മറുനാട്ടിലെ ഓണം


ആർ.വി.ആചാരി 


പോയ നൂറ്റാണ്ടിലെ അറുപത്തിനാലു മുതൽ മറുനാട്ടിൽ ഓണം ഉണ്ട ഒരാളെന്ന നിലയിൽ ചിലതെല്ലാം ഇവിടെ കുറിച്ചിടാമെന്നു തോന്നി.ഇതിനിടയിൽ അഞ്ചു തവണ നാട്ടിലും ഓണമുണ്ടു. അപ്പോഴാണ്‌ നാട്ടിലെ ഓണത്തിന്‌ എല്ലാ മതസ്ഥരുടേയും പങ്കാളിത്തത്തോടേ ഒരു ദേശീയോൽസവത്തിന്റെ രൂപവും, ഭാവവും കൈവരികയും അതുതന്നെ ഏറിയേറി വരുന്നതും ബോധ്യമായത്‌. ഇത് മറുനാട്ടിലെ ഓണത്തിന്റെ അനുകരണമാണ്‌ എന്നഭിപ്രായമില്ല. എന്നിരുന്നാലും ഇതെത്രയോ മുമ്പു തന്നെ മറുനാട്ടിലെ മലയാളികൾ നടപ്പാക്കിയിരിക്കുന്നു. ആ അനുഭവം ചുരുക്കിപ്പറയാം.


അറുപത്തിമൂന്നിലാണ്‌ ഞാൻ അന്നത്തെ ബീഹാറിന്റെ വേനൽക്കാലതലസ്ഥാനമായ റാഞ്ചിയിലെത്തുന്നത്‌. ഇന്നത്‌ ത്ധാർഘണ്ഡിന്റെ തലസ്ഥാനമാണ്‌. ഓണത്തിന്‌ ഒരു മാസം മുമ്പേ ഓണ പരിപാടികൾ തുടങ്ങുകയായി. ചീട്ടുകളി , ചെസ്സ്, കാരംസ്തുടങ്ങിയ ഇൻഡോർ കളികൾ,നാടക പരിശീലനങ്ങൾ, വാരാന്ത്യങ്ങൾ തിരക്കിട്ടതാകുന്നു. ഇതിലെല്ലാം എല്ലാ മലയാളികളും പങ്കെടുക്കുന്നു. മത ജാതി ഭേദമെന്യേ എന്നു പ്രത്യേകം പറയുന്നില്ല. അതങ്ങിനെ ആയിരുന്നു. ഒരു പുതിയ അനുഭവം,നാട്ടിലെ ഓണാഘോഷം ജാതി തിരിച്ചായിരുന്നു. ഞങ്ങളുടെ ശാസ്താംകോട്ടയിലെ പള്ളിശ്ശേരിയിൽ നായർസ്ത്രീകളുടെ തിരുവാതിര തറയിലെ മാധവൻ പിള്ളയുടെ വീട്ടിലും, വിശ്വകർമ്മ-ഈഴവ സ്ത്രീകളുടെ കുമ്മിയും, പെണ്ണുവെച്ചുമാറ്റിക്കളിയും, മറ്റും ഞങ്ങളുടെ വീട്ടിലുമായിരുന്നു.പറയരു കളി തലപ്പുലയന്റെ വീട്ടിലും, ഞങ്ങളുടെ അയൽ വാസികളായ പട്ടികജാതി സ്ത്രീകൾ അവരുടേതായ ആഘോഷം കഴിഞ്ഞ്‌ ഞങ്ങളുടെ വീട്ടിൽ വരും. അല്പ്പം ദൂരെ നിന്ന് കളി  കാണും. അവർ കളികളിൽ പങ്കെടുത്തിരുന്നില്ല. തീണ്ടൽ പോയെങ്കിലും നില്പ്പിനൊരകലം ഉണ്ടായിരുന്നു. പെണ്ണു  ചോദിച്ചുള്ള ‘അസകൊസലേ നല്ല പെണ്ണുണ്ടോ കോശാലും പെണ്ണുണ്ടോ“...... എന്ന ചോദ്യവുമായി ഏഴോ ഒൻപതോ പെണ്ണുങ്ങൾ ഒരു നിരയായി കോർത്തുപിടിച്ച കൈകൾ നീട്ടിവീശി  മുന്നോട്ടും അതിനുശേഷം പിന്നോട്ടും അവസാനത്തിൽ ബലപ്രയോഗത്തിലൂടെ പെണ്ണിനെ തട്ടിക്കൊണ്ടുപോകുന്ന മനോഹരമായ ദൃശ്യവിരുന്നു കാണാൻ നായർസ്ത്രീകളു മെത്തുമായിരുന്നു ഞങ്ങടെ വീട്ടിൽ. അവർക്കു പക്ഷേ തിണ്ണയിൽ തടുക്കു കൊടുക്കുമായിരുന്നു. ഈ പെണ്ണുവെച്ചെടുപ്പിന്റെ പാട്ടിലൂടെ പെണ്ണിനെ  കിട്ടാൻ അങ്ങോട്ടു പൊന്നും പണവും നല്കിയിരുന്നുവെന്നും മനസ്സിലാക്കിയിരുന്നു.  ആണുങ്ങളുടെ ഒത്തുകൂടലും ഈ ജാതി തിരിഞ്ഞുള്ള വിധമായിരുന്നു. 

