അരങ്ങ്-പതിനഞ്ച്


പീ.വി.ശ്രീവൽസൻ
 


കഥകളിയഭ്യാസത്തിന്റെ ഒമ്പതാംവർഷത്തിലേക്ക് കടക്കുമ്പോൾ കുഞ്ചു മറ്റൊരു യുവാവായി മാറിക്കഴിഞ്ഞു.

വിവാഹിതനായ് വിദ്യാർത്ഥി. അതും രാവുണ്ണിമേനോനാശാനെപ്പോലെയുള്ള   ഒരു ഗുരുവിന്റെയടുത്ത്
നാട്ടുകാരും കഥകളിക്കാരിലെ ചിലരും വല്ലാതെ സംശയം പ്രകടിപ്പിച്ച് ഒരു സമയം.
ഇനി കുഞ്ചുവിന്റെ അഭ്യാസം തുടരുമോ? 

സാധ്യതയില്ല. രാവുണ്ണിമേനോന്റെ ചിട്ടയും,ശുണ്ഠിയും കലശലാണ്‌. ഇത്തരത്തിലുള്ള ‘അഹമ്മതി’ കൾ ഒരു തരത്തിലും അദ്ദേഹം സമ്മതിക്കില്ല. അവനവനെക്കുറിച്ച് ഒന്നാലോചിക്കുകപോലും ചെയ്യാതെ ഇത്ര പെട്ടെന്ന് ഒരു വിവാഹത്തിൽ ‘ചെന്നുചാടിയയത് ഒരുതരത്തിലും ശരിയായില്ല’.എന്നു തുടങ്ങി രാവുണ്ണി മേനോൻ കലാമണ്ഡലത്തിലെ അധ്യാപനമവസാനിപ്പിച്ചു മടങ്ങിപ്പോന്നിരുന്നു. അദ്ദേഹത്തിന്റെ മനസ്സിനെയെന്നും മോഹിപ്പിച്ച വെള്ളി നേഴിയിലാണ്‌ പിന്നീടു താമസിച്ചത്‌. ഒളപ്പമണ്ണ  മനയിൽ.യാതൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കുഞ്ചു, അഭ്യാസകാലമായപ്പോഴേക്കും ഗുരുവിന്റെയടുക്കലെത്തി.
ഒമ്പതാം കൊല്ലത്തെ അഭ്യാസം ആരംഭിച്ചു.

ഇടയ്ക്കെല്ലാം, എന്തിനെന്നറിയാതെ ഗുരു, ശിഷ്യനെ കണക്കറ്റധിക്ഷേപിച്ചു. കുഞ്ചുവിനതു അസഹ്യമായിരുന്നു. എല്ലാം ഉള്ളിലടക്കി ചൊല്ലിയാടി. തന്റെ സത്യാവസ്ഥ ഒരുനാൾ ഗുരുനാഥൻ മനസ്സിലാക്കുക തന്നെ ചെയ്യുമെന്ന ഉത്തമബോധ്യമുണ്ടായിരുന്നു.

തനിക്കേറ്റവും തുണയായിരുന്ന  സ്നേഹമയിയായ അമ്മ അകാലത്തിൽ മരിച്ചുപോയി. നിർദ്ധനനായ  അച്ഛൻ പ്രായാധിക്യത്താൽ രോഗിയായി അച്ഛന്റെ വീട്ടിൽ. ജ്യേഷ്ഠൻ മദിരാശിയിൽ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു. പലരോടും പലേ വിധത്തിലും യാചിച്ചിട്ടായാലും നടത്തുന്ന തന്റെ അഭ്യാസം സ്വന്തക്കാരെന്നു പറയാവുന്ന വലിയമ്മയുടെ മക്കളുടെ അകല്‍ച്ച. ഇതിനെല്ലാമിടയിൽ ഞെരുങ്ങിയമരുന്ന ജീവിതം.കഥകളി എന്ന കാമിനിയുടെ ആകര്‍ഷണവലയത്തിൽ പെട്ടു ഭ്രമിച്ച മനസ്സ്. കുഞ്ചുവിന്റെ ഏകാകിയായ ജീവിതത്തിലേക്കു നിനച്ചിരിക്കാതെ വന്നുകയറിയ  ഒരു സാധുപെൺകുട്ടി. അവൾ നല്കിയ ധൈര്യം, ഒന്നിനും വേണ്ടിയല്ലാതെ തന്നെ നിസ്വാർത്ഥമായി സ്നേഹിച്ച് ജീവിതം തന്നെ തന്റെ ഒന്നുമില്ലായ്മക്കു മുമ്പിൽ സമർപ്പിച്ചു. ഈയൊരു ഘട്ടത്തിൽ അവളെ മറക്കാൻ കഴിഞ്ഞില്ല. അതൊരു മഹാപരാധമായി തോന്നിയില്ല. അതേപ്പറ്റി ഗുരുനാഥൻ എന്തു തന്നെ അസഹ്യത പ്രകടിപ്പിച്ചപ്പോഴും ദുഃഖം തോന്നിയില്ല.

