പച്ചയിലേക്കുള്ള ദൂരം


  ബിന്ദു സജീവ്                                                   

                                                                             1
കറുപ്പിനോ വെളുപ്പിനോ
പിടികൊടുക്കാതെ
ആഴങ്ങളുടെ ആഴങ്ങളിലാഴ്ന്നു
കിടക്കുകയാണ് പച്ച .
പോകാം നിനക്ക് പച്ചയിലേക്ക് ..
പക്ഷെ ,
വഴിമുടക്കികള്‍
ഇരുവശങ്ങളില്‍
ഇരുളുമൂടി മറഞ്ഞു കിടപ്പുണ്ടാകും .
ഒരു കുടുക്കയിലൊളിപ്പിച്ചു
കൊണ്ടുപോകാം
പകലിനെ
നിനക്കിരുളിന്റെ പൊരുളുകാണാന്‍ .
2
കണ്ണാടിയോട് കള്ളം പറയാതെ ,
കരയുമ്പോള്‍ കണ്ണില്‍ പുഴകള്‍ നിറച്ച്‌,
ചിരികളുടെ ആത്മാവില്‍ പൂത്തിരികള്‍ കത്തിച്ച് ,
മറുതലയുള്ള വഴിവാക്കരിഞ്ഞ്‌,
നോക്കിന്റെ പിന്‍കണ്ണ് ,
ആന്ധ്യം കൊണ്ടടച്ച് ,
പിന്‍വിളികള്‍ ബന്ധിച്ച
ഉള്‍വലികളിലാഴ്ന്നു
നീ പോകുക .
3
കൂടെ നീ ,
കാടിന്റെ സ്വപ്നത്തില്‍ പൊതിഞ്ഞ
നിവേദനവുമതില്‍ ,
തൊണ്ട പൊട്ടിമരിച്ച
ഒരു വേഴാമ്പലിന്റെയും ,
മാനം നഷ്ടപെട്ട കുന്നുകളുടെ
മുഖം മൂടിയ ചിത്രങ്ങളുമൊട്ടിക്കണം .
ഒന്നു കൂടി ,
രാവിലെമുതല്‍ ഒരു പണിയുമില്ലാതെ ,
അവരെ നോക്കി നില്‍ക്കുന്ന
പകലോന്റെ ചിത്രവുമെടുത്തോ .
4
വഴിയേറെ കഴിഞ്ഞാല്‍
ആദിമങ്ങളായ ചില
വഴിക്കല്ലുകള്‍ നാട്ടിയതുകാണാം .
5
ഒടുവില്‍
നീ പച്ചയിലെത്തുകയാണെങ്കില്‍ ,
കാലാകാലങ്ങളായി നിന്നെ
അളക്കുന്ന കാലത്തെ ,
നിന്നെ നീ തൊടുമ്പോള്‍
പൊടിയുന്ന ചോര കൊണ്ടളക്കാന്‍ തുടങ്ങാം