നിശ്ശബ്ദ ജീവിതങ്ങൾ

ഉഷശര്‍മ്മ 


ഉന്നതവിദ്യാഭ്യാസമോ,കൂടിയ ബാങ്കുബാലൻസോ അതിരു കവിഞ്ഞ ആത്മവിശ്വാസമോ ഉള്ള പ്രവാസികൾക്ക് എവിടേയും സ്വർഗ്ഗമാണ്‌.ഉയരുന്ന ജീവിതചിലവുകളൊ തകരുന്ന ജീവിതമൂല്യങ്ങളൊ അവരെ സാരമായി ബാധിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അവരിൽ പലർക്കും വല്ലപ്പോഴും പോകുന്ന കറന്റിനെക്കുറിച്ചോ,വൈകിവരുന്ന വൃത്തിയില്ലാത്ത ജോലിക്കാരിയെക്കുറിച്ചോ ,കുഞ്ഞുങ്ങളെ സ്ക്കൂളിൽ വിടുമ്പോൾ അശ്രദ്ധമായി ഓടിച്ച് കാറിന്റെ പെയിന്റ്‌ കളഞ്ഞ ഡ്രൈവറിന്റെ വിവരക്കേടിനെക്കുറിച്ചോ, നിലവാരമില്ലാത്ത ഏതെങ്കിലും പുതിയ സിനിമകളെക്കുറിച്ചോ മാത്രമേ കാര്യമായി കുറ്റം പറയാൻ കാണു. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർ!

