പൂവമ്പഴം


കാരൂര്‍ നീലകണ്ഠപിള്ള



ഞങ്ങളുടെ വീടിന്റെ തൊട്ടു കിഴക്കേത് ഒരു  വലിയ  ജന്മിയുടെ മനയാണ്. ഞങ്ങള്‍ അവരെ ആശ്രയിച്ചും സേവിച്ചുമാണ് കഴിയുന്നത്. ഞങ്ങള്‍ പരസ്പരം ഉപകാരികളാണെന്നു പറഞ്ഞാല്‍ ഒരുതരത്തില്‍ ശരിയായിരിക്കും. അവര്‍ യജമാനന്‍മാരും ഞങ്ങള്‍ ഭൃത്യരും. മനയ്ക്കല്‍ എന്തെങ്കിലും വിശേഷമുണ്ടായാല്‍ - പുറന്നാള്‍, ഉണ്ണിയൂണ്, വേളി, പിണ്ഡം എന്തെങ്കിലും - അന്നു ഞങ്ങളുടെ വീട്ടില്‍ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാല്‍ മറ്റെവിടെ കൈകൊട്ടി ക്കളിയുണ്ടായാലും എന്റെ വീട്ടിലെ സ്ത്രീകള്‍ മനയ്ക്കലെ പോകൂ. ഞങ്ങള്‍ കുട്ടികള്‍ മാമ്പഴ മുള്ള കാലത്ത് മനയ്ക്കലെ മാഞ്ചുവട്ടില്‍ മാടവെച്ചുകളിക്കുകയും മാമ്പഴം പെറുക്കുകയും ചെയ്യും. അവിടുത്തെ മുറ്റത്തുള്ള മരത്തിലാണ് ഞങ്ങള്‍ ഓണക്കാലത്ത് ഊഞ്ഞാലിടാറുള്ളത്. അങ്ങനെ പറയേണ്ട, ആ മന ഞങ്ങള്‍ക്ക് വീട്ടിലും ഉപരിയായിരുന്നു.

അവിടെ എന്റെ പ്രായത്തിലൊരുണ്ണിയുണ്ടായിരുന്നു. - വാസുക്കുട്ടന്‍. ഞങ്ങള്‍ വലിപ്പ ച്ചെറുപ്പവിചാര  മില്ലാത്ത ചങ്ങാതി മാരായിരുന്നു; പിരിയാത്ത കൂട്ടുകാര്‍. കഷ്ട! ആ ഉണ്ണി മൂന്നു കൊല്ലം കുമ്പ് മരിച്ചുപോയി.

അതിന്റ അമ്മ അതെങ്ങനെ സഹിച്ചോ! ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ആ സ്ത്രീയുടെ ആശാ കേന്ദ്രം ആ ബാലനായിരുന്നു. പത്തു കൊല്ലക്കാലം ആ വിധവ അനുഭവിച്ച ദുഖങ്ങള്‍ക്കിടയിക്കു കാണാറുള്ള മധുര സ്വപ്നങ്ങള്‍ അങ്ങനെ അവസാനിച്ചു, മൂന്നുകൊല്ലം മുമ്പ്.

