വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ”

                                                                 

ഇന്ദിരാബാലൻ 

                        
കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തിൽ കൊണ്ടുവന്ന്‌ നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ്‌ ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.

കേന്ദ്രകഥാപാത്രമായ "ചേതനാ ഗൃദ്ധാ മല്ലിക്കിലൂടെ "ഇന്ത്യൻസ്ത്രീത്വത്തിന്റെ ചിന്തയുടെയും, ബോധത്തിന്റേയും അനർഗ്ഗളപ്രവാഹമാണ്‌ അനാവരണം ചെയ്യുന്നത്‌. ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ അഴിഞ്ഞുവീഴുന്നത് നിരവധി ഉപകഥകളാണ്‌. അതിലൂടെ ഭരണകൂടത്തിന്റെ ചാണക്യതന്ത്രങ്ങളുടെ കുരുക്കിൽ    എങ്ങിനെയൊക്കെ സമൂഹം/ ജനങ്ങൾ ഇരകളാക്കപ്പെടുന്നു എന്നും അനാവൃതമാകുന്നു. 

“യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി തള്ളി” എന്ന വാർത്ത തുടങ്ങുന്നതിലൂടെയാണ്‌ നോവലിനു നാന്ദി കുറിക്കുന്നത്‌. ‘വധശിക്ഷ’ എന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും,ബഹുമുഖങ്ങളുടെ സംഭവബഹുലമായ ജീവിതപാഠങ്ങളിലൂടെയും   നോവലിന്റെ ഇതളുകൾ വിടരുന്നു.  സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനങ്ങളും, മനുഷ്യജീവിതങ്ങളുടെ ഉൾപ്പൊരുളുകളും, ജീവിതങ്ങളിൽ വലിഞ്ഞുകേറി ഇത്തിൾക്കണ്ണികളാകുന്ന കറുത്ത ഏടുകളും,പാടുകളും , ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയായിത്തീരുന്ന സമസ്യകളും എല്ലാം ചേർന്ന് ബീഭൽസമായ സത്യത്തിന്റെ പാതയിലൂടെ നടന്നെത്തുമ്പോൾ ,ഓരോ നിമിഷവും മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനോ, സംഘർഷഭരിതമാവാതിരിക്കാനോ ആവില്ല.

സൊനാഗച്ചി എന്ന ചുവന്ന തെരുവും,അതിന്നപ്പുറം ദേവീദേവൻ മാരുടെ വിഗ്രഹങ്ങൾ വില്ക്കുന്ന കൊമാർതുളിയും,മച്ചുവാ ബസാറും, ട്രാമുകൾ ഇഴയുന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാടു വീടും, അച്ചടിപ്രസ്സുകളും, പിച്ചാത്തികളും, എല്ലാം കഥകളുറങ്ങിക്കിടക്കുന്ന ദ്വീപുകളുടെ സിരാകേന്ദ്രങ്ങളാകുന്നു. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ വീടിനു മുമ്പിലൂടെ വിലാപയാത്രക്കാരും, ചുമട്ടുകാരും, ക്ഷുരകന്മാരും, ചെരുപ്പുകുത്തികളും ,ചെവിത്തോണ്ടിക്കാരും, കച്ചവടക്കാരും, പിച്ചക്കാരനുമൊക്കെ തിക്കിത്തിരക്കിനടക്കുമ്പോൾ വായനക്കാരനും അവരിലൊരുത്തനായി മാറുന്നു. വൈരുദ്ധ്യത്തിന്റെ ബിംബകല്പ്പനകൾ വിളിച്ചോതുന്ന നെയ്യിലും, സൂര്യകാന്തിയെണ്ണയിലും മൊരിയുന്ന മധുര പലഹാരത്തോടൊപ്പം, വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടേയും ഗന്ധം അവിടെയുള്ളവർക്കിടയിൽ ഇടകലർന്നു ചൂഴ്ന്നുനില്ക്കുകയും, പരിചിതങ്ങളുമാവുന്നു. അവരുടെ ജീവിതത്തോടൊപ്പം ഈ മണങ്ങളും സമരസപ്പെട്ടു കിടക്കുന്നു.വീട്ടുപടിക്കലിലൂടെ നിരന്തരക്കാഴ്ച്ചയായി മാറുന്ന ശവവണ്ടികളുടെ ഘോഷയാത്ര ജീവിതത്തെ നിസ്സാരവല്ക്കരിക്കുന്ന ബോധമുരുത്തിരിയുവാൻ കാരണമാകുന്നു. മനുഷ്യന്റെ അൽപ്പത്വത്തിനും, അഹങ്കാരത്തിനും, പ്രത്യക്ഷത്തിലല്ലെങ്കിലും, പരോക്ഷമായി പത്തി മടക്കിപ്പിക്കാൻ ഈ എഴുത്തുകാരിയുടെ തൂലിക ചലിക്കുന്നുണ്ട്‌.

