കന്നടയിലെ പെൺകരുത്തുശബ്ദങ്ങൾ




ഡോ:മിനി പ്രസാദ് 



പ്രപഞ്ചത്തിലും, ചരിത്രത്തിലും തമസ്ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമായിരുന്നു ഫെമിനിസത്തിന്റെ ഉദയത്തിനു കാരണമായത്‌. ഇതോടൊപ്പം സ്ത്രൈണാധിഷ്ടിതമായ  ഒരു സാഹിത്യരചനയും ജന്മമെടുത്തു. പുരുഷന്റെ കണ്ണിലൂടെയും, വാക്കിലൂടെയും ബിംബങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ട ആദർശ സ്ത്രൈണ ബിംബങ്ങളെ തകർത്തെറിഞ്ഞ് പരിവേഷങ്ങളില്ലാതെ സ്ത്രീയുടെ യഥാർത്ഥദുഃഖം അവതരിപ്പിക്കുകയായിരുന്നു സ്ത്രീരചനകളുടെ ലക്ഷ്യം. പുരുഷാധിപത്യവ്യവസ്ഥകൾ ബോധപൂർവം അവഗണിച്ചതും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായ സത്യങ്ങളത്രയും എഴുത്തുകാരികൾക്ക് പ്രമേയമായിത്തീർന്നു. ഒരു പാട് വിമർശനങ്ങളോട് എതിരിട്ടും അനേകം മുൻവിധികളെ മറികടന്നുമാണ്‌ എഴുത്തുകാരികൾക്ക് സ്വന്തം സ്ഥാനം ഉറപ്പിക്കാനായത്‌. എന്നിട്ടും പരിഹാസത്തിന്റെ ഒരു പാടവസ്ഥകളിലൂടെ പ്രതികാരബുദ്ധിയോടെ ഇതിനെതിരെ പിതൃ​‍ാധിപത്യസമൂഹം ആഞ്ഞടിച്ചു. പെണ്ണെഴുത്ത് എന്ന പേര്‌ ശരിയാണോ അങ്ങനെ ഒരു വിവേചനം ആവശ്യമുണ്ടോ എന്നു ചർച്ച ചെയ്ത് മാധ്യമങ്ങളും ഇതാഘോഷിച്ചു. പക്ഷേ ഇത്തരം രചനകളുടേയോ ഒരു പ്രസ്ഥാനത്തിന്റേയോ ശക്തി ക്ഷയിപ്പിക്കാനോ അതിനെ ഇല്ലാതെയാക്കാനോ വിമർശനങ്ങൾക്കൊന്നും കഴിഞ്ഞില്ല. 

കന്നട പെൺകഥകൾ എന്ന സമാഹാരത്തിലൂടെ കടന്നുപോയപ്പോഴാണ്‌ അത്തരം എഴുത്തിന്റേയും, രീതിയുടേയും ശക്തി വീണ്ടും ബോധ്യമായത്‌. കന്നട സാഹിത്യത്തിലെ പന്ത്രണ്ട് എഴുത്തുകാരികളുടെ ഓരോ കഥകളുടെ പരിഭാഷയാണ്‌ ഈ സമാഹാരം. തർജ്ജമ നിർവ്വഹിച്ചിരിക്കുന്നത്‌ ആ രംഗത്തെ പ്രസിദ്ധയായ പാർവതി ജി.ഐത്താൾ ആണ്‌. മലയാളത്തിൽ നിന്ന്‌ പല കൃതികളും  കന്നടയിലേക്ക് മൊഴിമാറ്റം ചെയ്ത പാർവതി ഐത്താളിന്റെ ആദ്യ മലയാളതർജ്ജമ  ഗ്രന്ഥമാണിത്‌. ബഹുഭാഷാപണ്ഡിതയായ പാർവതി ഐത്താൾ ഹിന്ദിയിൽ നിന്നും ഇംഗ്ളീഷിൽ നിന്നും കന്നടയിലേക്ക് കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്‌. ഈ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ അവർ കന്നടയിലെ എഴുത്തുകാരികളുടെ എഴുത്തിന്റെ വളർച്ചാഘട്ടങ്ങളെ വിശകലനം ചെയ്യുന്നുണ്ട്‌. അതിൽ നിന്നു തന്നെ അവർ എന്തുമാത്രം തന്റെ വിഷയം ഉൾക്കൊള്ളുന്നു എന്ന്‌ വ്യക്തമാണ്‌.