ആ അന്തര്‍ജ്ജനത്തിനിങ്ങനൊന്നും വരേണ്ടതല്ല. അവരെ പരിചയമുള്ളവര്‍, അവരുടെ വര്‍ത്തമാനം കേട്ടിട്ടുള്ളവര്‍ ആഗ്രഹിക്കും അവര്‍ക്ക് നന്മ വരണമെന്ന്. അവരെ ഒരിക്കല്‍ കണ്ടിട്ടുള്ള ഓരോരുത്തരും  കണ്ണീ ര്‍പൊഴിക്കാതിരിക്കുകയില്ല, അവരുടെ ഇന്നത്തെ നില അറിഞ്ഞാല്‍, എന്താണവര്‍ക്കൊരു സുഖമുള്ളത്? എന്തിനാണവരിനി ജീവിച്ചിരിക്കുന്നത്? 
അവരുടെ പേര് ഉണ്ണിമായ  എന്നോ നങ്ങേമ  എന്നോ ഏതാണ്ടാണ്. എന്നാലും  അയല്‍പക്കത്തുള്ള പെണ്ണുങ്ങള്‍ അവര്‍ക്ക് കൊടുത്തിരിക്കുന്നത് 'പൂവമ്പഴം' എന്ന പേരാണ്. ആക്ഷേപിച്ച പറയുന്നതല്ല, അവരുടെ മാതൃഗൃഹം പൂവമ്പുഴ എന്നൊരു സ്ഥലത്താണ്. അതില്‍ നിന്നും ഇങ്ങനെയൊരു പേര് പ്രചാരത്തിലായി, അവര്‍ക്ക് ആ പേരാണ് ചേരുന്നത്. വെളുത്ത് ചുവന്ന് മെഴുത്തിട്ടാണവര്‍.
മകന്‍ മരിച്ചതില്‍ പിന്നെ ഒരിക്കലോ മറ്റോ ആണ് ഞാന്‍ അവരെ കണ്ടിട്ടുള്ളത്.  എനിക്കേതാണ്ട് പുരുഷപ്രാപ്തിയായി . അവരൊരന്തര്‍ജ്ജനവും. ഒരുദിവസം അമ്മ പറഞ്ഞു.

"നിന്നെയു ണ്ടടാ പൂവമ്പഴം വിളിക്കുന്നു, ആ മതിലുങ്കല്''.

ഞാനൊരു  ഗൃഹപാഠക്കണക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്നു. അവര്‍ വിളിച്ചത് കിണറ്റില്‍ പോയ തൊട്ടിയെടുത്ത് കൊടുക്കാനോ പീടി കയില്‍ പോകാനോ ആയിരിക്കും, എനിക്കൊട്ടും രസിച്ചില്ല എന്റെ  വീട്ടുകാരൊക്കെ മനയ്ക്കല്‍ വേലക്കാരാണ്, ആണുങ്ങളും പെണ്ണുങ്ങളും. ഹൈസ്കൂളില്‍ പഠിക്കുന്ന എനിക്ക് അതൊരു കുറവായി തോന്നിയിട്ടുണ്ട്. ദാരിദ്ര്യം  കൊണ്ടാണവിടെ വീടുപണിക്കുപോകുന്നത് അതുകൊണ്ട് ദാരിദ്ര്യം  മാറുന്നുണ്ടോ, ഒട്ടില്ലതാനും. ഗതിപിടിക്കാനുള്ള വഴിനോക്കണമെന്നു വിചാരമില്ല, അന്നന്നത്തെ കഞ്ഞിക്കു മനയ്ക്കല്‍ നിന്നു കിട്ടുന്നതുകൊണ്ട്. കുടുംബത്തോടെയുള്ള ഈ നിത്യാഭ്യാസത്തിനൊരു മാറ്റംവരണമെന്നെനിക്കു മോഹമുണ്ട്. ഞാനായിരിക്കും അതിന്റെ മാര്‍ഗ്ഗദര്‍ശി. അവരുടെ മുറ്റം തൂക്കാനും എച്ചി ലെടുക്കാനുമൊക്കെ പോകുന്നതിലെത്ര നല്ലതാണ്. അഭിമാനമുണ്ട്, കൊയ്യാനോ, കള പറിക്കാനോ പോയാല്‍,. ഞങ്ങളുടെ വീട്ടിലെ ആണുങ്ങ ള്‍ക്കാണെങ്കില്‍ പറമ്പു കിളയ്ക്കാനും കയ്യാല കുത്താനും മനയ്ക്കലല്ലാതെ വേറെ വല്ലേടത്തും പോകരുതോ? ഞാന്‍ ഇംഗ്ളീഷു പഠിയ്ക്കുന്നതു മനക്കാര്‍ക്കും  ഇഷ്ടമായിരിക്കില്ല. അവര്‍ക്ക് കടയില്‍ പോകാനും കവുങ്ങില്‍ കയറാനും തൊട്ടയല്‍പക്കത്താരിരിക്കുന്നു.


"പൂവമ്പഴോം, പടറ്റുപഴോം!'' എന്നു മുറുമുറുത്തുകൊണ്ട് ബുക്കുമടക്കിവെച്ചിട്ടു ഞാന്‍ മതിലിങ്ക ലിലേക്കു ചെന്നു-ഞങ്ങളുടെ കിഴക്കേതും മനയ്ക്കലെ പടിഞ്ഞാറേതും അതിരിലുള്ള മതിലിങ്ക ലേക്ക്.

