അരങ്ങു-പതിനേഴ്പീ.വി.ശ്രീവൽസൻ

കുഞ്ചുനായരെന്ന നടനെ സംബന്ധിച്ച്‌ കഥകളിജീവിതത്തിലെ സമ്മോഹനമായ ഒരു കാലമായിരുന്നു പിന്നീട്‌.കുട്ടിത്തരത്തിൽ നിന്ന് ഇടത്തരത്തിലേക്കും പിന്നെ ആദ്യവസാന വേഷങ്ങളിലേക്കും ചുവടു മാറിത്തുടങ്ങിയ യുവനടൻ,വാഴേങ്കട കുഞ്ചുനായർ

വിവാഹശേഷമുള്ള പ്രണയഭരിതമായ മനസ്സ്‌. ഓരോ വേഷം ചെയ്യുമ്പോഴും ആ കഥാപാത്രങ്ങളുമായി നടത്തിയ മൌനസംവാദങ്ങൾ, മനന നിരീക്ഷണങ്ങൾ.അത്തരത്തിലുള്ള ചില അഭിവീക്ഷണങ്ങളിലൂടെ പതുക്കെപ്പതുക്കെ തന്റേതായ ചില ‘ഇടങ്ങൾ ’ അരങ്ങത്തു സൃഷ്ടിക്കാൻ മോഹിച്ചു.

അതിന്റെ അടിസ്ഥാനശില പാകിയത്‌,രാവുണ്ണിമേനോനാശാന്റെ കീഴിലുള്ള അഞ്ചു വർഷം തന്നെ.
കളിയരങ്ങിൽ മാത്രമല്ല ജീവിതത്തിലും പതിഞ്ഞ പദങ്ങൾ ആടിത്തിമർത്തിയ കാലം. എതിരില്ലാത്ത യൌവ്വനകാലം.കഥകളിയോട് അങ്ങോട്ടെത്രമാത്രം അടുപ്പമുണ്ടോ അതിലിരട്ടി, കഥകളിക്ക് കുഞ്ചുനായരെന്ന നടനോടും അടുപ്പം വന്ന കാലം.
ദൂരസ്ഥലങ്ങളിൽ കളിക്കു പോയാൽ കിട്ടുന്ന പ്രതിഫലത്തിൽ പകുതി ഭാഗവും നാണിക്കുട്ടിക്കു വേണ്ട സാധനങ്ങൾ വാങ്ങി. കസവു വേഷ്ടിയും, മുണ്ടും, വള, മാല, അങ്ങനെയങ്ങനെ പലതും. കുട്ടികൾക്കും വേണ്ടതെല്ലാം ചെയ്തു.

കഥകളികൊണ്ട്‌ ധനം നേടാനുള്ള ആഗ്രഹമില്ല. ധനസമ്പാദനത്തിനുള്ള ഒരു മാർഗ്ഗമായി കഥകളിയെ കണ്ടില്ല. പക്ഷേ, കഥകളികൊണ്ടു സന്തോഷമായിത്തന്നെ ജീവിക്കാമെന്ന ഉറച്ച വിശ്വാസം തോന്നി.
കുറേക്കാലമായി ആഗ്രഹിക്കുന്ന  ഒരു കാര്യം, നല്ലൊരു ജോഡി വെള്ളിപാദസരം.
വിവാഹപൂർവനാളുകളിൽ വാഴേങ്കട ക്ഷേത്രത്തിലെ പ്രദക്ഷിണവീഥിയിൽ വെച്ചു പറഞ്ഞത്‌, അന്ന്‌, ആരുമറിയാതെ അവളുടെ കൈ പിടിച്ചു വാഗ്ദാനം ചെയ്ത വെള്ളിപാദസരം. കല്യാണത്തിന്‌ അതു വാങ്ങാൻ കഴിഞ്ഞില്ല. ആ പാദസരക്കിലുക്കം കേൾക്കാൻ അന്നു മനസ്സെത്രമാത്രം കൊതിച്ചിരുന്നു. കളികൾ കിട്ടിത്തുടങ്ങിയപ്പോൾ  അല്പ്പാല്പ്പമായി ഒരുക്കൂട്ടിവെച്ച പണം. അതിനിടക്ക് എന്തെങ്കിലും കാരണവശാൽ അതു അപ്രതീക്ഷിതമായി ചെലവായിപ്പോകും. അങ്ങനെയിരിക്കുമ്പൊൾ, ചില മറുനാടൻ ശിഷ്യൻമാരുടെ ഉൽസാഹത്തിൽ പ്രത്യേകിച്ച് യോഗ്‌സുന്ദർ ദേശായി എന്ന ശിഷ്യന്റെ ആഗ്രഹപ്രകാരം ബോംബെയിൽ നാലഞ്ചുനാളത്തെ കഥകളിപ്രോഗ്രാമിനു ക്ഷണം വന്നു. കഥകളി ഡെമോൺസ്ട്രേ ഷൻ ,അതിനുശേഷം കഥകളി,ഒരു ചെറിയ സംഘവുമായി ബോംബെ യാത്ര തീരുമാനിച്ചു.