പെണ്ണെഴുത്തിന്റെ ഒരു മേഖല പുരാണങ്ങളുടേയും ക്ളാസ്സിക് കൃതികളുടേയും പുനർ വായനയായിരുന്നു. ആദർശ സ്ത്രൈണബിംബങ്ങളുടെ പൊളിച്ചെഴുത്തുകൾ അനുകരണീയമാതൃകകളായി പ്രത്യക്ഷപ്പെട്ട ഓരോ സ്ത്രീക്കും ഒരു പാട് വേദനകൾ പങ്കു വെക്കാനുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമായിരുന്നു എഴുത്തുകാർ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്ത രീതി. ശകുന്തളയുടെ കഥ മുദ്രമോതിരം, ദുർവാസാവിന്റെ ശാപം ,രാജാവിന്റെ മറവി ഇങ്ങനെ അനേകം തലങ്ങളിലൂടെ നാം വായിച്ചെടുത്തതാണ്‌. തന്നെ പരിത്യജിച്ച ദുഷ്യന്ത മഹാരാജാവ് തന്നേയും പുത്രനേയും തിരിച്ചറിയുമ്പോൾ സനാഥയായി എന്നു സന്തോഷിക്കുന്ന ശകുന്തളയാണ്‌ നാം കണ്ടിട്ടുള്ളത്‌. വീണാശാന്തേശ്വർ സൃഷ്ടിച്ച ശകുന്തളയാവട്ടെ ഒരിക്കലും ദുഷ്യന്തനു മാപ്പു കൊടുക്കുന്നില്ല. ഒരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിക്കുകയും അതിലേറെ  അപമാനിക്കുകയും ചെയ്ത രാജാവിന്‌ ഒരിക്കലും കീഴ്പ്പെടുവാൻ അവൾ  ഒരുങ്ങുന്നില്ല. രാജകൊട്ടാരത്തിലെത്തിയ ആദ്യ രാത്രിയിൽ കാമാർത്തനായി തന്നോട് അടുക്കുന്ന രാജാവിനോട് അവൾ പറയുന്ന വാക്കുകളിൽ എത്രയോ കാലം അനുഭവിച്ച അപമാനം ഘനീഭവിച്ചു നില്ക്കുന്നു. മഹാരാജാവേ ഞാനിവിടെ വന്നത് ഭരതകുമാരന്റെ ശ്രേയസ്സിനു വേണ്ടി മാത്രമാണ്‌.അവന്റെ വിദ്യാഭ്യാസവും പരിശീലനവും ഉചിതമായ രീതിയിൽ നടക്കണം. എന്ന ആഗ്രഹം കൊണ്ടു മാത്രം ഞാനിവിടെ വന്നിരിക്കുന്നു. അതൊഴികെ നമ്മൾ തമ്മിൽ യാതൊരു ബന്ധവും സാധ്യമല്ല. ഈ ഉറച്ച മറുപടിയിൽ അമ്പരന്നുപോയ മഹാരാജാവ് വീണ്ടും മാപ്പപേക്ഷിക്കുകയും മുദ്രമോതിരം, മറവി എന്നിങ്ങനെ പലതും ആവർത്തിക്കുകയും ചെയ്യുന്നു. അതൊന്നും സ്വീകരിക്കനവൾ തയ്യാറല്ല. തനിക്കു പറയാനുള്ളതും തന്റെ വികാരങ്ങളും വളരെ കുറച്ചു വാചകങ്ങളിൽ അവൾ ഒളിപ്പിച്ചു വെക്കുന്നു. “ഋഷിയുടെ ശാപമെന്ന ബാഹ്യകാരണങ്ങളാലും മോതിരം നഷ്ടപ്പെട്ടുവെന്ന ബാലിശമായ ഒഴിവുകഴിവിനാലും ഒരു പുരുഷൻ താൻ സ്നേഹിച്ച ഒന്നിച്ചുകൂടിയ പുഷ്ക്കലത്വം പ്രാപിച്ച ഒരു പെണ്ണിനെ ദൂരീകരിക്കുകയാണെങ്കിൽ ആ സ്നേഹത്തിനെന്താണ്‌ അർത്ഥം? ഈ ചോദ്യം അപമാനമേറ്റ ഏതു പെണ്ണും പിതൃ ആധിപത്യ കുലവ്യവസ്ഥിതിക്കെതിരെ നിശിതമായി ഉന്നയിക്കുന്ന, ഉന്നയിക്കേണ്ട ഒരു ചോദ്യമാണിത്‌.