അവിടവിടെ പ്രതിപാദിക്കുന്ന കഥകൾ പുരാണകഥകളുമായി സാത്മീഭവിക്കുന്നു. ഉദാഹരണത്തിന്‌ ദക്ഷയാഗവേദിയിൽ ആത്മാഹുതി ചെയ്ത സതിയുടെ ശരീരവും കൊണ്ട്‌ പരമശിവൻ  താണ്ഡവമാടുന്നു എന്നതിലും, മഹാവിഷ്ണു ആ ശരീരം സുദർശനചക്രത്താൽ ഛിന്നഭിന്നമാക്കിയതിലുമെല്ലാം അതു കാണുന്നു. സതീദേവിയുടെ ശരീരം പതിനെട്ടിടത്തു തെറിച്ചു വീണതിൽ നിന്നും പഴങ്കഥകളും, ഐതിഹ്യങ്ങളും,ചരിത്രങ്ങളും, സ്ഥലനാമങ്ങളും പുനർജ്ജനിക്കുന്നു. ദേവി സതിയുടെ വലതുകാലിലെ തള്ളവിരൽ വീണ സ്ഥലമാണ്‌ “കാളിഘട്ട്”  എന്നത് സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ആദിമ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷണദൌത്യത്തോടെ രചിക്കപ്പെട്ട ഈ നോവൽ “വർത്തമാനത്തിലെ ഇതിഹാസം” എന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല.
ആ സ്ഥലത്തെ ആദ്യതാമസക്കാർ കാളിയെപ്പോലെ അധർമ്മത്തിന്നെതിരെ പടവാളെടുക്കുന്ന ആരാച്ചാരന്മാരുടെ കുടുംബമാണെന്നും അറിയുമ്പോൾ നോവലിന്റെ തുടക്കത്തിൽ കുറിച്ചിട്ട പശ്ച്ചാത്തലവും , ജീവിതരംഗങ്ങളും കൂടുതൽ ഇഴയടുപ്പമുള്ളതാവുന്നു. ഇവിടുത്തെ ആദ്യ ആരാച്ചാരായ “രാധാരമൺ മല്ലിക്‌”നെക്കുറിച്ചു പറയുമ്പോൾ  ഥാക്കുമാ(മുത്തശ്ശി) എന്ന കഥാപാത്രത്തിന്‌ അഭിമാനമേറെയാണ്‌. കാരണം നീതിക്കു വേണ്ടി ചെയ്യുന്ന പോരാട്ടമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും, വർത്തമാനവും എന്ന് ആ വൃദ്ധ വിലയിരുത്തുന്നു.

മനസ്സു നിറയെ പൂവരശു പൂത്ത് കാല്പ്പനിക സ്വപ്നത്തിടമ്പേന്തി നിന്നിരുന്ന ഒരു കലാഹൃദയത്തിന്നുടമയാണ്‌ ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആദ്യ ആരാച്ചാരായി  മാറുന്നതെന്ന അറിവ് ജീവിതത്തിന്റെ സൂക്ഷ്മവും, നിഗൂഢവും ആയ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാകാരൻ മാത്രമല്ല, രോഗികളെ  ശുശ്രൂഷിക്കുന്ന ഒരു വൈദ്യൻ കൂടിയായിരുന്നു ഈ കഥാപാത്രം. പിന്നീട് ജീവിതത്തിന്റെ പരിണാമദശയിൽ ഈ കഥാപാത്രം മൂന്നാമത്തേയും, നാലാമത്തേയും കശേരുകൾ ക്കിടയിൽ കുരുക്കിട്ടു പൂവരശിന്റെ പൂവൊടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മനുഷ്യശിരസ്സൊടിക്കാൻ പ്രാപ്തനാവുന്നു. . മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ഥാക്കുമാ അടിവരയിട്ടു പലപ്പോഴും അതിന്‌ സാന്ത്വനോക്തികൾ  നല്കി ഇങ്ങിനെ പറയുന്നു,“ അതു നമ്മുടെ തൊഴിലാണ്‌,നമ്മൾ കൊല്ലുന്നത്‌ നീതിക്കു വേണ്ടിയാണ്‌”.രാധാരമൺ പിതാമഹൻ വൈദ്യനായിരുന്നപ്പോൾ അദ്ദേഹം സേനാനായകന്റെ ജീവൻ രക്ഷിച്ചു. ആരാച്ചാരായപ്പോൾ അയാളെ തൂക്കിലേറ്റി.തന്റെ മുമ്പിലെത്തുന്ന ശത്രുവിനേയും ചികിൽസിച്ചു ഭേദപ്പെടുത്തുകയാണ്‌ വൈദ്യന്റെ ജോലി. തെറ്റു ചെയ്താൽ സ്വന്തം മകനേയും ശിക്ഷിക്കുകയാണ് ആരാച്ചാരുടെ ജോലി. ഒരു ജോലിയും മോശമല്ല, പാപവുമല്ല...എന്നു ഥാക്കുമാ പറയുമ്പോൾ കൃത്യം ചെയ്യുന്നവരുടെ മനസ്സാക്ഷിതന്നെയാണ്  ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് മനസ്സിലാവുന്നു. ഇടക്കിടക്കു ചോർന്നു പോകുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി കരുത്തു പകരുന്നതിന്റെ പ്രതീകമാകുന്നു ഥാക്കുമാ. അവിടെ  യാതൊരു വിധ നീക്കുപോക്കുകൾക്കോ  വിട്ടുവീഴ്ച്ചകൾക്കോ  ഇടമില്ല. ഥാക്കുമാ ആദ്യന്തം പറയുന്ന വാക്കുകളെല്ലാം കേവലങ്ങളല്ല, ലോകം കണ്ട കാലത്തിന്റെ വാക്കുകൾതന്നെയാണ്‌.അനുഭവത്തിന്റേയും,അറിവിന്റേയുംവേടുകൾഅവരിലാഴ്ന്നിറങ്ങിയിരിക്കുന്നു.