"എന്തിനാ വിളിച്ചത്?'' എന്ന് അകലെവച്ചേ ഞാന്‍ ചേദിച്ചു.

ആ മതിലിന് അവരുടെ അരയോളമേ പൊക്കമുള്ളെങ്കിലും അവര്‍ നില്ക്കുന്ന പുരയിടം എന്റെ തലയോളം ഉയര്‍ന്നതാണ്. അവരൊരു മേല്‍മുണ്ട് പുതച്ചിരുന്നു. അവരുടെ അഴകേറിയ നീണ്ടമുടി അനുസരണക്കേടു കാണ്ച്ചുകൊണ്ടിരുന്നു. അതിനും അറിയാം ഉടയോനില്ലാത്തവരെ വക വെയ്ക്കണ്ടാന്ന്. ഞാനൊരു പതിനഞ്ചടി അകലത്തില്‍ ചെന്നുനിന്നു.

"അപ്പുവിനെ കണ്ടിട്ടെത്രനാളായി.! അവിടെ എന്തെടുക്കുകയായിരുന്നു?''

"ഞാനൊരു കണക്കു ചെയ്യുകയായിരുന്നു.''

"ഇന്നു പഠിത്തമില്ലല്ലോ. പിന്നെയെന്താ ധിറുതി?''

"ധിറുതിയൊന്നുമില്ല, എന്താ വേണ്ടത്?''

"നീയിങ്ങോട്ട് നടന്നു വന്നപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു എന്റെ വാസുവിന്റെ കാര്യം.അപ്പുവിനെ ക്കാളൊന്നരമാസത്തെ എളപ്പമേ ഒണ്ടായിരുന്നുള്ളു.''

അവര്‍മകന്റെകാര്യംപറഞ്ഞുതുടങ്ങിയാല്‍കരഞ്ഞേക്കും.ഞാനെന്തുപറഞ്ഞാണവരെയൊന്നു സമാധാനിപ്പെടുത്തുക! ഞാനൊന്നു മൂളി.

"ദൈവം നീട്ടിവലിക്കുകയായിരുന്നു'' അവരുടെ ശബ്ദത്തിനിടര്‍ച്ച തോന്നിയെങ്കിലും നീണ്ടു നീലിച്ച നയനങ്ങള്‍ ശോകം പ്രകടിപ്പിച്ചു.

"നമ്മുടെയും കാര്യം ആര്‍ക്കറിയാം!''

അവരൊന്നു നെടുവീര്‍പ്പിട്ടു.

അല്പനേരത്തെ മൌനത്തിനു ശേഷം അവര്‍ ചിലതൊക്കെ ചോദിച്ചു

കഞ്ഞിക്കെന്തായിരുന്നു കൂട്ടാന്‍, ഏതു ക്ളാസിലാ പഠിക്കുന്നത്, ഫീസെത്ര രൂപയാ, ക്ളാസിലെത്ര കുട്ടികളുണ്ട് ഇംഗ്ളീഷോ, സംസ്കൃതമോ കൂടുതല്‍ പഠിക്കാന്‍ പ്രയാസം ഇങ്ങന പലതും.

"ഞാനെന്തിനാ വിളിച്ചേന്നറിഞ്ഞോ? എനിക്കൊരു ഉണ്ടനൂലും തൂശീം മേടിച്ചു തരണം വണ്ണം കുറഞ്ഞ തൂശി വേണം. തയ്ക്കാനാ.''

"മേടിച്ചു തരാമല്ലോ''

അവര്‍ എന്നെ മതിലിനരികിലേക്ക് വിളിച്ചിട്ട് നഗ്നമായ കൈ നീട്ടി ഒരു നാണയമിട്ടു തന്നു, "ഇതു മതിയാകുമോ, ഇന്നു വേണമെന്നില്ല നാളെയായാലും മതി, പോയി പഠിച്ചോളൂ, എന്തു കണക്കാ ചെയ്യുന്നത് ?''

