എഡിറ്റോറിയല്‍

സാമുദായിക ശക്തികളുടെ 
സമ്മര്‍ദ്ദരാഷ്ട്രീയം



സ്വാമി വിവേകാനന്ദന്‍ 

വർണ്ണവിഭജനവും വർണ്ണ വിവേചനവും ചൂഷണസാമഗ്രിയായിരുന്ന  നാടുവാഴിത്തവ്യവസ്ഥയിൽ മനുഷ്യന്റെ ചിന്തകളും പ്രവർത്തനങ്ങളും 
 സാമുദായിക ബോധം കൊണ്ട്‌ വേലികെട്ടി നിർത്തിയിരുന്നു. ഈ അവസ്ഥയിൽ സാമുദായിക സംഘടനകളുടെ അനിവാര്യതയിലൂടെയാണ്‌ കേരളം നവോഥാനപ്രയാണത്തിലേക്ക് നയിക്കപ്പെട്ടത്‌. ഓരോ സമുദായവും  ജാതീയമായി സംഘടിക്കുമ്പോഴും ജാത്യാതീതമാനവികതയിലേക്ക് വളർന്നുകൊണ്ടുള്ള വിശാലവീക്ഷണം നവോഥാനകാലത്ത് വികാസം പ്രാപിച്ചിരുന്നു. തുടർന്നു വന്ന ദേശീയബോധവും, പുരോഗമനപരമായ വർഗ്ഗ വിപ്ളവബോധവും സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വിശ്വമാനവീകതയുടെ നവബോധം സ്വാംശീകരിച്ച ഒരു ജനതയാണ്‌ നമ്മൾ. വിമോചനസമരത്തിലൂടെ വീണ്ടും ജാതിമതശക്തികള്‍  രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ച്ച കേരളീയ മനസ്സാക്ഷിയെ വിസ്മയിപ്പിക്കുകയുണ്ടായി. അതിലൂടെ നമുക്ക് വെളിച്ചം വേണ്ടെന്നും ഇരുട്ടാണ്‌ സുഖപ്രദമെന്നും നിശ്ശബദമായി പ്രഖ്യാപിക്കുന്ന ഒരു സമവാക്യം സൃഷ്ടിക്കാന്‍  മുതലാളി ശക്തികൾ കിണഞ്ഞുപരിശ്രമിക്കുന്നു.
ശ്രീനാരായണ ഗുരു 



മന്നത്ത് പദ്മനാഭന്‍ ജാതിമതചിന്ത കൊണ്ടും ഭാഷ, പ്രാദേശികത മുതലായ സ്വത്വബോധം കൊണ്ടും പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്‌ അശാസ്ത്രീയവും അപകടകരവുമായ നിലപാടാണ്‌. ജാതി-മതങ്ങൾക്കുള്ളിൽ തന്നെ ചൂഷക-ചൂഷിത വിഭാഗങ്ങളുടെ വൈരുദ്ധ്യങ്ങളുണ്ട്‌, സംഘട്ടനങ്ങളുണ്ട്‌,സംഘർഷങ്ങളും, സമരങ്ങളും ഉണ്ട്‌. എന്നാൽ ജാതീയസംഘടനയിലോ, മത സംഘടനയിലോ ഇത്തരം ഏറ്റുമുട്ടലുകൾ പ്രത്യക്ഷമായി പ്രതിഫലിക്കുന്നില്ലല്ലോ എന്ന ചോദ്യം ഇവിടെ ഉയർന്നു വരാം. ഇത്തരം സംഘടനകളിൽ, വർഗ്ഗബോധം വളരുന്നില്ല എന്നു മാത്രമല്ല ,വർഗ്ഗവിരുദ്ധബോധം പടർത്താനും അരാഷ്ട്രീയത വളർത്താനും ,അതിലൂടെ സ്വത്വവികാരം പ്രചരിപ്പിക്കാനുമാണ്‌ അവയുടെ നേതൃത്വം ശ്രമിക്കുന്നത്‌. അവർ മുതലാളിത്തശക്തികളുടെ അപരരൂപങ്ങളാണ്‌,അഥവാ ഏജന്റുമാരാണ്‌.



