ചിത്രാ ഷമ്മി
മുട്ടിപ്പോയ ജീവിതം
തിരിച്ചുപിടിക്കാൻ വേണ്ടിയാണ് ആളുകൾ പ്രവാസജീവിതം ആരംഭിച്ചത്`. മറ്റുള്ളവരെ
ഊട്ടാനും അവരെ നിലനിർത്താനും വേണ്ടി മടിത്തടങ്ങൾ വിട്ടു മറുനാട്ടിലേക്കു പോകുന്ന
ജീവിതങ്ങൾ,ഇന്ന് പുരുഷന്മാർക്കൊപ്പം സ്ത്രീകളും പലവിധ ജോലികൾക്കായി
വിദേശങ്ങളിലേക്ക് പോകുന്നുണ്ട്`. ആഗോളവല്ക്കരണത്തിന്റെ വരവോടെ ലോകത്ത് പുതിയ
തൊഴിൽസാഹചര്യങ്ങൾ ഉടലെടുത്തു. അതിലൊന്നാണ്സോഫ്റ്റ്വെയർ വ്യ്വസായം .അതോടെ നമ്മുടെ
നാട്ടിൽ തന്നെ ലക്ഷക്കണക്കിന് വിദഗ്ദ്ധതൊഴിലുകൾ സൃഷ്ടിക്കാൻ നമുക്കായി. ബാംഗ്ളൂർ,
ചെന്നൈ, ഹൈദരാബാദ്,ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികൾ
പ്രവഹിക്കാൻ തുടങ്ങി. ഇതിൽ തന്നെ ബാംഗ്ളൂർ ആണ് ലോകത്തിലെ നാലാമത്തെ സോഫ്റ്റ്വെയർ
കേന്ദ്രം ആയി കണക്കാക്കപ്പെടുന്നത്. 750എം.എൻ.സികൾ ഉൾപ്പെടെ 2500ഐ ടി
കമ്പനികളിലായി 10 ലക്ഷത്തോളം ജീവനക്കാരാണ് ബാംഗ്ളൂരിൽ മാത്രമായി ഈ രംഗത്ത്
പ്രവർത്തിക്കുന്നത്. ഉയർന്ന ശമ്പളത്തിനും അത് വഴി ജീവിത നിലവാരം ഉയർത്താനും
വേണ്ടി അതി വൈദഗ്ദ്ധ്യം നേടിയ നമ്മുടെ യുവതീയുവാക്കൾ മറുനാടുകളിലേക്ക്
പ്രത്യേകിച്ചും ബാംഗ്ളൂരിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
അതിൽ തന്നെ
ബി.പി.ഒ രംഗം എടുത്താൽ ,24 മനിക്കൂർ ഹെഡ്ഫോണുകളുമായി ഇരിക്കുന്ന ഇവരെ ലോകത്തിന്റെ
ഹോം മെയ്ക്കേഴ്സ് എന്നു വിശേഷിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്കു സാമ്പത്തികമായും
സാമൂഹികമായും സ്വാതന്ത്ര്യം നല്കുന്ന തൊഴിൽ മേഖലയായിട്ടാണ് ഇന്ന് ഈ രംഗം
കണക്കാക്കാപ്പെടുന്നത്. അനൌപചാരികമായ ജോലി സമയം ഒരു പരിധി വരെ സ്ത്രീ
സ്വാതന്ത്ര്യമായി കരുതി പോരുന്നവരും ഉണ്ട്. കുടുംബത്തിലെ ഉത്തരവാദിത്വങ്ങളിൽ
പുരുഷന്മാർക്കൊപ്പം സ്ത്രീകൾ കൂടി പങ്കാളികൾ ആകുന്നതോടെ കുടുംബത്തിനുള്ളിലും അവരുടെ
സ്ഥാനം ഉയർന്നു വന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകള്‍ക്കു തൊഴിൽ
സ്ഥലങ്ങളിൽ നിന്നും പുറത്തു നിന്നും ഒട്ടനവധി അസമത്വങ്ങളും ,വെല്ലുവിളികളും
നേരിടേണ്ടിവരുന്നുണ്ട്. സ്ത്രീക്ഷേമത്തിനുവേണ്ടി എല്ലാ കമ്പനികളിലും വുമൺ സെൽകള്‍
ഉണ്ടെങ്കിലും പലവിധ ലൈംഗിക പീഡനങ്ങളും പുറം ലോകം അറിയാതെ മായ്ച്ചുകളയാനാണ് അധികൃതർ
ശ്രമിക്കുന്നത്. ഒരേ ജോലി ചെയ്യുന്ന പുരുഷനൊപ്പം സ്ഥാനക്കയറ്റമോ, വേതനമോ, മറ്റു
അംഗീകാരങ്ങളൊ ഒന്നും തന്നെ സ്ത്രീകൾക്കു ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
വിവാഹശേഷമോ, പ്രസവശേഷമോ ശമ്പളവർദ്ധന പുരുഷന് തുല്യമായി ഉയരുന്നുമില്ല.
