ജീവിത ഗന്ധിയായ കഥകൾ ഉണ്ടാകുന്നില്ല

മധു 


സിനിമയാക്കാൻ പറ്റിയ മികച്ച സാഹിത്യകൃതികൾ മലയാളസിനിമയിൽ ഇല്ലാതാകുന്നു. അതിനാൽ സിനിമകൾ മനസ്സിൽ തട്ടാതെയായി. ജീവിതഗന്ധിയായ കഥകൾ വേണം. അതു സിനിമക്കും നാടകത്തിനുമെല്ലാം പ്രയോജനപ്പെടും. ഹ്രസ്വചിത്രങ്ങളാക്കാൻ അഞ്ചു നല്ല കഥകൾ അന്വേഷിച്ചു നടക്കുകയാണ്‌ താൻ. ഒന്നും കിട്ടിയില്ല. ഇപ്പോഴത്തെ എഴുത്തിൽ “ഞാൻ” മാത്രമേയുള്ളു. സിനിമ വീടുകളുടെ ഡ്രോയിംഗ് റൂമിലേക്ക് എത്തിയിരിക്കുന്നു. അതിനു പറ്റിയ കഥകളാണ്‌ വേണ്ടത്‌.രാമു കാര്യാട്ടും, ശോഭനാപരമേശ്വരൻ നായരുമാണ്‌ തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നു തന്നത്‌. അതുകൊണ്ടു തന്നെ തൃശൂരുമായുള്ള സ്നേഹബന്ധം മറക്കാനാവില്ല. കൊച്ചുകുട്ടികൾ പോലും ചെമ്മീനിലെ പരീക്കുട്ടിയുടെ പേരിലാണ്  തന്നെ ഓർക്കുന്നത്‌. നൂറ്റൊന്നു ശതമാനം ശുദ്ധമായ സ്നേഹം ഒരു കഥാപാത്രത്തിൽ നിന്നു മാത്രമേ വന്നിട്ടുള്ളു. അതു പരീക്കുട്ടിയാണ്‌. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സ്നേഹം കറുത്തമ്മക്കു പോലും അവകാശപ്പെടാനാവില്ല. ആ ശുദ്ധമായ സ്നേഹമാണ്‌ തനിക്ക് മലയാളികളുടെ മനസ്സിൽ സ്ഥാനം നലകുന്നത് എന്ന് മധു പറഞ്ഞു.

സാഹിത്യ അക്കാദമി പുസ്തകോൽസവത്തിന്റെ ഭാഗമായി ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികാഘോഷത്തിന്റെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പത്രവാർത്ത