ഇരുത്തം വന്ന ഒരാദ്യവസാനക്കാരനെന്ന പേര്‌ പടർന്നു പിടിച്ച കാലം. അരങ്ങത്ത് ഏതു വേഷം കെട്ടി പ്രവർത്തിക്കുമ്പോഴും അവനവന്റേതു മാത്രമായ ചില പ്രത്യേകത, അതുവരേയും പലരിലും കണ്ടിട്ടില്ലാത്ത ഒരു സൂക്ഷ്മബുദ്ധി, കുഞ്ചുനായരുടെ വേഷങ്ങളിൽ പ്രതിഫലിച്ചിരുന്നെന്ന് അന്നത്തെ ഗ്രഹിതക്കാർ അഭിപ്രായപെട്ട കാലവും. കിർമ്മീരവധത്തിൽ ധർമ്മപുത്രരുടെ വേഷം പട്ടിക്കാംതൊടിയുടേതല്ലാതെ കാണുക പോലും ചെയ്യാതിരുന്ന കാറല്മണ്ണ കൊയ്ത്താടി മനയിൽ പർമേശ്വരൻ സോമയാജിപ്പാട്,അവിടത്തെ ഒരുൽസവക്കളിക്ക് വെറുമൊരു നേരമ്പോക്കിനുവേണ്ടി കുഞ്ചുനായരുടെ ധർമ്മപുത്രർ,അല്പ്പനേരം അരങ്ങിന്റെമുന്നിലിരിക്കാതെ ഒരു ഭാഗത്തുനിന്നുകൊണ്ടു ഏതാനും നേരം കണ്ടു നിന്നു. രാവുണ്ണിമേനോന്റെ വേഷത്തോടും രംഗക്രിയകളോടും അത്യധികം മമതയും ആദരവുമുണ്ടായിരുന്ന അദ്ദേഹത്തിന്‌ ശിഷ്യന്റെ ധരമ്മപുത്രർ ബോധിച്ചു. അല്പ്പം കഴിഞ്ഞപ്പോൾ ഇരുന്നുതന്നെ വേഷം കണ്ടു.. പിറ്റേ ദിവസം അദ്ദേഹത്തിൽ നിന്നുസത്യസന്ധമായ അഭിപ്രായപ്രകടനവും ലഭിച്ചു. മാത്രമല്ല, അദ്ദേഹത്തിനു പഥ്യമുള്ള പല സ്ഥലങ്ങളിലും, (പ്രത്യേകിച്ച് തിരുവേഗപ്പുറയിലെ വാധ്യാൻ കളി യോഗത്തിലേക്കും)കുഞ്ചുനായരെ ക്ഷണി ക്കുക പതിവാക്കുകയും ചെയ്തു. അഭ്യസിപ്പിക്കാനും, വേഷം കെട്ടുവാനും.