കളരിയിൽ പക്ഷേ, അദ്ദേഹത്തിന്‌ കുഞ്ചുവിനോട് അങ്ങേയറ്റം വാൽസല്യമായിരുന്നു. (അസഹ്യത നടിക്കുന്നത് അഭ്യാസസമയത്ത് പതിവുമില്ല)ഗുരുനാഥന്റെ കളരിയിൽ വെച്ച് ആ അഞ്ചുകൊല്ലത്തെ അഭ്യാസം കൊണ്ട്‌ നടപ്പുള്ള കഥകൾ മുഴുവനും വൃത്തിയിലും ,നിഷ്ക്കർഷയോടേയും വിശദമായും അദ്ദേഹം പഠിപ്പിച്ചു. ശിഷ്യവാൽസല്യത്തിന്റെ അനന്തസുഖം അനുഭവിച്ചു. അങ്ങനെ വിവാഹാനന്തരം (ആകെ ഒമ്പതുകൊല്ലത്തെ)1108തുലാം 28ന്‌ (1933 നവംബർ15)യോടുകൂടി കഥകളിയഭ്യാസം അവസാനിച്ചു. 

ഇക്കാലമത്രയുമുള്ള അഭ്യാസം കൊണ്ട്‌ ഉറച്ച ഒരു കഥകളിനടനായിത്തീർന്നുവോ?

ഇല്ല; ഒരിക്കലുമില്ല. 

നടനായിത്തീരുന്നത് അരങ്ങത്തു നിന്നാണല്ലൊ. എന്നാൽ, ആചാര്യമുഖത്തു നിന്നു ഗ്രഹിക്കേണ്ടതെല്ലാം വേണ്ട വിധത്തിൽ ഗ്രഹിക്കാനായി. അതു മനസ്സിലുറച്ചു. ഇനി അരങ്ങത്തേക്ക്, അതിനുള്ള ധൈര്യമായി. ഒരാദ്യവസാനക്കാരന്റെ ധൈര്യം.

അഭ്യാസകാലം കഴിഞ്ഞു.ഒന്നു രണ്ടു കൊല്ലത്തിനുശേഷം  വലിയമ്മയുടെ മകന്റെ കൂടെ അവരുടെ ആശ്രിതനായുള്ള  ജീവിതം മതിയാക്കി .1110 മീനം 7ന്‌ (1935 മാർച്ച് 20( മുതല്‍ക്ക് നാണിക്കുട്ടിയുടെ വീട്ടിൽ സ്ഥിരതാമസമാക്കി. പിന്നീ്ട്  ,അതായത് അഭ്യാസം കഴിഞ്ഞ ഉടൻ പലയിടങ്ങളിലുമുള്ള കളിയോഗങ്ങളിൽ വേഷം കെട്ടുകയും, പഠിപ്പിക്കുകയും മറ്റുമായി കാലം കടന്നുപോയതറിഞ്ഞില്ല.

നായരമ്പലത്തു ഗോവിന്ദക്കുറുപ്പ് , ഏഴിക്കര ഗോപാലപ്പണിക്കർ, കാവുങ്കൽ ശങ്കരപ്പണിക്കർ, കുതിരവട്ടത്തു ശങ്കരൻ തമ്പാൻ, വെങ്കിച്ചൻ സ്വാമി എന്നിവരുടെ കളിയോഗങ്ങളിലൂടെ ഇടത്തരവും, ആദ്യാവസാനവും ആയ എല്ലാ വേഷങ്ങളും ചെയ്യുവാനവസരം ലഭിച്ചു.

