അരങ്ങ്-14


വാഴേങ്കട കുഞ്ചുനായര്‍ 
പീ.വി.ശ്രീവൽസൻ

കല്യാണസൌഗന്ധികത്തിലെ ഭീമൻ ആദ്യമായി ചെയ്തത് നാരായണൻ നായരാശാന്റെ ഹനുമാന്റെ കൂടെയായിരുന്നു. അതൊരു ഭാഗ്യമായിരുന്നു. കാരണം മുൻകൂട്ടി നിശ്ച്ചയിച്ചതായിരുന്നില്ല അത്‌. ഗുരുനാഥന്റെ വേഷം രണ്ടാമത്തെ കഥയിലായിരുന്നു. ഉദ്ഭവത്തിൽ രാവണൻ. ഭീമൻ നിശ്ച്ചയിച്ചിരുന്ന നടൻ കളിക്കെത്തിയില്ല. കഥ മാറ്റിയില്ല. കളിയച്ഛനായിരുന്ന രാവുണ്ണിമേനോനാശാന്റെ തീരുമാനം, ഭീമൻ കുഞ്ചുവിന്റെ മതി.

നാരായണൻ നായരാശാനും അതു സന്തോഷമായിരുന്നു. വേഷം കഴിഞ്ഞു മുഖം തുടയ്ക്കുമ്പോൾ അദ്ദേഹം അതു പറയുകയും ചെയ്തു.

വാഴേങ്കടയെത്തിയപ്പോൾ കുഞ്ചുവിനെ എതിരേറ്റതും മറ്റൊന്നായിരുന്നില്ല. നാരായണൻ നായരാശാൻ തീരുമാനിച്ചതും ഉറപ്പിച്ചതും. കുഞ്ചു പോലും അറിയാതെ.


നാണിക്കുട്ടിയുടേയും കുഞ്ചുവിന്റേയും കല്യാണം!

അമ്പലപുരത്തേക്ക് അദ്ദേഹത്തിനു വന്ന കത്തിന്റെ മറുപടി. കുഞ്ചുവിനോ ട് അത്യധികം വാൽസല്യവും, സ്നേഹവുമുള്ള മാന്യനായ ഒരാളായിരുന്നു ആ കത്തയച്ചത്‌. കുഞ്ചുവും, പടിഞ്ഞാറെവെളിങ്ങോട്ട് നാണിക്കുട്ടിയും തമ്മിലുള്ള സുദൃഢസ്നേഹത്തെക്കുറിച്ച്‌ നല്ലവണ്ണം മനസ്സിലാക്കിയ ഒരാൾ. നാരായണൻ നായരാശാനുമായി അദ്ദേഹം വളരെ അടുപ്പമായിരുന്നു. ആ സ്വാതന്ത്ര്യം കൊണ്ടു കൂടിയായിരുന്നു ആ കത്ത്`.

കല്യാണത്തിന്റെ ദിവസം പോലും അദ്ദേഹം നിശ്ച്ചയിച്ചിരിക്കുന്നു. അവളുടെ വീട്ടുകാർക്കും അടുത്തുള്ള ചുരുക്കം ചിലർക്കും മാത്രമേ ഇങ്ങനെയൊരു കല്യാണത്തിൽ ആത്മാർത്ഥമായ സന്തോഷമുണ്ടായിരുന്നതുള്ളു.
കലാമണ്ഡലത്തിൽ നിന്ന് അഭ്യാസം കഴിഞ്ഞു വരുവോളവും തമ്മിൽ കാണാൻ സാധിക്കാത്തതിൽ അങ്ങേ യറ്റം മനോദുഃഖമനുഭവിച്ച അവളെ കണ്ടയുടൻ അവൾ തന്നെയായിരുന്നു ഇക്കാര്യം ഇത്രയും പറഞ്ഞത്‌.

അധികം വൈകാതെയുള്ള ഒരു ശുഭമുഹൂർത്തത്തിലുള്ള കല്യാണം!

കാര്യങ്ങൾ ഇത്രത്തോളമായി .ഇനി വരുന്നതു വരട്ടെ. പിൻമാറ്റമില്ല.കുഞ്ചുവും ഉറച്ചു.
പിന്നീട്‌, നാരായണൻ നായരാശാൻ നേരിട്ടു എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു.അന്ന് ആ കത്തു വന്നതും കത്തിലെ വരികലും വരികൾക്കിടയിലെ അർത്ഥങ്ങളും...............

കുഞ്ചു,നാരായണന്നായരാശാനു വാക്കു കൊടുത്തു.

ഇരുപത്തിമൂന്നു വയസ്സു തികഞ്ഞിട്ടേയുള്ളു. അഭ്യാസം അവസാനിപ്പിച്ചിട്ടില്ല.ആശാൻ ‘ഇനി മതി’യെന്നു പറഞ്ഞിട്ടില്ല. അങ്ങിനെ കുഞ്ചുവിനു തോന്നിയിട്ടുമില്ല.
ഓരോ ദിവസവും കളരിയിൽ‘ഓരോ“ദിവസങ്ങൾ തന്നെയായിരുന്നു.
ആവർത്തനങ്ങളിലെ രസനിഷ്യന്ദികൾ
എന്നും പുതിയത്‌
അനവസരത്തിലാകുന്നില്ലേ ഈ വിവാഹചിന്ത?
പലർക്കും വിരോധം തോന്നാം. ഗുരുവിനു പോലും.
അപക്വമായ ഈ പ്രായത്തിൽ ഒരു വിവാഹത്തിലേക്കെടുത്തു ചാടുന്നതിലെ ആലോചനക്കുറവ്‌.

ഗുരുവിനെന്തു തോന്നും? എങ്ങനെയറിയിക്കും അദ്ദേഹത്തെ?

ഗുരുനാഥന്റെ ഉപദേശനിർദ്ദേശങ്ങൾക്കു വിരുദ്ധമായി ഒരു കല്യാണം.? എങ്ങനെ കഴിയും?

മനസ്സിന്റെ ഒരു ഭാഗത്ത് ഇങ്ങനെയുള്ള വരുംവരായ്കകളെക്കുറിച്ചുള്ള വേവലാതികൾ.
മറുഭാഗത്ത്‌, അതിനേക്കാൾ ഉല്ക്കടമായി ആ പെൺകുട്ടിയെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന വിചാരങ്ങൾ.
തന്നെമാത്രം പ്രതീക്ഷിച്ച്‌.

അവളുമായി വാക്കുകൾകൊണ്ടും അതിലേറെ മനസ്സുകൊണ്ടും മാത്രമറിഞ്ഞ ബന്ധം. ആഴങ്ങളിലെ പവിഴം.

സഹപാഠികളോടു പോലും പറഞ്ഞില്ല. മറ്റാരേയുമറിയിച്ചില്ല. സ്വന്തം കല്യാണമാണ്‌. കുറച്ചെങ്കിലും പണം വേണം.
എവിടുന്ന്‌?
കലാമണ്ഡലത്തിലെ ഒരു കൊല്ലത്തെ അഭ്യാസച്ചിലവു തന്നെ അത്യധികം കഷ്ടപ്പെട്ടിട്ടാണ്‌ ഉണ്ടാക്കിയത്‌.
ആരോടാണിനി ചോദിക്കേണ്ടത?


ആ പെൺകുട്ടി തന്നെ അതിനുള്ള വഴി കണ്ടെത്തി. ഒരു ദിവസം അവൾ പറഞ്ഞു,കുഞ്ചുവിന്റെ മട്ടും ഭാവവും കണ്ടപ്പോൾ.

’നിങ്ങൾ ഇക്കാര്യമാലോചിച്ചു ബുദ്ധിമുട്ടേണ്ട. ഇതിനു വേണ്ടുന്ന പണം എന്റെ കയ്യിലുണ്ട്‌. പിന്നെന്തിനാണ്‌ ഇതോർത്തു വിഷമിക്കുന്നത്‌? ഞാൻ മുമ്പു തന്നെ പറഞ്ഞതല്ലേ?

അതൊരു വല്ലാത്ത ധൈര്യം പകർന്നു.
ജീവിതത്തിന്റെ,വിശ്വാസത്തിന്റെ ധൈര്യം.

എന്നാലും, എങ്ങനെയോ കുറച്ചു പണം കടം വാങ്ങി. പോരാതെ വന്നത് അവളുമെടുത്തു.
1107 ചിങ്ങം 21ന്‌ (06-09-1931) കുഞ്ചുവിന്റെ 23 ആം വയസ്സിൽ കല്യാണവും കഴിഞ്ഞു.

ജീവിതത്തിൽ ഒരിക്കലുമാലോചിച്ചിട്ടേയില്ലാത്ത ഒരു പ്രണയവിവാഹം!

പിന്നീടൊരു ദിവസം ഓരോന്നു ചോദിച്ചപ്പോൾ അവളൊരു കാര്യം പറഞ്ഞു.
അത്‌ ,അയാളെ അത്യധികം ചാരിതാർത്ഥ്യനാക്കി.

വാഴേങ്കട കളി യരങ്ങിൽ ഒരിക്കലുണ്ടായ കൃഷ്ണന്റെ വേഷം. രുഗ്മിണിസ്വയംവരത്തിലെ കൃഷ്ണൻ.

ഗുരു കുഞ്ചുക്കുറുപ്പിന്റെ സുന്ദരബ്രാഹ്മണനും.

രുക്മിണിക്കു വിവാഹസന്ദേശമയക്കുന്ന കൃഷ്ണൻ, സമാധാനിപ്പിക്കുകയും, സാന്ത്വനിപ്പിക്കുകയും ചെയ്ത കൃഷ്ണൻ.

അന്ന് ആ വേഷം അവളെ വല്ലാതെ വശീകരിച്ചുവത്രെ. അതൊരിക്കലും മനസ്സിൽ നിന്നു മാഞ്ഞുപോകാനാവാത്ത വിധം പതിഞ്ഞു കിടന്നത്രെ.

അവളുടെ ഈ വാക്കുകൾക്ക് എന്തെങ്കിലും മരുപടി പറയാൻ അയാൾക്കു കഴിഞ്ഞുവോ?
ആ കൊല്ലം വാഴേങ്കട ഉൽസവക്കളിയുടെ ആദ്യദിവസം കുഞ്ചുനായരുടെ അർജ്ജുനനായിരുന്നു വേഷം.
സുഭദ്രാഹരണത്തിലെ അർജ്ജുനൻ!