ഗാന്ധിജിയുടെ വരുംകാല പ്രസക്തി

പി.വി. മോഹനൻ.

1909 ൽ ഗാന്ധിജി രചിച്ച ‘ഹിന്ദ്സ്വരാജ്’ എന്ന കൃതിയുടെ പുനർവായനയാണ്‌ ഈ കുറിപ്പ്. ഹിന്ദ്സ്വരാജിനെ ഗൗരവത്തോടെ പഠിക്കുന്ന ചിന്തകർ ‘വരുംകാലരാഷ്ടീയമാനിഫെസ്റ്റോ’ എന്ന് ഈ കൃതിയെ വിശേഷിപ്പിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ സന്ദർഭത്തിൽ മുഖ്യമായ രണ്ടുധാരകളാണ്‌ നമ്മുടെ മുന്നിലുണ്ടായിരുന്നത്. ഗാന്ധിയുടേയും നെഹ്രുവിന്റേയും വ്യത്യസ്തമായ രണ്ടുവഴികൾ. ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയിൽ ഊന്നിയ ഭൂമിക്കും പ്രകൃതിക്കും പരുക്കേൽക്കാത്ത പങ്കാളിത്തസ്വഭാവമുള്ള ജനാധിപത്യ(ഗ്രാമസ്വരാജ്) മാർഗ്ഗമായിരുന്നു ഗാന്ധിയുടേത്. നിർഭാഗ്യവശാൽ നെഹ്രുവിന്റെ മാർഗ്ഗമാണ്‌ ഇന്ത്യ പിന്തുടർന്നത്. ശാസ്ത്രസാങ്കേതികവളർച്ചയുടെ പിൻബലത്താൽ വികാസം പ്രാപിച്ച ആധുനികബ്രിട്ടീഷ് നാഗരികതയുടെ പകിട്ടുംതിളക്കവുമായിരുന്നു നെഹ്രുവിനെ ആകർഷിച്ചത്. ഭക്രാനങ്കലിനെ ചൂണ്ടി നെഹ്രുപറഞ്ഞു, ‘ഇത് ആധുനികഭാരതത്തിന്റെ ക്ഷേത്രമാണ്‌’എന്നാൽ മണ്ണിനും വിണ്ണിനും ഏറെ വിപത്തുകൾ വരുത്തിയ, നാം ഏറെ കൊട്ടിഘോഷിച്ചുനടപ്പിലാക്കിയ ഹരിതവിപ്ലവം മുതൽ ഈയ്യിടെമാത്രം സംഭവിച്ച ഉത്തരഖണ്ഡിലെ വൻപ്രളയംവരെയുള്ള ദുരന്തത്തിന്റെ നാൾവഴികൾ ഗാന്ധിജിയുടെ മാർഗ്ഗമായിരുന്നു ശരി എന്ന് നമ്മെ തുടർച്ചയായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

