അഞ്ജലി മാനമ്പള്ളി
തന്നെപ്പൊതിയുന്ന-വെള്ളയും നീലയും ചാരനിറവുമുള്ളതുമായ മേഘങ്ങളെ നോക്കി
നാണിമുത്തശ്ശി നെടുവീർപ്പിട്ടു. കാലൻ തന്നെയിവിടേക്കു കൊണ്ടുപോരുമ്പോൾ
തനിക്ക്` വയസ്സ് തൊണ്ണൂറ്റിരണ്ട്. എന്നിട്ടും കാലൻ വന്നപ്പോൾ എത്ര
വിലക്കി നോക്കി . ഇപ്രാവശ്യംതന്നെകൊണ്ടുപോകല്ലേ കുഞ്ഞുകുട്ടന്റെ മോളുടെ
വേളി നിശ്ച്ചയിച്ചിരിക്ക്യാ. രമയുടെ കുട്ടിയുടെ ഇരുപത്തെട്ട് ചിങ്ങം
രണ്ടിന്. രാമന്റെ ഷഷ്ടിപൂർത്തി തുലാത്തിൽ. എത്രയെത്ര വിശേഷങ്ങളാ
നടക്കാനിരിക്കണെ. അതിനിടെയാ ഈ കാലന്റെ വരവ്. പക്ഷേ കാലനുണ്ടോ കേൾക്കുന്നു
മുത്തശ്ശിയെക്കൂട്ടി ഇങ്ങു പോന്നു.
പക്ഷേ സ്വർഗ്ഗത്തിലെത്തിയപ്പോൾ മുത്തശ്ശി വിചാരിച്ച പോലൊന്നുമല്ല.
തന്നേക്കാൾ പ്രായം കൂടിയവരാണെല്ലാരും. നാലു കൊല്ലം മുമ്പു മരിച്ച
കാർത്ത്യായിനി, കഴിഞ്ഞ കൊല്ലം മരിച്ച ഭാസ്ക്കരൻ, എന്നു വേണ്ട ആകെക്കൂടി
ബഹുസുഖം. ഇഷ്ടം പോലെ ഭക്ഷണം, സുഹൃത്തുക്കൾ- ആകെ രസം. വൈകുന്നേരമായാൽ ഒരു
നടക്കാൻ പോക്കുണ്ട്. ആ നേരത്ത് ചില സമയത്തൊക്കെ മുത്ത്ശ്ശിക്കെന്നാലും
ഒരു സങ്കടം വരും. എപ്പോഴെന്നോ? താഴെ ഭൂമിയിലേക്കു നോക്കുമ്പോൾ അവിടെ
പേരക്കിടാങ്ങൾ വിളക്കു കൊളുത്തിയോ ആവോ?ജപിക്കുന്നത്` കേൾക്കുന്നുണ്ടോ-
മുത്തശ്ശി കാതോർക്കും. താനില്ലാണ്ട് ഒന്നും ശരിയാവണുണ്ടാവില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം നടന്നു മടങ്ങിയെത്തുമ്പോൾ സ്വർഗ്ഗത്തിൽ
ഭയങ്കരത്തിരക്ക്. എന്താണെന്നു വിചാരിച്ചു പരിഭ്രമിക്കുമ്പോൾ ആരോ
പറയുന്നത്` കേട്ടു ഭൂമിയിൽ സുനാമിയുണ്ടായത്രെ. ആയിരക്കണക്കിനാളുകൾ
മരിച്ചെന്ന്. അക്കൂട്ടത്തിൽ എൺപതു കഴിഞ്ഞവരും പത്തൊൻപതു, രണ്ട്, ആറു മാസം
വരെയുള്ളവരുമുണ്ടായിരുന്നു. അവരുടെ തിരക്കായിരുന്നു സ്വർഗ്ഗത്തിൽ.
ഇരിക്കാനോ, കിടക്കാനോ സ്ഥലമില്ല. ഭക്ഷണം വാങ്ങിവെയ്ക്കുമ്പോഴും പാത്രം
കാലിയാകും. ഓടിച്ചെന്നെടുത്താലെ അൽപ്പമെങ്കിലും കിട്ടു. മുത്തശ്ശിയുടേയും
കൂട്ടരുടേയും അവസ്ഥ കഷ്ടായി. വീണ്ടും മുത്തശ്ശിയുടെ ഓർമ്മകൾ
ഭൂമിയിലേക്കായി. ഇനിയെന്നാണാവോ തനിക്ക് ഭൂമിയിലേക്ക് വരാൻ കഴിയുക?