ഇതിനിടയ്ക്കായിരുന്നു ബോംബെ യാത്ര.
വാഴേങ്കടയിൽ നിന്നു തൂതപ്പാതയിലേക്കുള്ള വഴിയിൽ കുറെദൂരം കുട്ടികളു മൊത്ത് നാണിക്കുട്ടിയും കൂടെ വന്നു. ബോംബെക്കു പോകുന്ന കാര്യമുറച്ചപ്പോൾ ആദ്യം അവളോടു പറഞ്ഞതു മറ്റൊന്നായിരുന്നില്ല. പാദസരം ബോംബെയിൽ നിന്നു വാങ്ങാം.
അന്ന്‌.യാത്ര പറഞ്ഞു പിരിയുമ്പോൾ പതിവില്ലാതെ അവളുടെ കണ്ണു നിറഞ്ഞു,അവൾ പറഞ്ഞു,

“പിന്നേയ് പാദസരമൊന്നും ഇനിയിപ്പോൾ  വേണ്ട. കളി  കഴിഞ്ഞതും വേഗം ങ്ട് പോന്നാൽ മതി. പാദസരം ഇവിടെ വന്നിട്ടു വാങ്ങാം,അത്ര നിർബന്ധാച്ചാൽ.അതിനുവേണ്ടി അന്യനാട്ടിലലഞ്ഞു തിരിയൊന്നും വേണ്ട. അതത്ര കിട്ടാത്ത സാധനമൊന്നുമല്ലല്ലൊ. നമ്മടെ നാട്ടിൽ നിന്ന് വാങ്ങാം..അപ്പോൾ മതി.”

അതുകൊണ്ടു മാത്രമല്ല ബോംബെന്നാവുമ്പോൾ ഇവിടത്തേക്കാൾ നല്ലതു കിട്ടും.അതിനത്ര ബുദ്ധിമുട്ടുണ്ടാവില്ല.

കുഞ്ചുനായർ ഭാര്യയെ സമാധാനിപ്പിച്ചു.
കഥകളിക്കു മാത്രമല്ല, ഡമോൺസ്ട്രേ ഷനും നിറഞ്ഞ സദസ്സ്. മുതിർന്ന ശിഷ്യനും ഇംഗ്ളീഷും, ഹിന്ദിയും ,മറാത്തിയും വളരെ നന്നായി കൈകാര്യം ചെയ്യാനറിയുന്ന യോഗ് സുന്ദറി ന്റെ നേതൃത്വത്തിൽ കാര്യങ്ങൾ ഭംഗിയായും ചിട്ടയായും നടന്നു. അവസാനത്തെ ദിവസം കുഞ്ചുനായരുടെ വേഷം രുക്മാംഗദനായിരുന്നു. വേഷമൊരുങ്ങി അരങ്ങത്തേക്കു പോകാറായ ധന്യനിമിഷം വേഷമുണർന്ന മനസ്സോടെ അരങ്ങത്തേക്ക്...........
അപ്പോൾ 
പെട്ടെന്ന് യോഗ്സുന്ദർ ദേശായ് അല്പ്പം പരിഭരമത്തോടെ കുഞ്ചുനായരുടെ മുമ്പിലെത്തി. കൂടെ അരങ്ങത്തേക്കു വരാനായിരിക്കും. സംഘാടനത്തിലെ പ്രധാനി. അയാളുടെ കൈയ്യിൽ ഒരു കടലാസുതുണ്ട്‌. അതു പൊട്ടിച്ചു വായിക്കുന്നുണ്ട് അയാൾ. ഒന്നുമൊന്നും പറഞ്ഞില്ല. ചില കൈമുദ്രകൾ. ...നാട്ടിൽ നിന്ന് ...ഒരു ടെലഗ്രാം....


ചുണ്ടപ്പൂവിട്ട കണ്ണുകൾ...

ഒന്നും വ്യക്തമായില്ല, വാചകം...

“ഇഥം വൈവസ്വതം തം നിജപുരിലയ
ച്ചഞ്ജസാ പദ്മജയാ.....
.............................
അരങ്ങത്തു നിന്ന്‌ കേട്ട ശ്ളോകം. രാഗാലാപനമാധുര്യം.മോഹിനിയെക്കാണുന്ന രുക്മാംഗദൻ.


വേഷം നിറഞ്ഞുനിന്ന മനസ്സ്‌.

ഇനി, എന്തായാലും വേഷം കഴിഞ്ഞുവരട്ടെ.ടെലഗ്രാം ശിഷ്യന്റെ കൈയിൽ തന്നെ ഏല്പ്പിച്ചു. അയാൾ, പക്ഷേ ആ വരികൾ വായിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, ആരോടെങ്കിലും അതു പറഞ്ഞില്ല.