ഇതൊക്കെയാണ് "കിണ്ണാണം'' എന്നു പറയുന്നത്. അവര്‍ക്കറിയാഞ്ഞിട്ടല്ല അറിഞ്ഞാലൊരു രസവുമില്ല. എന്നാലും ഞാന്‍ പറഞ്ഞു "സമയവും വേലയും സംബന്ധിച്ച ഒരു കണക്ക്''

"ആ-എനിക്ക് വേലയേ ഉള്ളൂ സമയമില്ല, എന്നാലും കണക്കൊന്നു പറഞ്ഞേ കേള്‍ക്കട്ടെ''

എനിക്കല്പം ദേഷ്യം തോന്നാതിരുന്നില്ല. എന്നാലും ഞാന്‍ പറഞ്ഞു. എന്റെ ചെങ്ങാതിയുടെ അമ്മയല്ലെ അവര്‍? "ജോലി ചെയ്യുന്നതിനു രാമകൃഷ്ണന്‍ ഇരട്ടി സമര്‍ത്ഥനാണ്, രണ്ടു പേരും കൂടി പത്തു ദിവസം ചെയ്യുന്ന ജോലി ഒറ്റയ്ക്കു ചെയ്യാന്‍ ഓരോരുത്തര്‍ക്കും എത്ര ദിവസം വീതം വേണം?''

അവര്‍ക്കതു കേട്ടിട്ടു രസം തോന്നി, അതെങ്ങനെ ചെയ്യണമെന്നവര്‍ക്കറിയണം. ഞാന്‍ പറഞ്ഞു കൊടുത്തു. അവര്‍ക്കതു മനസ്സിലായി.

"അപ്പുവിനിതൊക്കെ അറിയാമോ?''. അവര്‍ അഭിനന്ദന രൂപത്തിലൊന്നു ചിരിച്ചു.  വിടരുന്ന പനി നീര്‍പ്പൂ വിന്റെ ഭംഗിയുള്ളൊരു പുഞ്ചിരി.

ഞാന്‍ സൂചിയും നൂലും ബാക്കി ചക്രവും എന്റെ അനുജന്റെ കയ്യില്‍ കൊടുത്തയച്ചു. ഒരാഴ്ച്ച കഴിഞ്ഞ് ആ അമ്മ മതിലിങ്കല്‍ വന്ന് എന്നെ വിളിപ്പിച്ചു. അന്നും അവര്‍ക്കൊരു സാധനം വാങ്ങാനുണ്ട്. ഒന്നരമുഴം തലയിണച്ചീന്ത്.

കാര്യം പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ ചോദിച്ചു "ഞാന്‍ പൊയ്ക്കോട്ടെ?''

"ഈ അപ്പുവിനെപ്പോഴും ധിറുതിയാണല്ലോ,'' എന്ന് ആ അന്തര്‍ജ്ജനം പറഞ്ഞു. "ധിറുതിയായിട്ടല്ല'' എന്നു ഞാനും . എനിയ്ക്ക് മനയ്ക്കലുള്ള ആരുടേയും അടുത്ത് അധികനേരം നില്‍ക്കുന്നത് ഇഷ്ടമല്ല. അവരുടെ വലുപ്പവും എന്റെ ഇളപ്പവും എന്റെ മനസ്സില്‍ പൊന്തിവരും.

ആ മതിലില്‍ക്കൂടി ഒരണ്ണാന്‍ ഓടിച്ചാടി വന്ന് "ഛീ ഛീ ഛീ'' എന്നു പറഞ്ഞു. "നോക്ക്യേ, എന്തു ഭംഗിയാണെന്ന്! ശ്രീരാമസ്വാമി വരച്ചതാ അതിന്റെ പുറത്തെ വര. അപ്പുവിനറിയോ ആ കഥ?''

"ദേഹത്തു മണല്‍ പറ്റിച്ച് ചിറയില്‍ കൊണ്ടിട്ടതിന്റെ നന്ദി. എനിക്കറിയാം'' സംഭാഷണം അവ സാനിപ്പിക്കാന്‍ ഞാന്‍ തിടുക്കം കാണിച്ചു.
"അപ്പുവിനറിയാന്‍ മേലാത്തതൊന്നുമില്ലല്ലോ'' എന്നു പുഞ്ചിരിയില്‍ പുരട്ടിയ ഒരഭിനന്ദനം അവരുടെ മകനു ണ്ടായിരുന്നെങ്കില്‍ ഇതൊക്കെ അറിയാമായിരുന്നേനെയല്ലോ, എന്നു വിഷാദി ക്കുകയായിരിക്കും ആ അമ്മ.