കുടുംബത്തിലെ ആദ്യ ആരാച്ചാരായ പിതാമഹന്റെ കുലപ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും, സ്നേഹിച്ചും ലാളിച്ചും പേടിക്കേണ്ടെന്ന് സാന്ത്വനിപ്പിച്ചും സ്വന്തം മകനെ സ്ക്കൂളിലേക്കു പറഞ്ഞയക്കുന്ന ലാഘവത്വത്തോടെ പ്രതികളെ  മരണക്കുരുക്കിട്ട് പറഞ്ഞയക്കുന്ന പിതാമഹന്റെ കൈകൊണ്ടു മരിക്കുന്നതു ഭാഗ്യമാണെന്നുപ്പോലും അവർ(കുടുംബക്കാർ) കരുതുന്നു. പിതാമഹനു കിട്ടിയ സമ്മാനങ്ങളി ൽ ഒരു ക്ളാവു പിടിച്ച സ്വർണ്ണനാണയം കുടുംബപാരമ്പര്യത്തിന്റെ ഓർമ്മക്കായി, തെളിവായി ഥാക്കുമാ സൂക്ഷിച്ചു വെക്കുന്നു. 
ഇപ്പോൾ ഥാക്കുമായുടെ മകനായ ഫണിഭൂഷൺഗൃദ്ധാ മല്ലിക്കിനുശേഷം ആരാച്ചാർ തസ്തിക തുടരേണ്ടത് മകളായ ചേതനയാണ്‌. അച്ഛൻ തൂക്കിക്കൊന്നവരുടെ ബന്ധുക്കൾ ചേതനയുടെ മിടുക്കനായ സഹോദരനെ ആക്രമിച്ചു ശയ്യാവലംബിയാക്കി. എനി ആ കുടുംബത്തിന്റെ തൂണായി മാറേണ്ടത് ചേതനയാണ്‌. വധശിക്ഷ നീതി നടപ്പാക്കൽ മാത്രമല്ല, അധികാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന ഥാക്കുമാ ഭുവനേശ്വരിയുടെ വാക്കുകൾ തീപ്പൊരി പോലെ ഇടക്കിടെ അവളുടെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. ഇറച്ചിവെട്ടുകാരനേക്കാൾ വേഗതയോടെയും, കൃത്യതയോടേയും ദിവസേന നൂറുകണക്കിനാളുകളുടെ തല വെട്ടിയും, തൂക്കിലേറ്റിയും ശിക്ഷിച്ച പിതാമഹന്റെ കഥകൾ കേട്ടവളുറങ്ങി. കുരുക്കിടാനുപയോഗിക്കുന്ന കയറിനെ മെരുക്കേണ്ടത് പഴമോ, എണ്ണയോ, മെഴുകോ ഉപയോഗിച്ചാണെന്നു ദിവസേനയുരുവിട്ടപ്പോൾ  വീട്ടിലൊരു പലഹാരം ഉണ്ടാക്കുന്ന ലാഘവത്വത്തോടെ ചേതനയും അതെല്ലാം പഠിച്ചു. നിതാന്ത പരിചയത്താൽ അന്യമായതും  സ്വന്തമാവുന്നു എന്ന അവസ്ഥയിലേക്ക് ചേതനയും എത്തുന്നു. . 
ഭർത്താവിനുശേഷം മകളെ ആരാച്ചാരായി നിയമിക്കണമെന്നു പറയുമ്പോൾ, സ്വന്തം മകനും  ഭർത്തൃപ്രവൃത്തിയാൽ ദുരിതക്കയത്തിലാണ്ടുകിടക്കുന്നതും, മകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരമ്മക്കു അതുൾക്കൊള്ളാനാവുന്നില്ല. ഒരു നല്ല കുടുംബിനിയും, ഭാര്യയും, അമ്മയുമായി ജീവിക്കാൻ കൊതിച്ച അവർക്കു നേരെ വിധി കൊഞ്ഞനം കുത്തുന്നു. മദ്യത്തിന്റേയും, അടുക്കളയിൽ വേവുന്ന മൽസ്യത്തിന്റേയും, ശ്മശാനത്തിലെരിയുന്ന ചിതയുടെയും സമ്മിശ്ര ഗന്ധങ്ങൾ ചേതനയുടെ മൂക്കിലേക്കിരക്കുന്നതിന്നൊപ്പം വായനക്കാരനേയും ആ തീക്ഷ്ണഗന്ധം അലട്ടുന്നു. അതിനിടയിൽ വേദനകളും , പായ്യാരങ്ങളും, അവനവനോടു തന്നെ പറഞ്ഞും കരഞ്ഞും, യുദ്ധം ചെയ്തും ഭർത്താവിന്റെ അടിയേറ്റ് ചോരയൊലിക്കുന്ന മൂക്കുമായി ഭർത്താവിനുവേണ്ടി മൽസ്യം പാകം ചെയ്യുന്ന ചേതനയുടെ അമ്മയുടെ ചിത്രം നിസ്സഹായതയുടെ നിഴൽ വിരിക്കുന്നു. 
