കൈരളികലാസമിതി

 മലയാളിപ്പെരുമ (ആസൂത്രിതവും,അർപ്പണബോധവും ഒത്തിണങ്ങിയ മലയാളിയുടെ സംഘടിത പരിശ്രമം കൊണ്ട് തിളങ്ങിനില്ക്കുന്ന സ്ഥാപനങ്ങളെ ഈ പംക്തിയിൽ അവതരിപ്പിക്കുന്നു. )


കൈരളിനിലയം വിദ്യാലയങ്ങൾ




സാംസ്ക്കാരികപ്രവർത്തനം രക്തത്തിൽ അലിഞ്ഞുചേർന്നവരാണ്‌ മലയാളികളിലധികവും. മറുനാട്ടിലും,വിദേശത്തും അവർ ഒത്തുകൂടുന്നതിന്‌ പ്രേരണയാകുന്നത്‌ കേരളീയ ജീവിതത്തിൽ നിന്ന് സംഭരിച്ച സാംസ്ക്കാരികോർജ്ജമാണ്‌. ബാംഗ്ളൂരിലെ എച്ച്.എ.എൽ എന്ന പൊതുമേഖലാസ്ഥാപനത്തിലെ ഒരു കൂട്ടം തൊഴിലാളികൾ എച്ച്.എ.എൻ സ്പോർട്ട് ഗ്രൌണ്ടിൽ ഒരു യോഗം കൂടുന്നു, ഒരു കലാസമിതിക്ക്  രൂപം കൊടുക്കുന്നു. കല, സാഹിത്യം, സംസ്ക്കാരം, സമൂഹം, ഭാഷ ഇങ്ങനെ മനുഷ്യനെക്കുറിച്ച് അവർ ചിന്തിക്കുന്നു. അതിലൂടെ  പുതിയൊരാശയം രൂപം കൊള്ളുന്നു.അവരുടെ മക്കൾക്ക് മലയാളം പഠിക്കണം, നാളെ നാട്ടിൽ പോകേണ്ടിവരുമ്പോൾ മലയാളമറിയാതെ എങ്ങിനെ ജീവിക്കും? ഒരു മലയാള വിദ്യാലയം ആരംഭിക്കണം, എന്ന ചിന്തയിൽ എ.എൻ.ബാച്ചലേഴ്സ് ക്വോർട്ടേഴ്സിൽ ഒരു മലയാള വിദ്യാലയം ആരംഭിക്കാൻ എച്ച്.എ.എൽ കമ്പനിയധികൃതരുടെ അനുവാദവും, ആശീർവാദവും, അംഗീകാരവും ആ വിദ്യാലയത്തിന്‌ ലഭിക്കുന്നു. നാലാംക്ളാസ്സ് വരെ മലയാളം മാധ്യമവും, 5മുതൽ 7വരെ ഇംഗ്ളീഷ് മാധ്യമവും ആയി ആ വിദ്യാലയം വളരുന്നു. 1976 ആകുമ്പോഴേക്കും അതു ഹൈസ്ക്കൂളായി വളർന്നുകഴിഞ്ഞിരുന്നു. കൈരളി കലാസമിതി എന്ന മഹത്തായ ഈ സംഘടനക്ക് നേതൃത്വം കൊടുത്തവരിൽ പ്രമുഖർ സർവ്വശ്രീ എ.കെ.ഗോവിന്ദൻ, പി.രാമൻ(അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്)
ശ്രീധരപ്പണിക്കർ എന്നിവരായിരുന്നു. അവരും അവരോടൊപ്പം ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾകൊണ്ട്‌ സംഘടനയെ ശക്തിപ്പെടുത്തിയ നിരവധി മലയാളികളുടെ ചിന്തയും, രക്തവും വിയർപ്പുമുണ്ട്‌. കലാസമിതിയുടേയും, കൈരളിനിലയം വിദ്യാലയങ്ങളുടേയും അഭൂതപൂർവ്വമായ വളർച്ചാവികാസങ്ങളിൽ ഗണ്യ മായ സംഭാവന നല്കിയ വ്യക്തികളിൽ പ്രമുഖർ സർവ്വശ്രീ പി.ജി.സുരേന്ദ്രൻ, എം.എൻ.ജി.നമ്പൂതിരി,രാജഗോപാലമേനോൻ,എന്നിവരാണ്‌.
കലാ-സാംസ്ക്കാരികപ്രവർത്തനം



