ഉത്തരാഖണ്ഡ്പ്രകൃതിക്ഷോഭം - ഒരു വിചിന്തനം

 
സുധാകരുണാകരൻ

ഹിമഗിരിയുടെ മടിത്തട്ടിൽ ശാന്തമായി മയങ്ങിയിരുന്നപ്രദേശങ്ങളെ ഇക്കഴിഞ്ഞ ജൂൺ 16 തീയ്യതി ഉണ്ടായ പ്രളയം തകർത്തെറിഞ്ഞു. ദേവഭൂമി ഒരു ദുരന്തഭൂമിയായി .ഹിമാലയൻ സുനാമി എന്ന് പേരിട്ട് വിളിച്ചമിന്നൽ പ്രളയത്തിൽ നാമാവശേഷമായത് ഏകദേശം 7000 മനുഷ്യരുടെ ജീവൻ മാത്രമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൈതൃകസംസ്കാരത്തിന്റെ തെളിവുകൾ കൂടിയാണ്‌.

ഉത്തരാഖണ്ഡിലെ ഓരോ സ്ഥലത്തിനും പുരാണ,ഇതിഹാസ പ്രാധാന്യമുണ്ട്. കേദാർനാഥ്,ബദരിനാഥ്,ഗാംഗോത്രി,യമുനോത്രി എന്നി നാല്‌ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചാർധാം തീർത്ഥാടനത്തിനു പ്രാധാന്യം ഏറെയാണ്‌. ശ്രീനഗർ രുദ്രപ്രയാഗ്,ചമോലി തുടങ്ങി ഉത്തരാഖണ്ഡിലെ ചെറുപട്ടണങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ഗംഗയുടെ തീരത്താണ്‌. വെള്ളം കുറഞ്ഞ് നദി ഉൾവലിഞ്ഞപ്പോൾ ആ സ്ഥലം കൈയ്യേറിനിർമ്മിച്ച കെട്ടിടങ്ങളെയെല്ലാം പ്രളയജലം കൊണ്ടു പോയി.

ഇതിൽ ബദരിനാഥ് ക്ഷേത്രസമുച്ചയത്തിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും,കേദാ
ർനാഥ് ക്ഷേത്രത്തിന്റെ ഗർഭഗൃഹം ഒഴിച്ച് ബാക്കിയെല്ലാം പ്രളയത്തിൽ പെട്ടു . ചാർധാം യാത്രനടത്താനാഗ്രഹിച്ചിരുന്നവർക്കും, യാത്രചെയ്തിട്ടുള്ളവർക്കും വലിയൊരു നഷ്ടംതന്നെയാണ്‌ ഈ പ്രളയം വരുത്തിവെച്ചിരിക്കുന്നത്. ഈ യാത്ര നടത്തുന്ന എല്ലാ തീർത്ഥാടകരും ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, പോകേണ്ട തീർത്ഥാടനകേന്ദ്രങ്ങളും, അതിനെല്ലാം ഉപരിയായി യാത്ര നടത്തേണ്ടവഴികളുമാണ്‌ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ തകർന്നടിഞ്ഞത്. ഇത് ബാഹ്യമായ ഒരു വിവരണം മാത്രം. പക്ഷേ നഷ്ടങ്ങളുടെ കണക്കെടുത്താൽ നമ്മുടെയൊക്കെ കണക്കുകൂട്ടലിനും അപ്പുറത്തായിരിക്കും കാര്യങ്ങൾ. മുപ്പത്തിരണ്ടോളം ഗ്രാമങ്ങൾ തന്നെ ഇല്ലാതായി എന്ന് പറയുന്നു. ദേവഭൂമി എന്ന് വിശേഷിപ്പിച്ചിരുന്നിടം ഇന്ന് ശ്മശാനഭൂമിയായി മാറിയിരിക്കുന്നു.
ദേവഭൂമി എന്ന നാമത്തെ അന്വർത്ഥമാക്കുന്ന വിധത്തിലാണ്‌ ഋഷികേശിലെ ഭൂപ്രകൃതി. ഒന്നുറക്കെ തുമ്മിയാൽ പ്പോലും അടർന്നു വീഴുന്നതരത്തിൽ നിൽക്കുന്ന മലനിരകൾ. (ഗഡ് വാ ൾ മലനിരകൾക്ക് ഉറപ്പില്ലാത്തതുകാരണം അവിടുത്തുകാർ ഉറക്കെ ചിരിക്കാറില്ലെന്നു പറയപ്പെടുന്നു.)ആ സ്ഥലമാണ്‌ ഏറ്റവും കൂടുതൽ പ്രളയത്തിന്നിരയായത്‌. ആയിരം അടിയെങ്കിലും താഴ്ച്ചയുള്ള കൊക്കളൊ, അതല്ലെങ്കിൽ അത്രതന്നെ താഴ്ച്ചയിൽ കൂലം കുത്തിയൊഴുകുന്ന നദികളൊ ആണ് മറുവശത്ത്‌. പർവ്വതത്തിനു് അരഞ്ഞാണം ചാർത്തിയ പോലെ കാണപ്പെടുന്ന ഋഷികേശ്  മുതൽ ബദരീനാഥ് വരേയുള്ള റോഡുകളിൽ ക്കൂടിയുള്ള യാത്ര സാധാരണനിലയിൽ തന്നെ ക്ളേശകരമാണ്‌. അതിനോടൊപ്പം പ്രവചനാതീതമായ കാലാവസ്ഥയും മണ്ണിടിച്ചിലും വാക്കുകളാൽ പറയാൻ അസാധ്യമാണ്‌.