പത്തുപതിനഞ്ചു ദിവസം കഴിഞ്ഞുകാണും, പിന്നെയും അവര്‍ എന്നെ വിളിച്ചു. അവരുടെ വിളി എന്നില്‍ മുഷിവുണ്ടാക്കിയെങ്കിലും അവര്‍ക്കു മകനില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ചെന്നു, അവരെനിക്ക് ഒരിലപ്പൊതി സമ്മാനിച്ചു, രണ്ടു നെയ്യപ്പം. അത് അവര്‍ എന്റെ കയ്യിലേക്ക് ഇടുകയല്ല വയ്ക്കുകയാണ് ചെയ്തതെന്നു തോന്നുന്നു. "അപ്പു തിന്നോളൂ, വീട്ടില്‍ കൊണ്ടു പോകെണ്ട''

"തിന്നോളാം''

"'എന്നാലാട്ടെ'

ഞാനത്  തിന്നു.

"നല്ലതല്ലേ''

"അതെ, നെയ്യപ്പം പിന്നെ ചീത്തയാണോ?''

അന്നും അവര്‍ വളരെ നേരം അതുമിതുമൊക്കെ പറഞ്ഞു നിന്നു.
പിന്നെയൊരു ദിവസം അവര്‍ മതിലിങ്കലിലേക്ക് വിളിച്ച് എന്നോട് ചോദിച്ചു. "ഈ കൊടിയേന്ന് അഞ്ചാറു വെറ്റ എടുത്ത് തപരാവോ അപ്പൂ?''
എന്നേയും അവര്‍ വേലക്കാരനാക്കിയെടുക്കുകയാണെന്നെനിക്കു തോന്നി. ഞാന്‍ സ്കൂള്‍ ഫൈനല്‍ ക്ളാസില്‍ പഠിക്കുകയാണ്. പരീക്ഷ ജയിച്ചാല്‍ എനിക്കൊരുദ്യോഗം കിട്ടും. പിന്നെ മനയ്ക്കല്‍ ഭൃത്യവേലയ്ക്കു പോകുകയില്ല. അതുകൊണ്ട് ഇപ്പഴേ എന്നെക്കൊണ്ട് വേല ചെയ്യിപ്പിക്കാനാണവരുടെ ശ്രമം. അവരെത്ര നല്ല സ്വഭാവക്കാരിയാണെങ്കിലും ജന്മിയുടെ കുശുമ്പില്ലാതെ വരുമോ?.

"കുഞ്ഞാത്തേരമ്മ മുറുക്കുമോ? പിന്നെയെന്തിനാ വെറ്റില?''

"എനിക്ക് മുറുക്കെണ്ട. ഇല്ലത്തു പിന്നെയെല്ലാവരും മുറുക്കുകേല്ലേ? ഞാന്‍ വെറ്റ തിന്നിട്ട് പത്തിരുപത്തിമൂന്ന് കൊല്ലം കഴിഞ്ഞു, അന്നും പൊകല തിന്നുകേല. കേറാന്‍ മേലെങ്കി വേണ്ട.''

മേലെങ്കില്‍ വേണ്ട! മേലെന്നു പറയുന്ന പ്രായമല്ല എനിക്ക്.

"മേലായ്മയൊന്നുമില്ല  ഞാനങ്ങേപ്പറേ വരാം''

"ഓ, ഇതിലേ ഇങ്ങു കേറിക്കോ''

"നേരേ വഴിയുള്ളപ്പോള്‍ കയ്യാല കേറുന്നത് മര്യാദയല്ലല്ലോ.''

"അപ്പുവിന്നു മര്യാദയൊന്നും നോക്കെണ്ട. ഇഷ്ടമുള്ളതിലേ കേറാം, ഇതിലേയിങ്ങു കേറിക്കോളൂ''

ഞാന്‍ നിഷ്പ്രയാസം കയ്യാല ചാടിക്കയറി.