സ്ത്രീപുരുഷ സമത്വത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുന്ന മഹിളാ മണികളെ  മീര ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. ചേതന ആരാച്ചാരായി ജോലി ഏറ്റെടുത്താൽ അത്‌ സ്ത്രീസമൂഹത്തിനു തന്നെ അഭിമാനമാണെന്നും പറഞ്ഞുവരുന്ന വനിതാസംഘടനയുടെ മേധാവി“സുമതി സ്ങ്ങിനെ” അവതരിപ്പിക്കുന്നത്‌ ഒരു സൊസൈറ്റിലേഡിയുടെ പരിവേഷത്തോടുകൂടിയാണ്‌. സ്ത്രീപുരുഷ സമത്വം എന്ന ഭരണഘടനാനിയമത്തിനെ സ്ഥാപിച്ചെടുക്കാൻ മാത്രം ഇറങ്ങിത്തിരിച്ചവർ. ജീവിതത്തിന്റെ സങ്കീർണ്ണപ്രശ്നങ്ങൾക്കിടയിൽ നരകയാതനയനുഭവിക്കുന്ന യഥാർത്ഥസ്ത്രീപ്രശ്നങ്ങൾ ഇക്കൂട്ടക്കാർക്കറിയേണ്ടതില്ല. ഒരു സ്ത്രീ ആരാച്ചാരായാൽ അതൊരു ലോക റിക്കാർഡായിരിക്കാം. ഇതു മുഴുവൻ സ്ത്രീലോകത്തിന്റെ പ്രശ്നമാണെന്നു പറയുന്ന സംഘടനാഭാരവാഹികൾ(അധികാരമോഹികൾ) മറ്റുള്ളവരുടെ പ്രയത്നത്തേയും, തളർച്ചയേയും ഏണിപ്പടികളാക്കി സ്ഥാനമാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ സന്തതികളാണ് . അവർക്കു   നേരെ നോവലിസ്റ്റ് അക്ഷരങ്ങളുടെ ആവനാഴി എയ്യുന്നു.

സമകാലിക ജീവിതത്തിൽ നിറഞ്ഞുകവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരവും,അതിവൈകാരികത സൃഷ്ടിക്കുന്ന ലോകത്തേയും നിസ്സഹായരുടെ ജീവിതപ്രശ്നങ്ങളെ  വെട്ടിനുറുക്കി ഒരു വാർത്തയെ ആയിരം വാർത്തകളായി ജനമധ്യത്തിലേക്കെത്തിക്കുന്ന സാങ്കേതികമില്ലായ്മയുടെ ചിത്രവും പലയിടങ്ങളിലായി ഒരു പത്രപ്രവർത്തകകൂടിയായിരുന്ന നോവലിസ്റ്റു  അനായസേന കോറിയിടുന്നു. നിർദ്ധനരും, പീഡിതരുമായ കുടുംബങ്ങളുടെ ചരിത്രത്തേയും, പശ്ച്ചാതതലത്തേയും പഠിച്ച് വിറ്റ് കാശാക്കി പേരെടുക്കുന്ന കച്ചവടവല്ക്കൃത സമൂഹത്തിന്റെ നഗ്ന ചിത്രമാണിതിലൂടെ തെളിയുന്നത്‌. വൈകാരികവും, തീക്ഷ്ണവുമായ പ്രതിസന്ധികളെ  തരണം ചെയ്യുമ്പോൾ ഹൃദയം പിളർക്കുമാറുള്ള അനൌചിത്യത നിറഞ്ഞ അഭിമുഖങ്ങൾക്കു നേരേയും വാളോങ്ങുന്നു. ഒപ്പം തന്നെ നടമാടുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളും  ,താൽപ്പര്യങ്ങളും, കോർപ്പറേറ്റ് മുതലാളിത്തവും,  സത്യസന്ധയില്ലായ്മയും എല്ലാം ചേതനയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ വൈകാരികതയോടെ  മീര അവതരിപ്പിക്കുന്നു. .എന്തിനു കൊന്നെന്നും, എന്തിനു മരിച്ചെന്നും അറിയാതെ വാ പിളർന്നു നില്ക്കുന്ന നിഷ്ക്രിയ സമൂഹത്തിനൊപ്പം വായനക്കാരനുള്ളിലും മൌനം ഘനീഭവിക്കുന്നു. 

അതുപോലെ പ്രസക്തമാർന്ന മറ്റൊരു വിഷയമാണ്‌ പട്ടിണിമരണങ്ങൾ. പോഷകാഹാരക്കുറവു മൂലം ,ഒരു കാറ്റടിച്ചാൽ പോലും കുട്ടികൾ  മരിച്ചുവീഴുന്നതിനെ രോഗകാരണങ്ങളാക്കി മുദ്ര കുത്തുന്നു. ശരീരത്തിൽനിന്നും പ്രാണികൾ ഇറങ്ങിവരുന്ന രോഗിയായ  ഒരു കുട്ടിയെ പറ്റി  ഇവിടെ മാധ്യമസമൂഹം ആഘോഷിക്കുന്ന കാഴ്ച്ച അതിദയനീയമാകുന്നു. വാർത്തകൾ അവിശ്വാസത്തോടേയും, കൌതുകത്തോടെയും വീക്ഷിക്കുന്നവർ ഒരു ഭാഗത്ത്‌. അപൂർവരോഗത്താൽ മരിച്ച കുട്ടിയുടെ അമ്മയുടെയോ, ബ്നധുക്കളുടേയൊ വേദനയുടെ ആഴം ആർക്കും അളക്കേണ്ട കാര്യമില്ല. അതിഭാവുകത്വം തോന്നാവുന്ന വിവരങ്ങളാണെങ്കിലും അതും സംഭവിക്കാവുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക് കാലവിളംബമില്ലാതെ നാമെത്തിപ്പെടും എന്ന   ബോധം ജനിക്കേണ്ടതാണ്‌. മരിച്ച കുട്ടിയുടെ വായിൽ നിന്ന്‌ ചാഴികളും , കണ്ണുകളിൽ  നിന്ന്‌ മഞ്ഞ ചിതലുകളും , കാതുകളിൽ നിന്ന്‌ മൂളുന്ന ഈച്ചകളും, മൂത്രനാളിയിൽ നിന്ന്‌ തൂവെള്ള ശലഭങ്ങളും പുറത്തു വരുന്നു.