ബാംഗ്ളൂർ മലയാളികളുടെ സാംസ്ക്കാരികബോധത്തിൽ ഏഴു പതിറ്റാണ്ടുകളായി ഇടപെട്ടുക്കൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാനമാണ് ` കൈരളി കലാസമിതിക്കുള്ളത്‌. കേരളത്തിലെപ്പോലെത്തന്നെ ഗ്രന്ഥശാലയുടെ പ്രവർത്തനം തൂടക്കത്തിലേ ഉണ്ട്‌. ചെറുതും, വലുതുമായ മലയാളത്തിലേയും, ഇംഗ്ളീഷിലേയും പ്രസിദ്ധീകരണങ്ങളും സമ്പന്നമായ ഗ്രന്ഥശേഖരവും ഇവിടെയുണ്ട്‌. സാഹിത്യമൽസരങ്ങൾ, നാടകമൽസരങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സംഗീതനൃത്തപരിപാടികൾ തുടങ്ങി മറുനാട്ടിലും കേരളീയസംസ്ക്കാരത്തിന്റെ പ്രസാരണം ഈ കലാസമിതിയിലൂടെ നടന്നുവരുന്നുണ്ട്‌. പ്രശസ്ത ചിത്രകാരനായ യൂസഫ് അറയ്ക്കൽ, നോവലിസ്റ്റ് സുധാകരൻ രാമന്തളി,എന്നിവർ ഈ കലാസമിതിയിൽ തങ്ങളുടെ കലാപ്രവർത്തനങ്ങൾ അർപ്പണബോധത്തോടെ സമർപ്പിച്ചിട്ടുണ്ട്‌. കൈരളികലാസമിതി സ്ത്രീകളു ടെ പ്രവർത്തനങ്ങൾക്ക് ഊന്നൽ കോടുത്തുകൊണ്ട്‌ മഹിളാവേദി രൂപീകരിച്ചിട്ടുണ്ട്‌. ഓണോൽസവം, വനിതാദിനം മുതലായ പ്രതിവർഷ സാംസ്ക്കാരികോൽസവങ്ങൾ ആസൂത്രിതമായി,അവധാനതയോടേ നടത്തി വരുന്നു. കേന്ദ്രസാഹിത്യ അക്കാദമി, ബാംഗ്ളൂർകഥകളിക്ളബ്ബ്, ബാംഗ്ളൂർ കേരളസമാജം, ബാംഗ്ളൂർ മലയാളി  റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റു ഫോറം തുടങ്ങിയ സംഘടനകളു ടെ സഹകരണത്തോടെ ബൃഹത്തായ സാംസ്ക്കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. ജ്ഞാനപീഠജേതാക്കളായ ഓ.എൻ.വി,ചന്ദ്രശേഖരകമ്പാർ,യു.ആർ.അനന്തമൂർത്തി,സുഗതകുമാരി, പുനത്തിൽ കുഞ്ഞബ്ദുള്ള, ഡി.വിനയചന്ദ്രൻ, വിജയകൃഷ്ണൻ, കെ.ഇ.എൻ,ഡോ:ഗോവിന്ദവർമ്മ രാജ, പി.ടി.ഭാസ്ക്കരപ്പൊതുവാൾ,തുടങ്ങി നിരവധി പ്രഗല്ഭമതികളുടെ സാന്നിദ്ധ്യം ഇവിടത്തെ മലയാളിസദസ്സുകളെ  ധന്യമാക്കിയിട്ടുണ്ട്‌. ബാംഗ്ളൂരിലെ എഴുത്തുകാർക്കും, സാംസ്ക്കാരികപ്രവർത്തകർക്കും തങ്ങളുടെ ആത്മപ്രകാശനത്തിനും ഇത്തരം വേദികൾ തുറന്നുകൊടുത്തിട്ടുണ്ട്‌. “കൈരളി”യുടെ പ്രവർത്തനം ബാംഗ്ളൂർ മലയാളികൾ സശ്രദ്ധം വീക്ഷിക്കുന്നു.
നിരവധിയാളുകളുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ്  കൈരളികലാസമിതിയെ മലയാളികളു ടെ അഭിമാനകരമായ ഒരു സംഘടനയായി വളർത്തിയത്‌. അതിന്‌ ഒട്ടേറേ കഷ്ടതകളുടേയും, ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടേയും കഥകളുണ്ട്‌.
കൈരളി നിലയം സ്ക്കൂൾ