ആദ്യരംഗം കഴിഞ്ഞു അണിയറയിൽ തിരിച്ചെത്തിയ വേഷക്കാരൻ, ടെലഗ്രാമിലെ വിവരം?

പക്ഷേ, അതു പറയാൻ അയാൾക്കു കഴിഞ്ഞില്ല. നിർബന്ധം സഹിക്കാതായപ്പോൾ കൈയിൽ കൊടുത്തു മാറി നിന്നു. എന്തു സംഭവിക്കുമെന്നറിയാതെ.വിറയ്ക്കുന്ന കൈകളോടെ വിറങ്ങലിച്ച മനസ്സുമായി ആ വേഷക്കാരൻ അതു വായിച്ചു. അപ്പോഴേക്കും കഥയുടെ അവസാനരംഗമായിരുന്നു. വേഗം കിരീടം വെച്ചു. ആത്മവ്യഥയുടെ ഒടുങ്ങാത്ത നീറ്റലിൽ നിന്ന് പുനർജ്ജനിച്ച വേഷം. രുക്മാംഗദൻ.!

”നാഥാ ജനാർദ്ദനാ...എന്ന പദം


ഒരു പക്ഷേ, കഥകളിയുടെ ചരിത്രത്തിലെ എതിരില്ലാത്ത ഒരരങ്ങ്‌!അന്നു കഥകളി  കാണുവാൻ വിശ്വപ്രസിദ്ധ നർത്തകി കനക് റെലെയും സദസ്സിലൂണ്ടായിരുന്നു. വേഷം കഴിഞ്ഞെത്തിയ ആ വേഷക്കാരന്റെ കാൽക്കൽ അവർ കുമ്പിട്ടു നിന്നു. അത്ഭുതാദരവോടെ ആ നടൻ മുഖത്തെ ചുട്ടി മായ്ക്കുന്നതു നോക്കിനിന്നു.
..............ബോംബെയിൽ നിന്നുള്ള മടക്കയാത്ര.
എല്ലാവരിൽനിന്നുമൊഴിഞ്ഞ് വണ്ടിയുടെ ജനലിലൂടെ ചക്രവാളത്തിലേയ്ക്കു നോക്കിയിരുന്ന ഒരു വേഷക്കാരൻ. വണ്ടിയുടേ അയഞ്ഞ താളത്തിലെവിടേയോ കുരുങ്ങിപ്പോയ അയാളുടെ തേങ്ങൽ, പാദസരത്തിന്റെ കിലുക്കങ്ങൾ.ജീവസ്വമായിരുന്ന പ്രിയതമയുടെ അകാലവിയോഗം1945 ഫെബ്രുവരി 26ന്‌(1120 കുംഭം 15)പതിമൂന്നരകൊല്ലത്തെ ദാമ്പത്യം. അതിന്റെയവസാനം, ആ പാദസരക്കിലുക്കങ്ങൾ നാണിക്കുട്ടിയുടെ സൌമ്യസ്മരണയായി മനസ്സിന്റെയാഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി.


ദുരന്തങ്ങളേറ്റുവാങ്ങാൻ അന്നേ ശീലിച്ച മനസ്സിൽ, പിന്നെ ഓരോ വേഷങ്ങൾ സ്വന്തക്കാരായി വന്നു സാന്ത്വനിപ്പിച്ചു, സമാധാനിപ്പിച്ചു.ശോകവും, കരുണവും ഇഷ്ടഭാവങ്ങളായി.

ധർമ്മപുത്രനും, വിരഹിയായ നളനും,രുക്മാംഗദനും, കറുത്തനളനും. ബ്രാഹ്മണനുമെല്ലാം പ്രിയപ്പെട്ട വേഷങ്ങളുമായി. ജീവിതവും,,അരങ്ങും രണ്ടല്ലാതായി.
നടരാജന്റെ ജടാമകുടത്തിലൂടെ കണ്ട കല
കഥകളിയുടെ ചന്ദ്രക്കല.
അതു തേടിയുള്ള യാത്ര; പിന്നീട്‌......