നടക്കാത്ത വചനങ്ങൾ



ബ്രിജി

പ്രവാസികളായാലും, അല്ലെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍  പലപ്പോഴും പൊതുസ്വഭാവമുള്ളയാണ്‌. അതിലേറ്റവും പ്രധാനം, നാം വളരെയധികം പുരോഗമിച്ചുകഴിഞ്ഞു എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും സ്ത്രീകളുടെ സുരക്ഷ പ്രശ്നം തന്നെ.
സ്ത്രീവിവേചനം, സ്ത്രീപീഡനം, സ്ത്രീസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള അമർഷമോ, രോദനമോ ഒക്കെ എങ്ങും കേൾക്കുന്ന ഈ സമയത്തും വിവേചനവും, പീഡനവും,സ്വാതന്ത്ര്യവും ഒക്കെ എന്തിൽ നിന്നും, ആരിൽനിന്നുമാണ്  എന്ന ചോദ്യത്തിനും ഒരു പക്ഷേ സ്ത്രീകൾക്കു തന്നെ വ്യക്തമായ ഒരുത്തരമുണ്ടൊ എന്നറിയില്ല.

സ്ത്രീയും, പുരുഷനുമടങ്ങുന്ന മനുഷ്യരാണെന്നവകാശപ്പെടുന്നവരിൽ നിന്നോ. സ്വന്തം താല്പ്പര്യങ്ങൾക്ക് വളച്ചൊടിക്കാവുന്ന സാമൂഹ്യവ്യവസ്ഥയിൽ നിന്നോ ,അതോ ശക്തി കൂടിയവൻ,കുറഞ്ഞവളെ ചൂഷണം ചെയ്യാമെന്ന കാടത്തത്തിൽ നിന്നോ?

രാഷ്ട്രീയതലം മുതൽ അടുക്കള  വരെ സ്ത്രീയുടെ കവിളത്ത് വീണുണങ്ങിയ കണ്ണീർത്തുള്ളിയാണ്‌ പുരുഷൻ എന്നുള്ള ആക്ഷേപം ശരിയാണെന്നിരിക്കെ സ്ത്രീകൾക്കെതിരെ സ്ത്രീകൾ തന്നെയുണ്ടോ എന്ന ഒരു ആത്മപരിശോധനക്കും സ്ത്രീകൾ തയ്യാറാവണം.

എഴുതാനും, അതു മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്ന പുരുഷതൂലികകളാണ്‌‘ “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി”’ എന്നു തുടങ്ങി ഒരു പാട് കർശനമായ വിലക്കുകളും അതിർവരമ്പുകളുമൊക്കെ എഴുതിപ്പിടിപ്പിച്ചുവെച്ചിരിക്കുന്നത്‌. സ്ത്രീസ്വാതന്ത്ര്യത്തിനും വിധവാവിവാഹത്തിനുമെല്ലാം മുന്നിട്ടിറങ്ങിയ പുരുഷ മനസ്സുകളെ മറന്നിട്ടില്ല.

സൃഷ്ടിയുടെ വിവേചനം നമുക്കതീതമായതിനാൽ കായബലത്തിൽ പുരുഷൻ സ്ത്രീയേക്കാൾ മുമ്പിൽ നില്ക്കുന്നു എന്നുള്ള സത്യം മുൻനിർത്തി കുടുംബത്തിലെ സുരക്ഷിതവലയത്തിൽ നിർത്തി പെൺമക്കളോട് പറയേണ്ടി വരുന്നു"ഇല മുള്ളിൽ വീണാലും മുള്ളു ഇലയിൽ വീണാലും കേട് ഇലക്കാണ് ` മോളേ".

സ്വന്തം കൂടുംബത്തിലെ സ്ത്രീകളുടെ കാവല്ക്കാരനാകുന്ന പുരുഷൻ മറ്റു സ്ത്രീകളുടെ നേരെ കൈയ്യേറ്റം നടത്തുന്ന വിരോധാഭാസമാണ്‌ ഈ ഭയത്തിന്റെ അടിസ്ഥാനമെന്നുള്ളതാണ്‌ ഏറെ  ദയനീയം. പൊതുവായൊരു  മാറ്റം അനിവാര്യമാണ്‌ എന്നു പറയുമ്പോൾ ഓരോ വിഭാഗത്തിലുള്ളവരുടേയും പ്രശ്നങ്ങൾ ഓരോ തരത്തിലുള്ളതാണെന്നു പറയേണ്ടിയിരിക്കുന്നു. വിഭാഗങ്ങൾആരുംതരംതിരിച്ചിട്ടില്ലെങ്കിലുംവിദ്യാഭ്യാസത്തിന്റേയുംസാമൂഹ്യസാമ്പത്തികവ്യവസ്ഥിതികളനുസരിച്ച് ഒഴിച്ചുകൂടാനാവാത്ത തട്ടുകൾ ഉണ്ടെന്നുള്ളത് നിർഭാഗ്യകരമായ ഒരു സത്യമാണ്‌.

ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് അവർ നില്ക്കുന്ന തട്ടുകളും ഭ്രമണപഥവും എല്ലാം വെവ്വേറെയാണ് . സ്ത്രീകളായതുകൊണ്ടു മാത്രം ഒന്നും നിഷേധിക്കപ്പെടരുത് എന്ന സത്യം ഉൾക്കൊണ്ടു തന്നെ നാം നമ്മെത്തന്നെ തിരിച്ചറിയണം.

യുദ്ധമുന്നണിയിൽ വാർത്തകൾ ശേഖരിക്കുന്ന ഒരു സ്ത്രീയുടെ ധൈര്യമോ, സ്വാതന്ത്ര്യമൊ ഒന്നും ചിലപ്പോൾ നാട്ടുമ്പുറത്തെ ഒരു വീട്ടമ്മക്ക് വേണ്ടിവരില്ല. അവർക്ക് മക്കളേയും ഭർത്താവിനേയും തന്നേയും പറ്റി കൊച്ചു കൊച്ചുമോഹങ്ങളും സ്വപ്നങ്ങളുമേയുള്ളു.
അതാതു ഭ്രമണപഥത്തിൽ അർഹതയുള്ള സ്വാതന്ത്ര്യവും സർവ്വോപരി സ്നേഹവും അംഗീകാരവും ലഭിക്കുന്നുണ്ടോ എന്നുള്ളത് അതിപ്രധാനമാണ്‌. മാതൃത്വത്തിന്റെ സ്ഥായീഭാവമായ നിബന്ധനകളില്ലാത്ത സ്നേഹവും, ത്യാഗവും പലപ്പോഴും ഈ സമൂഹത്തിന്റെ വളർച്ചക്കത്യാവശ്യമാണ് . ഒരു സ്ത്രീക്കു നല്കാൻ കഴിയുന്ന ഒന്നും തന്നെ ഒരു പുരുഷന്‌ കഴിയില്ല എന്നുള്ള വിസ്മയകരമായ വസ്തുത പലപ്പോഴും മറന്നുപോവുകയാണ്‌.

ഉന്നത തലത്തിൽ ,ബുദ്ധികൊണ്ടും, വിവേകം കൊണ്ടും ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് അവകാശപ്പെടാവുന്ന സമത്വം ചിലപ്പോൾ കായികാദ്ധ്വാനത്തിലേർപ്പെട്ടു ജീവിക്കുന്ന ഒരു സ്ത്രീക്ക് പുരുഷനോടൊപ്പം മൽസരം നടത്തി നേടാനാവണമെന്നില്ല.

സ്ത്രീകളുടെ മറ്റൊരു പ്രശ്നം അവരെ അവരായി അംഗീകരിക്കുന്നില്ല എന്നതാണ്‌. ഏതു തലത്തിലായാലും ഒരു സ്ത്രീ മികവു കാണിച്ചാൽ അതംഗീകരിക്കാന്ന് സൻമനസ്സുള്ളവർ ചുരുക്കം. സാഹിത്യത്തിലെ കാര്യമെടുത്താലും ;പെണ്ണെഴുത്ത്’ എന്ന വിശകലനം ഏതാണ്ട്‌ നിലവാരം കുറഞ്ഞ എന്തോ ഒന്ന് എന്നൊരു തെറ്റിദ്ധാരണ നിലവിലില്ലേ? സ്ത്രീയുടെ മനസ്സുകൊണ്ട്‌ കാണാനും, ചിന്തിക്കാനും മാത്രം കഴിയുന്ന അതിലോലവും അതിശക്തവുമായ പ്രമേയങ്ങൾ ശ്രദ്ധിക്കേണ്ടപ്പെടേണ്ടതല്ലെ.

‘പൈങ്കിളിക്കഥകൾ’ എന്നു പുച്ഛിക്കുമ്പോഴും അതു വീട്ടമ്മമാർ വായിച്ചോളും എന്നൊരു വാല്‍ക്കഷ്ണവും ചേർക്കും.

ഏതു തലത്തിലായാലും ഒരു സ്ത്രീ മികവു കാണിച്ചാൽ അത്‌ അംഗീകരിക്കാൻ തയ്യാറാവാത്തതുപോലെ തന്നെയാണ് ,മേലധികാരി സ്ത്രീയാണെങ്കിൽ അവരെ ഭയക്കേണ്ടതും ,ബഹുമാനിക്കേണ്ടതുമില്ല എന്നൊരു ചിന്ത കീഴ്ജീവനക്കാരിൽ ഉണ്ടാവരുത്‌. പ്രത്യേകിച്ചും സ്ത്രീകൾ അങ്ങിനെ ചിന്തിക്കുന്നതാണ്  വിചിത്രം.