രാത്രിഷിഫ്റ്റ് സംവിധാനം, ഇന്ത്യ പോലെ കുറ്റകൃത്യനിരക്ക് കൂടിയ രാജ്യത്തു
സ്ത്രീകളുടെ സുരക്ഷ ഭീഷണി ഉയർത്തുന്നുണ്ട്. 2009 ൽ പ്രതിഭ എന്ന ബി.പി. ഒ ജീവനക്കാരി
സ്വന്തം കാബ് ഡ്രൈവറിനാൽ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു കൊല ചെയ്യപ്പെട്ടത് നാം
കണ്ടതാണ്.പല പ്രമുഖ കമ്പനികളിലും രാത്രിയാത്ര വാഹനങ്ങൾക്ക് മാനേജർമാരുടെ
അനുമതിക്കായി സ്ത്രീ ജീവനക്കാർ കാത്തുനില്ക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. 2003 ൽ
ചെന്നൈയിൽ രാത്രി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ ഒരു ബി.പി.ഒ ജീവനക്കാരിയെ
വ്യഭിചാരകുറ്റത്തിന് ചെന്നൈ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഇതൊക്കെ നമ്മുടെ
സ്ത്രീകളുടെ സുരക്ഷയുടെ മേൽ ഒരു ചോദ്യചിഹ്നമായി തന്നെ ഉയർന്നുനില്ക്കുകയാണ്.
കൃത്യമായ സമയക്രമം ഇല്ലാത്ത ജോലിക്ക് ശേഷവും, അവരുടെ ഉത്തരവാദിത്വങ്ങൾ
അവസാനിക്കുന്നില്ല. അടുത്ത ചുമതല വീട്ടിലേതാണ്. ഇതു രണ്ടും ഒരുമിച്ചുകൊണ്ടു പോകുക
എന്നത് ശ്രമകരമായ ജോലി തന്നെയാണ്.മിക്ക സ്ത്രീകളും ഇതിൽ പരാജയപ്പെട്ട് ജീവിതതാളം
ആകെ തെറ്റി പലവിധ ശാരീരിക മാനസിക സംഘർഷങ്ങളിലേക്ക് വീഴുന്നതായാണ് റിപ്പോർട്ടുകൾ
സൂചിപ്പിക്കുന്നത്. വിഷാദം പോലുള്ള രോഗങ്ങളുമായി അനവധി സ്ത്രീകളാണ് തങ്ങളെ തേടി
എത്തുന്നതെന്ന് മനശ്ശാസ്ത്രവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. ആരോഗ്യകരമായ കുടുംബ
സാമൂഹിക ജീവിതം നയിക്കാനാകാതെ ഒരു തലമുറ നശിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനൊരറുതി
വരുത്താൻ ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥിതിക്ക് കഴിയും എന്നു തോന്നുന്നില്ല.
