മാർഗ്ഗം കളികേരളത്തിലെ കൃസ്തീയ ഗൃഹങ്ങളിൽ പ്രചരിച്ചിരുന്ന ഒരു നൃത്തം. കല്യാണാഘോഷത്തോടനുബന്ധിച്ചാണ്‌ ഈ കളി നടത്തിവന്നിരുന്നത്‌. പത്തും പന്ത്രണ്ടും നർത്തകർ വട്ടത്തിൽ ചുറ്റിനിന്ന്‌ കൈകോർത്തു കളിക്കുന്നു. കൈക്കൊണ്ടുള്ള കൊട്ടല്ലാതെ താളവാദ്യങ്ങളൊന്നുമില്ല. ആശാൻ പാട്ടുകൾ പാടിക്കൊടുക്കുമ്പോൾ മറ്റുള്ളവർ ഏറ്റുപാടി കളിക്കുന്നു. വിളംബ കാലത്തിൽ ആരംഭിക്കുന്ന ആട്ടത്തിനും പാട്ടിനും ക്രമേണ വേഗത വർദ്ധിക്കുന്നു. ഉയർന്നുള്ള ചാട്ടങ്ങളും നിലകളും  കൊണ്ട് ദ്രുതകാലത്തിലേക്കു നീങ്ങുന്ന ഈ നൃത്തം രസകരമാണ്‌. ‘താ തകിർതിത്തത്താതൈ’എന്നിങ്ങനെയുള്ള വായ്ത്താരികളും പാട്ടിനോടൊപ്പമുണ്ട്‌. കേരളത്തിൽ വന്ന സെന്റ്‌ തോമസ് പുണ്യവാളന്റെ ചരിത്രമാണ്‌ പാട്ടിലെ ഇതിവൃത്തം. കൂടാതെ കാലികമായ സാമൂഹ്യപ്രശ്നങ്ങളും പാട്ടിനു വിഷയമാക്കിയിരുന്നു. ഒരു കളി കഴിഞ്ഞാൽ അടുത്ത കളി തുടങ്ങും വരെ ഗായകർ അരങ്ങു മുഷിയാതെയിരിക്കാൻ പാടിവന്ന പാട്ടുകൾക്ക് ‘കൽത്തറ’ എന്നു പറഞ്ഞിരുന്നു. രണ്ടു സംഘക്കാർ പങ്കെടുക്കുന്ന മാർഗ്ഗം കളിയിൽ അന്യോന്യം കളിയാക്കുന്ന കുത്തുപാട്ടുകളും പാടിക്കളിച്ചിരുന്നു.