എഡിറ്റോറിയൽ


                    ഈ അവഗണന കേരളത്തിന്‌ പൊറുക്കാനാവുമോ?


ഉമ്മന്‍ ചാണ്ടി 
കേരളം തെക്കേ അറ്റത്തു കിടക്കുന്ന സംസ്ഥാനം. കേരളീയർ, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമായി ജീവിക്കുന്നവർ. അവർക്ക് ജന്മനാട്ടിലേക്ക് പോകാനും, വരാനും ഏറ്റവും ആശ്രയിക്കുന്നത്‌ ട്രെയിൻ തന്നെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യവസായ-വാണിജ്യ ഉപയോഗങ്ങൾ എത്തിക്കുന്നതിനും ട്രെയിൻ വേണം. കേരളത്തിനകത്ത്‌, പാതയിരട്ടിപ്പിക്കാൻ, റയില്‍പ്പാലനിർമ്മാണം, കോച്ച് ഫാക്ടറി നിർമ്മാണം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നു. മറുനാടൻ മലയാളികൾ ഓരോ റെയില്‍വേ   ബഡ്ജറ്റു വരുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു, പുതിയ ട്രെയിനുകൾക്കു വേണ്ടി. കേരളീയനായ എ.അഹമ്മദ് എന്ന ഒരു റെയില്‍വേ  സഹമന്ത്രിയുണ്ടായിരുന്ന കാലത്തുപോലും കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ വേണ്ടും വിധം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ റെയിൽവേ ബജറ്റ് പുറത്തുവന്നപോഴും നിരാശ തന്നെ ഫലം. കേരളീയജനതയുടെ തികച്ചും ന്യായമായ നിരവധി ആവശ്യങ്ങളാണ്‌ ഇത്തവണയും കേന്ദ്രറെയിൽവെ കാര്യമന്ത്രാലയം നിരാകരിച്ചിരിക്കുന്നത്‌.
എ.കെ. .ആന്റണി 

രണ്ടു കേന്ദ്രമന്ത്രിമാരടക്കം എട്ടു മന്ത്രിമാർ കേരളത്തിൽ നിന്ന്‌ കേന്ദ്രമന്ത്രി സഭയിലുള്ള കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും സുപ്രധാനമന്ത്രാലയമായ രാജ്യരക്ഷാവകുപ്പ് കയ്യാളുന്ന സാക്ഷാൽ എ .കെ.ആന്റണിയും, ആന്റണിയുടെ ഗുരുവായ വ്യോമയാനമന്ത്രാലയവും ,പ്രവാസകാര്യ മന്ത്രാലയവും ഭരിക്കുന്ന വയലാർ രവി മുതൽ കെ.സി.വേണുഗോപാൽ വരെ ഉണ്ടായിട്ടും റെയിൽവെ വകുപ്പിന്‌ കേരളത്തിന്റെ പ്രശ്നങ്ങൾ ഒരു പ്രശ്നമായില്ല. ഇവരെല്ലാം അവരവരുടെ സ്വന്തം വകുപ്പും നോക്കി സുഖിച്ചിരിക്കുകയാണെന്ന് ആരെങ്കിലും ആരോപിക്കുമോ? കേരളത്തിന്റെ കാര്യത്തിൽ ഇവർക്കാർക്കും യാതൊരു താല്പ്പര്യവുമില്ലേ? മറുനാടൻ മലയാളികളും  കേരളജനതയും അനുഭവിക്കുന്ന ദുരിതങ്ങൾ ഇവരിലൂടെയെങ്കിലും റെയിൽവേവകുപ്പിൽ എത്തിച്ചേരാനും ഫലപ്രദമായ പരിഹാരം കാണാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിലർത്ഥമില്ലേ?എല്ലാറ്റിനും “ഇല്ല” എന്നാണ്‌ ഉത്തരമെങ്കിൽ പിന്നെ ഇവരിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.
ഇ .അഹമ്മദ് 