സാമൂഹ്യ സാഹചര്യങ്ങളോടും പൊതുസമൂഹത്തിന്റെ തലതിരിഞ്ഞ രീതികളോടും ഇതേപോലെ തന്റേടത്തോടെ ഏറ്റുമുട്ടുന്ന സ്ത്രീകൾ ഈ കഥകളിൽ കഥാപാത്രങ്ങളാവുന്നു. തന്റെയൊപ്പം താമസിച്ചിരുന്ന ബ്രാഹ്മണന്റെ ശവം ബ്രാഹ്മണർ തിരിഞ്ഞുനോക്കാതെയിരുന്ന സാഹചര്യത്തിൽ ഒറ്റക്കുകൊണ്ടുപോയി ദഹിപ്പിക്കുന്നു. അതിന്‌ പിഴയടയ്ക്കാനും ബ്രാഹ്മണർക്ക് ഭക്ഷണം നല്കാനും ശിക്ഷ വിധിക്കുന്ന ബ്രാഹ്മണസഭക്കു നേരെ ആഞ്ഞടിക്കുന്നു സീനംഗിയുടെ കഥയാണ്‌ ഗീതാനാഗഭൂഷന്റെ ‘ആളിക്കത്തൽ’.തന്റെ വീട്ടിൽ കിടന്ന് നാറാൻ തുടങ്ങിയ ശവം ചുട്ടതിന്‌ എന്തിനാണ്  പിഴയടയ്ക്കുന്നതെന്ന് അവൾക്ക് മനസ്സിലാവുന്നതേയില്ല. അതുകൊണ്ട്‌ അവൾ ചുടലചാരവും എല്ലും കൂടി കൊണ്ടുപോയി ബ്രാഹമണരുടെ മഠത്തിന്റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുക്കുന്നു. അവളുടെ ചെയ്തികളെ എതിർക്കാനോ തടയാനോ അവരിലൊരാൾക്കും ആവുന്നില്ല. സവർണ്ണ മേധാവിത്വത്തിനു നേരെ ഉയിർത്തെഴുന്നേല്ക്കുന്ന ദളിത് ശക്തിയുടെ അവതരണം എന്ന പാഠഭേദവും ഈ കഥ സാക്ഷാത്കരിക്കുന്നു.


