നാട്ടിലെ വിഷുവും,ഫ്ളാറ്റിലെ വിഷുവും



കെ.ജി.പി.നായർ



മുത്തച്ഛാ, മുത്തച്ഛ, ഈ വിശൂന്നാ ന്നാ?

മനസ്സിൽ സാഹിത്യരചനയിൽ മുഴുകി ചാരുകസേരയിൽ മലർന്നു കിടന്ന എന്റെ നെഞ്ചിൽ ചാടികയറി ഇരുന്ന് എന്റെ മൂന്നു വയസ്സുകാരി കുഞ്ഞുമോൾ തിരക്കി. വിഷു എന്താണ്‌ ഈ എന്നു കുരുന്നിന്‌ മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കാൻ സാഹിത്യകാരനെന്ന് സ്വയം അഭിമാനിക്കുന്ന എനിക്കു വാക്കുകൾ തൊണ്ടയിൽ കെട്ടുന്നു. നെഞ്ചിലിരുന്ന കുഞ്ഞിനെ പിടിച്ച് കമിഴ്ത്തിക്കിടത്തി പുറത്ത്

തലോടിക്കൊണ്ട് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"മുത്തച്ഛാ, പറ മുത്തച്ഛാ.. "

മോൾ നിർബന്ധം തുടങ്ങി. അവളെ  സമാധാനിപ്പിക്കാതെ ഇനി ഇന്ന് ഒരു സാഹിത്യവിചാരവും നടക്കില്ല. എങ്കിലും എന്റെ മനസ്സ് നിയന്ത്രണം വിട്ട് പുറകോട്ടോടി. ഏതാണ്ട്  അര നൂറ്റാണ്ടുകൾക്കുമേറെ പിന്നിലേക്ക്...

അക്കാലത്ത് ഞങ്ങൾ പഠിച്ചിരുന്നത്‌ അടുത്തുള്ള ഗവൺമെന്റ് മലയാളം സ്ക്കൂളീലാണ് . സ്ക്കൂളിൽ നിന്നും ഉച്ചക്ക് ഊണു കഴിക്കാൻ വീട്ടിൽ വരണം. നല്ല വെയിലിൽ തിളയ്ക്കുന്ന ടാർ റോഡിനും അതിനൊപ്പം തന്നെ തിളച്ചുമറിയുന്ന കുഴമണ്ണിനും മേലെ ചെരുപ്പില്ലാതെയുള്ള നടത്തം ഓർക്കുമ്പോൾ ഇന്നും കാലു ചുട്ടുപൊള്ളുന്നു . . അന്നും റോഡിൽ തണൽ മരങ്ങൾ കുറവായിരുന്നു. റോഡിന്റെ ഇരു വശങ്ങളിലുമുള്ള വേലിത്തലപ്പുകൾ മാത്രമാണാശ്രയം. അതും വളർന്നു വലുതാകുമ്പോൾ ഇലക്ട്രിസിറ്റിക്കാർ വന്നു തല മുറിച്ചു തള്ളും. ഉള്ള തണൽ നോക്കി നിന്നു ഓടിയും  ഒരു തരത്തിൽ വീട്ടിലെത്തുമ്പോൾ അമ്മ തിളയ്ക്കുന്ന ചോറും, കൂട്ടാനും വിളമ്പിത്തരും. അത് ആറുന്നത് വരെ കാത്തിരുന്നാൽ സ്ക്കൂളിലെത്താൻ താമസിക്കും. എങ്ങിനെയെങ്കിലും ചൂടുചോറു  വാരിത്തിന്ന്‌ പച്ചവെള്ളവും കുടിച്ച് വെയിലത്തു തന്നെ തിരിച്ചോടും. അതെല്ലാം ഓർക്കുമ്പോൾ ഹൃദയം ഇന്നും ഹർഷപുളകിതമാകും.