മരിച്ചപ്പോൾ  സംസ്ക്കരിക്കാൻ പണമോ, സ്ഥലമോ ഇല്ലാത്തതിനാൽ ഒരു വള്ളത്തിൽ കയറ്റി മൃതദേഹം നദിയിലേക്ക്  തള്ളിയിടുന്നു എന്നു വായിക്കുമ്പോൾ ക്രൂരമായ ആസന്നഭാവിയുടെ അപകടാവസ്ഥ മണക്കേണ്ടിയിരിക്കുന്നു. പാവങ്ങൾക്ക് ജനിച്ചുവീഴാൻ തന്നെ ഇടമില്ലാതാകുന്ന ഒരു വികസനനയത്തിലേക്ക് ഇന്ത്യ എത്തിപ്പെടാം എന്ന ആശങ്കയും നിഴലിക്കുന്നു. ഒപ്പം തന്നെ വാർത്തകൾ അതിസമർത്ഥമായി വളച്ചൊടിക്കപ്പെടുന്നതിലേക്കും വർത്തമാനകാലം എത്തിനില്ക്കുന്നു. ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും ഇതു വെറുമൊരു നോവലല്ല ചുറ്റുമുള്ള  യാഥാർത്ഥ്യങ്ങളാണെന്നു നാം അറിയേണ്ടിയിരിക്കുന്നു. ജീവിതം നഷ്ടപ്പെടുന്നവരുടെ സംഭവവ്യഥകൾ ചാനലുകൾ ഉൽസവങ്ങളായി ആഘോഷിക്കുന്നു. അവരുടെ ചൂണ്ടയിൽ ഇരകൾ  കുടുങ്ങിക്കൊണ്ടിരിക്കുന്നു. ഒപ്പം പിടയുന്നഒരു പിടി  നിസ്സഹായ മനുഷ്യരും. മാധ്യമധർമ്മത്തിന്റെ ആത്മാർത്ഥത കൈമോശം വരുന്നത് ഇവിടെ ദർശിക്കാം.

അഹങ്കാരത്തിന്റേയും, അധീശത്വത്തിന്റേയും പ്രത്യക്ഷരൂപമാണ്‌“സഞ്ജീവ്കുമാർ മിത്ര”യെന്ന കൌശലബുദ്ധിക്കാരനായ ചാനൽ ഫോട്ടോഗ്രാഫർ.വളർന്നു വന്ന കയ്പ്പേറിയ ജീവിതചുറ്റുപാടുകളിൽ നിന്നും പുതിയ ജീവിതന്ത്രങ്ങൾ മെനഞ്ഞും, പഠിച്ചും, പയറ്റിയും വ്യവസ്ഥകളെയെല്ലാം പൊളിച്ചെഴുതി, സ്വാർത്ഥതാല്പ്പര്യത്തിന്റെ പരകോടിയിലാണയാൾ നില്ക്കുന്നത്‌. സഞ്ജീവ്കുമാറിന്റെ ജന്മം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്‌. അമ്മ ബംഗാളിയായ ഒരു വേശ്യയും, അച്ഛൻ നക്സലിസ്റ്റായ  ഒരു മലയാളിയും,മകൻ മാധ്യമപ്രവർത്തകനും ആകുന്നു. തീയും കാറ്റും പോലെ അയാൾ ജീവിതത്തിനു മുമ്പിൽ ആളിപ്പടരുന്നു. പ്രലോഭനങ്ങളിലൂടേയും, കപടപ്രണയത്തിലൂടെയും ചേതനയേയും വാർത്തകൾ വളച്ചൊടിക്കുന്ന ലാഘവത്വത്തോടെ അടുപ്പിക്കാൻ ശ്രമിക്കുന്നു.പല അടവുകളും  പയറ്റി അവളെ മുൾമുനമ്പിൽ നിർത്തി അയാൾ ക്രൂരമായി ആഹ്ളാദിക്കുന്നു. ജീവിതത്തിന്റെ നിലനില്പ്പിനുവേണ്ടി ചോദ്യശരങ്ങൾ ഉയർന്നിട്ടും നങ്കൂരമില്ലാത്ത ജീവിതത്തിനു മുന്നിൽ ചേതനക്ക്‌ ചോദ്യങ്ങളെല്ലാം സ്വയം വിഴുങ്ങേണ്ടി വരുന്നു . കൈകാലുകൾ നഷ്ടപ്പെട്ട ചേതനയുടെ സഹോദരൻ രാമുദായുടെ ദയനീയ ചിത്രം തന്റെ ക്യാമറക്കണ്ണുകളി ലൂടെ അയാൾ ഒപ്പിയെടുക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരോട് ഏതു സാഹസവും പ്രവൃത്തിക്കാമെന്നാണ്‌` ഇതിലൂടെ മനസ്സിലാക്കാനാവുന്നത്‌.ചാനലിന്റെ  പ്രേക്ഷകസമൂഹത്തെ പിടിച്ചുനിർത്താനുള്ള  പുതിയ പുതിയ കുരുക്കുകൾ സഞ്ജീവ്കുമാർ ചേതനക്കു മുമ്പിൽ തീർത്തുക്കൊണ്ടിരുന്നു. തുടക്കം ചേതനയിലും പ്രണയത്തുള്ളികൾ ഇറ്റുവീണെങ്കിലും അടുത്തറിഞ്ഞതോടു കൂടി അവളുടെ മനസ്സിൽ വിദ്വേഷവും, അവജ്ഞയും നുര കുത്തി. മനസ്സിനെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കത്തയിലെ മഴ പോലെയായിരുന്നു ചേതനയുടെ പ്രണയ മെന്നു നോവലിസ്റ്റു കുറിച്ചിടുന്നു. തീ പിടിച്ച മരത്തിന്റെ പൊത്തിനുള്ളിലെ പക്ഷിയെപ്പോലെ തൂവലുകൾ എഴുന്നും, തൊണ്ട വരണ്ടും , പരാജിതപ്രണയത്തിന്റെ ഇരായായ സഹോദരിയെ നോക്കി നിസ്സഹായസ്വരത്തിൽ രാമുദാ ഇങ്ങിനെ മൊഴിഞ്ഞു,“ എല്ലാ സ്ഥലത്തും വ്യാപാരങ്ങൾ മാത്രം, വാങ്ങുന്നവർ തന്നെ വില്ക്കുന്നു, വിൽക്കുന്നവർ തന്നെ വാങ്ങുന്നു, എല്ലാവരുടേയും നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചിരിക്കുന്നു". എന്നു കേൾക്കുമ്പോൾ മനസ്സ് നിരവധി അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.നോവലിന്റെ അന്ത്യം വരെ സഞ്ജീവ്കുമാർ ചേതനക്കു നേരെ ചൂണ്ടയെറിഞ്ഞുകൊണ്ടിരിക്കുന്നു.അവനണിഞ്ഞ മോതിരം ഊരിമാറ്റിയിട്ടും അതു വിരലിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി  അവൾക്കനുഭവപ്പെട്ടു. തികട്ടി വരുന്ന പുളിച്ച ഓർമ്മകളെപ്പോലെ.

