കാൻ ജനാധിപത്യപരമായ മാർഗ്ഗങ്ങൾ എല്ലാം അവശേഷിക്കുമ്പോൾ അവരുടെ വ്യക്തിപരമായ ജീവിതത്തെ ഇവർ ഉന്നം വെക്കുന്നത്‌ ,സ്വകാര്യജീവിതത്തിന്റെ നിമിഷങ്ങളിലേക്ക് ഒളിഞ്ഞുനോക്കി കണ്ടതും, കാണാത്തതും കെട്ടുകഥയാക്കി കുരച്ച്‌ ആളെക്കൂട്ടി പൊതുജനമദ്ധ്യത്തിൽ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവർ സദാചാരസംരക്ഷകരോ ,ഭീരുക്കളോ അതോ കപടവേഷക്കാരോ?


ആചാരമെന്തായാലും നിയമങ്ങളും സംഹിതകളും  സദാചാരവും, നിർണ്ണയിക്കപ്പെടുന്നത്‌ സാമൂഹികസാമ്പത്തിക രാഷ്ട്രീയവ്യവസ്ഥാനുസൃതമാണ്‌. അതുകൊണ്ടു തന്നെ ഒന്നും കലാതീതമോ പവിത്രമോ അചഞ്ചലമോ അല്ല. ആപേക്ഷികമാണ്‌. കാലാനുസൃതമായ പരിഷ്ക്കരണങ്ങൾക്കും പരിവർത്തനങ്ങൾക്കും വിധേയമാണ്‌. പരപുരുഷ ബന്ധവും പരസ്ത്രീപ്രാപനവും വേണമെന്നോ, വേണ്ടെന്നോ നിർണ്ണയിക്കുന്നതും ,സമൂഹം ആർജ്ജിക്കുന്ന സാംസ്ക്കാരികബോധനിർമ്മിതിയിൽ നിന്നാണ്‌. കെട്ടിയിട്ട ചങ്ങലകളിൽ നിന്ന്‌ കുതറിമാറുന്ന ചരിത്രം മനുഷ്യന്റേതാണ്‌. പഴയ നിയമങ്ങൾ എപ്പോഴും ദ്രവിച്ചതും ചിതൽ കയറിയതുമാണ്‌. അതിനെ പോലീസിന്റെ ലാത്തിയും തോക്കും ഉപയോഗിച്ച്‌ ഉറപ്പിച്ച്‌ നിർത്താൻ ശ്രമിക്കുന്നത്‌ അപ്രായോഗികവും അപരിഷ്കൃതവുമാണ്‌.

നല്ല ശീലങ്ങൾ സ്വഭാവത്തിൽ ശക്തിപ്പെടുമ്പോൾ സദാചാരം പാലിക്കപ്പെടുന്നു. അത്` ഉന്നതമായ സാംസ്ക്കാരികഭൂമികയിൽ നിന്ന്‌ പൊട്ടിമുളച്ചുവളർന്ന്‌ വരേണ്ടതാണ്‌. കാലാനുസൃതമായ സാംസ്ക്കാരികമൂല്യങ്ങളുടെ അന്വേഷണങ്ങളിൽ നിന്ന്‌ നവീനവും സംശുദ്ധവുമായ സദാചാരജീവിതവും രൂപം കൊള്ളുന്നു. നൈസർഗ്ഗികവും സ്വതന്ത്രവും ജീവശ്ശാസ്ത്രപരവുമായ വീക്ഷണങ്ങൾ സമന്വയപ്പെടുന്ന സദാചാരസങ്കല്പ്പങ്ങളും ഏതാണെന്ന വിവക്ഷ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

നിയമം കയ്യിലെടുക്കാൻ ഈ സദാചാര പോലീസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അവർക്കെതിരെ കർശനനടപടികളെടുക്കാൻ നിയമപാലകരും ഭരണകൂടവും അടിയന്തിരമായി തയ്യാറാവണം. ഒപ്പം സംസ്ക്കാരത്തിന്റെ സംരക്ഷണം ഫാസിസ്റ്റ് രീതിയിൽ നിർമ്മിച്ചെടുക്കാനാവില്ലെന്നും, സദാചാരമടങ്ങുന്ന വിഷയങ്ങൾ തുറന്ന ചർച്ചകൾക്ക് വിധേയമാക്കിക്കൊണ്ട്‌ രാഷ്ട്രീയസാംസ്ക്കാരികരംഗം സജീവമാകേണ്ടുന്നതിന്റെ അനിവാര്യതയിലേക്കും ഈ വിഷയം വിരൽ ചൂണ്ടുന്നുണ്ട്‌.

മാനേജിംഗ് എഡിറ്റർ