ഇനി ഓണപ്രസിദ്ധമായ സദ്യയുടേയും, പുടവയുടെയും കാര്യം. ഇതു കൃത്യമായി മനസ്സിൽ പതിഞ്ഞുപോയതാണ്‌. ഞങ്ങളുടെ തെക്കേതിലെ വെളുമ്പനെന്നു പേരുള്ള  കറുത്ത തലപ്പുലയൻ ഒരു തിരുവോണത്തിന്‌ കാലത്തു വീട്ടിൽ വന്നു. ആ ദുഃഖമുഖം ഓർമ്മയുണ്ട്‌. അയാളുമായി സംസാരിച്ചശേഷം അപ്പൻ വീട്ടിനകത്തു ചെന്ന് ഓണസദ്യക്കുള്ള പച്ചക്കറിക
ളും എണ്ണയും മറ്റും എടുത്തുകൊണ്ടുവന്നുകൊടുത്തു. അതുമായി മടങ്ങിയപ്പോൾ തിരികെ വിളിച്ച് കുറച്ചു കാശും കൊടുത്തു. ഇതുകൊണ്ട്‌ പോരാത്തതൊപ്പിക്കു എന്നൊരു നിർദ്ദേശവും. തലപ്പുലയനെന്തു പറ്റി. പോയ വർഷങ്ങളിലെപ്പോലെ തിരുവോണത്തിന്‌ കുടിയിടത്തിലെ മത്തങ്ങ ജന്മിക്കു കാഴ്ച്ച വെച്ചു. എന്നാൽ നെല്ലുമാത്രമേ നല്കിയുള്ളു. കൃഷി മേനി കുറഞ്ഞതിനാൽ അവരും ബുദ്ധിമുട്ടിലാണത്രെ. ഞാൻ പലപ്പോഴും ഉണരാറുള്ളത് വെളുപ്പിനു മുൻപുള്ള ഈ തലപ്പുലയന്റെ ജോലിക്കിറങ്ങാനുള്ള കൂക്കുവിളി കേട്ടാണ്‌. ആ ജോലിക്കെല്ലാമുള്ള കൂലിയായിരുന്നല്ലോ ഈ ഓണക്കാഴ്ച്ചക്കു തമ്പ്രാക്കൾ കനിഞ്ഞു നല്കുന്ന കോപ്പുകൾ.

