മടക്കം


ഷീബാദിവാകരൻ
മോഹങ്ങളെല്ലാം കൂടി
ഒന്നിച്ചായിരുന്നു, അന്ന് നടക്കാനിറങ്ങിയത്‌
വിജനമായ അപാരതീരങ്ങളിൽ
തഴുകിത്തഴുകി സിരകളെയുണർത്തുന്ന
കാറ്റുകൊണ്ടുകിടന്നും
നഗ്നയായ രാത്രിയെ
മൂടുപടമില്ലാതെയടുത്തുകണ്ടും 
നന്മ  നിറഞ്ഞ വാക്കുകൾ
നട്ടെല്ലുയർത്തി നില്ക്കുന്ന
സൌഹൃദക്കൂട്ടായ്മയിൽ ചിരിച്ചുരസിച്ചും
തൃപ്തിയുടെ കൊടുമുടിയിൽ
എല്ലാ തിരക്കിൽനിന്നുമൊഴിഞ്ഞ്
നിർവൃതിയിലുറഞ്ഞും
അന്നോള മുണ്ടായ നഷ്ടങ്ങളുടെയെല്ലാം
വിളവെടുപ്പാഘോഷിച്ച്‌
ആട്ടിൻ പറ്റങ്ങളെപ്പോലെ
കൂട്ടമായിത്തിരിച്ചെത്തി
ശിലപോലുറഞ്ഞു
ഈ അഹല്യയിൽ