അടിപൊളിയുടെ തുടർച്ച





വി.എൻ.പ്രതാപൻ 


കേട്ടവ ആ മനോഹരം,കേൾക്കാനിരിക്കുന്നതോ അതിമനോഹരം എന്നൊരു വായ്മൊഴി എവിടേയോ കേട്ടതായി ഓർക്കുന്നു. വാർത്തകൾക്ക് മനോഹാരിതയുണ്ടോ...? നല്ല വാർത്തയൊന്നും വാർത്തയല്ല ,വാർത്തയെന്നാൽ നല്ലതുമല്ല എന്ന വാചകം അടിവരയിടുന്ന ഒരു കാലഘട്ടത്തിലാണ്  നാമിന്നു ജീവിക്കുന്നത്‌.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ചാരൻമാരും, ദൂതൻമാരും എത്തിക്കുന്ന വാർത്തകളൊന്നും ശുഭകരങ്ങളല്ല.രാജ്യതലസ്ഥാനത്ത് ഒരു പെൺകുട്ടി മാനഭംഗത്തിനു ശേഷം ദാരുണമായി കൊല ചെയ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതേ തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പിശാചുക്കളും, രാക്ഷസൻമാരും നാട്ടിലും നഗരത്തിലും ഇറങ്ങിയിരിക്കുന്നു. അയൽക്കാരനെന്നോ അച്ഛനെന്നോ സഹോദരനെന്നോ മറ്റു ബന്ധുക്കളും , സുഹൃത്തുക്കളുമെന്നോ വ്യത്യാസമില്ലാതെ അധാർമ്മികത അരങ്ങു തകർക്കുന്നു. കൊലപാതകങ്ങൾ,ഭവനഭേദങ്ങൾ, കൂട്ട ആത്മഹത്യകൾ രാജ്യസദസ്സ് നിർവ്വികാരമായി മൊഴിഞ്ഞു, ഉം....ഒഴിക്ക് നൃത്തനൃത്യങ്ങൾ തുടരട്ടെ,നമുക്ക്  ഭൂതകാലം വേണ്ട,ഭാവികാലം വേണ്ട,ഇന്നിന്റെ ലഹരിയിൽ അടിച്ചുപൊളിക്കാം.

ഇവിടെയാണ്‌ കുഴപ്പം പറ്റിയത്‌.പ്രജകളും ഈ അടിപൊളിയിൽ തന്നെ മുങ്ങിത്താഴുന്നു. തൊലിപ്പുറമേയുള്ള ആഹ്ളാദം.അതുമാത്രമേ എല്ലാവർക്കും വേണ്ടു. പണ്ടത്തെ സാഹിത്യവും, സിനിമയും, നാടകവും ഒക്കെ ജീവിതത്തിന്റെ സുഖവും ദുഃഖവുമൊക്കെ പങ്കു വെക്കുന്നവയായിരുന്നു. നമ്മൾ ഈ ലോകത്ത് ഒറ്റക്കല്ലെന്ന ഗൌരവബുദ്ധിയുള്ള ഒരു വക അവബോധം അവ ആസ്വാദകന്ന് പകർന്നു നല്കിയിരുന്നു. തകർന്നുകൊണ്ടിരിക്കുന്ന അണുകുടുംബങ്ങളിൽ നിന്നുയരുന്ന ഏകാകിയായ മനുഷ്യന്റെ രോദനമാണ്‌ ചുറ്റും മുഴങ്ങുന്നത്‌. പഴയ കാലഘട്ടത്തിൽ ഇത്ര വ്യാപകമായി മൂല്യച്യുതി ഉണ്ടാകാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് സാംസ്ക്കാരികരംഗത്തെ ,രാഷ്ട്രീയരംഗത്തെ ഈ ജാഗ്രതയായിരുന്നിരിക്കാം. അരാജകമായ ആൾക്കൂട്ടത്തിന്റെ നൈമിഷികമായ പ്രതികരണങ്ങൾക്കുമപ്പുറം ആശയപരമായ നേതൃത്വം നൽകാനാകാതെ നിസ്സഹായരായി നോക്കിനില്ക്കുന്ന രാഷ്ട്രീയ നേതൃത്വം നമ്മെ എവിടെക്കൊണ്ടെത്തിക്കും!നമ്മുടെ ജനാധിപത്യത്തിന്റെ (പരിമിതികൾ മാത്രമേ അതിന്നുള്ളു, എന്നാലും) മരണമണി എവിടെയൊക്കെയോ മുഴങ്ങാൻ തയ്യാറെടുക്കുകയാണെന്നു തോന്നുന്നു.


മൽസരാധിഷ്ഠിതസമൂഹത്തിൽ സഹകരണമോ, സ്നേഹമോ ഉണ്ടാകില്ല. അവിടെ എനി രാജിയെ തറപറ്റിക്കുകയാണ്‌ ലക്ഷ്യം. തല്ഫലമായുണ്ടാകുന്ന അധമവികാരങ്ങളിൽ മരവിച്ചുപോകുന്ന മനസ്സുകളുടെ വിക്രിയകളിൽ ഈ വക മൂല്യശോഷണവും ഉൾപ്പെടുത്താം. അവസാനം മനുഷ്യൻ രക്ഷ തേടിയെത്തുന്ന ആത്മീയതക്ക് ഇതിനു പരിഹാരമുണ്ടാക്കാൻ കഴിയുമോ? ഭൗതികവാദത്തിന്റേയും, ആത്മീയവാദത്തിന്റേയും പാരസ്പാര്യത്താലുള്ള  ഒരു അന്വേഷണത്തിന്‌ ഇതിനു പരിഹാരമുണ്ടാക്കാൻ കഴിയുമോ?നമുക്ക് കാത്തിരിക്കാം. കേട്ട വാർത്തകൾ മനോഹരങ്ങളും കേൾക്കാനിരിക്കുന്നവ അതിമനോഹരങ്ങളും ആകുന്ന ഒരു കാലഘട്ടത്തിനു വേണ്ടി......