ഇതു ന്യൂ ജനറേഷൻ സംസ്ക്കാരമോ?


സതീഷ് ബാബു.ആർ. 


ഭാഷയുടെയും സംസ്ക്കാരത്തിന്റേയും അതിർ വരമ്പുകൾക്കുള്ളിൽ മാത്രം ജീവിച്ചിരുന്ന മലയാളി ഇന്ന് ന്യൂ ജനറേഷൻ സംസ്ക്കാരത്തിന്റെ നടുവേ ഓടിക്കൊണ്ടിരിക്കുകയാണ്‌.ഇത്‌ ഇന്നലേയോ,ഇന്നോ ഉണ്ടായതല്ല. വർഷങ്ങൾക്കു മുമ്പേ ഇതിന്റെ വിഷബീജങ്ങൾ നമ്മുടെ നാട്ടിൽ നാമറിയാതെ എത്തിക്കഴിഞ്ഞിരുന്നു.
ഗ്രാമീണസംസ്ക്കാരത്തിന്റെ ശ്രീകോവിലായിരുന്ന ഗ്രന്ഥശാലകളു ടെ പ്രൌഢി മങ്ങിത്തുടങ്ങി. മലയാളം പഠിപ്പിച്ചിരുന്ന നാട്ടിലെ വിദ്യാലയങ്ങൾ യവനികക്കുള്ളിലായിക്കൊണ്ടിരിക്കുന്നു. കേരള കലകളുടെ കേളീരംഗമായിരുന്ന ഉൽസവപ്പറമ്പുകൾ ശൂന്യമായിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ തനതുകലകളെല്ലാം മലയാളിക്ക് അപ്രിയങ്ങളായിത്തുടങ്ങി. മനോഹരമായി കത്തുകളെ ഴുതിയിരുന്ന മലയാളി അതും വെറുത്തുകഴിഞ്ഞു. കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലം നമ്മോടൊപ്പം ഉ ണ്ടായിരുന്ന കമ്പിയില്ലാക്കമ്പി ആഘോഷപൂർവ്വം നാം അടച്ചുപൂട്ടി. എന്തിനേറെ ചിറകിന്നടി യിൽ കാത്തുസൂക്ഷിച്ചിരുന്ന മാതാപിതാക്കളെപ്പോലും നാം അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും ഏൽപ്പിച്ച് സ്വാർത്ഥതയും ദുരാഗ്രഹവുമായി അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു. എവിടെയാണ്‌ നമുക്കു പിഴച്ചത്‌?
എല്ലാ അതിർവരമ്പുകളും ഭേദിച്ചുവന്ന മലയാളി ഇന്ന് ന്യൂ ജനറേഷൻ സംസ്ക്കാരമെന്ന പത്മവ്യൂഹത്തിനുള്ളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതു ഭേദിച്ചു പുറത്തുവരാൻ കഴിയുമോ?
മാതൃഭാഷയായ മലയാളത്തിന്‌ ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഈ കാലഘട്ടത്തിൽ പോലും മലയാളത്തെ ശരിയായി അറിയാനോ,ആ സംസ്ക്കാരത്തെ പുതലമുറക്കു പകരാനോ മലയാളി  തയ്യാറാകുന്നുണ്ടോ?മലയാളം മീഡിയത്തിൽ പഠിച്ചവർ പോലും യാത്രാവേളകളിലും മറ്റും കയ്യിൽ കരുതുന്നത് ഇംഗ്ളീഷ് ഭാഷയിലെഴുതിയ പ്രസിദ്ധീകരണങ്ങളാണ്‌. ഇല്ലെങ്കിൽ മറ്റുള്ള വരെന്തു കരുതും എന്നാണ്‌ നമ്മുടെ ആശങ്ക.
ആധുനികമായ വിവരസാങ്കേതികവിദ്യകളെല്ലാം ആവശ്യമാണ്‌.ഇതിൽ നിന്നെല്ലാം നല്ലതു മാത്രമല്ല നമ്മുടെ കുഞ്ഞുങ്ങൾ ഉൾക്കൊള്ളുന്നത്‌. ഇവിടെയാണ്‌ ഭാഷയുടെയും,സംസ്ക്കാരത്തിന്റേയും പ്രസക്തി. മൊബൈലിലൂടെയും,ഇന്റർനെറ്റിലൂടെയും അനവധി അപകടങ്ങൾ പതിയിരിക്കുന്നു. ഇത്തരം അബദ്ധങ്ങളി ൽ പെട്ട് എത്രയോ ജീവിതങ്ങൾ വിടരും മുമ്പേ കൊഴിയുന്നു. ഈയടുത്ത കാലത്തിറങ്ങിയ ചില സിനിമകളി ൽ കുത്തിനിറച്ചിരിക്കുന്നത് സഭ്യമല്ലാത്ത സംഭാഷണങ്ങളും, ദ്വയാർത്ഥപ്രയോഗങ്ങളുമാണ്‌. ടെലിവിഷൻ ചാനലുകളും പുറകിലല്ല. വാർത്താചാനലുകൾ മക്കളോടൊപ്പം കാണാൻ കഴിയാതെ വന്നിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അവിഹിതബന്ധങ്ങളുടെ കഥ കേട്ട്‌ മതിയായി.ഇതൊക്കെയാണോ പുതിയ സംസ്ക്കാരം?
ടെലിവിഷൻ അവതാരകരെയെടുത്താൽ മംഗ്ളീഷുകാരുടെ പ്രളയമാണ്‌. ഇതെല്ലാം മലയാളി ഇഷ്ടപ്പെട്ടു തുടങ്ങി അഥവാ ഇഷ്ടപ്പെടേണ്ടി വരുന്നു.
മാതൃഭാഷയുടെയും,സംസ്ക്കാരത്തിന്റേയും അടിത്തറയില്ലാതെ വളരുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ പലരും ഇതൊക്കെയാണ്‌ യഥാർത്ഥ ഭാഷയും ,സംസ്ക്കാരവും എന്ന്‌ തെറ്റിദ്ധരിച്ച് വികലമായ ഈ അവസ്ഥയെ അനുകരിക്കുന്നു. ഇതു കുഞ്ഞുങ്ങളിൽ സൃഷ്ടിക്കുക വകതിരിവില്ലായ്മയായിരിക്കും. പുതിയ അറിവിനോടൊപ്പം ഓരോരുത്തരും തങ്ങളുടെ കുട്ടികൾക്ക് മലയാളത്തിന്റെ തനിമയെക്കൂടി ബോധ്യപ്പെടുത്തണം.എല്ലാ വിദ്യാലയങ്ങളിലും മലയാളം ഒന്നാം ഭാഷയാക്കാൻ സർക്കാർ തയ്യറാകണം. അങ്ങിനെ ആശാനേയും,ഉള്ളൂരിനേയും,വള്ളത്തോളിനേയുമൊക്കെ നമ്മുടെ കുഞ്ഞങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ. ഭരണ ഭാഷ പോലും മലയാളമാക്കിയ ഈ കാലഘട്ടത്തിൽ ഇതൊരു ബാലികേറാമലയല്ല. നമ്മുടെ സ്വപ്നമായിരുന്ന മലയാളം സർവ്വകലാശാലയുടെ പണിപ്പുരയിലുള്ളവർ ഇതെല്ലാം ശ്രദ്ധിക്കുമെന്ന്‌ കരുതുന്നു.