കല്യാണസൌഗന്ധികം ഭീമന്റെ ‘ശൌര്യഗുണം’ ബകവധം ഭീമന്റെ ‘ഉക്ത്വൈവം ’മുതൽ ഹിഡുംബവധം വരെ,കുശലവന്മാർ, രുക്മിണിസ്വയംവരം, സന്താനഗോപാലം, സുഭദ്രാഹരണം, തുടങ്ങിയവയിലെ കൃഷ്ണൻ, ഉത്തരൻ, തുടങ്ങിയ എല്ലാ വേഷങ്ങളും കെട്ടി,തഴക്കവും, ധൈര്യവും കൈവന്ന ശേഷമായിരുന്നു ആദ്യവസാനവേഷങ്ങൾ ചെയ്തു തുടങ്ങിയത്‌.

ആ കാലത്തു കല്യാണസൌഗന്ധികത്തിൽ ഭീമൻ, ദക്ഷയാഗത്തിൽ ചിലപ്പോൾ ആദ്യത്തെ ദക്ഷനും,മറ്റു ചിലപ്പോൾ രണ്ടാമത്തെ ദക്ഷനും സുഭദ്രാഹരണത്തിൽ അർജുനൻ, ബകവധത്തിൽ ഭീമൻ, ഉത്തരാസ്വയം വരത്തിൽ ബൃഹന്നള , നളചരിതം രണ്ടാം ദിവസത്തിൽ പുഷ്ക്കരൻ തുടങ്ങിയ പച്ചവേഷങ്ങളും.ഉത്തരാസ്വയംവരം,ദുര്യോധനവധം എന്നിവയിലെ ദുര്യോധനൻ, ചെറിയ നരകാസുരൻ, ശിശുപാലൻ, അപൂർവമായി രാവണ വിജയത്തിലേയും ബാലിവധം,തോരണയുദ്ധം എന്നിവയിലെ രാവണനുമുണ്ടായി. അഭ്യാസം കഴിഞ്ഞ ഉടൻ നേരിട്ടു ആദ്യവസാന വേഷങ്ങൾ കെട്ടിത്തുടങ്ങിയെന്നല്ല ഇതിനർത്ഥം. ഇടത്തരം വേഷങ്ങൾക്കിടയിലൂടെ കുഞ്ചുനായർക്ക് ചിലപ്പൊഴെങ്കിലും കിട്ടിയിരുന്ന പ്രധാന വേഷങ്ങൾ ഇതെല്ലാമായിരുന്നുവെന്നുമാത്രം. അന്ന് മിക്കവാറും എല്ലായിടത്തും നാലും, അഞ്ചും അരങ്ങുകൾ തുടർച്ചയായി കഥകളി പതിവായിരുന്നു. ധാരാളം കളിയോഗങ്ങളും.ഒരു കളിയോഗത്തിൽ പ്രധാനിയായി ഒരാശാൻ മാത്രമുണ്ടാകും. പിന്നെ അതിൽ താഴെയുള്ളവയായിരിക്കും. അതുകൊണ്ട് വേഷം കെട്ടാൻ ധാരാളം അവസരങ്ങളുമുണ്ടായി.


കഥകളി രംഗത്ത് ഏതുവിധേനയും പിടിച്ചുനില്‍ക്കാമെന്നൊരു തോന്നൽ, വലിയൊരു സമാധാനം കുഞ്ചുനായർക്ക് ഈ  പ്രായത്തിൽത്തന്നെ (ഏതാണ്ട് 26 വയസ്സ്)ഉണ്ടാകാൻ ഈ കളിയോഗങ്ങളും  ഏറെ സഹായിച്ചു.വലിയ അല്ലലില്ലാത്തൊരു ജീവിതം!


ഇത്രയേറെ കഷ്ടപ്പെട്ടതിന്‌ കാലം തന്നെ തിരിച്ചു നല്കുന്നു, പലതും. ആരോടാണ്  ഇതിനൊക്കെയുള്ള കടപ്പാട്‌?

അമ്മയോടോ? വാഴേങ്കടത്തേവരോടോ?

അതോ കഥകളിയോടു തന്നേയോ?