യൂറോപ്പ്യൻ നാഗരികത അതിന്റെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് ലോകമാകെ അടക്കിവാഴുന്നകാലത്താണ്‌ ഹിന്ദ്സ്വരാജ് രചിക്കപ്പെട്ടത്. ഡോ.കെ.എൻ.പണിക്കർ എഴുതുന്നു, ഹിന്ദ്സ്വരാജ് പാശ്ചാത്യനാഗരികതയുടെ ദൗർബ്ബല്യത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നതല്ല. നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ അതിൽ നിഴലിക്കുന്നു. അതിൽ പരാമർശിച്ചകാര്യങ്ങൾ, യന്ത്രവത്കൃതയുഗത്തിന്റെ ഭീകരതകൾ, ഇന്ന് യാഥാർത്ഥ്യമായി കഴിഞ്ഞിരിക്കുന്നു.ഒരുപക്ഷേ ഇരുപതാംനൂറ്റാണ്ടിൽ എഴുതപ്പെട്ട ദൂരദർശിത്വമുള്ള ഗ്രന്ഥമായി ഹിന്ദ്സ്വരാജിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു.(ഗാന്ധിജിയെ ഓർക്കുമ്പോൾ). ഒരു വ്യക്തിയെസംബന്ധിച്ച് അയാളുടെ ചിന്തകൾ രൂപപ്പെടുന്നതും പടുത്തുയർത്തപ്പെടുന്നതും നിലവിലുള്ള നാഗരികതയുമായി പ്രതിപ്രവർത്തിച്ചാണ്‌. യൂറോപ്പിന്റെ സൃഷ്ടികളായ മുതലാളിത്തവും കമ്മ്യൂണിസവും ഒരേയിടത്ത് എത്തിച്ചേർന്നതിന്റെ കാരണവും ഇതുതന്നെ. അമേരിക്കയും റഷ്യയും ചൈനയും വ്യത്യസ്തനാഗരികതകളാണെന്ന് ഇപ്പോൾ ആരും പറയുമെന്നുതോന്നുന്നില്ല. കമ്മ്യൂണിസ്റ്റു-ക്യാപ്പിറ്റലിസ്റ്റു ശക്തികൾ ഒരിക്കൽ രണ്ടായി വിഭജിച്ചെടുത്ത ലോകം ഒരേ ഈടുംപാവുമുപയോഗിച്ച് നെയ്തെടുത്തതിന്റെ ഫലമാണിത്. ഹിന്ദ്സ്വരാജിന്റെ നാഗരികസങ്കല്പങ്ങൾ പൗരാണികഭാരതീയനാഗരികതയുമായോ ആധുനിക പാശ്ചാത്യനാഗരികതയുമായോ വിളക്കിച്ചേർക്കാവുന്നതല്ല. അത് നിലവിലുള്ളതോ ഉണ്ടായിരുന്നതോ അല്ലാത്ത പുതിയൊരു ലോകക്രമത്തിന്റെ അന്വേഷണമാണ്‌.

ആധുനികപരിഷ്കാരത്തിന്റെ മുഖമുദ്രയായ യന്ത്രത്തെ ഗാന്ധിജികാണുന്നത് വൻവിപത്തിന്റെ പ്രതീകമായിട്ടാണ്‌. ഇംഗ്ലണ്ട് എന്ന ആധുനികസ്റ്റേറ്റും ശാസ്ത്രവും മൂലധനവും സംയോജിക്കുന്ന മണ്ഡലത്തിൽ നിന്നാണ്‌ ഭൂമിയിൽ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സാമ്രാജ്യത്വം എന്ന ചൂഷണവ്യവസ്ഥിതിയുടെ അടിവേരുകൾ ആധുനികശാസ്ത്രത്തിലും മൂലധനത്തിലും ആണെന്ന തിരിച്ചറിവാണ്‌ ഗാന്ധിജിയെ ആധുനികയന്ത്രസംവിധാനത്തെ എതിർക്കുവാൻ പ്രേരിപ്പിച്ചത്.. മാഞ്ചസ്റ്ററിലെ ആധുനികവ്യവസായശാലകളിൽ നിന്ന് ഇറക്കുമതിചെയ്ത വസ്ത്രങ്ങളും മറ്റ് ഉല്പന്നങ്ങളും കൊണ്ടാണ്‌ ഭാരതത്തിലെ കരകൗശലതൊഴിലാളികളെയും നെയ്ത്തുകാരേയും നശിപ്പിച്ചത്. അവരുടെ സ്ത്രീകളേയും, കുട്ടികളേയും നിത്യദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. മനുഷ്യാദ്ധ്വാനത്തെ കേവലം കൂലിവേലയായി യന്ത്രങ്ങൾ മാറ്റി. ആവിയന്ത്രത്തിൽ നിന്ന് കമ്പ്യൂട്ടറിലേക്കുള്ള ആധുനികശാസ്ത്രത്തിന്റെ പരിണാമത്തോടൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവീകരണം,ചൂഷണം,പരിസ്ഥിതിനശീകരണം,സാംസ്കാരികത്തകർച്ച തുടങ്ങിയവ മനുഷ്യവർഗ്ഗത്തിന്റെ വിജയഗാഥകളായിട്ടാണ്‌ ചരിത്രം ഘോഷിക്കുന്നത്. യന്ത്രങ്ങളെക്കുറിച്ച് മാർക്സിനുണ്ടായിരുന്നകാഴ്ച്ചപ്പാട് നിരന്തരം പരിഷ്ക്കരിക്കപ്പെടുന്നതും കൂടുതൽ ഉല്പാദനം നടത്താൻ ശേഷികണ്ടെത്തുന്നതും എന്നാണെങ്കിൽ ഗാന്ധിയെസംബന്ധിച്ച് അത് മനുഷ്യകരങ്ങളുടെ സഹായി എന്നനിലയിൽ മാത്രമായിരുന്നു. യന്ത്രത്തെ ഗാന്ധി പൂർണ്ണമായും നിരാകരിക്കുകയല്ല,യന്ത്രം മനുഷ്യനുപകാരമായിരിക്കരുത് എന്ന് അടിവരയിടുകയാണ്‌. മനുഷ്യനിലെ ക്രിയാത്മകതയെ യന്ത്രത്തിനെതിരെയുള്ള വെല്ലുവിളിയായി ഉയർത്തുവാൻ ശ്രമിച്ചു എന്നതാണ്‌ ആധുനികകാലത്ത് ഗാന്ധിയുടെ പ്രസക്തി.