തൂക്കിലേറ്റപ്പെട്ടവരുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടേയും പുലമ്പലുകളും , ശാപങ്ങളും, ആക്രോശങ്ങളും,രോദനങ്ങളും ഫണിഭൂഷന്റെ മുറ്റത്തു മുഴങ്ങി. പക്ഷേ വെറുമൊരു ഗവൺമെന്റു ജീവനക്കാരന്റെ/മറ്റുള്ളവരുടെ മരണം കൊണ്ട്‌ ഉപജീവനം കഴിക്കേണ്ടവരുടെ വ്യഥകൾ അനുഭവിക്കാത്തവർക്കു മനസ്സിലാവില്ലല്ലൊ. ശാപങ്ങളും, കുറുകലുകളും കേട്ടാലും തന്റെ ജീവൻ രാജ്യത്തിനുള്ളതാണെന്ന് ഫണിഭൂഷൻ ഓരോ ശ്വാസത്തിലും മന്ത്രിക്കുന്നു. ‘ഗൃദ്ധാ’ എന്ന വാക്കിന്നർത്ഥം കഴുകനെന്നാണ്‌` അയാളുടെ രീതികളും രൂപവും അവ്വിധത്തിൽ തന്നെ നോവലിസ്റ്റു ആവിഷ്ക്കരിച്ചിരിക്കുന്നു. എഴുപത്തഞ്ചുകാരനായ അയാൾ ഇതുവരെ 445പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു. “സ്വന്തം അധികാരം പലപ്പോഴും പലരും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു”.ബാഹ്യമായി കഴുകസാമ്യം പുലർത്തുന്ന ഫണിഭൂഷനും സ്നേഹത്തിന്റേതായ മൃദുലസ്പർശങ്ങൾ ഏറ്റുവാങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു. പ്രണയവും, കാമുകിയും, കാമുകിയെ സ്വന്തമാക്കിയ, സ്വന്തം നിലയിൽ തന്നെ ഒരരങ്ങായിരുന്ന ശത്രുവും, അവസാനം ആ ശത്രുവിനെ സ്വന്തം കൈകളാൽ തൂക്കിലേറ്റേണ്ടിവന്നതുമെല്ലാം ഇടക്കിടെ അയാളുടെ ബോധതലങ്ങളെ വേട്ടയാടി.

ചേതനയെ ആരാചാരാക്കി ഗവൺമെന്റു തലത്തിൽ നിയമം നിലവിൽ വന്നപ്പോൾ അവൾക്കു ചുറ്റും ഉറുമ്പുകളെപ്പോളെയാണ്  മാധ്യമപ്രവർത്തകർ തടിച്ചുകൂടിയത്‌. കൊത്തിത്തിന്നാൻ കിട്ടിയ ശവം കണക്കെ!ഉറുമ്പുകൾക്കും, ഈച്ചകൾക്കും മരണത്തിന്റെ ഗന്ധം നേരത്തെ അറിയാവുന്നതുപോലെ ,വാർത്തകളുടെ ഗന്ധം പിടിക്കാൻ പേ പിടിച്ചുനില്ക്കുന്ന ഒരു സമൂഹത്തിൽ നിന്നും കച്ചവടക്കണ്ണുമായി നില്ക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ ശബ്ദം വേറിട്ടു നിന്നു. “ആദ്യമായി ഒരു സ്ത്രീ ആരാച്ചാരാകുന്നത്‌ ശക്തിയുടേയും, സ്വാഭിമാനത്തിന്റേയും പ്രതീകമാണെന്ന് "പാരമ്പര്യവാദികൾ പറയുമ്പോഴും, അസ്വസ്ഥതയുടെ കൂച്ചുവിലങ്ങുകൾ ചേതനയെ തളയ്ക്കുന്നു. അവനവനെ യുദ്ധം ചെയ്തു പരാജയപ്പെടുത്താതെ ജീവിതത്തിന്റെ മൂക്കുകയർ വലിക്കാനാവില്ലെന്ന തിരിച്ചറിവിലൂടെ ചേതന ഉണരുമ്പോൾ വായനക്കാരുടെ മനസ്സിലും  പേരറിയാത്തൊരു നോവിന്റെ കൊളുത്ത്‌ ആഞ്ഞു വലിക്കുന്നു. . ഏറ്റെടുത്ത ദൌത്യത്തിൽ പാളിച്ച വന്നാൽ ശിരസ്സിൽ മുളച്ച പേരാലുപോലെ അതിന്റെ വേടുകൾ തന്റെ കഴുത്തിനു ചുറ്റും വരിഞ്ഞുകെട്ടുമെന്ന വേട്ടയാടലുകളിൽ രൂപകങ്ങളും, ഉപമാനങ്ങളും ഉരുത്തിരിയുന്നു.