കമനീധരനും, ബാലൻ നമ്പ്യാരും“ കലാശ്രീ” തിളക്കത്തിൽ




കേരള സംഗീത നാടക അക്കാദമി പ്രവാസികലാകാരന്മാർക്ക് ഏർപ്പെടുത്തിയ ആദ്യ “കലാശ്രീ” പുരസ്ക്കാരത്തിന്‌ നാടക സിനിമാ അഭിനേത്രിയായ ശ്രീമതി കമനീധരനും ചിത്രകാരനും ശിൽപ്പിയുമായ ബാലൻ നമ്പ്യാരും അർഹരായി.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തിലധികം നാടകങ്ങളിലും, കന്നടയിൽ 182ചിത്രങ്ങളിലും അഭിനയിച്ച കമനീധരനെ പുരസ്ക്കാരത്തിന്നർഹയാക്കിയത് നാടകാഭിനയരംഗത്തെ സംഭാവനകളാണ്‌. ഭാരത് ഇല്ക്ട്രോണിക്സിന്റെ(ബി.ഇ.എൽ) കലാസാംസ്ക്കാരികസംഘടനയായ “ബെൽമ”യാണ്  അഭിനയരംഗത്തവരെ ശ്രദ്ധേയയാക്കിയത്‌. തോപ്പിൽ ഭാസി,എൻ.എൻ.പിള്ള ,കെ.ടി.മുഹമ്മദ് തുടങ്ങിയ മലയാളത്തിലെ പ്രമുഖ നാടകാചാര്യന്മാരുടെ പ്രമുഖ നാടകങ്ങൾ ബെൽമ ബാംഗ്ളൂരിൽ അവതരിപ്പിച്ചപ്പോൾ സ്ത്രീകഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത് കമനീധരനാണ്‌. 20 കന്നട നാടകങ്ങൾ സംവിധാനം ചെയ്ത കമനീധരൻ കന്നട,തമിഴ് നാടകങ്ങൾ മലയാളത്തിലേക്കു തിരിച്ചും വിവർത്തനം ചെയ്ത് അവതരിപ്പിച്ചു. റേഡിയോ നാടകങ്ങളിലും, ദൂരദർശൻ സം പ്രേക്ഷണം ചെയ്ത മലയാളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. ദേശീയസംസ്ഥാനബഹുമതികൾ ഉൾപ്പെടെ 105ൽ പരം  പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. എച്ച്.എ.എൽ ഉദ്യോഗസ്ഥൻ പരേതനായ കെ.ശാർങ്ഗധരനാണ്‌ ഭർത്താവ്‌. ഗുരുവായൂർ മമ്മിയൂർ സ്വദേശിയായ കമനീധരൻ യശ്വന്തപുരം കമലാ നെഹ്രു എക്സ്റ്റൻഷനിലെ “പൌർണ്ണമി”യിലാണ്‌ താമസം.


ചിത്രകാരനും,ശില്പ്പിയും,ഫോട്ടോഗ്രാഫറുമായി ബഹുമുഖ പ്രതിഭയായ ബാലൻ നമ്പ്യാരെ പുരസ്ക്കാരത്തിന്നർഹനാക്കിയത്‌ ചിത്രകലക്കു നല്കിയ സംഭാവനകളാണ്‌. ചെന്നൈ ഗവ്ൺമെന്റ്കോളേജ് ഓഫ് ആർട്സ് ആർഡ് ക്രാഫ്റ്റ്സിൽ നിന്നു ഫൈൻ ആർട്സ് ഡിപ്ളോമ ബിരുദം നേടിയ അദ്ദേഹം ഇന്ത്യക്കകത്തും പുറത്തുമായി നിരവധിചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്‌. കേരളത്തിലെ അനുഷ്ഠാന കലകളും,പ്രകൃതിയുമാണ്‌ കലാസൃഷ്ടികൾക്ക് പ്രചോദനമെന്നദ്ദേഹം വ്യക്തമാക്കുന്നു. ചിത്രകലക്കു പുറമേ സ്റ്റെയിൻ ലെസ് സ്റ്റീൽ ശിൽപ്പങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

കേരളലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്.നെഹ്രു മെമ്മോറിയൽ ഫണ്ടി ന്റെ ഫെല്ലോഷിപ്പ്, കേന്ദ്രസർക്കാറിന്റെ സീനിയർ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്‌. ബാംഗ്ളൂരിലെ വീട്ടിൽ 30 വർഷത്തിലധികമായി ആറു മുതൽ 12 വയസ്സുവരേയുള്ള  കുട്ടികൾക്കായി സൌജന്യ കലാപഠനക്ളാസ്സ് നടത്തുന്നുണ്ട്‌. കണ്ണൂർ കണ്ണപുരം സ്വദേശിയായ ബാലൻ നമ്പ്യാർ തെയ്യമുൾപ്പെടേയുള്ള  കേരളത്തിലെ അനുഷ്ഠാനകലകളിൽ ഗവേഷണം നടത്തുന്നു.


പത്രവാർത്ത