എട്ടു വർഷത്തിനു ശേഷമുള്ള  ഓണത്തിനു ചെന്നപ്പോഴാണ്‌ നായർസ്ത്രീകളും മറ്റുള്ളവരുടെ കൂടെ’കൊസകൊസലത്തിൽ‘ പങ്കെടുക്കുന്നത് ആദ്യമായി കണ്ടത്‌. വാസ്തവത്തിൽ ഇതു മറുനാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന ഒരു ജാതീതരകാഴ്ച്ച ആയാണ്‌ എനിക്കു തോന്നിയത്‌. ഈ കാലത്തിനിടയിൽ ആയിരുന്നല്ലൊ സർക്കാർ ഓണത്തെ ദേശീയോൽസവമായി പ്രഖ്യാപിച്ചതും, സർക്കാർ ചെലവിൽ ഓണാഘോഷങ്ങൾ നടത്താൻ തുടങ്ങിയതും. ഓണസദ്യവട്ടങ്ങൾ മുസ്ളീം-കൃസ്ത്യൻ കുടുംബങ്ങളിലും ഇക്കാലത്താണ് ` പകരാൻ തുടങ്ങിയത്‌. എഞ്ചിനീയറിംഗ് കോളേജിൽ നിന്നു എന്റെ കൂടെ വീട്ടിൽ വന്ന് ഓണമുണ്ട നൈനാൻ പിന്നൊരവസരത്തിൽ തന്റെ കുടുംബം വിട്ടിട്ടോരോണമില്ല. സദ്യയും, പായസവും ഇപ്പം അമ്മച്ചിയുണ്ടാക്കും എന്നു പറഞ്ഞ്ത്‌ ജാതി-ജന്മി- നാടുവാഴിത്ത  അനുഷ്ഠാനത്തിൽ പിന്നീടങ്ങോട്ടു വന്ന മാറ്റമാണ്‌. ഈയൊരു മാറ്റം ഓണത്തെ കേരളത്തിന്റെ ദേശീയോൽസവമാക്കി.പോയ നൂറ്റാണ്ടിലെ എഴുപതുകളി ൽ മറുനാടൻ മലയാളിക്കൊപ്പം കേരളം നടന്നടുക്കുകയായിരുന്നു എന്നാണെനിക്കു തോന്നിയത്‌.

എന്നാൽ മറുനാട്ടി ലെ ആഘോഷത്തിന്‌ ഒരു തിരിച്ചുപോക്കായിരുന്നു എൺപതുകളിൽ എനിക്കനുഭവപ്പെട്ടത്‌. അപ്പോഴേക്കും ഞാൻ ബെംഗ്ളൂരിലെത്തുകയും ഇവിടത്തെ ഒരു പുരോഗമനസംഘടനയിൽ സജീവമാകുകയും ചെയ്തിരുന്നു. ഈ സംഘടന ഓണോൽസവം നടത്തിയിരുന്നില്ല. ബെംഗ്ളൂരുവിൽ ഓണം ആഘോഷിക്കാനായി സംഘടനകളും ഉണ്ടായി. പലതും ജാതിസംഘടനകൾ ആയിരുന്നു. ഈ സംഘടനകളും ആഘോഷങ്ങളിൽ ‘മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന പാട്ട് പാടിയിരുന്നു, ആസ്വദിച്ചിരുന്നു. ഞങ്ങൾ തുടക്കം കുറിച്ചതും പിന്നീടു തഴച്ചുവളർന്നതുമായ സ്ക്കൂളിന്റെ രജതജൂബിലി കെട്ടിടത്തിന്‌ തറക്കല്ലിടാനും, ആഘോഷത്തിൽ പങ്കു കോള്ളാനും തൊണ്ണൂറ്റാറിൽ റാഞ്ചിയിൽ പോയിരുന്നു.ബെംഗ്ളൂരിലെ ജാതിക്കാഴ്ച്ച അവിടേയും ഏറെക്കുറെ ദൃശ്യമായിത്തുടങ്ങിയിരുന്നു. പല സഹപ്രവർത്തകരുടേയും ജാതി ഈ പോക്കിലാണ്‌ എനിക്കു മനസ്സിലാക്കാൻ സാധിച്ചത്‌. പ്രഭാകരനും, നാരായണനും ഇപ്പോള്‍  എൻ.എസ്.എസ്സിലെ അംഗങ്ങളാണ്‌. ബെംഗ്ളൂരിലെ മാറ്റം കാലം വരുത്തിവെച്ചതാണെന്ന് അന്നു മനസ്സിലായി. ഈയൊരു മാറ്റമാണ്‌ മറുനാടൻ ഓണാഘോഷങ്ങളിൽ കൂടുതൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്‌.