മഴ പെയ്തൊഴിഞ്ഞാലും മരം പെയ്തുകൊണ്ടിരിക്കുമ്പോൾ ഉയരമുള്ള  തെങ്ങിൽ നിന്നും ചുവട്ടിലേക്ക്  വലിയ തുള്ളികൾ ഊക്കോടെ വന്ന് വീഴുന്നത് വായിൽ പിടിക്കുവാൻ ശ്രമിച്ചിരുന്നത്‌,അങ്ങിനെ ശ്രമിക്കുമ്പോൾ അതു സ്ഥാനം തെറ്റി കവിളത്തോ, മുഖത്തെവിടേയെങ്കിലുമോ ശക്തിയായി വന്നു പതിക്കുമ്പോഴുള്ള സുഖകരമായ വേദന സന്തോഷത്തോടെ അനുഭവിച്ചിരുന്നത്‌,പറമ്പിൽ നടവഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഓടിവന്ന് ഒരു കാലുകൊണ്ട് ചവിട്ടി ഉയർത്തി മറുകാലുകൊണ്ട്‌ അടിക്കുമ്പൊൾ പടക്കം പൊട്ടുന്നതുപോലെ പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ളാദം നുകർന്നിരുന്നത്‌,മഴ കഴിഞ്ഞ് തുള്ളികൾ ഭാരം പേറി  നിൽക്കുന്ന ചെറുമരങ്ങൾ കുലുക്കി, അവയിൽ നിന്നുള്ള വെള്ളം ദേഹത്തു പതിക്കുന്നതിനുമുമ്പേ മാമ്പഴം ശേഖരിച്ചിരുന്നത്, അതിന്റെ കണക്കെടുത്തു വീട്ടിൽ ചേച്ചിയുമായി തമ്മിൽത്തല്ലിയിരുന്നത്‌, എന്തിനേറെപ്പറയുന്നു,അത്തരം സൌഭാഗ്യങ്ങളെല്ലാം എന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്ന് ചിണുങ്ങുന്ന ഈ മൂന്നു വയസ്സുകാരിക്ക് അന്യമായല്ലൊ എന്നോർക്കുമ്പോൾ  വേദന മനസ്സിൽ തളം കെട്ടുന്നു.
അന്ന് അച്ഛൻ വിഷുവിന്‌ പടക്കം വാങ്ങാൻ പണം തരുമായിരുന്നു. പാളിപ്പടക്കം, ഏറു പടക്കം, ഓലപ്പടക്കം, എന്നീ പൊട്ടിത്തെറിക്കുന്നവയെല്ലാം ആൺകുട്ടികൾ ക്കും, കത്തിത്തിളങ്ങുന്ന കമ്പിത്തിരി, മത്താപ്പ് എന്നിവ പെൺകുട്ടികൾക്കും. നേരം വെളുക്കുന്നതിനു മുമ്പേ തന്നെ കണി  കണ്ടു കഴിഞ്ഞാൽ ഉടനെ പടക്കം പൊട്ടിക്കാൻ തുടങ്ങും. അതെല്ലാം കഴിഞ്ഞ് വിഷുക്കൈനീട്ടവും വാങ്ങി ഉച്ചക്ക് സമൃദ്ധമായ ഊണും കഴിഞ്ഞാൽ പടക്കം പൊട്ടിച്ച ഇടങ്ങളിലെല്ലാം നടന്ന് ഏതെങ്കിലും പടക്കം പൊട്ടാതെ കിടപ്പുണ്ടോ എന്നു തെരഞ്ഞുപിടിച്ച് പെറുക്കിയെടുത്ത് തിരികൾ കത്തിപ്പോയവ റിപ്പയർ ചെയ്തും, അതിനു സാധിക്കാത്തവ പൊളിച്ച് വെടിമരുന്ന് കുടഞ്ഞെടുത്ത് വീണ്ടും പൊട്ടിച്ചും, കത്തിച്ചും രസിച്ചിരുന്ന കാലമായിരുന്നു അത്‌.
എനിക്കച്ഛൻ   വിഷുക്കൈനീട്ടമായി തന്നിരുന്നത് ഒരു തുളയൻ കാലണയായിരുന്നു. അതുകയ്യിൽ കിട്ടുമ്പോൾ എന്തൊരാനന്ദമായിരുന്നു.സ്വർഗ്ഗം പിടിച്ചടക്കിയതു പോലെ തോന്നിയിരുന്നു. പിന്നീട് അമ്മയും, തരും മറ്റൊരു തുളയൻ .എന്നിട്ട് കൂടെപ്പിറന്നവരോടൊപ്പം ഇരുന്നു കൈനീട്ടം കിട്ടിയത് കണക്കു കൂട്ടിനോക്കും. ആർക്കാണ്‌ കൂടുതൽ കിട്ടിയതെന്ന്‌. പക്ഷേ, അന്നു തന്നെ വൈകുന്നേരത്തോടെ അമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞും, പ്രലോഭിപ്പിച്ചും കിട്ടിയതെല്ലാം തിരികെ വാങ്ങുമായിരുന്നു.

അന്നു വിഷുവെന്നാൽ കണി കാണൽ, പടക്കം പൊട്ടിക്കൽ, നല്ല ഭക്ഷണം മൂക്കുമുട്ടെ തിന്ന് തിമിർത്തുള്ള കളി, ഇതൊക്കെ മാത്രമായിരുന്നു. തികച്ചും ഉൽസാഹിച്ച് ,കളിച്ച്  തിമിർത്തു നടന്നിരുന്ന കാലം. ഇതെല്ലാം എന്റെ കുട്ടികൾക്കും പേരക്കിടാങ്ങൾക്കും നിഷേധിക്കപ്പെടുന്നല്ലോ  എന്നോർക്കുമ്പോൾ മറ്റെന്തെല്ലാമുണ്ടെങ്കിലും നമ്മുടെ കുട്ടികൾ എത്ര നിർഭാഗ്യവാൻമാർ എന്നോർത്ത് ദുഃഖിക്കാതെ മറ്റെന്തു മാർഗ്ഗം!

