ഐക്യകേരളം


പി.കുഞ്ഞിരാമൻ നായർ 


പൂജ മുടങ്ങിക്കിടക്കുന്നിതൈശ്വര്യ-
ഭാജനമീഭൃഗുരാമക്ഷേത്രം
ഉദ്ഗളല്ബാഷ്പത്തോടബ്ധിത്തിരകള-
ഗ്ഗദ്ഗദകണ്ഠരായസ്വസ്ഥരായ്
ചിന്തയിൽമൂടിയ സഹ്യാചലത്തോടു
ചെന്നുണർത്തിക്കുന്നു വീണ്ടും വീണ്ടും
പൂജമുടങ്ങിക്കിടക്കുന്നിതൈശ്വര്യ
പൂർണ്ണമാമിഭൃഗുരാമക്ഷേത്രം
ഇന്നതിൽപൊൻമണി മാലാവിളക്കുക-
ളൊന്നൊന്നായ് വാടിക്കരിഞ്ഞുപോയി
ആമന്ദ്രശംഖൊലികേൾക്കാതെ പോകുന്നു
കാത്തുനിൽക്കുന്ന വിഭാതതാരം
കൂരിരുളിലവൾ തൻ-മൌനമുദ്രകൾ
പൊന്തുന്നു പാതിരാപ്പൂക്കളായി
എത്തുന്നില്ലെങ്ങുമവൾതന്റെ നന്ദന-
നൃത്തത്തിൻ പൊൻകാൽത്തളക്കിലുക്കം
പൊങ്ങും വിലാപമുൾത്തിങ്ങുന്നവളുടെ
സംസ്ക്കാരവീണതൻ തന്ത്രികളിൽ
വിങ്ങുന്നദാരിദ്ര്യ താപത്തിൻ ഭാരമായ്
തെങ്ങിന്റെ പച്ചക്കുടത്തണലും
ഇന്നതിൻ കണ്ണീരിലോളം തുളുമ്പിപ്പൂ
പമ്പാനദി തൻ കുളുർത്തകാറ്റും
പൂജമുടങ്ങിക്കിറ്റക്കുന്നിതൈശ്വര്യ-
ഭാജനമീ ഭൃഗുരാമക്ഷേത്രം
വെൺമുകിൽക്കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്ന
നിർമ്മലാകാശ ജലാശയവും
താരപ്പൂ ചൂടും മഞ്ഞാടചാർത്തിയും
ദൂരത്തുമിന്നുമാ മാമലയും
ഉൻമേഷത്തിൽ പച്ചപ്പാവാടയും ചുറ്റി-
യുല്ലസിച്ചീടുമപ്പാടങ്ങളും
കാനനച്ചോലയിൽ വീണവായിച്ചുകൊ-
ണ്ടാനന്ദിച്ചീടുമുൾനാടുകളും
നൂനം പ്രകൃതി തൻ കൈവിരുതത്രയും
കാണിപ്പൂ കേരളഖണ്ഡത്തിങ്കൽ
അത്തിരുവാതിരത്തൂവെണ്ണിലാവോടു
മൊത്ത്യേതോ ദേവസ്ത്രീപോലയല്ലേ?
സുന്ദരിയായൊരീ കേരളശ്രീയാളി-
ങാടുന്നിതാനന്ദപ്പൊന്നൂഞ്ഞാലിൽ
അന്നാടുമുക്കാലുമാണ്ടു കിടക്കുന്നി-
തിന്നലതള്ളും പെരുങ്കടലിൽ
ചുറ്റുമിപ്പാരതന്ത്ര്യത്തിരത്തള്ളലിൽ
മുങ്ങിക്കിടക്കും കിടപ്പിൽനിന്നും
വീണ്ടുമിക്കേരളം കേരളമായിട്ടു
പൊന്തിവരുന്ന സുദിനമെന്നോ!
അന്നോണമുണ്ണുക കേരളം മാത്രമ-
ല്ലൊന്നായിരിക്കുമിപ്പാരിടവും.