അരങ്ങ്-16


പീ. വി ശ്രീവത്സന്‍

കലാമണ്ഡലത്തിൽ നിന്നു വിട്ടുപോന്നശേഷം തന്റെ കുടുംബഭാരമോർത്തിട്ടാകണം കുഞ്ചുനായർ കേരളം വിട്ടു. കഥകളി പഠിപ്പിച്ചുകൊണ്ട്‌ മറ്റു പല സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞു. കളിയുടെ കാലമായാൽ നാട്ടിലെത്തും. 

മംഗലാപുരം, വിജയനഗരം, കർണ്ണൂൽ,ഊട്ടി, ബാംഗ്ളൂർ,കോയമ്പത്തൂർ, മദിരാശി,കൊല്ക്കത്ത, ഹൈദരാബാദ്, ബോംബെ, ഡൽഹി മുതലായ നാനാദേശ ങ്ങളിലും, കേരളത്തിൽ തിരുവനന്തപുരം വരേയും പോയി. ഇവിടങ്ങളിലൊക്കെ പലരേയും പഠിപ്പിച്ചു. ചിലർക്ക് ഒരു വേഷം മാത്രം. ചിലർക്ക് കുറച്ചധികം. മറ്റു ചിലർക്ക് വിസ്തരിച്ച്‌. ഇതിനു പുറമേ പാറശ്ശീരി(കോങ്ങാട്) തൃശൂർ, തൂത, വാഴേങ്കട, എന്നിവിടങ്ങളിൽ വെച്ചും ചിലരെയെല്ലാം പഠിപ്പിച്ചു. ചില ഉത്തരേന്ത്യൻ ശിഷ്യന്മാർ ശരിക്കും ഗുരുകുല ക്ളിഷ്ടമായ രീതിയിൽത്തന്നെയായിരുന്നു അഭ്യസിച്ചത്‌. അഭ്യാസമില്ലാത്ത സമയത്ത് അവർ വീട്ടിലെ പണികളിൽ സഹായിക്കുകപോലും ചെയ്യുക പതിവായിരുന്നു. അതായത്‌ വിറകു വെട്ടുക, വെള്ളം കോരുക, തുടങ്ങിയ പണികൽ തന്നെ. ഹിമ്മത്ത്സിംഗ് എന്നൊരു പഞ്ചാബ് ശിഷ്യൻ നല്ല അധ്വാനശീലനായിരുന്നു.
വടക്കെ ഇന്ത്യക്കാരായിരുന്നു കൂടുതൽ ശിഷ്യന്മാരും. അക്കാലത്ത് ചിമ്മൻ ഷേട്ട്,ഛബിൽ ദാസ്,പ്രവീൺ കുമാർ, യോഗേന്ദ്ര ദേശായ്,(ഗുജറാത്തിലെ രാജ്കോട്ടിലെ ഒരു രാജാവിന്റെ മകൻ. ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യൻ റയില്വേ ഗ്രൂപ്പിന്റെ സ്ഥാപകനും, ഡയറക്ടറും,തൂതയിൽ വെച്ചായിരുന്നു അഭ്യസിപ്പിച്ചത്‌​‍ാമനുമോഡി, ശശികാന്ത്, കൃഷ്ണമൂർത്തി, പ്രസാദ് മല്ലിഘാട്,റാമ്രാവു, ശ്രീനിവാസ്, സോഹൻലാൽ, മനുകാന്ത് പട്ടേൽ, ദർബാർ യോഗേന്ദ്ര ദേശായ്, നവീൻ ദേശായ്, ശരത്കുമാർ, ഗോവർദൻ പഞ്ചാൽ, ധർമ്മസിംഗ്, പിനാകി, അരുൺ ടാഗോർ, നട്ടുവക്കാണീ, ഹിമ്മത്ത്സിംഗ്, നാഥുഭായ് പഹാഡ്, ചിമ്മൽ ആചാരി, ജാൻസിംഗ്, രത്നം, ശാന്താറാവു(സിനിമയിൽ നൃത്ത സംവിധായകനായി പിന്നീട് വീണ, നയന, കാന്താ ജാവേരി സിസ്റ്റേഴ്സ്, എന്ന പ്രസിദ്ധരായ മണിപ്പുരി ഡാൻസേഴ്സ്) കിമ്മോരി, നളിനി, ധീമതി, പിന്നെ പ്യുർഫൽ, ലൂയിസ്ലൈറ്റ്ഫുട്ട് തുടങ്ങിയ വിദേശവനിതകളും  കുഞ്ചുനായരുടെ കീഴിൽ പഠിച്ചവരായിരുന്നു.