വിഷു, ഒരു വിള വെടുപ്പുകാലമാണ്‌. നൂറു മേനി വിളവെടുത്തതിന്റെ സന്തോഷം കൊണ്ടാടുന്ന ഉൽസവകാലമായിരുന്നു പണ്ട്‌ ഈ മേടമാസക്കാലം.`വയലിൽ  കഷ്ടപ്പെട്ടു പണിചെയ്ത പണിക്കാർക്ക് മുണ്ടും, പണവും വിഷുക്കൈനീട്ടമായി പാരിതോഷികം നൽകിയിരുന്ന പഴയ കാലം.അന്ന് കർഷകനും, ജൻമിയും, തമ്മിൽ ഒരു സൌഹൃദമുണ്ടായിരുന്നു. പ്രകൃതിയും, മനുഷ്യനും തമ്മിൽ പൊരുത്തപ്പെട്ടുപ്പോയിരുന്നു. കർഷകന്‌ എപ്പോൾ വിളയിറക്കണമെന്നും, എടുക്കണമെന്നും നല്ല നിശ്ച്ചയമുണ്ടായിരുന്നു. പ്രകൃതിയുടെ മാറ്റങ്ങൾ കിറുകൃത്യമായിരുന്നു. ജനങ്ങളന്ന് അത്യാഗ്രഹത്തിന്‌ അടിമപ്പെട്ടിരുന്നില്ല. ഭൂമിയെ നോവിക്കാതെ, വിഷമിപ്പിക്കാതെ,അവൾ കനിഞ്ഞുനൽകുന്നതുകൊണ്ട്‌ തൃപ്തിപ്പെട്ടിരുന്ന മനുഷ്യർ. അന്ന് വിഷുക്കാലത്ത് ഓരോ വീട്ടിലും  ധനധാന്യങ്ങൾ നിറഞ്ഞിരുന്നു.ജനങ്ങൾ അവരുടെ വിഷു എന്ന വിളവെടുപ്പുൽസവം സസന്തോഷം കൊണ്ടാടിയിരുന്നു.


വിഷുവിന്‌ പ്രഭാതത്തിൽ ഉണർന്നാൽ കണ്ണുതുറക്കുമ്പോൾ ആദ്യം കാണുന്നത് (കണി കാണുന്നത്) ശുഭകരമായിരിക്കണം. അതിനായി അന്നെല്ലാം ,തലേ ദിവസം തന്നെ വിടുകളിൽ അഷ്ടകം തയ്യാറാക്കി വയ്ക്കും. പിറ്റേന്നു പ്രഭാതത്തിൽ വിള ക്കുകൾ തെളിച്ച് മറ്റുള്ളവരെ എല്ലാം വിളിച്ച് പൂജിച്ച് ദർശനം നടത്തിച്ചിരുന്നു. അഷ്ടകം തയ്യാറാക്കുന്നതിനു് പഞ്ചലോഹത്തിൽ തീർത്ത സ്വർണ്ണം പോലെ വെട്ടിത്തിളങ്ങുന്ന ഉരുളിയിൽ മഞ്ഞൾ തൂകിയ നല്ല ഉണക്കലരി നിറച്ച കോടിമുണ്ട്‌,നാളികേരം, വാല്ക്കണ്ണാടി,സ്വർണ്ണാഭരണം, എന്നിവ അതിന്റെ മേലെ വെക്കുന്നു. കൂടെ  ശ്രീകൃഷ്ണന്റെ(വിഷ്ണുവിന്റെ) വിഗ്രഹമോ, ഫോട്ടോയോ വെച്ച് കണി ക്കൊന്നയുടെ ലോഭമില്ലാതെ ലഭ്യമായിരുന്ന സ്വർണ്ണനിറമുള്ള പൂവുകൾ  കൊണ്ട്‌ അലങ്കരിക്കുന്നു. മറ്റു ധാന്യവിളകളെല്ലാം കണി കാണാനായി ചുറ്റും നിരത്തി നല്ല നാളികേരമുടച്ച് വെള്ളം കളഞ്ഞ്, വെളിച്ചെണ്ണ നിറച്ച് തിരിയിട്ട് കത്തിച്ചുവെച്ചാൽ അതിന്റെ സ്വർണ്ണപ്രഭയിൽ മുറി മുഴുവൻ തിളങ്ങും. ഈ സുഖദൃശ്യം ശുഭദർശനം നടത്തിയ ശേഷം ,വീട്ടിലെ മൂത്ത  കാരണവർ മറ്റുള്ളവർക്കെല്ലാം വിഷുക്കൈനീട്ടമായി നാണയങ്ങൾ സമ്മാനിക്കുന്നു.

