അശാന്തിപർവ്വത്തിൽ നിന്നൊരേട്

സുജരവി

(കഴിഞ്ഞ ലക്കത്തിൽ നിന്നും തുടർച്ച)

സാവിത്രിയുടെ ചിറകുകൾ



ഒരു കവി  തന്നെത്ത്ന്നെ ശസ്ത്രക്രിയ ചെയ്യണമെന്നു പറഞ്ഞത് കോവിലനാണ്‌.ഈ ശസ്ത്രക്രിയയാണ്‌ സാവിത്രിയുടെ ചിറകുകൾ എന്ന കവിതയെ സജീവമാക്കുന്നത്‌.ലളിതാലെനിന്റെ കാവ്യജീവിതത്തിലെ വഴിത്തിരിവാണ്‌ ഈ കവിത എന്നതിൽ തർക്കമില്ല. കരിങ്കിളിയിൽ നിന്ന്‌ കർക്കിടകവാവും കടന്ന് നമുക്ക് പ്രാർത്ഥിക്കാം എന്ന സമാഹാരത്തിൽ എത്തുമ്പോൾ പ്രണയകവിതകൾക്ക് ചിന്താപരമായ ഗരിമ സിദ്ധിക്കുന്നുണ്ടെന്നതിന്‌ തെളിവാണ്‌ സാവിത്രിയുടെ ചിറകുകൾ. ഇതു വെറും പ്രണയകവിതയുമല്ല. സാവിത്രിയുടെ ഹൃദയത്തിലെ  മണിച്ചിത്രഗോപ്യതകളിലേക്കാണ്‌ കവി ഇറങ്ങിച്ചെല്ലുന്നത്‌.സന്തുഷ്ടമാനസരുടേയും സന്തുഷ്ടകുടുംബങ്ങളുടേയും വിഹ്വലമായ ഹൃദയത്തിൽ അധഃസ്തലങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോൾ ഓരോരുത്തരും പ്രദർശിപ്പിക്കുന്ന വർണ്ണാഭമായ മുഖാവരണങ്ങളഴിഞ്ഞു വീഴുന്നത് കാണാനാവും. അസന്തുഷ്ടിയുടേയും അസഹിഷ്ണുതയുടേയും പഴുത്തു വിങ്ങിയ വ്രണങ്ങൾ കണാനാവും. ഇത്തരം പുണ്ണുകളുടെ പുതപ്പുകൾ മാറ്റുകയാണ്‌ ലളിതാലെനിന്റെ ചിന്തയുടെ ചിറകുകൾ.

കൺകെട്ട്

കൺകെട്ട് എന്ന കവിത ഒരിതിഹാസവേദനയെ  സമകാലാനുഭവമാക്കി മാറ്റുകയാണ്‌. ഭാരതീയ സ്ത്രീത്വത്തിന്റെ ചിരനൂതന  പ്രതീകമായി വാഴ്ത്തി ഗാന്ധാരിയെ പൂജിച്ചുയർത്തി ആദർശവല്ക്കരിച്ച് അകറ്റിനിർത്തുമ്പോൾ ഗാന്ധാരിയെ വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുകയാണ്‌ കൺകെട്ട് എന്ന കവിതയിൽ. കറുത്ത തുണികൊണ്ട്‌ ഗാന്ധാരി സ്വയം തീർത്ത കൺകെട്ട് സുഖഭോഗങ്ങളുടെ മൃദുലാനുഭവങ്ങൾ സ്വയം നിഷേധിക്കുന്നതിന്റെ ചിഹ്നമാണെന്നാണ്  ` ഇതിഹാസവിവക്ഷ. എന്നാൽ തന്റെ കൺകെട്ട് തന്റെ ഉണ്ണികളുടെ ഇരുട്ടായിത്തീർന്നുവെന്നറിയുന്നവളാണ്‌ ഇവിടുത്തെ ഗാന്ധാരി. തന്റെ ശപഥത്തിന്റെ ചൂടിൽ ഒരു കുലം മുഴുവൻ ചാമ്പലായ ജന്മപാപം ഏറ്റുപറയുന്നവൾ,താൻ പകർന്നുകൊടുത്ത മുലപ്പാൽ അന്ത്യത്തിൽ ചാലിച്ചതാണെന്നറിയുന്നവൾ,ഗാന്ധാരി തന്റെ സുഖങ്ങൾക്ക് കറുപ്പിന്റെ ആവരണമിടുമ്പോൾ ഇരുട്ടിലായത്‌ സുയോധനാദികളുടെ ബാല്യകൌമാരങ്ങളാണെന്ന അറിവാണ്  ഗാന്ധാരിയുടെ ധർമ്മസങ്കടം. തന്റെ അദൃശ്യനേത്രങ്ങളിലെ അമൃതകിരണത്തിനായി ബാല്യത്തിൽ നെഞ്ചു പിടയുന്ന സുയോധനന്റെ, കൺകെട്ടിനോട്‌ കയർക്കുന്ന മരണാസന്നയായ സുയോധനന്റെ ചിത്രങ്ങൾ ഗാന്ധാരിയുടെ മനസ്സിൽ ആധിയുടേയും, പാപത്തിന്റേയും തീരാക്കളങ്കങ്ങളാണ്‌. തന്റെ മനസ്സിനോട് നീതി പുലർത്താൻ വേണ്ടി സ്വയം സൃഷ്ടിച്ച കെട്ടുകൾ സന്താനങ്ങളുടെ വളർച്ചയേത്തന്നെ തടഞ്ഞ ഊരാക്കുടുക്കുകളായിത്തീർന്നുവെന്നത്‌ ഉള്ളു പൊള്ളിക്കുന്ന സത്യമായിത്തീർന്നിരിക്കുന്നു.