ഈ പ്രകൃതി ക്ഷോഭത്തിനെല്ലാം ആരാണുത്തരവാദി? തീർച്ചയായും തദ്ദേശവാസികളായ ജനങ്ങളല്ല. തീർത്ഥാടനത്തിന്റെ പേരും പറഞ്ഞ് കൊള്ള ലാഭം പ്രതീക്ഷിച്ച് ആയിരക്കണക്കിന്‌ വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥലങ്ങളെ  വികസനത്തിന്റെ പേരും പറഞ്ഞ് കച്ചവടകേന്ദ്രങ്ങളാക്കുന്ന കുത്തക മുതലാളി വർഗ്ഗം തന്നെയാണ്‌. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നത് മനുഷ്യർ പ്രകൃതിയോടു ചെയ്യുന്ന ക്രൂരത കൂടുമ്പോഴാണ്‌.അശാസ്ത്രീയ മായ നിർമ്മാണപ്രവർത്തനങ്ങളും കാരണമാകാം. ഗംഗയുടെ ആറു കൈവഴികളിലും അണക്കെട്ടുകളും അതിനോടനുബന്ധിച്ചുള്ള തുരങ്കങ്ങളും,ജലവൈദ്യുത പദ്ധതികളും  ഒക്കെ ദുർബ്ബലമായ മേഖലകളി ൽ നടത്തിയതു കൂടാതെ വാഹനങ്ങളുടെ നിരക്ക് ക്രമാതീതമായതും ഈ പ്രദേശത്തിന്‌ താങ്ങാനാവാത്ത ഭാരം നൽകി. അതിന്റെ തിരിച്ചടിയാണ്‌ ഈ പ്രകൃതിദുരന്തമെന്ന്‌ പരിസ്ഥിതി വാദകർ.
ജനസംഖ്യാ നിരക്ക് വളരെ കുറഞ്ഞ സംസ്ഥാ നങ്ങളിൽ ഒന്നാണ്‌ ഉത്തരഖണ്ഡ്‌. ഗ്രാമങ്ങളോട് വിട പറയുന്നവരുടെ ഭൂമി തുച്ഛമായ നിരക്കിൽ ഭൂമാഫിയക്കാർ സ്വന്തമാക്കുന്നു. പണത്തിനുവേണ്ടി പതിയിരിക്കുന്ന അപകടങ്ങളെ ഓർക്കാതെ ചെയ്ത പ്രവർത്തനത്തിന്റെ പരിണതഫലം ഘോരദുരന്തമായി പരിണമിക്കുന്നു. നദിയുടെ സ്വത്വം മനുഷ്യൻ മറന്നാലും,നദികൾ  മറക്കാറില്ല.നുറ്റാണ്ടുകൾക്കു ശേഷമാണെങ്കിലും നദികൾ അവയുടെ യഥാർത്ഥ അതിരുകൾ തിരിച്ചുപിടിക്കും.
പതിവിലും വിപരീതമായി ഇക്കൊല്ലം നേരത്തെ എത്തിയ കാലവർഷവും ഉത്തരഖണ്ഡിനെ തളർത്തി. അതോടൊപ്പം തീർത്ഥാടകരുടെ തിക്കും തിരക്കും എല്ലാറ്റിനും ആക്കം കൂട്ടി. ചില വർഷങ്ങളിൽ ഏകദേശം രണ്ടരക്കോടിയോളം ജനങ്ങൾ ചാർധാം യാത്ര നടത്തിയതായി കണ ക്കുകൾ രേഖപ്പെടുത്തുന്നു. മൊത്തത്തിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കു തന്നെ കോട്ടം സംഭവിക്കുന്നു.
ആളും അർത്ഥവും നശിച്ചതിന്റെ കണക്കെടുപ്പു കഴിയുമ്പോൾ പ്രളയം ചരിത്രത്തിൽ സ്ഥലം പിടിക്കും. ഇതിനു മുമ്പും രണ്ടു പ്രാവശ്യം ഗഡ് വാളി ൽ പ്രളയമുണ്ടായതായി ചരിത്രരേഖകളി ലുണ്ട്‌. അന്ന് സപ്തർഷികൾ അഭയം തേടിയത് ബദരീനാഥിനടുത്തുള്ള മന എന്ന ഗ്രാമത്തിലായിരുന്നത്രെ. ചൈനയുടെ അതിർത്തിയിൽ ഏറ്റവും ഒടുവിലത്തെ ഇന്ത്യൻ ഗ്രാമമാണ്‌ മാന. ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദിയുടെ ജന്മസ്ഥലം.

