അനർഘമായ കാവ്യസമ്പത്താണ്‌ എഴുത്തച്ഛൻ കാഴ്ച്ച വെച്ചത്‌


ഓ.എൻ.വി



വായിച്ചു പഠിച്ചും വ്യാഖ്യാനിച്ചും തീരാത്ത അനർഘമായ കാവ്യസമ്പത്താണ്‌ എഴുത്തച്ഛൻ നമുക്കു കാഴ്ച്ച വെച്ചത്‌. എഴുത്തച്ഛന്റെ നാട്ടിലെത്തുമ്പോൾ ഞാനൊരു തീർത്ഥാടകനായി മാറുന്നു. കവിതക്കു ഭാഷയില്ല.ഹൃദയത്തിന്റെ ഭാഷയാണ് ` കവിത. എന്റെ ഭാഷയെന്നു പറയുന്നത് എന്റെ കവിതയാണ്‌. ഭാഷയുടെ പേരിലായാലും, ദേശത്തിന്റെ പേരിലായാലും മറ്റൊരു ഭാഷയെ, ദേശത്തെ അവഗണിക്കരുത്‌. സർവഭാഷാസരസ്വതി എന്നാണ്‌` ഇവിടെ എഴുതിവെക്കേണ്ടിയിരുന്നത്‌. അറിവിന്റെ ബിംബമാണ്  സരസ്വതി. എല്ലാ ഭാഷകളിലൂടേയും സരസ്വതി പ്രകാശിക്കുന്നു. എന്റെ ഭാഷ സരസ്വതിയുടെ മുടിയിലെ രത്നമായിരുന്നെങ്കിൽ എന്നു ഞാൻ മോഹിച്ചുപോകുന്നു. അമ്മയുടെ പേറ്റുനൊവില്‍ക്കൂടിയല്ലാതെ,മുലപ്പാൽ കുടിക്കാതെ ഒരാളും ഇവിടെ പിറന്നിട്ടില്ല. അമ്മ തന്നെയാണ്‌ മാതൃഭാഷ.എഴുത്തച്ഛന്റെ മഹത് കൃതി രാമായണമല്ല  ഭാരതമാണ്‌. അദ്ദേഹത്തിന്റെ തിരുനാരായത്തിന്റെ ഉരസലുകൾ എല്ലാ മലയാളികളും ആത്മാവിലേക്ക് സ്വാംശീകരിക്കേണ്ടതാണെന്നും ഓ.എൻ.വി.പറഞ്ഞു.

തിരൂർ തുഞ്ചൻ പറമ്പിൽ തുഞ്ചൻ ഉൽസവത്തിന്റെ ഭാഗമായി നടന്ന ദക്ഷിണേന്ത്യൻ കാവ്യോൽസവം ഉല്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പത്രവാർത്ത