ഇരുട്ടിൽ നിന്ന് പിറന്ന്/ഇരുട്ടിൽ വളർന്നവൾ
പ്രളയരാത്രിയായ് പരിണമിച്ചത്/എങ്ങനെയെന്ന്/അമ്മയറിയുന്നു
എന്ന ഗാന്ധാരിയുടെ ആധിപ്പെടൽ ചരിത്രത്തിലെന്നും അലോസരമുണ്ടാക്കുകതന്നെ ചെയ്യും. തീ നാമ്പുകളിലൂടെ നടന്ന ഈ ഗാന്ധാരിയെ സമകാലജീവിതത്തിന്റെ ബിംബസാകല്യമാക്കി മാറ്റുകയാണീ കവിതയിൽ.

എന്റെ മുഖത്തൊരു/കറുത്ത തൂവാല പാറിവീണു
വിമോചനമന്ത്രത്തിന്റെ/സ്വർണ്ണനൂൽ കൊണ്ട്
വക്കുരുട്ടിത്തയ്ച്ച കറുത്ത തൂവാല


എന്നറിയുന്ന കവിയുടെ ശബ്ദം സമകാല സങ്കടങ്ങളുടെ ഉഷ്ണമേഖലയിൽ നിന്നുള്ള വെൺമയുടേതാണ്‌. സ്ത്രീത്വത്തിന്റെ ഉൺമ അപമാനിക്കപ്പെടുന്ന,അവഗണിക്കപ്പെടുന്ന,നിശ്ശ്ബ്ദമാക്കപ്പെടുന്നതിന്റെ ഭാഗമായാണ്‌ ഇവിടെ കവിക്കു ലഭിക്കുന്ന കറുത്ത തൂവാലയെ വായിക്കപ്പെടേണ്ടത്‌. വർത്തമാനാവസ്ഥയുടെ സംത്രാസങ്ങൾക്കിടയിൽ കണ്ണും, കാതും പൂട്ടാൻ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന ഭീതിദമായ അറിവും കവിക്കുണ്ട്‌.അപ്പോഴാണ്‌ ഗാന്ധാരി ഒരു ദുരന്താനുഭവത്തിന്റെ ഓർമ്മ പിൻപറ്റിക്കൊണ്ട്‌ മന്ത്രിക്കുന്നത്‌.

അരുത് കൺകെട്ടരുത്.

എന്നാൽ കവിക്ക് ആ തൂവാല വലിച്ചെറിയാൻ ആവുന്നില്ല. ഈ രണ്ടറിവുകൾക്കിടയിലാണ്‌ സ്ത്രീത്വത്തിന്റെ സങ്കീർണ്ണതയെ കവി തിരിച്ചറിയുന്നത്‌. ഇച്ഛയും, പ്രാപ്തിയും തമ്മിലുള്ള  ദൂരത്തെയാണ്‌ നാം സംഘർഷമെന്നും, സങ്കീർണ്ണമെന്നും പറയുന്നത്‌. ഈ സ്വത്വപ്രതിസന്ധിയെ സ്ത്രീജീവിതത്തിന്റെ സങ്കീർണ്ണതയാക്കി മാറ്റുകയാണ്  ഇവിടെ കവി.

കണ്ണുകെട്ടാതെ/കാതു പൊത്താതെ/ഈ തൂവാല
ചോര വാലുന്ന നെഞ്ചിൽ ചേർത്തുവെക്കാനേ കവിക്കാവുന്നുള്ളു

കൺകെട്ട് ഒരു ബിംബമാണ്‌. ചരിത്രത്തിലിന്നും തുടരുന്ന ആരും അഴിക്കാത്ത,അഴിക്കാൻ ശ്രമിക്കാത്ത കടുംകെട്ടുകളുടെ ബിംബം.ത്രേതായുഗത്തിന്റെ അഗ്നിസാക്ഷ്യവും, ദ്വാപരത്തിന്റെ വസ്ത്രദൈന്യവും ചരിത്രത്തിലെ കടുംകെട്ടുകളു ടെ ചങ്ങലക്കണ്ണികളാണ്‌. ഈ ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ കെട്ടും രൂപപ്പെടുത്താൻ ചരിത്രവും പാരമ്പര്യവും സംസ്ക്കാരവും അധികാരവും കറുത്ത തൂവാലകൾ നല്കിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ വശ്യത നഷ്ടപ്പെടുമ്പോൾ തൂവാലക്ക് വിമോചനത്തിന്റെ സ്വർണ്ണനൂലുകൊണ്ട്‌ അലുക്കുകൾ നിർമ്മിക്കുന്നു. സമൂഹത്തിന്റെ സ്ഥൂലവും, സൂക്ഷമവും ആയ വ്യവഹാരങ്ങളിൽ നിന്ന് സ്ത്രീയെ ചൂഷണത്തിന്റെ പുറമ്പോക്കുകളിലേക്ക്  കുടിവെക്കുന്നതിന്‌ ഓരോ സമൂഹവും സ്വീകരിച്ച തന്ത്രങ്ങൾ ഓരോന്നാണ്‌. കായികമായി,ബൌദ്ധികമായി പ്രലോഭനത്തിന്റെ പീലികളായി, വ്യാജമായ പൂജാവിഗ്രഹങ്ങളായി സ്ത്രീയെ പാർശ്വവല്ക്കരിക്കുമ്പോൾ ആവർത്തിക്കുന്നത്‌ കൺകെട്ടുകളും  , അതിലുറയുന്ന നിശ്ശ്ബ്ദരോദനങ്ങളുമാണെന്ന താക്കീതാണീ കവിത.