രാവുണ്ണി മേനോൻ വീണ്ടും കലാമണ്ഡലത്തിലെത്തിയ കാലം. അദ്ദേഹത്തിനു സഹായിയായി ,രണ്ടാം അദ്ധ്യാപകനായി, മഹാകവി വള്ളത്തോൾ കുഞ്ചുനായരെയായിരുന്നു നിയമിച്ചത്‌. 1936 ജൂൺ മുതൽ രണ്ടുമൂന്നു കൊല്ലം കലാമണ്ഡലത്തിൽ പഠിപ്പിക്കാൻ തുടങ്ങി. 

കഥകളി വിദ്യാര്‍ഥികളെ  ഉഴിയുക, ആശാൻ ഇല്ലാത്ത അവസരങ്ങളിൽ ക്ളാസ്സെടുക്കുക, വിദേശീയരും, അകേരളീയരും ആയ ശിഷ്യന്മാരെ പഠിപ്പിക്കുക തുടങ്ങിയവയായിരുന്നു ചുമതലകൾ. ആദ്യത്തെ കൊല്ലം ചെലവു കഴിഞ്ഞു മാസം അഞ്ചുരൂപയും, രണ്ടാം കൊല്ലം മുതൽ ഏഴുരൂപയുമായിരുന്നു ശമ്പളം. ശമ്പളമൊന്നും കാര്യമാക്കാതെ ഒരു വിധത്തിലങ്ങനെ കഴിഞ്ഞുകൂടി. അപ്പോഴേക്കും 28 വയസ്സായിരുന്നു. മൂത്ത മകൻ ജനാർദ്ദനൻ ജനിച്ചതും അക്കാലത്തായിരുന്നു.
ഇതിനിടയിൽ മദിരാശിയിലായിരുന്ന ജ്യേഷ്ഠൻ മരണപ്പെട്ടു. കുറച്ചു വർഷം മുമ്പുതന്നെ ജ്യേഷ്ഠൻ നാടുമായുള്ള ബന്ധം വിട്ടിരുന്നു. മദിരാശിയിൽ ജ്യേഷ്ഠന് കുടുംബവും, കുട്ടികളുമുണ്ടായിരുന്നുവോ?ഒന്നുമറിയില്ല.

1941-ൽ രണ്ടാമത്തെ മകൻ വിജയകുമാർ ജനിച്ചു. (അയാൾ എസ്.എസ്.എൽ.സി. നല്ല വിധത്തിൽ പാസ്സായി. കഥകളിക്കമ്പം കൊണ്ടു കഥകളി  പഠിച്ചു, കലാമണ്ഡലം  പ്രിൻസിപ്പലായി റിട്ടയർ ചെയ്തു.)1117 കർക്കിടകത്തിൽ (1942 ആഗസ്റ്റ് 10) അച്ഛനും മരിച്ചുപോയി.

കലാമണ്ഡലത്തിൽ നിന്ന് എന്തുകൊണ്ടെന്നറിയുന്നില്ല, കുഞ്ചുനായർ വിട്ടുപോന്നു. ഒരു പക്ഷേ, അവിടുത്തെ അന്നത്തെ സാഹചര്യം ജീവിതത്തിന്റെ സ്വയം പര്യാപ്തതക്ക്‌ അത്ര അനുകൂലമായിരിക്കില്ല. നന്നെ ഞെരുങ്ങി, ക്ളേശങ്ങളും, ത്യാഗങ്ങളും സഹിച്ചുകൊണ്ടായിരുന്നു മഹാകവി കലാമണ്ഡലം മുന്നോട്ടുകൊണ്ടുപോയത്‌. അതുകൊണ്ടു തന്നെ പല ആചാര്യന്മാരുടേയും അഭാവം പലപ്പോഴായി അവിടെ ഉണ്ടായിത്തീർന്നു. മഹാകവിയും നിസ്സഹായാവസ്ഥയിലായിരുന്നു. എന്നാലും ഏതു വിധേനയും കലാമണ്ഡലം നിലനിന്നു കാണണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം ഫലിച്ചു. പോയവർ പലരും അവിടേക്കു തന്നെ തിരിച്ചെത്തി. നീണ്ടൊരു കാലത്തിനുശേഷം കുഞ്ചുനായരും.