കെ.സി .വേണുഗോപാല്‍ 
എം.പി. മാരും കേരളസർക്കാരും,കേരളത്തിലെ കേന്ദ്രമന്ത്രിമാരുമൊന്നും സമ്മർദ്ദം ചെലുത്തിയില്ലെങ്കിലും ,ഇന്ത്യാരാജ്യത്തിന്റെ ഒരു സംസ്ഥനമായ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അനുഭാവപൂർവം, പരിഗണിക്കപ്പെടേണ്ടതും, പരിഹരിക്കപ്പെടേണ്ടതുമാണ്‌.പ്രതിപക്ഷപാർട്ടികൾ സംസ്ഥാനം ഭരിക്കുന്ന സമയങ്ങളിൽ പോലും കേന്ദ്രം സങ്കുചിതസമീപനങ്ങൾക്കതീതമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യണമെന്നത്‌ ഫെഡറൽ സംവിധാനം നിലനില്ക്കുന്ന ഒരു രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്‌. റെയിൽവേ ബജറ്റ് തയ്യാറാക്കുന്നതിനു മുമ്പ്‌ .കേരളഗവർമ്മെണ്ടധികൃതർ, തങ്ങളുടെ ആവശ്യങ്ങൾ വേണ്ടും വിധം റെയിൽവെ മന്ത്രാലയത്തെ ധരിപ്പിച്ചില്ല എന്ന് കേരളത്തിലെ പ്രതിപക്ഷ എം.പി. മാർ കുറ്റപ്പെടുത്തുന്നു. അത്‌ സംസ്ഥാനസർക്കാരിന്റെ വീഴ്ച്ച.ഇവിടെ അതുമാത്രമല്ല പ്രശ്നം. എത്രയോകാലങ്ങളായി കേരളത്തിലേയും, മറുനാട്ടിലേയും, മലയാളികളനുഭവിക്കുന്ന റെയില്‍വേ  പ്രശ്നങ്ങൾ റയിൽവെ വകുപ്പിനറിയാഞ്ഞിട്ടൊന്നുമല്ല. ന്യായമായ ആവശ്യങ്ങൾ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ നടപ്പിലാവു എന്നതാണോ പുതിയ രാഷ്ട്രീയ മൂല്യബോധം? ഭരിക്കുന്നവർക്ക് ധാർമ്മികത എന്ന ഒന്നില്ലേ?ധാർമ്മികത ഇല്ലെങ്കിൽ പിന്നെ ഭരണകേന്ദ്രങ്ങളിൽ കയറിപ്പറ്റുന്നതിന്റെ പ്രേരണയെന്താണ്‌?
വയലാര്‍ രവി 
ഡീസലിന്റെ സബ്സിഡി നിർത്തലാക്കി 13രൂപ ലിറ്ററിന്‌ കൂടുതൽ കൊടുക്കേണ്ടി വരുന്ന അവസ്ഥയിൽ കെ.എസ്. ആർ.ടി.സി. മുന്നോട്ടു കൊണ്ടുപോകുന്നത്‌ ദുഷ്ക്കരമാണെന്ന്‌ വകുപ്പുമന്ത്രി ആര്യാടൻ മുഹമ്മദ്. എന്നാൽ കേരളത്തിന്‌ മാത്രം വേണ്ടി കേന്ദ്രനിലപാടിൽ മാറ്റം വരുത്താനാകില്ല എന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. കേരളത്തിൽ പ്രത്യേക സാഹചര്യങ്ങളുണ്ടെന്നും ,പ്രത്യേകമായി പരിഗണന അർഹിക്കുന്നുണ്ടെന്നും ,സ്വന്തം പാർട്ടിയെ ബോധ്യപ്പെടുത്താൻ കേരളത്തിലെ ഭരണകക്ഷിക്കും, സർക്കാരിനുംകഴിയേണ്ടതാണ്‌. ലക്ഷോപലക്ഷം ജനങ്ങൾ യാത്ര ചെയ്യുന്ന ട്രാൻസ്പോർട്ട് സർവീസിനെ “ഞെക്കിക്കൊല്ലുന്നത്‌” തടയേണ്ടതാണ്‌. 
വീരപ്പ മൊയ്ലി 

ദേശീയബോധം ഉൾക്കൊള്ളുന്ന  ഒരു ജനതയാണ്‌ കേരളത്തിലുള്ളത്‌. പ്രാദേശികവാദത്തിലേക്കും, വിഘടനാവാദത്തിലേക്കും കേരളം വഴുതിവീഴാത്തത്‌ ദേശീയവും, അന്തർദേശീയവുമായ മാനവീകതയിലൂന്നിയ രാഷ്ട്രീയബോധം കേരളീയരിൽ ആഴത്തിൽ വേരു പിടിച്ചതുകൊണ്ടാണ്‌. ഇത്തരത്തിലുള്ള അവഗണനകളും പക്ഷപാതപരമായ കേന്ദ്രനിലപാടുകളും  നിരന്തരമായി ഉണ്ടാവുകയാണെങ്കിൽ ,അസ്വസ്ഥതയും ,നിരാശതയും, ഈ പുരോഗമനസമീപനവുമുള്ള മലയാളിയിലേക്കും പടരും എന്ന് ഉത്തരവാദിത്വമുള്ളവർ തിരിച്ചറിയേണ്ടതാണ്‌. അസ്വസ്ഥരായ ജനതയുടെ വീർപ്പുമുട്ടലുകൾ അഗ്നിപർവതങ്ങളുടെ വിസ്ഫോടനമായി മാറാതിരിക്കാൻ ഭരണകൂടനേതൃത്വം ഗൌരവപൂർവം ശ്രദ്ധിക്കേണ്ടതാണ്‌ എന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു.