ആഗോള വല്ക്കരണവും മൂന്നാം ലോക സ്ത്രീ സമൂഹവും


ഡോ:മിനി പ്രസാദ്‌


കൊളോണിയലിസത്തിന്റെ പുത്തൻ മുഖമാണ്‌ ആഗോളവല്ക്കരണം, സ്വകാര്യവല്ക്കരണം,ഉദാരവല്ക്കരണം എന്നിവ. വൈസ്രോയിമാരും ഗവർണ്ണർ ജനറല്‍മാരും കൈയാളിയിരുന്ന മേധാവിത്വത്തിനു പകരം ബഹുരാഷ്ട്രകുത്തകകൾ,അന്താരാഷ്ട്ര നാണയനിധി,ലോകവ്യാപാരസംഘടന എന്നിവ അധികാരത്തിന്റെ ഭിന്നമുഖങ്ങളായി രംഗത്തു വന്നു എന്ന വ്യത്യാസം മാത്രം. കോളനിവാഴ്ച ക്കാലത്തേതുപോലെത്തന്നെ ദരിദ്രരാഷ്ട്രങ്ങളുടെ വിഭവങ്ങളും അസംസ്ക്കൃത സാധനങ്ങളും വൻതോതിൽ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ കയറ്റിക്കൊണ്ടുപോവുന്നു. സാമ്രാജ്യത്വരാഷ്ട്രങ്ങളും ബഹുരാഷ്ട്രകുത്തകകളും തെറ്റിദ്ധരിപ്പിച്ചും,പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നടത്തുന്ന ഈ കൈയേറ്റം വികസിതരാജ്യങ്ങളും മറ്റു രാജ്യങ്ങളുമായുള്ള അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നു. ഓരോ രാജ്യത്തും ഈ നയങ്ങൾ അനേകം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്‌. ഇന്ത്യ പോലെയൊരു മൂന്നാം ലോക രാജ്യത്ത് രൂക്ഷമായ അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കും. ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ പ്രത്യേകമായി ഈ നയങ്ങൾ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണം പ്രസക്തമാണ്‌.

എന്തുകൊണ്ട് സ്ത്രീസമൂഹം?


മൂന്നാംലോകരാജ്യങ്ങളിൽ നിലനില്ക്കുന്ന പിതൃ ആധിപത്യ വ്യവസ്ഥിതികൾ സ്ത്രീയെ ഒന്നാംകിട പൌരയായി കണക്കാക്കുന്നില്ല. ഇതേ ആധിപത്യവ്യവസ്ഥിതിയുടെ ചൂഷണസംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള അനേകം പഴുതുകൾ ആഗോള-ഉദാര-സ്വകാര്യവല്ക്കരണത്തിന്റെ കടന്നുവരവോടെ സംഭവിക്കുന്നു. ഗാർഹിക ജോലികളുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്ത്രീയുടെ അദ്ധ്വാനഭാരത്തെ അനുബന്ധജോലികളായി മാത്രമേ പിതൃ ആധിപത്യ സമൂഹങ്ങൾ കണക്കാക്കുന്നുള്ളു. ഈ നയങ്ങളാണ്‌ മൂന്നാംലോകത്തിലെ സ്ത്രീകളുടെ ജീവിതത്തെ ദുരിതാവസ്ഥകളിലേക്ക് എടുത്തെറിയുന്നതിന്റെ മുഖ്യകാരണം. ജീവിതച്ചെലവുകൾ വർദ്ധിക്കുന്നതോടെ ചെലവു ചുരുക്കാനായി കൂടുതൽ ജോലികൾ വീട്ടമ്മ സ്വയം ഏറ്റെടുക്കുന്നത് ഇതിനൊരു ഉദാഹരണമാണ്‌.

ആഗോള- ഉദാര-സ്വകാര്യ വല്ക്കരണ നയങ്ങൾ കമ്പോളത്തെ സ്വൈര്യവിഹാരത്തിന്‌ തുറന്നുവിടുന്നതോടെ സേവനമേഖലകളിൽ നിന്ന്‌ സർക്കാർ പിൻമാറും. അതിന്റെ പ്രത്യാഘാതങ്ങൾ വിദ്യാഭ്യാസം,ആരോഗ്യം,കുടിവെള്ളം,വ്യവസായം,കാർഷികം എന്നീ മേഖലകളെ പൊതുവായി എങ്ങനെ ബാധിക്കുമെന്നും അതെങ്ങനെ മൂന്നാംലോക സ്ത്രീസമൂഹത്തെ പ്രത്യേകമായി ബാധിക്കുമെന്നുമാണ്‌ ഇവിടെ നിരീക്ഷിക്കുന്നത്‌.