"'മിടുക്കനാണേ''അതിലുംഅവര്‍എന്നെഅഭിനന്ദിച്ചു.അവരുടെമകനുണ്ടായിരുന്നുവെങ്കില്‍കയ്യാല ചാടിക്കയറാറായേനെയെന്ന വിഷാദമുണ്ടായിരിക്കാം അവര്‍ക്ക്. അവരൊരു വാഴക്കൂട്ടത്തിന്റെ മറവില്‍ നിന്നുകൊണ്ടു ഞാന്‍ മരത്തില്‍ കയറുന്നതു നോക്കി. "കേറാന്‍ മേലെങ്കില്‍ വേണ്ട കേട്ടോ.''
ഞാന്‍ മുണ്ടിന്റെ താഴത്തെ തുമ്പു രണ്ടും എളിയില്‍ കുത്തി, വെറ്റില നുള്ളി നുള്ളി പുറകില്‍ മുണ്ടിനകത്തു നിക്ഷേപിച്ചുതുടങ്ങി. ഞാന്‍ താഴെയിറങ്ങിയപ്പോള്‍ നാലുകെട്ടിന്റെ വരാന്തയില്‍ നിന്നുകൊണ്ട് അവര്‍ വിളിച്ചു പറഞ്ഞു: "ഇവിടെ; ഇങ്ങോട്ടു കൊണ്ടുപോരെ-- ''
ഞാന്‍ പുറകുവശത്തെ വരാന്തയില്‍ച്ചെന്നു. വെറ്റില കടഞ്ഞിട്ട് അടുക്കിക്കൊണ്ടിരുന്നപ്പോള്‍ ആ അന്തര്‍ജ്ജനം മുറിക്കകത്തു നിന്നുകൊണ്ട് പറഞ്ഞു, "നല്ല തളിരു വെറ്റില, ഇതുകണ്ടിട്ടൊന്നു മുറുക്കാന്‍ തോന്നുന്നു''

അടുക്കിത്തീര്‍ന്നപ്പോള്‍ അവന്‍ പറഞ്ഞു: "കുറച്ചങ്ങോട്ടെടുത്തോളൂ''

"എനിക്കെന്തിനാ'' എന്നു പറഞ്ഞിട്ട് ഞആന്‍ മുറ്റത്തിറങ്ങി.

"അപ്പു ഇന്നലെ കേശവന്റെ കല്ല്യാണത്തിനു പോയിരുന്നോ?''
"പോയിരുന്നു''

"കേമമായിരുന്നോ? ഒത്തിരി ആളുണ്ടായിരുന്നോ?''

"ഒത്തിരിയുണ്ടായിരുന്നു''

"എന്തെല്ലാമായിരുന്നു സദ്യവട്ടങ്ങള്?''

ഞാന്‍ വിസ്തരിപ്പിച്ച് കേള്‍പ്പിച്ചു. അവര്‍ കൌതുകത്തോടെ കേട്ടു

"പെണ്ണിനെ ഇന്നലെത്തന്നെ കൊണ്ടുപോന്നോ?''

വര്‍ത്തമാനം കുറേ നീളുന്ന ലക്ഷണമുണ്ട്. ഇനി പെണ്ണിനെ കൊണ്ടു വന്നത് വണ്ടിയിലാണോ? ആരെല്ലാം പോയിരുന്നു? പെണ്ണിന് ആഭരണങ്ങള്‍ ധാരാളമുണ്ടോ?- എന്നു തുടങ്ങി നൂറായിരം ചോദ്യങ്ങള്‍ വരും.അതിനൊക്കെ മറുപടി പറയാന്‍ നിന്നാല്‍ നേരം സന്ധ്യയാകും. അതുകൊണ്ട് ഇതങ്ങവസാനിപ്പിക്കണം. ഒഴുക്കന്‍ മട്ടില്‍ മറുപടി പറയുന്നതാണതിനു വഴി.

"ഉം''

"പെണ്ണു മിടുക്കിയാണോ?''

"ഉം''

"അതെങ്ങനെയാ അപ്പു അറിഞ്ഞത്?''

"കണ്ടിട്ടു തോന്നി''

"കണ്ടിട്ട് നല്ല പെണ്ണാണോ?''

"ഉം''

"എന്താ നെറം?''

"ഇരു നിറം''

"എന്റെ നിറമാണോ?''

"ഉം''

"എന്നേക്കാള്‍ വെളുത്തതാണോ?''

"ഉം''

"അതാണോ ഇരുനിറം? പെണ്ണിനെന്തു പ്രായമൊണ്ട്?''

"ഒരുവിധം''

"ഒരുവിധം--'' അവരൊന്നു ചിരിച്ചു

"അല്ലല്ല. ഞാന്‍ ഏതാണ്ടോര്‍ത്തുപോയി. പത്തിരുപത് വയസ്സുവരും''

വേറെ എന്താ ഓര്‍ത്തത്?''

"ഒന്നുമില്ല''

"അതല്ല.''

"പെണ്ണുവീട്ടുകാരുടെ സ്വത്തിന്റെ കാര്യം. ഒരുവിധം സ്വത്തുണ്ട്''

"ഇരുപത് വയസ്സായോ? ചെക്കനെത്ര വയസ്സുണ്ട്?''

"അതില്‍ കൂടുതലുണ്ട്''

ആ അമ്മ ചിരിച്ചു. "അങ്ങനെയല്ലേ നമ്മുടെ നാട്ടില്‍ പതിവ്?
വെള്ളക്കാര്‍ക്കങ്ങനെയല്ലപോലും''

അടുക്കളയില്‍ നിന്ന് പുറത്തിറങ്ങാത്ത അന്തര്‍ജ്ജനം വെള്ളക്കാരന്റെ കാര്യത്തിലേക്ക് കടന്നിരിക്കുന്നു. ലോകം മുഴുവന്‍ ചുറ്റുന്ന മട്ടുണ്ട്. എന്നാലും അവരെ നിഷേധിക്കാമോ? അവര്‍ക്ക് മകനില്ല, ഭര്‍ത്താവില്ല, സാധു!

"ഉം''

"അപ്പുവിന് പതിനെട്ടു വയസ്സായി, ഇല്ലേ?''

"ഉം''

"എന്നെ വേളികഴിച്ചത് പതിമ്മൂന്നു വയസ്സിലാ, ഈ മകരത്തില്‍ ഇരുപതുകൊല്ലമാകും''

"ഉം''

"അദ്ദേഹത്തിന് പതിനെട്ടു വയസ്സായിരുന്നു''

"ഉം''

അവര്‍ മുറിക്കകത്ത് കതകിന്റെ ഒരു പാളിയില്‍ മാറിടം കൊള്ളിച്ചു നില്‍ക്കുകയാണ്. അവരുടെ കഴുത്തിലൊരു മുണ്ടുളളത് കയറുപോലെ കിടക്കുകയാണ്. അതിന്റെ രണ്ടുതലയും പുറകോട്ടായിരുന്നു. അവരുടെ കഴുത്തില്‍ താലിയില്ലെന്നുള്ള വസ്തുത മറയ്ക്കാന്‍ മാത്രം പറ്റിയിരുന്നു ആ മുണ്ട്.

ഞങ്ങളുടെ വീട്ടിലെ ചക്കിപ്പൂച്ചയും ഞങ്ങളോടു കൂടി. പടിയില്‍ എനിക്കഭിമുഖമായിട്ട് ആ സുന്ദരിപ്പൂച്ച വന്നിരിപ്പുപിടിച്ചു. ഞങ്ങളുടെ വര്‍ത്തമാനം അതിന് പിടിച്ചെന്നു തോന്നുന്നു.
"എന്തു ഭംഗിയുള്ള പൂച്ച!'' ആത്തേരമ്മ പറയുകയാണ്. "പക്ഷേ, ഇതു വല്ലാത്താണ്. രാത്രി എന്റെ കൂടെയാണ് കിടപ്പ്. ഞാനറിയാതെ വന്ന് എന്റെ കൈക്കൂട്ടില്‍ പറ്റിപ്പിടിച്ച് കിടക്കും''

"അതിനറിയാം കുഞ്ഞാത്തേരമ്മയ്ക്കതിനോട് ഇഷ്ടമുണ്ടെന്ന്. ചൂടുപറ്റി സുഖത്തിനങ്ങു കിടക്കും''

അവര്‍ എന്റെ നേരെ ഒന്നു നോക്കി. തുളച്ചുകയറുന്ന ഒരു നോട്ടം. അവരുടെ മുഖം കതകിന്റെ മറവിലേക്കൊന്നു മാറുകയും ചെയ്തു.