വി.ടി.
സാമുദായികസംഘടനകൾക്ക്,തങ്ങളുടെ സമുദായത്തെ മൊത്തമായും പ്രതിനിധാനം ചെയ്യാൻ കഴിയില്ല. താഴെത്തട്ടിലുള്ളവന്റെ കൂടി ആവശ്യങ്ങൾ ഉയർത്തിക്കാണിക്കുമെങ്കിലും യഥാർത്ഥത്തിൽ മിക്കവാറും സാമുദായികശക്തികളും  മേല്‍ത്തട്ടിലുള്ളവരുടെ താല്പ്പര്യങ്ങൾക്കു വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌. എന്നിട്ട് സമുദായത്തിന്റെ വക്താക്കളെന്ന വേഷം കെട്ടുന്നു! സ്വന്തം സമുദായത്തിന്‌ വേണ്ടിപോലും പ്രവർത്തിക്കാൻ കഴിയാത്ത ഇവർക്ക്, പുറത്തുള്ള സമുദായത്തിനു വേണ്ടി ചിന്തിക്കാനുള്ള വിശാലതയുണ്ടാകില്ല. അവർക്ക് അധികാരം കിട്ടിയാൽ പൊതുസമൂഹത്തെ ഉൾക്കൊള്ളാനാകില്ല. രാഷ്ട്രീയ ദർശനമെന്നത്‌ അപരന്റെ ആവശ്യങ്ങളെ കണ്ടെത്തി പരിഹരിക്കാനുള്ള വിശാലബോധത്തിൽ നിന്ന് വളർന്നുവരേണ്ടതാണ്‌.





























അയ്യന്‍കാളി 



 സാമുദായിക സ്വാർത്ഥചിന്തകളുടെ അടിത്തറയിൽ കെട്ടിയുയർത്തിയ സാമുദായികസംഘടനകൾക്ക് സംഘടിക്കാനും, അവരുടെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കാനുമുള്ള മൌലികമായ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ, അവരുടെ ഇടപെടലുകൾ രാഷ്ട്രീയ നേതൃത്വത്തിനു മേൽ സമ്മർദ്ദമാകുന്ന അവസ്ഥ ഒഴിവാക്കേണ്ടത്‌ ആരോഗ്യകരമായ ഒരു രാഷ്ട്രീയ സമൂഹത്തിന്‌ അത്യന്താപേക്ഷിതമാണ്‌. മനുഷ്യന്റെ പ്രശ്നങ്ങളെ ജാതി-മത- ഭാഷാ നിരപേക്ഷമായിക്കാണാൻ കഴിയുമ്പോൾ മാത്രമാണ്  ആ ചിന്ത ജനകീയവും ജനാധിപത്യപരവുമാകുന്നത്‌. സമൂഹത്തിലെ പാർശ്വവല്ക്കരിക്കപ്പെട്ടവരും, അവഗണിക്കപ്പെട്ടവരും,ആലംബഹീനരും, അവശരും, ദുർബ്ബലരുമായ ജനങ്ങളെ കണക്കിലെടുക്കുന്ന രാഷ്ട്രീയദർശനത്തിന്റെ മുന്നിൽ കേവല സമുദായചിന്തകൾക്ക് എന്തു പ്രസക്തി അവകാശപ്പെടാനാകും?


വെള്ളാപ്പിള്ളി 
സുകുമാരന്‍ നായര്‍ 






ജാതിഭ്രാന്ത് വിഷക്കാറ്റായി വീശുമ്പോഴാണ്‌ വിവേകാനന്ദൻ‘ഭ്രാന്താലയ’ മെന്ന് കേരളത്തെ വിശേഷിപ്പിച്ചത്‌. ശ്രീനാരായണ ഗുരുവും ,അയ്യൻകാളിയും,മന്നത്ത് പദ്മനാഭനും,വി.ടിയും ആ ഭ്രാന്താലയത്തിന്നകത്തുള്ളവരെ ഏതാനും വർഷം കൊണ്ട്‌ നവോഥാനത്തിന്റെ മൂല്യബോധം ഉൾക്കൊണ്ട വിശ്വപൌരൻമാരാക്കിമാറ്റി. ആ കേരളത്തിന്‌ സാമുദായികശക്തികളുടെ മുമ്പിൽ നട്ടെല്ലു വളയ്ക്കുമ്പോൾ തകരുന്നത് പ്രസ്തുത പാർട്ടികളുടെ അന്തസ്സല്ല, പുരോഗമനപാതയിലൂടെ കടന്നുവന്ന മലയാളിയുടെ ആത്മാഭിമാനമാണ്‌. 


മാനേജിംഗ് എഡിറ്റര്‍