നീർച്ചെടികൾ

അജിത് കെ.സി


കപ്പലുകൾക്കു ചുറ്റും

വന്നടിയുന്ന നീർച്ചെടികൾക്ക്

കഥകളെത്ര പരസ്പരം

പറയുവാനുണ്ടാകും...

കട്ടമരത്തിനും

കപ്പലിനുമിടയിൽ

ഒഴുക്കിൽപ്പെടാതെ

കരയൊടു ചേർന്ന്

ഒരു വൻകരയായും

സ്വന്തം സ്വപ്നങ്ങളിലൊഴുകി

ദ്വീപോപദ്വീപുകളും

ലഗൂണുകളും തീർത്ത്

കടലെടുത്ത ജീവിതങ്ങളായി

അവയുണ്ടാകും,

പച്ചപ്പാടങ്ങളുടെ

തിരസ്ക്കാരത്തിലും

കൊച്ചുസ്വപ്നങ്ങളുടെ

അധിനിവേശവുമായി

ഉപ്പുവെള്ളത്തിൽ

വെന്തുപഴുത്തങ്ങനെ...

ഒരു നാവികനും

അവയുടെ

അക്ഷാംശരേഖാംശങ്ങൾ

കുറിച്ചെടുക്കാറില്ല,

അവന്റെ ഭൂപടത്തിലില്ലാത്ത

ചെറിയ ഭൂഭാഗങ്ങളാണ്

കപ്പലുകളെപ്പോലെ

അവയും!

പറിച്ചെടുത്ത

നങ്കൂരങ്ങൾക്കൊപ്പം

തുറമുഖങ്ങൾ തോറും

ഇഴയടുപ്പിക്കുന്ന

വിധിയൊഴുക്കുകൾ,

വേരുകളാഴ്ത്താതെ

പൊങ്ങിക്കിടക്കുന്ന

അനുഭവം

ജഢത്തെപ്പോലങ്ങനെ

അവയ്ക്കുമുണ്ടാകുന്നു!