എവിടെയായാലും സ്ത്രീകളാണ്‌ പലപ്പോഴും തങ്ങൾക്കു തന്നെ എതിരു നില്ക്കുന്നത് എന്ന വിഷമിപ്പിക്കുന്ന പ്രശ്നം ഏറെക്കുറേ എല്ലാവർക്കും ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌.


പണമാണ്‌ ഏതൊരു മനുഷ്യന്റേയും ബലഹീനതയെങ്കിലും പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സ്ത്രീകൾ, സ്ത്രീ പീഢനം, സ്ത്രീസ്വാതന്ത്ര്യം എന്നൊക്കെ മുറവിളി കൂട്ടുന്നവരുടെ മുൻനിരയിലുണ്ട്‌.
പലപ്പോഴും സ്ത്രീകൾ തോറ്റുപോകുന്നത് സ്വയം പിൻവാങ്ങുന്നതുകൊണ്ടാണ്‌. ഒന്നുകിൽ അവസരോചിതമായി സന്ദർഭം രക്ഷിക്കാൻ, വ്യക്തികളെ രക്ഷിക്കാൻ ,അല്ലെങ്കിൽ സ്വയം നഷ്ടപ്പെടുമോ എന്ന ഭയത്താൽ, അതുമല്ലെങ്കിൽ സ്വന്തം ശരീരമോ മാനമോ രക്ഷിക്കാൻ. ഇങ്ങിനെ എണ്ണമറ്റ ത്യാഗങ്ങളാണ്‌. 

ഫ്രോയിഡിന്റെ തിയറിപ്രകാരം ഒരു പെണ്ണ് സദാ താൻ ആക്രമിക്കപ്പെടുമോ എന്ന ഭയം ഉപബോധമനസ്സിൽ പേറിക്കൊണ്ടാണ്  ജീവിക്കുന്നതെന്നു പറയുന്നു.
സ്ത്രീകൾ അവർക്കെതിരെയുള്ള ആക്രമങ്ങളിൽ എതിർപ്പുപ്രകടിപ്പിക്കുവാൻ ധൈര്യം കാണിക്കണം. പെൺകുട്ടികളെ  കുടുംബത്തിൽ നിന്നു തന്നെ വിധേയത്വം മാത്രം പഠിപ്പിക്കാതെ സ്വന്തം അഭിപ്രായം പറയുവാനും ആവശ്യമെങ്കിൽ പ്രതികരിക്കാനും പഠിപ്പിക്കണം. കുടുംബത്തിൽ തന്നെ സമത്വം കൊണ്ടുവരാൻ കർശനമായ നടപടികൾ ഉണ്ടാവുമ്പോൾ ആൺകുട്ടികൾ സഹോദരി മുതൽ പുറത്തുള്ളവരേയും സമന്മാരായിക്കാണാനും ബഹുമാനിക്കാനും പഠിക്കും.

ഏതു പ്രശ്നത്തെപ്പറ്റി ആരു പറഞ്ഞാലും അവരുടെ മനസ്സിൽ നഗരത്തിലെ പ്രശ്നങ്ങൾ മാത്രമേയുള്ളു. പക്ഷേ നിരക്ഷരരായ പാവം പെൺകുട്ടികൾ ,ഇന്ത്യയുടെ വടക്കും, കിഴക്കും ,പടിഞ്ഞാറുമുള്ള ഉൾപ്രദേശങ്ങളിൽ അടിമകളെപ്പോലെ കഴിയുന്നുണ്ട്‌. മറ്റു ഗ്രാമങ്ങളിൽ നിന്നു പെൺകുട്ടികളെ കുറഞ്ഞ വിലക്കു വാങ്ങി വീട്ടുജോലി മുതൽ ലൈംഗികവേഴ്ച്ചക്കുവരെ ഉപയോഗിച്ച് അടിമകളാക്കിവെക്കുന്നു. ചിലപ്പോൾ കുറേ നാളത്തേക്ക് ഭാര്യാപദവി കിട്ടിയെന്നിരിക്കും. അവൾ തീർത്തും അവശയാവുമ്പോൾ മറ്റൊരു പെൺകുട്ടിയെ വാങ്ങുന്നു. സ്ത്രീകൾക്കു വേണ്ടിയുള്ള  സുരക്ഷാസംവിധാനങ്ങളെല്ലാം തെളിയാത്ത അക്ഷരങ്ങളിൽ ഉണ്ടാകുമായിരിക്കും.

സ്ത്രീകളുടെ കണ്ണീരിന്നുത്തരമായി ഒരു പാടു നടക്കാത്ത വചനങ്ങൾ ഉണ്ടല്ലൊ. എല്ലാം പ്രാവർത്തികമാകാൻ ഭാവിയിലെങ്കിലും കഴിയട്ടെ എന്നും, നല്ലൊരു നാളെയുണ്ടാകട്ടെയെന്നും നമുക്കു പ്രത്യാശിക്കാം.