പാർലിമെന്ററി ജനാധിപത്യസമ്പ്രദായത്തിന്റെ കാപട്യവും പൊള്ളത്തരങ്ങളും 1909 ൽ തന്നെ ഗാന്ധിജി കണ്ടെത്തിയിരുന്നു.ബ്രിട്ടീഷ് പാർലിമെന്റിനെ മച്ചിയോടും വേശ്യയോടുമാണ്‌ ഗാന്ധി ഉപമിച്ചത്. അദ്ദേഹത്തിന്റെ താഴെ ഉദ്ധരിച്ചിട്ടുള്ള വാക്കുകൾ ഇപ്പോഴത്തെ ഇന്ത്യൻ ജനാധിപത്യസമ്പ്രദായത്തിനുപോലും എത്രമാത്രം യോജിച്ചതാണെന്നു കാണുക. ‘ജനപ്രതിനിധികൾ പൊതുവിൽ തൻകാര്യം നോക്കികളും കപടനാട്യക്കാരുമാണ്‌. സ്വന്തം കാര്യത്തെക്കുറിച്ചാണ്‌ ഓരോരുത്തരുടേയും ചിന്ത......ഗൗരവമുള്ളവിഷയത്തെക്കുറിച്ച് ചർച്ചനടക്കുമ്പോൾ തന്നെ സഭയിൽ നീണ്ടുനിവർന്നുകിടന്നുറങ്ങുന്നവരുണ്ടാകും. വിഷയം തൊടാതെ വലിച്ചുനീട്ടിയാകും പലരുടേയും പ്രസംഗം.

മനുഷ്യശരീരത്തെ ഡോക്ടർമാരുടെ പിടിയിൽനിന്നു മോചിപ്പിച്ചു രോഗിക്കുതന്നെ തിരിച്ചുനല്കാനുള്ള ദർശനം ഗാന്ധി രൂപപ്പെടുത്തി. രോഗിയുടെ ശരീരത്തിൻമേലുള്ള ചികിത്സകരുടെ അധികാരം ഗാന്ധി വകവെച്ചുകൊടുത്തില്ല. പകരം തന്റെ ശരീരത്തെ അറിയുവാനും നിർവ്വചിക്കുവാനുമുള്ള അവകാശം വ്യക്തിയെത്തന്നെ ഏല്പിച്ചു. സ്വയംപരീക്ഷിച്ച,തന്റെ കുടുംബാംഗങ്ങളിലും ആശ്രമവാസികളിലും പരീക്ഷിച്ചുവിജയിച്ച പ്രകൃതിചികിത്സസമ്പ്രദായം ഗാന്ധിജി പ്രാബല്യത്തിൽ വരുത്തിയിരുന്നു.

