മോഹിനിയാട്ടം






മുഖ്യമായും സ്ത്രീകളുടേതായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ശാസ്ത്രീയ നൃത്യശൈലിയാണ്‌ മോഹിനിയാട്ടം. ഈ കലയെക്കുറിച്ച്‌ ലഭിച്ചിട്ടുള്ള വിവരങ്ങൾ വിവാദപരങ്ങളാണ്‌. ഈ കലയ്ക്കും സംഗീതത്തിനും ഇന്നത്തെ നിലയ്ക്ക്‌ എത്തിച്ചേരാൻ പല ദുർഘട സന്ധികളേയും തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്‌. കാലപ്പകർച്ചകളേയും, ഭാവപ്പകർച്ചകളേയും അഭിമിഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌.

മഹാകവി വള്ളത്തോള്‍ 
കൂത്തമ്പലം -കേരളകലാമണ്ഡലം 
കലാമണ്ഡലം ലീലാമ്മ 


ദീപ്തി ഭല്ല 

പഴയ ദാസിയാട്ടത്തിൽ നിന്നും മോഹിനിയാട്ടത്തെ ഒരു വിധം പരിഷ്ക്കരിച്ചെടുത്ത്‌ അവതരിപ്പിക്കാൻ തുടങ്ങിയത്‌ സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. നിലവിലുള്ള ദേവ പ്രീതിക്കു വേണ്ടി ആടലിൽ നിന്നും മാനവ പ്രീതിക്കു വേണ്ടിയും ആടേണ്ടിവന്നു മോഹിനിയാട്ടത്തിന്‌.

ലാസ്യപ്രധാനമാണ്‌ ഈ കല. പലാഴിമഥനത്തിൽ വിഷ്ണു അമൃതു കൈക്കലാക്കാൻ "മോഹിനി" രൂപം സ്വീകരിച്ചതിൽ നിന്നാണ്‌ ഈ പദത്തിന്റെ നിഷ്പത്തി എന്നു കാണുന്നു,. അതുപോലെ തന്നെ നടന രാജാവ്‌ ശിവനാണ്‌.എന്നൊരു സങ്കൽപ്പമുണ്ട്‌. ശിവനടനം അഥവാ രുദ്ര നടനം താണ്ഡവമാണ്‌. താണ്ഡവത്തിനൊപ്പം ശ്രീപാർവ്വതി വെക്കുന്ന ചുവടുകൾ ലാസ്യത്തിന്റേതുമാണ്‌. പ്രകൃതി+ പുരുഷബന്ധത്തിൽ നിന്നും ഉടലെടുത്തത്താണെന്ന മറ്റൊരു നിഗമനവും "മോഹിനി" ക്ക്‌ അർത്ഥംകൽപ്പിക്കപ്പെടുന്നു.

മോഹിനിയാട്ടത്തിന്‌ ഇന്നത്തെ നിലനിൽപ്പും ഭദ്രതയും ഉണ്ടാക്കിക്കൊടുത്തത്‌ മഹാകവി വള്ളത്തോളും, കേരളകലാമണ്ഡലവുമാണ്‌. മോഹിനിയാട്ടത്തിന്റെ അധഃപതന കാലദശയിലെ അവസാനത്തെ തലമുറയിൽ നിന്നാണ്‌ കേരള കലാമണ്ടലം ഈകലയെ പുനരുദ്ധരിച്ചെടുത്തത്‌. പിന്നീട്‌സ്വാതി തിരുനാളിന്റെയും മറ്റും വർണ്ണങ്ങളും, പദങ്ങളുമെല്ലാം പുത്തൻ രൂപവും ഭാവവും കൈക്കൊണ്ടു. പുതിയ പദങ്ങളും വർണ്ണങ്ങളും ഇപ്പോൾ ചിട്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട്‌.

നീനാ പ്രസാദ് 
 നാട്യ സിദ്ധാന്തങ്ങൾക്കും ക്രമേണ രൂപഭേദം സംഭവിച്ചു. രസങ്ങളിൽ ശൃംഗാരത്തിനും വിരഹത്തിനും കൂടുതൽ പ്രാധാന്യം നൽകിയിരുന്ന മോഹിനിയാട്ടം ഇന്ന്‌ ശക്തിപ്രധാനവും, മറ്റിതര ആശയങ്ങളും സ്വീകരിക്കാൻ തുടങ്ങി. ഈ പ്രവണത മോഹിനിയാട്ടത്തിന്റെ മികവിനേയും മുന്നേറ്റത്തേയും സൂചിപ്പിക്കുന്നു. സ്വരജതി, പദം വർണ്ണം തില്ലാന എന്നിങ്ങിനെ ഇനങ്ങളെ ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും അടവുകളും ചൊല്ലുകളും ഉപയോഗിച്ച്‌ മലയാള കവിതകളും മറ്റും ധാരളമായി ഇന്നു മോഹിനിയാട്ടരൂപത്തിൽ രംഗത്ത്‌ ആവിഷ്ക്കരിക്കുന്നത്‌ ഈകലയുടെ ജനകീയതയെ അടയാളപ്പെടുത്തുന്നു.

 കൈക്കൊട്ടിക്കളി, കേരളനടനം, കഥകളിയിലെ സ്ത്രീവേഷ ചുവടുകൾ എന്നിവ മോഹിനിയാട്ടവുമായുള്ള സാമ്യം സൂചിപ്പിക്കുന്നുണ്ട്‌. മോഹിനിയാട്ട കല കേരളത്തിൽ മാത്രമല്ല കേരളത്തിനു പുറത്തും ധാരാളം വേദികളിൽ അവതരിപ്പിക്കപ്പെടുന്നു. ഏതൊരു കലയ്ക്കും അതിന്റേതായ ഉദാത്തതയും, ശ്രേഷ്ഠതയും ഉണ്ട്‌. കാലങ്ങൾക്കനുസരിച്ച്‌ ഓരോ കലയും നവീകരിക്കപ്പെടുന്നു.