അഭിമുഖങ്ങൾക്കായി സ്റ്റുഡിയോയിലേക്കുള്ള യാത്രയിൽ, വ്യക്തിത്വമില്ലാത്തവർക്കു തിളങ്ങുന്ന വസ്ത്ര മിട്ടു വ്യക്തിത്വമുണ്ടാക്കാമെന്ന സജ്ഞീവ്കുമാറിന്റെ അഭിപ്രായത്തോട് ചേതനക്കു യോജിക്കാനാവുന്നില്ല. ഉള്ളിൽ വ്യക്തിത്വത്തിന്റെ പ്രാഭവമില്ലെങ്കിൽ എങ്ങിനെ വസ്ത്രത്തിലൂടെ വ്യക്തിത്വം നേടിയെടുക്കാനാകും എന്ന ചിന്തയുടെ പൊരുൾ തേടി അവൾ അലഞ്ഞു...അഴിക്കുന്തോറും പുതിയ കുരുക്കുകൾ തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മിത്ര. 
സമൂഹത്തിലെ നിരവധി പൊള്ളത്തരങ്ങൾക്കു നേരെയാണ്‌ ഈ ചോദ്യങ്ങളെല്ലാം നോവലിസ്റ്റ് എറിയുന്നത്‌. എല്ലാം കരാറുകൾ അനുസരിച്ച് പാലിക്കപ്പെടുന്നു. പ്രയോജനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്ഥാപിതതാല്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതു കുടുംബബന്ധമോ, പ്രണയബന്ധമോ, ദാമ്പത്യബന്ധമോ--ഏതായാലും വൈകാരികതയേതുമില്ലാത്ത, വിരസതയാർന്ന, കണക്കുകൂട്ടലുകളുടെ ഊഷരഭൂവു മാത്രമാകുന്നു. 
”മരണം “ചേതനയുടെ വീട്ടിൽ മൽസ്യക്കറിയുടേയോ, നെയ്യിൽ വറുത്ത ലൂച്ചിയുടേയോ മണം പോലെ തങ്ങിനില്ക്കുന്നു. ജീവിതവും, മരണവും തമ്മിലുള്ള അഭേദകൽപ്പനയാണിവിടെ. ജനിച്ച നാൾ മുതൽ കാണുന്നത്‌ വീടിനു മുന്നിലെ ശ്മശാനമായ നീം തല ഘട്ടാണ് . ശവവണ്ടികളുടെ ഇരമ്പലും, ,കുടുക്കവും, മണിമുഴക്കവും കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യുമ്പോൾ മറ്റേതിനേയും പോലെ മരണവും സ്വാഭാവികമായി മാറുന്നു.ആർക്കും പ്രവചിക്കാനാവാത്ത മരണത്തിന്‌ മുഖാമുഖമാണ്‌ ഓരോരുത്തരുടെയും ജീവിതം എന്ന സത്യത്തെ ചേതനയുടെ വികാരവിചാരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുന്നു. 
ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സമൂഹമോ, സാഹചര്യങ്ങളൊ ആണ്‌ അവനെ തെറ്റുകളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്‌. പുതിയ ഭാവുകത്വത്തിൽ ചിന്തിക്കുമ്പോൾ കുറ്റവാളി നിർമ്മിക്കപ്പെടുന്നു. കൃത്രിമത്വത്തിന്റെ സന്തതികളായി, സമൂഹം വേട്ടയാടുന്ന ഇരകളായിത്തീരുന്നു. കുറ്റവാളികളുടെ നിസ്സഹായരായ  അമ്മമാരുടെ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണുനീരായി ഉത്തരമില്ലാതെ അവശേഷിക്കുന്നു. 
 ഒരു പെൺകുട്ടിയെ കൊന്നയാളെ തൂക്കിക്കൊല്ലാൻ കിട്ടിയ അവസരത്തിൽ ആഹ്ളാദിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മുനമ്പു ചേതനയുടെ ഉത്തരം കൊണ്ടു തന്നെ നോവലിസ്റ്റു പൊട്ടിക്കുന്നു. ”ഇവിടെ ആഹ്ളാദമോ, ദേഷ്യമോ അല്ല, കർത്തവ്യമാണ്‌ പ്രധാനം,അതിനു മുന്നിൽ ആണെന്നോ, പെണ്ണെന്നോ  ഇല്ല. ഇതിലൂടെയൊക്കെ ആന്ധ്യം ബാധിച്ച സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൃതിയുടെ രചയിതാവ്. 