വിദ്യാഭ്യാസം


പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കുക ,വിദ്യാഭ്യാസം സാർവ്വത്രികമാക്കുക ഇവയൊക്കെ ജനകീയ സർക്കാരുകളു ടെ പ്രഖ്യാപിത പദ്ധതികളായിരുന്നു. ഗവൺമെന്റ് സ്ക്കൂളുകളും ,കോളേജുകളും, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപങ്ങളും ഗ്രാമാന്തരങ്ങളിൽ പോലും സ്ഥാപിതമാവുന്നത്‌ അങ്ങനെയാണ്‌. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ട രാജ്യമാണ്‌ ഇന്ത്യ. ഫീസിളവിലൂടേയും മറ്റു ആനുകൂല്യങ്ങളിലൂടേയും പെൺകുട്ടികളെ  ഇവിടേക്ക് ആകർഷിക്കാനും കഴിഞ്ഞിരുന്നു. ഇതേ അവസ്ഥയിലേക്ക് സ്വാശ്രയസ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ കടന്നുവരുന്നതോടെ വിദ്യാഭ്യാസസ്ഥാപനം ചെലവേറിയ ഒരു പദ്ധതിയാവുന്നു. സ്വാഭാവികമായും പെൺകുട്ടികളെ  ഉന്നത വിദ്യാഭ്യാസത്തിന്‌ വിടാൻ മാതാപിതാക്കൾ മടിക്കും. വിവാഹാവശ്യത്തിന്റെ ഭീമമായ ചിലവുകൂടി കണക്കുക്കൂട്ടുമ്പോൾ ഈ തീരുമാനത്തിന്റെ ശക്തി വർദ്ധിക്കും. പെൺകുട്ടികളെ  മലയാളം മീഡിയത്തിൽ പഠിപ്പിക്കുന്ന പ്രവണത ഗ്രാമപ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്നുണ്ട്‌. ഇത് വിദ്യാഭ്യാസരംഗത്തെ അസന്തുലിതാവസ്ഥയുടെ പ്രതീകമാണ്‌. ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്ക്കൂളുകൾ അടച്ചുപൂട്ടുന്നതോടെ ഇത്തരം ചെറിയ സൌകര്യങ്ങൾ തന്നെ ഇല്ലാതെയാവും.

ആരോഗ്യമേഖല


മെഡിക്കല്‍ കോളേജുകളും ജില്ലാതാലൂക്ക് ആശുപത്രികളും പ്രൈമറിഹെൽത്ത് സെന്ററുകളും കൂടി പരിരക്ഷിച്ചുപോന്ന ഒരു ആരോഗ്യ സുരക്ഷ നമുക്കുണ്ടായിരുന്നു. ഹെൽത്ത് വിസിറ്ററന്മാർ വീടുവീടാന്തരം കയ്യറിയിറങ്ങിയിരുന്നതിനാൽ ഗർഭകാലത്തെ വിറ്റാമിൻ ഗുളികകൾ,അക്കാലത്തെ കുത്തിവെയ്പ്പുകൾ ഇവ സംബന്ധിച്ച് കേരളത്തിലെ എല്ലാ സ്ത്രീകൾക്കും സാമാന്യമായ ധാരണകളു ണ്ടായിരുന്നു. ശിശുമരണങ്ങളും, പ്രസവാനുബന്ധ മരണങ്ങളും കേരളത്തിൽ കുറയുന്നത്‌ ഇങ്ങനെയാണ്‌. ആരോഗ്യമേഖല സ്വകാര്യവല്ക്കരിക്കപ്പെടുന്നതോടേ ഇത്തരം ആരോഗ്യപരിരക്ഷ എന്ന സങ്കല്പ്പമേ ഇല്ലാതെയാവും. കുട്ടികളു ടെ പ്രതിരോധ കുത്തിവയ്പ്പിന്‌ പോലും സ്വകാര്യ നക്ഷത്ര ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. നമ്മുടെ സമൂഹത്തിലെ അറുപതു ശതമാനം സ്ത്രീകൾക്കും പ്രസവത്തിന്‌ പഴയകാലരീതികളെ  ആശ്രയിക്കേണ്ടി വരും. ആരോഗ്യരഹിതരായ അമ്മമാരും കുട്ടികളും  അടങ്ങുന്നൊരു സമൂഹം ഇവിടെ സംജാതമാവാൻ അധികകാലമൊന്നും ബാക്കിയില്ല.