കേദാർനാഥിലെ പ്രതിഷ്ഠയും,ശങ്കരാചാര്യരുടെ സമാധിയും ഈ പ്രളയത്തിൽ ഒഴുകിപ്പോയെന്നു പറയുന്നു. ഈ അടുത്ത കാലത്ത് ഉത്തരഖണ്ഡിൽ ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ സാഹസികമായ പ്രവർത്തനങ്ങൾ നടന്നതും പരാമർശിക്കേണ്ടതുണ്ട്‌. പ്രതികൂലാവസ്ഥയോട് മല്ലടിച്ച്‌ അതിജീവനത്തിനായുള്ള മനുഷ്യന്റെ നിസ്സഹായനിലവിളികളിലേക്ക് പറന്നിറങ്ങിയ കര-വ്യോമസേനയുടേയും മറ്റു വിവിധ അർദ്ധസൈനിക വിഭാഗങ്ങളിലേയും ആയിരക്കണക്കിന്‌ ജവാന്മാർ രാപ്പകൽ ഭേദമെന്യേ ആഹാരം പോലുമില്ലാതെ വെല്ലുവിളികളോടെ ചെയ്ത ദുരന്ത നിവാരണ മാർഗ്ഗം വഴിയാണ്‌` അപകടത്തിന്നിരയായവരിൽ പലരേയും രക്ഷപ്പെടുത്തിയത്‌. രക്ഷാപ്രവർത്തനിടയിലെ  അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട ജവാൻ ജോമൻ ഉൾപ്പെടെയുള്ളവർക്കു മുന്നിൽ ഇന്ത്യൻ ജനത ശിരസ്സു നമിക്കുന്നു.
ഇനിയുള്ള പുനർനിർമ്മാണങ്ങൾക്ക്  വർഷങ്ങളുടെ കണക്ക് അധികാരികൾ പറയുന്നുണ്ടെങ്കിലും എല്ലാം പൂവ്വാവസ്ഥയിലാവാൻ എത്ര കാലം വേണ്ടിവരുമെന്നു പറയാൻ കഴിയില്ല. പ്രകൃതിയുടെ ഏതു ഭാഗത്താണെ ങ്കിലും പരിസ്ഥിതിയെ മാനിച്ചുകൊണ്ടുള്ള ഉയിർത്തെഴുന്നേൽ പ്പുകളാണ്‌ വേണ്ടത് . പ്രകൃതിയുമായി പൊരുത്തപ്പെട്ടു പോകണമെന്ന വ്യക്തമായ സന്ദേശമാണ്‌ ഓരോ  പ്രകൃതി ദുരന്തത്തിലൂടേയും നാം മനസ്സിലാക്കേണ്ടതും