അരങ്ങിലെ രാജസം


കലാമണ്ഡലം രാമൻകുട്ടി നായർ രാജ്യംപത്മഭൂഷൺ” നല്കി ആദരിച്ച അരങ്ങിലെ രാജസവീര്യമായിരുന്നു അന്തരിച്ച മഹാനടൻ കലാമണ്ഡലം രാമൻ കുട്ടിനായർ. ബ്രഹ്മസൃഷ്ടിയോട് ഉരസിനിൽക്കാൻ കർമ്മസിദ്ധിക്കാവുമെന്ന് കാണികളെ നിസ്സംശയം ബോധ്യപ്പെടുത്താൻ കഥകളി ചരിത്രത്തിൽ കഴിഞ്ഞിട്ടുള്ള ചുരുക്കം ചിലരിലൊരാളാണ്‌ അദ്ദേഹം എന്ന് വി കലാധരൻ അഭിപ്രായപ്പെടുന്നു. അരങ്ങിൽ നിരവധി കാലം തിളങ്ങിയ കവളപ്പാറ നാരായണൻ നായരുടെ പ്രകൃതവും, രംഗസംസ്ക്കാരവും ആണ്‌ രാമൻ കുട്ടിനായരാശാനറിയാതെ അദ്ദേഹത്തിൽ ആവേശിച്ചത്‌. രാവണൻ, നരകാസുരൻ, ദുര്യോധനൻ,ശിശുപാലൻ, കീചകൻ എന്നിങ്ങനെയുള്ള രാജസപാത്രങ്ങളും,ക്ഷത്രിയ വൈരിയായ പരശുരാമനും,രാമായണകഥകളിലെ ഹനുമാനുമാണ്‌ അദ്ദേഹത്തെ അനശ്വരനാക്കിയ കഥാപാത്രങ്ങൾ. ആദ്യവസാനപച്ചവേഷങ്ങളിൽ രാമൻ കുട്ടിനായരുടെ കാലകേയവധത്തിൽ അർജ്ജുനന്റെ അഭിമാനാഹങ്കാരങ്ങൾക്ക് കിട പിടിക്കുവാൻ കഥകളി രംഗത്ത് മറ്റാരെങ്കിലുമുണ്ടോയെന്നു സംശയമാണ്‌. അദ്ദേഹത്തിന്റെ ആംഗികാഭിനയത്തിന്‌ നിരന്തരസാധനയുടെ മാന്ത്രികതയുണ്ട്‌. തികച്ചും അകൃത്രിമമായ അഭിനയപാടവം നേടിയെടുത്ത മഹാനായിരുന്നു. രൂപഭദ്രതയിലും, ഭാവഭദ്രതയിലും കൈവഴക്കമാർന്നിരുന്നു. വെള്ളിനേഴിയുടെ“കേശഭാര”മായിരുന്നെന്ന്‌ കെ.ബി.രാജാനന്ദ് പറയുന്നു. വള്ളുവനാടൻ ഗ്രാമം ഊട്ടിയുറപ്പിച്ചിരുന്ന കഥകളി  പാരമ്പര്യത്തിന്റെ അമൂല്യമായ വരദാനമാണ്‌ കലാമണ്ഡലം രാമങ്കുട്ടി നായരുടെ നിര്യാണത്തോടെ നഷ്ടമായതെന്നും കഥകളി ആസ്വാദകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഭാവത്തെ ശരീരവല്ക്കരിക്കുന്ന ഒരു അഭിനയസമ്പ്രദായം അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ചലനങ്ങളിലെ സൌഷ്ഠവവും,കൃത്യതയും,മുദ്രകളുടെ വെടിപ്പ് പ്രവൃത്തിയിലെ ഒതുക്കം,അഭിനയത്തിലെ മിതത്വം,അടിയുറച്ച താളബോധം,കറതീർന്ന അഭ്യാസബലം.മേളത്തോടിണങ്ങുന്ന രംഗക്രിയകളും ,മുദ്രാവിന്യാസങ്ങളും രാമൻകുട്ടിനായരുടെ സാംഗോപാംഗസൌന്ദര്യമികവിന്  മാറ്റുചേർത്തമൌലികസിദ്ധികളാണ്‌.അരങ്ങിലെ"രാജസകിരീട"മാണദ്ദേഹം അഴിച്ചുവെച്ചത്‌. കാലത്തെ അതിശയിപ്പിച്ച കഥകളി രംഗത്തെ ഈ അതികായന്‌ സാർത്ഥകത്തിന്റെ അശ്രുപൂജകൾ...! സാർത്ഥകം റിപ്പോർട്ടർ