മറുനാട്ടിലെങ്ങനെ ഇങ്ങനൊരു മാറ്റം സംഭവിച്ചു? അതിന്റെ രസതന്ത്രം പറഞ്ഞുതന്നത്‌ കടമ്മനിട്ട ആയിരുന്നു. ആ മഹാകവിയും ഒരു മറുനാടൻ ആയിരുന്നല്ലൊ. പണ്ടൊക്കെ പുറത്തേക്കു പോകുന്നവർ മലയാളികൾ ആയിരുന്നു. പിന്നെപ്പിന്നെ നായന്മാരും,ഈഴവൻമാരും കൃസ്ത്യാനികളും  മറ്റും പുറത്തേക്കു പോയിത്തുടങ്ങി. നമ്മുടെ കേരളത്തിലെ ജനം ജാതീയതയിലേക്കു തിരിച്ചു പോകുകയായി. കേരളത്തിനകത്ത് ഈ തിരിച്ചുപോക്ക് ഭരണഘടനയുടെ പഴുതിലൂടെ നേട്ടം കൊയ്യാനായിരുന്നെങ്കിൽ മറുനാട്ടിൽ ഇതു മിക്കവരേയും സംബന്ധിച്ചിടത്തോളം  ഒരേയൊരു സാംസ്ക്കാരിക പ്രവർത്തനമായ ഓണാഘോഷത്തിൽ കൊണ്ടുചെന്നെത്തിച്ചു.

ഓണാഘോഷത്തോട്‌ പുറം തിരിഞ്ഞുനിന്ന ബെംഗ്ളൂരിലെ പുരോഗമനസംഘടനയും ഓണം ആഘോഷിക്കാൻ തുടങ്ങി.മതേതരത്വത്തെ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമം.വേറിട്ട ഓണപ്പരിപാടികൾ.നവോദ്ധാനവിഷയങ്ങളിൽ സംവാദങ്ങൾ. മതേതര പ്രഭാഷണങ്ങൾ.

പൃഥ്വിയിലിന്നു മനുഷ്യർ നടന്ന
പഥങ്ങളിലിപ്പോഴധോമുഖവാമനർ
ഇത്തിരി വട്ടം മാത്രം കാൺമവർ
ഇത്തിരി വട്ടം ചിന്തിക്കുന്നോർ
തുടങ്ങിയ വൈലോപ്പിള്ളിക്കവിതകളും

മാനുഷരെല്ലാരുമൊന്നായി മാറുന്ന
മാനവധർമ്മം പുലന്നില്ലിതേവരെ
തുടങ്ങിയ വയലാറിന്റെ മാവേലിക്കത്തുകളും വേദികളിലുണർന്നു. പിന്നെപ്പിന്നെ മഹാബലിയും ഓലക്കുടയും കുടവയറും നിറപറയും മുറുക്കിത്തുപ്പും അരങ്ങു തകർക്കാൻ തുടങ്ങി.

നാട്ടിൽ നിന്നുള്ള സാംസ്ക്കാരിക നായകന്മാരെ പങ്കെടുപ്പിച്ചെടുത്ത് ഗ്ളാമർ താരങ്ങൾ ഇന്ന് സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. എഴുത്തുകാരുടെ വാക്കിന്‌ കേൾവിക്കാർ കുറയുന്നു. കേൾവിക്കാരെ കൂട്ടാനാണത്രെ ഈ ഗ്ളാമർ/മിമിക്രി താരങ്ങൾ ! അത്തരക്കാരുടെ ബാംഗ്ളൂരിലെ പ്രസ്താവനകളെയൊന്നും തൊടുന്നില്ല. ഹൈദരാബാദിൽ നിന്നുള്ള ഒരോണവാർത്ത എന്റെ മുന്നിലുണ്ട്‌. സിനിമാനടൻ മധു‘നായൻമാർ വ്യക്തിത്വം’ കാത്തുസൂക്ഷിക്കണം എന്ന്‌ ഒരോണ സദസ്സിൽ പ്രസ്താവിച്ചിരിക്കുന്നു. അവിടേയും ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന് നാടോടിപ്പാട്ട്‌ ഉയർന്നിരിക്കാം. എൻ.എസ്.എസ്സിന്റെ യോഗത്തിൽ നടത്തിയ പ്രസ്താവനയാണെന്നു സ്പഷ്ടം.എന്താണിതിനർത്ഥം?ഇപ്പോള്‍  അവർ വ്യക്തിത്വം ഇല്ലാത്തവരെന്നോ?അതോ മറ്റു ജാതിക്കാർക്ക് വ്യക്തിത്വം ഇല്ലെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നോ?പിന്നൊരുപദേശവും-പേരിടുമ്പോൾ നായർ സമുദായത്തെ സൂചിപ്പിക്കുന്ന സ്ഥാനപ്പേരു ചേർക്കണം. ഇതുവരെ എനിക്കു മധുവിന്റെ ജാതി അറിയില്ലായിരുന്നു. മാനുഷരെല്ലാരുമൊന്നുപോലെ!! എന്തൊരു വിരോധാഭാസം!