1952ൽ കൈരളികലാസമിതി പ്രവർത്തകർ എച്ച്.എ.എൽ ബാച്ചിലർ ക്വാർട്ടേഴ്സിലെ ഒരു ക്വാർട്ടറിൽ മലയാളം വിദ്യാലയം ആരംഭിച്ചു. ഒന്നാംക്ളാസ്സ് മുതൽ നാലാംക്ളാസ്സു വരെ മലയാളം മീഡിയവും  5മുതൽ 7വരെ ഇംഗ്ളീഷ് മീഡിയവും.1976ൽ ഹൈസ്ക്കൂളായി ഉയർന്നു.
പ്രീനഴ്സറി,നഴ്സറി തുടങ്ങി പത്താംക്ളാസ്സ് വരെ പ്രശസ്ത രീതിയിൽ പ്രവർത്തിക്കുന്നു. നഴ്സറിസ്ക്കൂൾ കർണ്ണാടക സർക്കാരിന്റെ എയ്ഡഡ് സ്ക്കൂൾ(കൈരളി നിലയം പ്രൈമറി സ്ക്കൂൾ,ഹൈസ്ക്കൂൾ)കൈരളി നിലയം സി.ബി.എസ്.ഇ സ്ക്കൂൾ, കൈരളി നിലയം സെന്ട്രൽൽ സ്ക്കൂൾ എന്നിങ്ങനെ 3സ്ക്കൂളുകൾ. കഴിഞ്ഞ ഒന്നര ദശാബ്ദമായി അഭൂതപൂർവമായ പുരോഗതിയാണ്‌ വിദ്യാലയത്തിനുണ്ടായത്‌. രണ്ടായിരാമാണ്ടിൽ കേവലം 450 വിദ്യാർത്ഥികളുണ്ടായിരുന്നെങ്കിൽ ഇന്നു മൂന്നു സ്ക്കൂളിലുമായി മൂവ്വായിരത്തോളം വിദ്യാർത്ഥികളും , നൂറ്റിയിരുപതോളം ജീവനക്കാരുമുള്ള ഒരു ബൃഹത് സ്ഥാപനമായി വികസിച്ചു കഴിഞ്ഞിരിക്കുന്നു.

പ്രത്യേകതകൾ

ആധുനിക സൌകര്യങ്ങളോടുകൂടിയുള്ള ലാബുകൾ,3 കമ്പ്യൂട്ടർ ലാബുകൾ

സ്മാർട്ട് ക്ളാസ്സുകൾ

പ്രപഞ്ചത്തിലെ വസ്തുതകളും , സംഭവങ്ങളും ചിത്രങ്ങളും ഡിജിറ്റൽ ക്യാമറയിലൂടെ ഒപ്പിയെടുത്ത് എല്ലാ ക്ളാസ്സുകളേ യും ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലൂടെ ദൃശ്യവല്ക്കരണം നടത്തുന്ന -ഡിജിറ്റൽ ലേണിംഗ് സമ്പ്രദായം.(30 ലക്ഷം രൂപ ചിലവഴിച്ച പദ്ധതി)

നൂറോളം മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പുകളും ,എൻഡോവ്മെന്റുകളും(പ്രശസ്തമായ കമ്പനികളു ടെ ധനസഹായം സ്വീകരിച്ചുകൊണ്ട്‌)

ചൈൽഡ് ഡവലപ്പ്മെന്റ് ഓഫീസർ

വിദ്യാർത്ഥികളു ടെ സ്വഭാവരൂപീകരണം, വ്യക്തിത്വവികസനം, എന്നിവയെ സഹായിക്കുവാൻ ഒരു മുഴുവൻ സമയകൌൺസിലർ

ഫസ്റ്റ് എയ്ഡ് സെന്റർ

പ്രാഥമിക ശുശ്രൂഷക്ക് വേണ്ടുന്ന ഔഷധസാമഗ്രികളും ,ഒരു മുഴുവൻ സമയ നഴ്സും.