ഇതിൽ നിന്നും തികച്ചും വിഭിന്നമായ ഒരു സമൂഹമുണ്ടിവിടെ. തുച്ഛമായ വരുമാനം കൊണ്ട് ജീവിതം ഉന്തിത്തള്ളിനീക്കാൻ കഷ്ടപ്പെടുന്നവർ. ദാരിദ്ര്യവും, കഷ്ടപ്പാടും ആത്മവിശ്വാസക്കുറവും മാത്രം കൈമുതലായവർ. കുറേ വീട്ടുജോലിക്കാർ. ഞാൻ താമസിക്കുന്നതുൾപ്പെടെ,1200ലധികം ഫ്ളാറ്റുകളുള്ള സ്ഥലത്ത് ഇങ്ങിനെയുള്ള വീട്ടുജോലിക്കാരികളെ ഒരു പാടു പേരെ യാതൊരു ക്ഷാമവുമില്ലാതെ കാണാം. രാവിലെ 6മണിമുതൽ ഒരു ഫ്ലാറ്റിൽ നിന്നും മറ്റൊരു ഫ്ളാറ്റിലേക്ക് ജോലി തീർക്കാൻ നെട്ടോട്ടമോടുന്നവർ. വീട്ടുകാരുടെ വഴക്കു കേൾക്കാൻ മാത്രം ജനിച്ച ജൻമങ്ങൾ. വീട്ടുജോലിക്കാരികൾക്കും ഒരു വ്യക്തിത്വമുണ്ടെന്നും ഒരു മനസ്സുണ്ടെന്നും മനസ്സിലാകാതെ കൊട്ടാൻ കിട്ടിയ ചെണ്ടക്കിട്ട് ആവശ്യത്തിനും അനാവശ്യത്തിനും അടിക്കുന്ന കൊച്ചമ്മമാരുടെ ധാർഷ്ട്യങ്ങൾ.മിണ്ടിയാൽ ജോലി പോവുമോ എന്നു ഭയന്ന് നിശ്ശബ്ദം ജോലി ചെയ്യേണ്ടിവരുന്ന പാവം മനുഷ്യജൻമങ്ങൾ.എന്റെ വീട്ടിലും ഒരു കിഴക്കേ ഇന്ത്യക്കാരി (ബംഗാളി)ജോലി ചെയ്തിരുന്നു. പേര്‌ ലൈല(സാങ്കല്പ്പിക പേര്‌)വെറും രണ്ടാം ക്ളാസ്സ് വിദ്യാഭ്യാസം,സമയം നോക്കാനും.പണം കണക്കുക്കൂട്ടാനും ,ഖുറാൻ വായിക്കാനും മാത്രമറിയാവുന്ന ഒരു സാധു. ഒരിക്കലും അവൾ ചിരിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല. ഭയന്നു മാത്രം ശീലിച്ചതിനാലാണോ എന്നറിയില്ല.പ്രായം 23. നമ്മൾ മലയാളികൾ പെൺമക്കളെ കല്യാണം കഴിച്ചു വിടാനാലോചിക്കുന്ന പ്രായം. അപ്പോഴേക്കും അവൾക്ക് അഞ്ചുവയസായ മകനുണ്ട്‌. ഭർത്താവിന്‌ കാര്യമായ വിദ്യാഭ്യാസമോ ,ജോലിയോ ,വരുമാനമോ ഇല്ല. കുറേ നാൾ ഡൽഹിയിലും, ബോംബെയിലും പച്ചക്കറി വില്പ്പനയായി നടന്ന് അതിൽ പച്ച പിടിക്കാത്തതിനാൽ,ഒരു കരാറുകാരന്റെ കീഴിൽ പെയിന്റിംഗ്പണിയായി ബാംഗ്ളൂർക്കു വന്നു. ഒരു വർഷമേ ആവുന്നുള്ളു വന്നിട്ട്‌. മാസത്തിൽ പത്തുദിവസത്തിലധികം ജോലിയില്ല. ബാക്കി ദിവസങ്ങളിൽ പ്രാരാബ്ധവും,മുൻകോപവും വഴക്കുമായി വീട്ടിലിരിക്കും. അവസാനം ലൈല തന്നെ വീട്ടുജോലി കണ്ടു പിടിച്ചു. മൂന്നു ഫ്ളാറ്റുകളിൽ. അതിലൊന്ന് എന്റെ വീടും. ഭർത്താവു ജോലിക്കു പോയാൽ ലൈലക്കു അഞ്ചുവയസ്സായ മോന്‍  ആസിഫിനെ കുടിയിൽ തനിയെ വിട്ടിട്ടു വരണം. ജോലി ഫ്ളാറ്റുകളിലായതിനാൽ ,മകനെകൂടെകൊണ്ടുപോകാൻ സെക്യൂരിറ്റി അനുവദിക്കുകയുമില്ല. കല്യാണം കഴിഞ്ഞ് ഇത്രയും വർഷങ്ങളായി,ഇതുവരെ നാട്ടിലെ വീട്ടിലേക്ക് ഒന്നു പോയിട്ടില്ല. അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും ഓർമ്മയായിത്തീർന്നു. അവരെയെല്ലാം കാണാൻ കൊതിയാവുന്നു എന്നു പറഞ്ഞ്‌ സങ്കടപ്പെടുന്നതു കാണാം. ചിലപ്പോള്‍  ആരെല്ലാം ജീവിച്ചിരിപ്പുണ്ട്‌ എന്നു പോലും അന്യോന്യം അറിയാത്ത അവസ്ഥ.ഈ ശമ്പളം കൊണ്ട് മൂന്നുപേരുടെ ജീവിതച്ചിലവുകൾ,കൊച്ചുകൂരയുടെ വാടക ,പിന്നെ കുഞ്ഞിന്റെ കുഞ്ഞസുഖങ്ങൾക്കുള്ള മരുന്നിന്റെ ചിലവുകൾ!അവന്റെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ വല്ലപ്പോഴുമെങ്കിലും നടത്തിക്കൊടുക്കണം. അക്കൂട്ടത്തിൽ നാട്ടിലേക്കുള്ള യാത്രാചിലവുകൾക്കൊന്നും കാശ് തികയില്ല. വിളിക്കാൻ നാട്ടിലെ വീട്ടിലന്ന് ഫോൺ ഇല്ലായിരുന്നു. ഇന്നിപ്പോൾ അതുണ്ടോയെന്നുമറിയില്ല എന്നാണ്  ലൈല പറയുന്നത്‌. എഴുത്തെഴുതാനറിയുകയുമില്ല.