ബെംഗ്ളൂരിൽ പുരോഗമന സംഘടനകളും ഓണാഘോഷത്തിന്റെ വഴിക്കു വരുന്ന കാഴ്ച്ച നാം കണ്ടല്ലൊ.കഴിഞ്ഞ വർഷം എഴുത്തുകാരുടെ സംഘടനയും- ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആർട്ടിസ്റ്റു ഫോറം ഓണസദ്യയോടെ ആഘോഷമാക്കി മാറ്റി. അവിടെയും വാമനച്ചെക്കന്റെ മൂന്നടി മണ്ണും പാതാളവും എല്ലാം എഴുത്തുകാരന്റെ ധാർമ്മികസമരത്തിന്റെ വിഷയങ്ങളായി.

മലയാളികൾ മാത്രമാണല്ലൊ ഈ ഓണം ആഘോഷിക്കുന്നത്‌. അതിനുമില്ലേ ഒരു പന്തികേട്‌? കേരളം ദൈവത്തിന്റെ സ്വന്തം നാടായതു പോലെ  മഹാബലി മലയാളിക്കു സ്വന്തമോ?പന്തികേടൊന്നുമില്ല. കാരണം ഇതു ചരിത്രമല്ല ഐതിഹ്യമാണ്‌. ഐതിഹ്യമെങ്കിൽ ഐതിഹ്യം. മാവേലിയെ ചവുട്ടിത്താഴ്ത്തുകയായിരുന്നല്ലൊ. ആരാണീ ചവുട്ടിത്താഴ്ത്തിയത്‌?വാമനൻ,അഞ്ചാമത്തെ അവതാരം. അന്ന് കേരളഭൂമിയുടെ സ്ഥാനത്ത്‌ കടലായിരുന്നല്ലൊ. അതിനു പിറകേ വന്ന പരശുരാമന്റെ മഴുവെറിയലിലല്ലേ കടൽ കരയായി മാറിയത്‌. മലയ്ക്കും, ആഴിക്കും ഇടയിൽ ഭൂമിയില്ലെങ്കിൽ മലയാളമില്ല. പിന്നെ മലയാളിയുമില്ലല്ലൊ. അപ്പോള്‍  മഹാബലി മറ്റാരുടെ രാജാവായിരുന്നാലും മലയാളിയുടേതാകാൻ ഇടയില്ല. അതു തീർച്ച. പിന്നെന്തിന്‌ നമ്മളീ മഹാബലിയെ വരവേല്ക്കുന്നു?

ഇവകൾ കിനാവുകളെന്നാം ശാസ്ത്രം
കളവുകളെന്നാം ലോകചരിത്രം
ഇവയിലുമേറെ യഥാർത്ഥം നമ്മുടെ
ഹൃദയ നിമന്ത്രിത സുന്ദരതത്വം


ഹൃദയം നമ്മോടു  മന്ത്രിക്കുന്ന വൈലോപ്പിള്ളി പറഞ്ഞുവെച്ച ഈ സുന്ദരതത്വമുണ്ടല്ലൊ-ഒരു ജാതി,ഒരു മതം എന്നു പറഞ്ഞുതന്ന ഗുരുവും,അതിന്റെ അർത്ഥം ചോർന്നുപോകാതെ ജാതി വേണ്ടാ, മതം വേണ്ടാ, എന്ന ഗുരുവിന്റെ അറിവോടെ മാറ്റിപ്പറഞ്ഞ അയ്യപ്പനും ജാതിയൊന്ന്‌ മതമൊന്ന്‌ വർണ്ണ മൊന്ന്‌ എന്നത്‌ കേരളഗാനമാക്കിയ ഉള്ളൂരും ഒത്തുചേരുന്ന ഒരിടമുണ്ടല്ലൊ-മലയാളത്വം.അതു നമുക്കാഘോഷിക്കാം. അതാകട്ടെ മലയാളിയുടെ ഓണമെന്ന ദേശീയോൽസവം.