അഹിംസാ സിദ്ധാന്തത്തിൽ നിന്ന് അണുവിടപോലും വ്യതിചലിക്കാതെയാണ്‌ ഗാന്ധിജി തന്റെ സഹനസമരം രൂപപ്പെടുത്തിയത്. ഗാന്ധിജി എഴുതുന്നു: ‘പീരങ്കികൊണ്ട് അന്യരെ വെടിവെച്ചു നുറുക്കുന്നതിനോ അതോ വെടിയേറ്റു നുറുങ്ങുന്നതിനോ ഏതിനാണ്‌ കൂടുതൽ ധൈര്യം വേണ്ടിവരിക? നിങ്ങൾ തന്നെ പറയൂ, സ്വന്തം മരണത്തെ ഉറ്റതോഴനെപോലെ കൂടെക്കൊണ്ടുനടക്കുന്നവനോ അതോ അന്യരുടെ മരണത്തെ സ്വന്തം കാര്യസാദ്ധ്യത്തിന്‌ കരുവാക്കാൻ നോക്കുന്നവനോ ആരാണ്‌ യഥാർത്ഥ പോരാളി?

ഭീരുവിനൊരിക്കലും സഹനസമരക്കാരനാകാനൊക്കില്ല (പേജ് 51). ആധുനിക ചിന്തകൾ ഇന്ന് ഗൗരവപൂർവ്വം ഗാന്ധിയെ അന്വേഷിക്കുന്നു. ഗാന്ധിയെ മനസ്സിലാക്കാൻ വായനക്കപ്പുറമുള്ള അന്വേഷണം ആവശ്യമാണ്‌. ഏതെങ്കിലും  പ്രസ്ഥാനത്തിന്റെ സ്പോൺസർഷിപ്പിലെ ഗാന്ധിയൻ ചിന്തയുടെ വളർച്ചയും വ്യാപനവും ലോകത്തു സംഭവിക്കുന്നത്. ഗാന്ധിയൻ ദർശനം സ്വന്തം ഉൾക്കരുത്തുകൊണ്ടു തന്നെയാണ്‌ പോയ കാലത്തേക്കാൾ തീവ്രതയോടെ ആധുനിക നാഗരികതയ്ക്കു നേരെ കലാപങ്ങൾ സൃഷ്ടിക്കുന്നത്. ഉപഭോഗാർത്തിയുടെ ഭ്രാന്തിനെ അളക്കാനുള്ള ചങ്ങലയാണ്‌ ഗാന്ധി. ഈഗാന്ധിയേയാണ്‌ വരുംതലമുറകൾക്കാവശ്യം. ഗാന്ധിയൻ വികസനസങ്കല്പം കേന്ദ്രബിന്ദുവാക്കുന്ന ജൈവരാഷ്ടീയമാണ്‌ ഇന്ന് കോർപ്പറേറ്റുകളും ഭരണാധികാരിവർഗ്ഗവും ഭയക്കുന്നത്. ഗാന്ധി മുന്നോട്ടുവച്ച അഹിംസയിലടിയുറച്ച ആദർശാത്മകജീവിത സമ്പ്രദായത്തിലാണ്‌ ഇന്ന് ലോകത്തും ഭാരതത്തിലും സ്ത്രീകളുടേയും, കീഴാളരുടേയും, കുടിയിറക്കപ്പെട്ടവരുടേയുമൊക്കെ മോചനത്തിനും, ജീവിതത്തിനും, മണ്ണിനും വേണ്ടിയുള്ള സമരങ്ങൾ നടക്കുന്