കുടിവെള്ളം

സംശുദ്ധവും ശുചിത്വപൂർണ്ണവുമായൊരു ജീവിതത്തിന്‌ ശുദ്ധജലം അത്യന്താപേക്ഷിതമാണ്‌. പുഴവില്പ്പന എന്ന പുതിയ വ്യവസായസാദ്ധ്യതയുടെ ചർച്ചയും കുപ്പിവെള്ളത്തോടുള്ള ആഭിമുഖ്യവും ഇതിന്റെ രണ്ടു മുഖങ്ങളാണ്‌. നമ്മുടെ കിണറുകളിലെ വെള്ളം ശുദ്ധമല്ല എന്നു പറയുന്നവർ ഇതേ വെള്ളം  കുപ്പികളി ലടച്ച് ശുദ്ധജലമായി നമ്മെ കുടിപ്പിക്കുന്നു. പുഴകളും , തോടുകളും  വെള്ളം വെറുതേ ഒഴുകിപ്പോകുന്ന സ്ഥലമല്ല. അതൊരു ആവാസവ്യവസ്ഥയാണ്‌. അനേകമൈൽ നീളത്തിൽ ഇരുകരകളിലേയും ജനജീവിതത്തേയും സംസ്ക്കാരത്തേയും പ്രത്യക്ഷമായും, പരോക്ഷമായും ഇവ ബാധിക്കുന്നുണ്ട്‌. സസ്യമൃഗജാലസമ്പത്തിനെ പോറ്റിവളർത്തുകയും ചെയ്യുന്നുണ്ട്‌. പുഴ വറ്റുന്നതോടെയും ജലസമ്പത്ത് കുത്തകകമ്പനികൾക്ക് തീറെഴുതുന്നതോടേയും ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്നതോടേയും സ്ത്രീയുടെ അദ്ധ്വാനഭാരം വർദ്ധിക്കുന്നു. പിതൃ ആധിപത്യ വ്യവസ്ഥകളിൽ അധിഷ്ഠിതമായ ഇന്ത്യൻ കുടുംബവ്യവസ്ഥിതിയിൽ വീടുകളി ലേക്കാവശ്യമുള്ള  വെള്ളം എത്തിക്കുക സ്ത്രീയുടെ ജോലിയാണ്‌. കുടിവെള്ളം തേടി മൈലുകളോളം അലയേണ്ടിവരുന്ന സ്ത്രീയുടെയും വരും തലമുറയുടേയും ആരോഗ്യം നശിക്കുന്നു. ജലനിധി പോലേയുള്ള സ്വകാര്യജലവിതരണപദ്ധതികൾ നടപ്പിൽ വരുന്നതോടെ പൊതുജലവിതരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പിന്‍ മാറുകയും കുടിവെള്ളം  വിലകൊടുത്ത് വാങ്ങേണ്ട ഒരു വിഭവം മാത്രമാവുകയും ചെയ്യും. അതോടെ കഴിയുന്നിടത്തോളം വെള്ളം കുറച്ചുപയോഗിക്കാനും മിച്ചം വെക്കാനുമുള്ള പ്രവണത വർദ്ധിച്ചുവരും. ഈ ലാഭിക്കൽ ശുചിത്വത്തേയും  ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. പ്രസവം, മാസമുറ എന്നീ ജൈവപ്രത്യേകതകളാൽ ജലവിനിയോഗത്തിന്റെ കാര്യത്തിൽ സ്ത്രീകള്‍  പുരുഷന്മാരേക്കാൾ മുന്നിലാണ് . ആവശ്യത്തിന്‌ വെള്ളം കിട്ടാതെ വരുന്നത്‌ അവരുടെ ആരോഗ്യത്തെ ഭീതിജനകമായ തരത്തിൽ ബാധിക്കും. സ്വകാര്യജലവിതരണ പദ്ധതികളിലൂടെ കിട്ടുന്നത്‌ ശുദ്ധജലമായിരിക്കും എന്നതിന്‌ ഉറപ്പില്ല താനും.