ഒരു തെറ്റും ചെയ്യാതെ തന്നെ മതത്തിന്റേയും സാമൂഹ്യാവസ്ഥയുടേയും ശിക്ഷാനടപടികൾക്ക് പാത്രമാവേണ്ടി വരുന്ന രണ്ടു സ്ത്രീകളുടെ കഥകളാണ്‌ സാറാ അബൂബക്കറിന്റെ ‘മതം വല വീശിയപ്പോൾ’ പാർവതി ഐത്താളിന്റെ ‘ദ്രോഹം’ എന്നിവ. പിതാവിനേക്കാൾ പ്രായമുള്ള  ഒരാൾക്ക് മകളെ വിവാഹം കഴിച്ചുകൊടുക്കുവാൻ വിസമ്മതിക്കുന്ന ഒരമ്മക്കു നേരെയാണ്‌ മതം വല വീശുന്നത്‌. ഖദീജാബീ ഒട്ടും ഭയക്കുന്നില്ല. അവൾ നിയമത്തിന്റെ പിൻബലത്തോടെ മതത്തെ സ്വന്തം വരുതിയിലെത്തിക്കുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ല എന്ന ഉത്തരവും ദൃഢവുമായ ബോധ്യവുമാണ് . ഖദീജാബീയെ ഇതിന്‌ കരുത്തയാക്കുന്നത്‌. സ്വന്തം മകനെ നേരെയാക്കാനായി അവന്റെ അദ്ധ്യാപകന്റെ സഹായം തേടുന്ന ഉമ്മയാണ്‌ ദ്രോഹം എന്ന കഥയിലെ നായികയായ ആയിഷ. ഭർത്താവ് വിദേശത്തായതിനാൽ ചെറുപ്പക്കാരിയായ ഈ അമ്മക്ക് മകനെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാനാവുന്നില്ല. അവന്റെ അദ്ധ്യാപകൻ അക്കാര്യത്തിൽ അമ്മയെ സഹായിക്കുന്നു. തന്റെ സ്വതന്ത്ര വിഹാരങ്ങൾക്ക് മാധവൻ മാഷാണ്‌ തടസ്സം എന്നു മനസ്സിലാക്കുന്ന മകൻ അമ്മയെ ഭീഷണിപ്പെടുത്തുവാനുള്ള ഒരായുധമായി ഈ ബന്ധത്തെ കാണുകയും അമ്മയുടെ ദുർനടപടികളെപ്പറ്റി വിദേശത്തുള്ള പിതാവിന്‌ മെയിൽ അയക്കുകയും ചെയ്യുന്നു. പതിനെട്ടു വർഷക്കാലം തന്റെ ഭാര്യയായിരുന്നവളെ വിശ്വസിക്കാനല്ല അവിശ്വസിക്കാനാണ്‌ അയാൾ താല്പ്പര്യപ്പെടുന്നത്‌. ചുറ്റുമുള്ള സമൂഹവും അങ്ങനെത്തന്നെയായിരിക്കും വിശ്വസിക്കുന്നത്‌. അവർക്കതിനു കാരണവുമുണ്ടാകും. മകൻ തന്നെയാണല്ലൊ സാക്ഷി. ഇവിടേയും താൻ തെറ്റു ചെയ്തിട്ടില്ല എന്ന ഉത്തമമായ ബോധ്യമാണ്‌ അയിഷയുടെ ശക്തി. ഭർത്താവിന്റെ കത്തു വായിച്ചശേഷം അവളുടെ ദൃഢനിശ്ച്ചയത്തോടെയുള്ള  പുഞ്ചിരി അവൾ നേടിയ പുത്തൻ ധൈര്യത്തെ സൂചിപ്പിക്കുന്നു.

കന്നടയിലെ എഴുത്തുകാരികൾ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ ഈ കഥകളിലൂടെ കടന്നുപോവുമ്പോൾ നാം തിരിച്ചറിയുന്ന ഒരു കാര്യം,സ്ത്രൈണാവിഷ്ക്കാരങ്ങൾക്ക് കാലദേശഭേദങ്ങളില്ല എന്നതാണ്‌. കാരണം അവർക്ക് ഏറ്റുമുട്ടേണ്ടിവരുന്നത് ഒരേ പിതൃ ആധിപത്യ നിയമവ്യവസ്ഥിതിയോടും അതിന്റെ തന്നെ കുടുംബനീതികളോടുമാണ്‌. തർജ്ജമയിലൂടെ നാം ഒരു ദേശത്തെ ആചാരരീതികളോടും സാംസ്ക്കാരികപ്രത്യേകതകളോടും നാം പരിചയപ്പെടുകയാണ്‌. അത്‌ ഈ കഥകളിലൂടെ സാധിക്കുന്നു. തർജ്ജമയിലൂടെ ചോർന്നുപോവുന്നതെന്തോ അതാണ്‌ യഥാർത്ഥ സാഹിത്യം എന്ന പരാതി ഇവയെ സംബന്ധിച്ച് ഉയർന്നുവരാനിടയില്ല. കാരണം അത്രക്കു കുറ്റമറ്റ നിലയിൽ എഴുത്തുകാരി ഈ തർജ്ജമ നിർവഹിച്ചിട്ടുണ്ട്`. അനാവശ്യമായ തങ്ങളുടെ മേൽ കെട്ടിവെക്കപ്പെടുന്ന നിയമങ്ങളോടും എതിരിടാനും സാമൂഹ്യവ്യവസ്ഥകളോട് പ്രതികരിക്കാനും ശക്തമായ ഒരു പെൺകരുത്ത് വളർന്നുവരുന്നതിന്റെ നാന്ദിയായി ഈ കഥകളെ കണക്കാക്കാം.