ചില ഫ്ളാറ്റിലുള്ളവർ വിനോദയാത്രക്കോ മറ്റെവിടേയെങ്കിലും പോവുകയാണെങ്കിൽ ലൈലയെപ്പോലുള്ളവരോട് പറഞ്ഞിട്ടു പോവുകയില്ല. ദിവസവും അവരുടെ വീടുകളിൽ പലപ്രാവശ്യം തിരിച്ചെത്തിയോ എന്നു പോയി നോക്കണം. അതാണ് ` വീട്ടുടമസ്ഥരുടെ ഉത്തരവ്. ജോലി ചെയ്യാത്ത ദിവസങ്ങളിലെ പൈസ ചിലർ കൊടുക്കില്ല. ജോലി ചെയ്തില്ലല്ലോ എന്നാണവരുടെ വാദം. അതിപ്പോള്‍  വീട്ടുകാരുടെ അസാന്നിദ്ധ്യം കാരണമായാലും ജോലിക്കാരികളുടെ അനാരോഗ്യം മൂലമായാലും ശമ്പളം കുറയ്ക്കും. പ്രതീക്ഷിക്കുന്ന ശമ്പളം പോലും കിട്ടാതെ വരുമ്പോഴുള്ള അവരുടെ നിരാശകുറച്ചൊന്നുമല്ല. ഏതെങ്കിലും വീട്ടുകാർക്ക് എന്തെങ്കിലും അതൃപ്തി തോന്നിയാൽ അടുത്ത ദിവസം മുതൽ ആ വീട്ടിലെ ജോലി നഷ്ടമാകും. നിന്ദിതരും പീഡിതരും ആയ ഇക്കൂട്ടരെപ്പോലുള്ള പ്രവാസികൾ ഇവിടെ ഒരു പാടു പേരുണ്ട്‌.

പറിച്ചുനടലുകൾ കൊണ്ട്‌ വേരുറപ്പിക്കാനാകാത്തവർ, റേഷൻ കാർഡോ, സർക്കാർ സൌജന്യങ്ങളൊ, ആനുകൂല്യങ്ങളൊ ഇല്ലാത്തവർ, വോട്ടവകാശം ഇല്ലാത്തതുകൊണ്ട്‌ അവർക്കു വേണ്ടി വാദിക്കാനോ, ശബ്ദമുയർത്താനോ രാഷ്ട്രീയക്കാരോ,ജനപ്രതിനിധികളോ ഇല്ലാത്തവർ!ആരുടേയും പരിഗണനക്ക് ഒരു തരത്തിലും അർഹരല്ലാത്തവർ. പുറം ലോകത്തിന്റെ കാപട്യങ്ങളോ അവിടെ ദിനം പ്രതി എന്തൊക്കെ സംഭവിക്കുന്നുവെന്നോ ബോധവതികളാവാൻ സമയം കിട്ടാത്തവർ. സ്വന്തം കഷ്ടപ്പാടുകളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടി വന്ന കുറേ ‘അനാഥ ജന്മങ്ങൾ’ എന്നു പറയുന്നതാവും ശരി. കേരളത്തിൽ സാക്ഷരതയുള്ളതുകൊണ്ടാവും അവിടെയുള്ളവർ കുറച്ചെങ്കിലും സമൂഹത്തിലെ കാര്യങ്ങളെക്കുറിച്ചറിവുള്ളവരാണ്‌. ലൈലയെപ്പോലുള്ള പ്രവാസികളു ടെ സ്ഥിതി ഇവിടെ അതല്ല. ഒന്നും ആരോടും പറയാനറിയില്ല. കൂട്ടായ്മയിലൂടെ പ്രവർത്തിക്കാനുള്ള സമയക്കുറവും അറിവില്ലായ്മയും അധൈര്യവുമാവാം മുഖ്യപ്രശ്നങ്ങൾ. ആസാമിലെ പ്രശ്നങ്ങൾ പറഞ്ഞ് ഒരു പാടു പേർ പലായാനം ചെയ്ത കൂട്ടത്തിൽ ലൈലയും,കുടുംബവും യാത്ര പറഞ്ഞുപോയി. ഇനി കാണുമോ എന്നറിയില്ല. എങ്കിലും ഞാനോർക്കും എന്നു മാത്രമാണവൾ പറഞ്ഞത്‌. ജനിച്ചുപോയതുകൊണ്ടും മരണം വരെ ജീവിക്കേണ്ടതുകൊണ്ടും എവിടെയെങ്കിലും പുതിയ താവളം കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാവും പാവങ്ങൾ ഇപ്പോൾ.......!