അന്ന് നാട്ടിലെ വിഷു കണ്ട് ,ആഹ്ളാദിച്ചനുഭവിച്ച എനിക്കിന്ന് ഈ മഹാനഗരത്തിലെ ഫ്ളാറ്റിലെ വിഷു എന്താഹ്ളാദം പകരാനാണ്‌?എങ്കിലും നമ്മുടെ നടിന്റെ നൻമകൾ അന്യദേശത്തു ജനിച്ചു വലരുന്ന പുതുതലമുറക്കു പറഞ്ഞു മനസ്സിലാക്കി, കഴിയുന്നതുപോലെ കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്‌. ഇതിലേക്കായി പഞ്ചലോഹത്തിലുള്ളതോ പോട്ടെ ,ഒരു ഓട്ടുരുളി പോലുമില്ലാത്ത ഞാൻ ഉള്ള ഹിൻഡാലിയം ചെരുവത്തിൽ ,ഉണക്കലരിക്കു പകരം സോണാ മസൂരി അരി നിറച്ച് ,വാടി പൂവൊക്കെ കൊഴിഞ്ഞതെങ്കിലും ഒരു മനസ്സമാധാനത്തിന്‌ പത്തുരൂപക്ക് ഒരു തണ്ട് എന്ന നിരക്കിൽ വാങ്ങിയ കൊന്നപ്പൂവിന്റെ തണ്ടുകൾ നിറച്ച്‌ ഒരു മണ്ഡരിത്തേങ്ങയും സംഘടി പ്പിച്ച് , മറ്റു സാമഗ്രികളെ ല്ലാം കഴിയുന്നതുപോലെ ഒപ്പിച്ച് അഷ്ടകം ഒരുക്കും. കണി കാണൽ കഴിഞ്ഞാൽ വീട്ടിലുള്ള മക്കൾക്കും ഭാര്യക്കും കൈനീട്ടം കൊടുക്കും. പണ്ടത്തെ തുളയൻ കാലണയൊന്നും ഇന്നു കിട്ടാനില്ല. ഉണ്ടെങ്കിൽ തന്നെ ആർക്കും അതൊട്ടു വേണ്ടതാനും.ഇന്നു കൈനീട്ടം കിട്ടേണ്ടവർ അവർക്ക് എത്ര കിട്ടണം എന്ന് കണക്കു പറഞ്ഞു വാങ്ങിക്കൊള്ളും. എന്നാലും തൃപ്തിയാകുമോ എന്നു സംശയം. കൈനീട്ടം കിട്ടിക്കഴിഞ്ഞാൽ എല്ലാവർക്കും ജോലിക്കു പോകണം. വിഷുസദ്യ പേരിനേ ഉള്ളു എങ്കിലും അതുച്ചക്കു സാദ്ധ്യമാവില്ലാത്തതുകൊണ്ട് രാത്രിയിലേക്കു മാറ്റും.എന്നാലോ, രാത്രിയിൽ സമയത്തിണ്‌ എല്ലാവരും ഒരുമിച്ചിരുന്ന് വിളമ്പി കഴിക്കലൊന്നും നടക്കില്ല. ആഹാരം എന്തെങ്കിലുമൊക്കെ തയ്യാറാക്കി ഡൈനിംഗ് ടേബിളിൽ നിരത്തി അടച്ചു വച്ചിരിക്കും. ഓരോരുത്തരായി വന്ന് അവരവരുടെ സൌകര്യത്തിന്‌ വി ളമ്പിക്കഴിച്ചുകൊള്ളും.

“എന്തു ചെയ്യാനാ അച്ഛാ, ഇത്രയൊക്കെ പറ്റുള്ളു, അല്ലാതെ അച്ഛൻ പറയുന്നതുപോലെ എല്ലാവരും ലീവെടുത്തു ആഘോഷിക്കാനും മാത്രം ഈ വിഷുവിലെന്താ ഉള്ള ത്‌?

മകളു ടെ ഈ ചോദ്യത്തിന്  പോലും ശരിയായ സമാധാനം പറയാനില്ലാത്ത ഞാൻ എന്റെ നെഞ്ചിൽ മയങ്ങുന്ന ഈ കുരുന്നിനെ വിഷു എന്തെന്നെങ്ങിനെ പറഞ്ഞുമനസ്സിലാക്കും?