കഥകളിയുടെ അലൌകികാനുഭൂതി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കേരളത്തിന്റെ പുറത്തെത്തിക്കുവാൻ അക്കാലത്തു തന്നെ ഒരു പരിധി വരെ ഇതുകൊണ്ടു സാധിച്ചുവെന്നത് അതിൽപ്പെട്ട ചില ശിഷ്യന്മാരുടെയെങ്കിലും പ്രവർത്തനമണ്ഡ ലം പരിശോധിച്ചാലറിയാം. അവരിൽ പലരും കുഞ്ചുനായരുമായുള്ള ബന്ധം ദീർഘകാലം നിലനിർത്തുകയും ചെയ്തിരുന്നു. ഇക്കാലത്തോടെ കേരളത്തിൽ , പ്രത്യേകിച്ചും മധ്യമലബാറിൽ ചില കളിസ്ഥലങ്ങളിൽ കുഞ്ചുനായരെന്ന യുവനടനോടും അയാളുടെ വേഷങ്ങളോടും ഒട്ടൊരു പ്രതിപത്തി പ്രകടിപ്പിക്കുന്ന ചില ചെറുപ്പക്കാരുടെ സംഘങ്ങളും ഉണ്ടായിവന്നു. കലാമണ്ഡലം കൃഷ്ണൻ നായരുടെ ആരേയും മയക്കുന്ന പൂതനാമോക്ഷത്തിലെ ‘ലളിതയും’ സാർവ്വത്രികമായി അരങ്ങുകളെ ഭരിച്ച കാലം കൂടിയായിരുന്നു അത്‌. കൃഷ്ണൻ നായരും പല ആചാര്യന്മാരിൽ നിന്നും പഠിച്ച്‌ കലാമണ്ഡലത്തിൽ നിന്ന്` പുരത്തുവന്ന അനുപമസിദ്ധിയുള്ള നടനായിരുന്നു. കുഞ്ചുനായരേക്കാൾ പ്രായം കൂറഞ്ഞ കൃഷ്ണൻ നായരും കളി യരങ്ങിലെ യുവസാന്നിധ്യമായിരുന്നു. അദ്ദേഹവും വിദ്യാർത്ഥിജീവിതത്തിന്റെ അവസാന കാലത്തായിരുന്നു വിവാഹിതനായത്‌. അതും ഒരു പ്രണയ വിവാഹം തന്നെ.