90ൽ ആഗോളവല്ക്കരണത്തിലൂടെ അന്തർദേശീയമായ സാമ്പത്തിക ഏകീകരണം ഇന്ത്യൻ
സാമ്പത്തികരംഗത്ത് പരിഷ്ക്കരണങ്ങൾക്ക് വഴി വെച്ചു. തുടർന്ന് 1999ലെ എൻ.ടി.പി
ഭരണനയം വാർത്താപ്രക്ഷേപണരംഗം കൂടുതൽ ഉദാരമാക്കുകയും തുടർന്ന് ഇലക്ട്രോണിക്
വ്യവഹാരങ്ങൾക്ക് നിയമാനുമതി ലഭിക്കുകയും ചെയ്തു. ഇന്ത്യൻ സോഫ്റ്റ്വെയർ വ്യവസായരംഗം
പ്രത്യേക സാമ്പത്തിക മേഖലയിൽ പെടുന്നതാണ്. ദേശീയമായ പല നിയമങ്ങളിൽ നിന്നും
ഒഴിവാക്കപ്പെടുന്ന മേഖലയാണ് ഇതെങ്കിലും എല്ലാവിധ തൊഴിൽ നിയമങ്ങളും ഇവിടെ ബാധകമാണ്
എന്ന് ഭൂരിപക്ഷം ജീവനക്കാർക്കും അറിയാത്ത ഒരു സത്യമാണ് . അദൃശ്യമായ അലിഖിതമായ ഈ
ചിന്ത ഐ ടി മേഖലയെ ഇപ്പോഴും പിന്തുടരുന്നുണ്ട്.
ജീവനക്കാരുടെ അവകാശങ്ങൾ
സംരക്ഷിക്കുന്നതിനും ,നിയമപ്രകാരമുള്ള കരാറുകൾ സ്ഥാപിക്കുന്നതിനും ഓരോ
സംസ്ഥാനത്തിനും അതിന്റേതായ നിയമാവലിയുണ്ട്. അതിൽ ജോലി സമയം, അവധി
ദിവസങ്ങൾ.ഇടവേളകൾ,അധികജോലി സമയം വിവിധതരം ലീവുകള്‍ .പിരിച്ചുവിടൽ നടപടിക്രമങ്ങൾ,
സ്ത്രീജീവനക്കാരുടെ സുരക്ഷ ഒക്കെയും വ്യക്തമാക്കിയിരിക്കണം. ഒരു പ്രത്യേക
കാലയളവിളേക്കോ, സ്ഥിരമായോ സർക്കാരിനു ചില സ്ഥാപനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കുവാൻ
കഴിയും. കഴിഞ്ഞ പത്തു വർഷമായി ഐ.ടി. മേഖല ഈ ഒഴിവുകൾ അനുഭവിക്കുകയായിരുന്നു. എന്നാൽ
വീണ്ടും പ്രതീക്ഷ നല്കിക്കൊണ്ട് കർണ്ണാടക സർക്കാർ ഈ ഒഴിവു എടുത്തുകളയാൻ
തീരുമാനിച്ചിരിക്കുകയാണ് . ഇത് പ്രാബല്യത്തിൽ വരുകയാണെങ്കിൽ ഒരു പരിധി വരെ ഐ ടി
ജീവനക്കാർ നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്ന്
പ്രതീക്ഷിക്കാം. അതോടൊപ്പം സ്വന്തം വ്യാജകവചങ്ങൾ പൊളിച്ചു, പൊതുവായ
പ്രശ്നങ്ങളെ കൂടുതൽ സംഘബോധത്തോടെ നേരിടാൻ ഐ ടി ജീവനക്കാർ തയ്യാറായാൽ മാത്രമേ
ഇന്നത്തെ പരിതാപാവസ്ഥയിൽ നിന്നും ശാശ്വത മോചനം ഉണ്ടാകു.