"ഞാന്‍ പോകുന്നേ'' എന്നു പറഞ്ഞിട്ട് നാലുകെട്ടു ചുറ്റി പടിപ്പുര കടന്ന് ഞാന്‍ വീട്ടിലേക്കു പോന്നു.

പിന്നെ ഞാനവരെ കാണാന്‍ പോയില്ല. എന്നെ വിളിക്കുമ്പോള്‍ ഞാന്‍ പറയും "അവര്‍ക്ക് ജോലിയൊന്നുമില്ല. ഞാനിവിടില്ലെന്നു പറഞ്ഞേരെ'' എന്ന്.

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ 'പൂവമ്പഴ'ത്തിനെന്തോ അസുഖമാണെന്ന് വീട്ടിലാരോ പറയുന്നതു കേട്ടു.

ആയിടെ അവിടത്തെ നമ്പൂതിരി മൂന്നാമതൊരന്തര്‍ജ്ജനത്തെക്കൂടി വേളി കഴിക്കയുണ്ടായി. അതിന്റെ 'കുടിവെയ്പ്പ്' അത്ര കേമമാലിരുന്നില്ലെങ്കിലും ഞങ്ങള്‍ക്കു സദ്യയുണ്ടായിരുന്നു. ഞാന്‍ ഊണു കഴിഞ്ഞപ്പോള്‍ 'പൂവമ്പഴം' എന്നെ വിളിപ്പിച്ചു. അവര്‍ക്ക് സുഖമില്ലാതിരിക്കയല്ലെ? വല്ല മരുന്നും വാങ്ങിക്കൊണ്ടുവരാനായിരിക്കും, അവര്‍ക്ക് മക്കളില്ലല്ലോ. ഞാന്‍ പുറകുവശത്ത് മുറ്റത്തു ചെന്നു നിന്നു. അവര്‍  മുറിക്കകത്തു വാതില്‍ക്കല്‍ ഇരുന്നു. അവരുടെ നീണ്ട മുടി മുറിച്ചു കളഞ്ഞിരിക്കുന്നു. കവിളെല്ലുകള്‍ തള്ളി നില്‍ക്കുന്നു. കണ്ണിന്റെ പ്രകാശത്തെ നിരാശ കവര്‍ന്നിരിക്കുന്നു. പുരികത്തിന്റെ ഭംഗി മാത്രം ശേഷിച്ചിട്ടുണ്ട്. ക്ഷീണിച്ച സ്വരത്തിലവര്‍ ചോദിച്ചു.

"ഉണ്ടോ?''

"ഉണ്ടു''

"സദ്യ നന്നായോ?''
"ഉം''

"എനിക്കൊന്നും കഴിക്കാന്‍ മേല, ഒന്നും വേണ്ടതാനും''
"ഉം''

"ഇനി ഇവിടെ ആദ്യമുണ്ടാകുന്ന സദ്യ ഒരു പിണ്ഡമായിരിക്കും''

"........ഉം''

"അതെ അപ്പു, അതെ''

"എന്താ അങ്ങനെ പറയുന്നതു കുഞ്ഞാത്തേരമ്മേ?''

"......കുഞ്ഞാത്തേരമ്മേ!''

...................................
അവരൊന്നു ചിരിക്കാന്‍ പണിപ്പെട്ടു.

അമിതമായ സമ്പത്ത്, അനല്പമായ സൌന്ദര്യം, നല്ലപ്രായം...

ഞാന്‍ മരവിച്ച് നിന്നു പോയി. എന്റെ വീതത്തിനു ഞാനും അവരെ വേദനിപ്പിച്ചുകാണുമോ?
"അപ്പു-- പൊയ്ക്കൊള്ളു'' അവര്‍ കതകടച്ചു കളഞ്ഞു.