ജലസംഭരണികൾ

മഴവെള്ളം ഉപയോഗപ്പെടുത്തി, ജല  ക്ഷാമപരിഹാരം.
കോർട്ടുകൾ
കായികപരിശീലനത്തിന്‌ അനുയോജ്യമായ കോർട്ടുകൾ

ഫീമാനേജ്മെന്റ് സോഫ്റ്റ്വെയർ

സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമവും,സുതാര്യവുമാക്കുന്ന കമ്പ്യൂട്ടർ സംവിധാനം.

ഉയർന്ന വിജയശതമാനം

95നും 97നും ഇടയിലുള്ള വിജയശതമാനം കഴിഞ്ഞ പതിനഞ്ചു വർഷമായി നിലനിർത്തുന്നു.

പുവർ ചിൽഡ്രൻ എഡ്യുക്കേഷൻ ഫണ്ട്‌

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ ഫീസിളവ് നല്കി സഹായിക്കുന്നു. കുറഞ്ഞത്‌ 7ലക്ഷം രൂപ പ്രതിവർഷം.

ഇന്റർനാഷണൽ നിലവാരം

വർഷം തോറും 95 ശതമാനത്തിൽ കുറയാത്ത വിജയവും, മറ്റു പ്രവർത്തനങ്ങളും ഇന്റർനാഷണൽ സ്ക്കൂളുകളുടെ നിലവാരം കൈവരിച്ചിരിക്കുന്നു.

സാമ്പത്തിക അച്ചടക്കം

കരാറുകളും , ഇടപാടുകളും സുതാര്യവും, മാനേജിംഗ് കമ്മിറ്റിയുടെ പൂർണ്ണയറിവോടു കൂടിയതും നിയന്ത്രണത്തോടും കൂടിയത്‌.

പ്ളസ് 2

പ്ളസ് 2 അടക്കം ഉന്നതവിദ്യാഭ്യാസ മേഖലയാണ് ` അടുത്ത ലക്ഷ്യം.

ഭരണസമിതി

കൈരളികലാസമിതിയുടെ തെരെഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്‌ വിദ്യാലയത്തേയും നയിക്കുന്നത്‌. കഴിഞ്ഞ ഒന്നര ദശാബ്ദമായി വർഷങ്ങളായി ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്‌ പ്രശസ്ത നോവലിസ്റ്റും, സാംസ്ക്കാരികനായകനും, വ്യവസായചിന്തകനുമായ ശ്രീ സുധാകരൻ രാമൻതളിയാണ്‌ പ്രസിഡണ്ടായി എൻ.എ.എസ് പെരിഞ്ഞനം സേവനമനുഷ്ഠിച്ചു. ഇപ്പോൾ സുധാകരൻ രാമൻതളി പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.അദ്ദേഹത്തിന്റെ ആത്മസമർപ്പണവും, ദീർഘവീക്ഷണവും കൈരളി കലാസമിതിയുടെ അഭൂതപൂർവമായ പുരോഗതിക്ക് ഗണ്യമായ സംഭാവനയായിട്ടുണ്ട്‌. വ്യവസായിയും, സാമൂഹ്യപ്രവർത്തകനുമായ ശ്രീ പി.കെ.സുധീഷ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാർത്ഥതയും, യുവത്വവും സമിതിക്ക് നേട്ടമാണ് . . ഭരണസമിതിയിലെ ഓരോ അംഗവും സത്യസന്ധവും ആത്മാർത്ഥവുമായി പ്രവർത്തിക്കുന്നതിനാൽ ഐക്യവും, കാര്യക്ഷമതയും സ്വാഭാവികമായി കൈവരിക്കുന്നു.മലയാളിയുടെ പെരുമയായ ഈ പ്രസ്ഥാനം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു.