പൂന്താനത്തിന്റെ ജ്ഞാനപ്പാന


അല്ലത്തു ഉണ്ണിക്കൃഷ്ണൻ 



ഭക്തമഹാകവി പൂന്താനത്തേയും അദ്ദേഹത്തിന്റെ അതിവിശിഷ്ടമായ “ജ്ഞാനപ്പാന” എന്ന മഹത്കൃതിയെക്കുറിച്ചും കേൾക്കാത്ത മലയാളികൾ നന്നേ ചുരുങ്ങും. അതിഗഹനങ്ങളായ വേദാന്തസത്യങ്ങൾ സാധാരണക്കാർക്കു പോലും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ പച്ചമലയാളത്തിൽ ആവിഷ്ക്കരിച്ച അദ്ദേഹം 16 ആം നൂറ്റാണ്ടിൽ പെരിന്തല്മണ്ണയ്ക്ക് അടുത്തുള്ള അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപമുള്ള പൂന്താനം ഇല്ലത്താണ്‌ ജനിച്ചത്‌. സന്താനഗോപാലം പാന, ഭാഷാകർണ്ണാമൃതം, നാരായണീയസ്തോത്രങ്ങൾ, ദശാവതാരസ്തോത്രം,നൂറ്റെട്ടു ഹരി എന്നിവയാണ്‌ പൂന്താനത്തിന്റെ മറ്റു കൃതികൾ.

ജനഹൃദയത്തിൽ ജീവിക്കുന്ന പ്രിയങ്കരനായ ജനകീയ കവിയാണ്‌ പൂന്താനം. ലാളിത്യവും, മാധുര്യവും കലർന്ന അദ്ദേഹത്തിന്റെ വരികൾ കേട്ടുകൊണ്ടാണ്‌ പഴയ തലമുറയിലെ കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്നത്‌. ജ്ഞാനപ്പനയിലെ ഏതെങ്കിലും വരികൾ വല്ലപ്പോഴും ചൊല്ലാത്ത,എഴുത്തുകാരോ, രാഷ്ട്രീയക്കാരോ, സാമൂഹ്യപ്രവർത്തകരോ, കാർട്ടൂണിസ്റ്റുകളോ ഇല്ല തന്നെ. മലയാളിയുടെ മനസ്സിൽ അത്രക്ക് വേരു പിടിച്ചുപോയ വരികളാണ്‌ അവയിൽ പലതും.

ആറ്റുനോറ്റു പിറന്ന തന്റെ കുഞ്ഞ്, ആ കുഞ്ഞിന്റെ ചോറൂൺ ദിവസം തന്നെ മൃതിയടഞ്ഞപ്പോൾ ,സ്വാഭാവികമായും അതീവദുഃഖിതനായ പൂന്താനം,തന്റെ സങ്കടത്തെ ഒരു യോഗവിഷയമാക്കി മാറ്റുകയും മനുഷ്യജന്മത്തെക്കുറിച്ച് മനനം നടത്താൻ ശ്രമിക്കുകയും ചെയ്തു. തന്റെ സൂക്ഷ്മപഠനഫലങ്ങൾ മാനവരാശിക്കാകമാനം പ്രയോജനകരമാക്കാൻ ജ്ഞാനപ്പാനയിലൂടെ അദ്ദേഹത്തിനു സാധിച്ചു. അചഞ്ചലമായ ഭഗവദ്ഭക്തി ഏവർക്കും മനക്കരുത്തും ആശ്വാസവും നല്കുമെന്ന് അദ്ദേഹം ഉപദേശിച്ചു. 

ഉണ്ണിക്കൃഷ്ണന്‍  മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്“ എന്ന വരികളിലൂടെ സ്വയം ആശ്വാസം കണ്ടെത്തിയ അദ്ദേഹത്തിന്റെ പ്രപഞ്ചസത്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന വരികൾ അന്നും, ഇന്നും, എക്കാലത്തും പ്രസക്തമായി നിലകൊള്ളുന്നു.അക്കാലത്തെ സമുദായ പ്രമാണിമാരുടെ ദൌർബല്യങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിൽ പരിഹസിക്കാൻ അദ്ദേഹം ധൈര്യംകാണിച്ചു.സ്ഥാനമാനങ്ങൾചൊല്ലിക്കലഹിച്ചുനാണംകെട്ടുനടക്കുന്നവരേയും,വിഷയലമ്പടന്മാരേയും രേയും അദ്ദേഹം അപഹസിച്ചു. പട്ടിനും, വളയ്ക്കും വേണ്ടി കവിത എഴുതിയിരുന്ന ,ഇഷ്ടമില്ലാത്തതു പറഞ്ഞാൽ തല വെട്ടുമായിരുന്ന അക്കാലത്ത് നിർഭയമായി സമൂഹവിമർശനം നടത്തിയ പൂന്താനം മലയാളം കണ്ട വലിയ വിപ്ളവകാരിയാണെന്ന് ആർ.കെ.ദാമോദരൻ ഈയ്യിടെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. 

"പിറക്കുന്ന നേരത്തും, മരിക്കുന്ന നേരത്തും" ഒരിക്കലും ഒരുമിച്ച് വസിക്കാതിരിക്കുന്നവർ”മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു വെറുതെ മല്‍സരിക്കുന്നതെന്തിനാണ്‌“ എന്നു പൂന്താനം ചോദിക്കുന്നു. ”കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും. രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും, "മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" ഇത്തരം പ്രതിഭാസങ്ങൾ ഇന്നും നേരിൽ കാണുന്ന അവസ്ഥാവിശേഷങ്ങൾ തന്നെയല്ലേ?


മനുഷ്യമനസ്സിന്റെ ഒരിക്കലും അടങ്ങാത്ത ആശകളെക്കുറിച്ച് ”അർത്ഥമെത്ര വളരെയുണ്ടായാലും ,തൃപ്തി വരാ മനസ്സിന്നൊരു കാലം“പത്തു കിട്ടുകിൽ നൂറു മതിയെന്നും, ശതമാകിൽ സഹസ്രം മതിയെന്നും ഉള്ള വരികളിൽ വിവരിക്കുന്നു. പക്ഷേ, എത്ര കണ്ട്‌ പണമോ, സ്വത്തോ സമ്പാദിച്ചാലും”ചത്തുപോന്നേരം വസ്ത്രമതുപോലും“കൊണ്ടു പോകാൻ ആർക്കും കഴിയില്ലെന്ന പച്ചപരമാർത്ഥം അദ്ദേഹം ഓർമ്മിപ്പിക്കുന്നു.( ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിലെ ഒരു യതിവര്യനെ കണ്ടുമുട്ടിയ ശേഷം ,ഭാരതീയ ദാർശനികതയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കി,താൻ മരിക്കുമ്പോൾ ഈ ലോകത്തു നിന്നും താനൊന്നും കൊണ്ടുപോകുന്നില്ലെന്ന് മാലോകരെ മനസ്സിലാക്കിക്കാനായി തന്റെ ശവപ്പെട്ടിക്ക് പുറത്ത്‌ തന്റെ കൈകൾ രണ്ടും മറ്റുള്ളവർക്കു കാണാനായി ഇടണമെന്ന് അദ്ദേഹം നിർദ്ദേശം നല്കിയിരുന്നുവെന്ന കഥ ഇവിടെ ഓർമ്മിപ്പിക്കട്ടെ)തുലോം ക്ഷണികമായ ഈ ആയുഷ്ക്കാലം മുഴുവൻ ഓരോ  മോഹങ്ങൾ വെച്ചുപുലർത്തുന്നതിന്റെ വ്യർത്ഥതയെക്കുറിച്ച്”ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു “എന്ന വരിയിലൂടെ വ്യക്തമാക്കുന്നു. അനാവശ്യമായ ആഡംബരഭ്രമം കാണിക്കുന്ന, പൊങ്ങച്ചജീവിതം നയിക്കുന്ന പ്രമാണിമാർക്കെതിരെ അദ്ദേഹം എയ്ത പരിഹാസശരങ്ങൾ ഇന്നും കൂടുതൽ പ്രസക്തമായി നിലനില്ക്കുന്നു.

കർമ്മങ്ങൾക്ക് വിളനിലമാണ്  ഈ ഭൂമിയെന്നും ഇച്ഛിക്കുന്നതൊക്കെ ഏവർക്കും കൊടുക്കുന്ന വിശ്വമാതാവാണ്  ഭൂമിദേവിയെന്നും പൂന്താനം വിളംബരം ചെയ്യുന്നുണ്ട്‌. വിഷ്ണുപത്നിയായ ഭൂമിദേവിയെ“പാദസ്പർശം ക്ഷമസ്വമേ” എന്നു ചൊല്ലിക്കൊണ്ട് കൈ തൊട്ട് തലയിൽ വെച്ച് പ്രണമിച്ചുകൊണ്ടാണ്‌ ഉണർന്നെഴുന്നേല്ക്കണ്ടതെന്ന് നമ്മിൽ പലരും പഠിച്ചിട്ടുണ്ടല്ലൊ.യുഗം നാലിലും നല്ലത് കലിയുഗമാണെന്നും കലികാലത്തെ ഭാരതഭൂഖണ്ഡമാണ്‌ ഏറ്റവും നല്ല ഭൂപ്രദേശമെന്നും,ഇവിടെ ഒരു പുല്ലായെങ്കിലും ജനിക്കാനുള്ള യോഗ്യത വരുത്തേണമേ എന്നും പൂന്താനം പ്രാർത്ഥിക്കുന്നുണ്ട്‌. (ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണം അന്തഃരംഗം എന്ന് വള്ളത്തോൾ പാടിയിട്ടുണ്ടല്ലൊ)നമ്മുടെ ഭാരതഭൂമി ഒരു പുണ്യഭൂമിയാണ്‌. കർമ്മഭൂമിയുമാണ്‌. )

കൃതയുഗത്തിൽ ഈശ്വരധ്യാനം നടത്തിയാലും,ത്രേതായുഗത്തിൽ യാഗം ചെയ്താലും ,ദ്വാപരയുഗത്തിൽ ഹോമം ചെയ്താലും ലഭിക്കുന്ന ഫലം കലിയുഗത്തിൽ നാമസങ്കീർത്തനം കൊണ്ട്   സിദ്ധിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നു. മോക്ഷം ലഭിക്കാൻ എന്തെളുപ്പമാർഗ്ഗം അല്ലേ?പൂന്താനം ഇക്കാര്യം ജ്ഞാനപ്പാനയിൽ തുടക്കത്തിലും, ഒടുക്കത്തിലും പറയുന്നുണ്ട്‌.“തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ”എന്നു ആദ്യവരികളിലും “ആമോദം പൂണ്ട് ചൊല്ലുവിൻ നാമങ്ങൾ ആനന്ദം പൂണ്ട് ബ്രഹ്മത്തിൽ ചേരുവാൻ” എന്ന് അവസാനവും ആഹ്വാനം ചെയ്യുന്നു. നാമസങ്കീർത്തനഭക്തി വൈരാഗ്യവും,ജ്ഞാനവും നേടിത്തരുമെന്നതിനാൽ ഏറ്റവും നല്ല മുക്തിമാർഗ്ഗം അതുതന്നെയാണ്‌. പൂന്താനത്തിന്റെ അടിയുറച്ച ഭക്തിയാണ്‌, പണ്ഡിതനായ മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ തനിക്കിഷ്ടമെന്ന് ശ്രീഗുരുവായൂരപ്പൻ അരുളിചെയ്തിട്ടുണ്ടെന്ന കഥ പ്രസിദ്ധമാണല്ലൊ. മാനസികസംഘർഷമില്ലാതെ മനസ്സമാധാനത്തോടെ,ഈശ്വരൻ മനസ്സറിഞ്ഞ് തരുന്നതിൽ പൂർണ്ണ സംതൃപ്തിയോടെ ജീവിതം നയിക്കാൻ നിരന്തരമായ നാമജപം ആരേയും സഹായിക്കും. പൂന്താനത്തിന്റെ വരികൾ നല്ല ജീവിതം നയിക്കാൻ നമുക്കേവർക്കും പ്രചോദനം നല്കുന്നവയാണ്‌.