 സംഭവബഹുലമായ അദ്ധ്യായങ്ങളിലൂടെ സമസ്തജീവിതത്തിന്റെ സംഭവങ്ങളും  ഒറ്റശ്രേണിയായി ഈ നോവലിൽ കൊരുത്തിട്ടിരിക്കുന്നു. ഒന്നറിയുമ്പോൾ മറ്റൊന്നിന്റെ വാതിൽ തുറക്കുന്നു. അങ്ങിനെ നീളുന്നു രചനയുടെ രസതന്ത്രം. ചാണകവറളിയുടേയും, സുഗന്ധദ്രവ്യങ്ങളുടേയും സാമ്യ-വൈരുദ്ധ്യങ്ങൾ തൊഴിലാളി മുതലാളി ബന്ധങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു. 
 ഫണിഭൂഷണ്‍  ചരിത്രകഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഴുവൻ ഭാരതത്തിന്റേയും ചരിത്രം പരിശോധിച്ചാൽ മണ്ണിനുവേണ്ടിയുള്ള സമരമാണ്  എവിടെയും. വികസനത്തിന്റെ കമ്പോളനയങ്ങളിലൂടെ പൊന്നു വിളഞ്ഞ ഭൂമിയിൽ കീടനാശിനി ഫാക്ടറിയിലെ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടി, ശ്വാസം മുട്ടി മരിച്ചവരുടെ കഥകളുൾപ്പെടെ പലതും  വായിക്കുമ്പോൾ മഹാഭാരതത്തിലെ കഥ പറയുന്ന “സഞ്ജയനെ“ അനുസ്മരിപ്പിക്കുന്നു ഫണിഭൂഷണ്‍. എല്ലാം ചേർത്തു വായിച്ചെടുക്കുമ്പോൾ ആരാച്ചാർ എന്ന  ഈ നോവൽ  വർത്തമാനകാലത്തിലെ ഇതിഹാസം എന്നു മുൻപു സൂചിപ്പിച്ചതു തികച്ചും അന്വർത്ഥമാകുന്നു. ഇതിഹാസം പോലെ ആഴവും, പരപ്പും നിറഞ്ഞ നിരവധി ജീവിതങ്ങളുടെ ഉപകഥകൾ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ചിരിച്ചപ്പോൾ  വീടു മാത്രമല്ല , നാടും തകർന്ന പിംഗളകേശിനി, ചാമുണ്ഡിയായി മാറിയ രത്നമാലിക, മുട്ടയിടാൻ കടലിൽ നിന്ന്‌ പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മൽസ്യം, ഇലിഷിന്റെ വെള്ളിത്തിളക്കമുള്ള കണ്ണുകളുള്ള നീഹാരിക, പാവപ്പെട്ടവന്റെ സത്യസന്ധതക്കു നേരേയുള്ള കണ്ണടക്കലുകൾ, മരിക്കാൻ വേണ്ടി മാത്രം കടലിലേക്ക് മടങ്ങുന്ന ഹിൽസ, ചുവന്ന തെരുവിലെ തന്റെ പഴയ വീട്ടിലേക്കു മടങ്ങിയ ബിനോദിനി, കൽക്കത്തയിലെ ചിരപുരാതനരാജവംശങ്ങൾ, ചരിത്രങ്ങൾ, ദുർഗ്ഗാദേവി, സൊനാഗച്ചി,ബുദ്ധകഥകൾ, കറുത്തവളും, ശിവന്റെ മാനസപുത്രിയുമായ മാനസാദേവി,കടലിൽത്തന്നേയോ, നദിയിൽത്തന്നേയോ ജീവിച്ചു മരിക്കുന്ന സാധാരണ മൽസ്യത്തെപ്പോലേയുള്ള സാധാരണമനുഷ്യർ, തൂക്കൊക്കൊലക്കു വിധിച്ച യതീന്ദ്രനാഥ ബാനർജിയുടെ അവസാനനാളുകളും, ആഗ്രഹങ്ങളും വരെ നിവർത്തിച്ചുകൊടുത്ത ചേതനയെന്ന കഥാപാത്രത്തിലൂടെ അഥവാഇന്ത്യൻ സ്ത്രീത്വത്തിന്റെ മനസ്സിലൂടെ (ചേതന-മനസ്സ് )  ഉയിർത്തെഴുന്നേല്ക്കുന്നു. അവസാനം ചേതന ആരാച്ചാർ മാത്രമാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനാപഥത്തിലെത്തുമ്പോൾ സംഘർഷത്തിന്നതീതമായ ഒരവസ്ഥാവിശേഷം സംജാതമാകുന്നു. ചേതനയുടെ ജീവിതം ചതിക്കുഴിയിൽ നിർത്തി ആഘോഷിക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ കഴുത്തിലെ കശേരുകൾക്കിടയിലും കുരുക്കിട്ട് , മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ട്‌ പ്രണയത്തിന്റേയും മരണത്തിന്റേയും, പേരിൽ പീഡിപ്പിക്കപ്പെടുന്ന ,ചതിക്കപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്നാകമാനം നാമവും, ജീവിതവും, ലോകത്തിനു മുന്നിൽ അനശ്വരമാക്കി ചേതന മടങ്ങുമ്പോൾ പുതിയൊരൂർജ്ജം ആവാഹിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ഈ വായന എത്തിക്കുന്നു. കൃത്യം കഴിഞ്ഞ് പുറത്തുവരുന്ന ചേതനയെ മഴയും, മണ്ണും, പ്രകാശവും(പ്രകൃതിയായ അമ്മ)കാത്തുനില്ക്കുന്നതോടെ ഈ വർത്തമാനകാലത്തിലെ ഇതിഹാസത്തിനു തിരശ്ശീല വീഴുകയും, ഒരു നൂറുതുലാവർഷംഒന്നിച്ചുപെയ്തതുപോലേയുള്ള ഒരനുഭവപരിസരത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്നു............. !.