കുഞ്ചുനായരിലും, കൃഷ്ണൻ നായരിലും ജീവിതത്തിൽ പലേ പ്രകാരത്തിലുള്ള സമാനതകളും വ്യത്യസ്തതകളും കാണാം. സമകാലികരായിരുന്ന അവരുടെ ജീവിതകഥയിൽ നിന്നും, കഥകളിജീവിതത്തിൽ നിന്നു മനസ്സിലാക്കാം. രണ്ടുപേരും പ്രധാനമായും പച്ച വേഷങ്ങളിലും മിനുക്കിലുമായിരുന്നു ആധിപത്യം പുലർത്തിയത്‌. കൃഷ്ണൻ നായർ ഏറിയ കാലവും തെക്കും കുഞ്ചുനായർ ഏതാണ്ടു മുഴുവൻ കാലവും മധ്യമലബാറിലുമായിരുന്നു കഥകളിയുമായി കൂടുതൽ ഇണങ്ങിനിന്നത്‌.
കലാമണ്ഡലത്തിലെ രണ്ടാം അധ്യാപകനായിരുന്ന കാലത്ത് അവിസ്മരണീയമായ ഒരു സംഭവമുണ്ടായി. ഒരു പക്ഷേ, ജീവിതത്തിൽ പലേ കാര്യങ്ങളും, തീർത്തും അപ്രതീക്ഷിതങ്ങളാണല്ലൊ. അതുപോലെ ഒന്നെന്നു കരുതിയാൽ മതി.
കലാമണ്ഡലം കഥകളി സംഘവുമായി കൽക്കത്തയിൽ പോകാനുള്ള അവസരമുണ്ടായി. അവിടെച്ചെന്നപ്പോൾ ,കുറച്ചു ദൂരമുള്ള ബോൾപ്പൂർ എന്ന ഒരു സ്ഥലത്തേക്കും പോയി. ഇളങ്കാറ്റിൽ പ്പോലും രവീന്ദ്രസംഗീതത്തിന്റെ നേർത്ത ഈണങ്ങൾ .ബാവുൽ ഗായകരുടെ നാടോടിപ്പെരുമ,വിശ്വവിഖ്യാതമായ ശാന്തിനികേതനം.

വിശ്വകവീന്ദ്രനായ രവീന്ദ്രനാഥടാഗോറിനെ കാണാനും അദ്ദേഹത്തിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുവാനുമുള്ള മഹാഭാഗ്യമുണ്ടായി. അവിടെ ഒരു വേഷവും, ഏതെന്നോർമ്മയില്ല. ആ വേഷത്തേക്കാൾ മനസ്സിൽ നിറ പറ ചൊരിഞ്ഞത് മറ്റൊന്നായിരുന്നു.വെളുത്ത് പഞ്ഞിപോലുള്ള  നീണ്ട മുടിയുടേയും, നീളൻ താടിയുടേയുമിടയ്ക്കു തീക്ഷണഗോളങ്ങൾ! ലോകത്തെ നോക്കിക്കണ്ട , ആത്മാവിലേക്കിറങ്ങിച്ചെന്ന തിളങ്ങുന്ന കണ്ണുകൾ. അതിനേക്കാൾ ജ്വലിച്ച അകക്കണ്ണുകൾ ഒരു മഹാ ഋഷിയെപ്പോലെ ടാഗോർ. അതെ, അതൊരു പുണ്യമായിരുന്നു. വേഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹമായി ഒരു പുരസ്ക്കാരം. കീർത്തിമുദ്ര,ആദ്യമായി,അരങ്ങത്തു വെച്ചുകിട്ടുന്ന അംഗീകാരം.

പിന്നീട് കാലം കുറെ കഴിഞ്ഞപ്പോൾ ,നളചരിതം നാലാം ദിവസത്തെ കഥയ്ക്കും അദ്ദേഹത്തിന്റെ ‘ശ്യാമ’ എന്ന കാവ്യത്തിനും എവിടെയെല്ലാമോ ചില സാമ്യം തോന്നി. അദ്ദേഹത്തിന്റെ ‘ചിത്രാംഗദ’ എന്ന ആദ്യ നൃത്തനാടകം എൻ.വി.കൃഷ്ണവാര്യർ ആട്ടക്കഥയാക്കിയപ്പോൾ അതിൽ അർജ്ജുനനായി വേഷം കെട്ടി. മികച്ചൊരു ആട്ടക്കഥയായിട്ടായിരുന്നില്ല അത്‌. ഗുരുദേവന്റെയല്ലേ കൃതി! ആ ആദരവ്‌,ബഹുമാനം, ജീവിതം, മധുരോദാരം.