വ്യവസായമേഖലകൾ

വ്യവസായമേഖല സ്വകാര്യവല്ക്കരിക്കപ്പെടുന്നതോടെ സ്ത്രീതൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നു. പരമ്പരാഗതവ്യവസായങ്ങൾ തകരുകയും അത്തരം തൊഴിലാളിസ്ത്രീകൾ തൊഴിൽ രഹിതരാവുകയും ചെയ്യും. എൽ.ഐ.സി, ബാങ്കുകൾ ഇവയുടെ സ്വകാര്യവല്ക്കരണത്തോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും കരാർനിയമനങ്ങളായി അവ മാറ്റുകയും ചെയ്യും. ഇത്തരം തസ്തികകളിൽ തൊണ്ണൂ​‍ൂറു ശതമാനത്തോളം സ്ത്രീകളാണ്‌ ജോലി ചെയ്യുന്നത്`. ബാങ്കുകളുടെ സ്വകാര്യവല്ക്കരണം സ്ത്രീകളു ടെ സ്വകാര്യതൊഴിൽ സംരംഭങ്ങളും അവയുടെ ലോണുകളുമൊക്കെ താറുമാറാക്കും.പൊതുമേഖലാബാങ്കുകളു ടെ ഓഹരികള്‍  വാങ്ങുന്ന വിദേശബാങ്കുകൾക്ക് ഗ്രാമീണ മേഖലയുടെ വികസനവും സംരക്ഷണവും അജണ്ടകളല്ല.


ബാങ്കുകൾ സ്വകാര്യവല്ക്കരിക്കാനുള്ള  നീക്കം ഗ്രാമീണ ഇന്ത്യയെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളി വിടും. ഗ്രാമീണചെറുകിട വ്യവസായങ്ങളുടെ നടത്തിപ്പുകാർ സ്ത്രീകളാണ്‌ എന്നോര്‍ക്കുമ്പോഴാണ്‌ നമ്മെ ഗ്രസിക്കാനിരിക്കുന്ന വിപത്ത്‌ ബോദ്ധ്യപ്പെടുക.
ഇപ്പോൾ വളർച്ച പ്രാപിച്ചുവരുന്ന സ്വകാര്യസ്ഥാപനങ്ങളിലൊന്നും ഒരു സേവന വേതന വ്യവസ്ഥയും നിലവിലില്ല. പത്തുമുതൽ പന്ത്രണ്ടു മണിക്കൂർ വരെ ജോലിസമയം നിലനില്ക്കുന്ന ഈ സ്ഥാപനങ്ങളിലൊന്നും പ്രസവാവധിപോലേയുള്ള  ആനുകൂല്യങ്ങളൊന്നുമില്ല. വ്യവസായമേഖലകളിൽ ഇപ്പോള്‍  സ്ത്രീകളാണ്‌  കൂടുതൽ ജോലി ചെയ്യുന്നതെന്ന സർക്കാർ അവകാശവാദം തികച്ചും തെറ്റാണ്‌. കാഷ്വൽ നിയമനങ്ങളുടെ കാര്യത്തിൽ കണക്കിൽ മാത്രം ഇത് സത്യമാണ് . യാതൊരുവിധ ക്ഷേമനിധിയോ,ആനുകൂല്യങ്ങളൊ ഇത്തരം നിയമനങ്ങൾക്ക് ബാധകമല്ല. വിവാഹിതരായ  സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല എന്ന നിർദ്ദേശത്തോടെയാണ്‌ ഇവയുടെ പരസ്യം പോലും  പ്രത്യക്ഷപ്പെടുന്നത്‌. ബഹുരാഷ്ട്രകുത്തകകമ്പനികളു ടെ താല്പ്പര്യം സംരക്ഷിക്കുകയും മാനിക്കുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങൾ പഴയ അടിമ ഉടമ സമ്പ്രാദായത്തിലേക്ക് നമ്മെ പിറകോട്ട് നടത്തുകയാണ്‌.