റൂറൽ പോസ്റ്റിംഗ്



കെ.ജി.പി.നായർ 
തലക്കു മുകളില്‍ കത്തുന്ന സൂര്യൻ. തിളച്ചു മറിയുന്ന ടാർ റോഡ്. ബസ്സിൽ നിന്നിറങ്ങി ചുറ്റും നോക്കി. റോഡ് വിജനം. ഈ റോഡ് കിടക്കുന്നത്‌ തെക്കു വടക്കോ, അതോ, കിഴക്കുപടിഞ്ഞാറോ, പരിചയമില്ലാത്തിടത്തു വന്നിറങ്ങിയപ്പോൾ ഒരു ദിക്ഭ്രമം. അടുത്ത് ഓല മേഞ്ഞ ഒരു ചെറിയ മാടക്കട. പോകേണ്ട സ്ഥലം അവിടെ ചോദിച്ചു മനസ്സിലാക്കാം എന്നു കരുതി അവൾ ബാഗും തൂക്കി അങ്ങോട്ടു നടന്നു. 

ഒരു മുറുക്കാൻ കടയാണ്‌. കടയ്ക്കകത്തും പുറത്തും ആരുമില്ല. ഒരുയർന്ന തട്ടിൽ ഒരു മരത്തിന്റെ പെട്ടി. പുകയില സൂക്ഷിക്കുന്ന പെട്ടിയായിരിക്കും. അതിന്റെ മുകളിൽ മറ്റൊരു ചെറിയ പെട്ടി ഗ്ളാസ്സിട്ട് കള്ളികളായി തിരിച്ചിരിക്കുന്നു. ഒരു കള്ളിയിൽ കയ്യിൽ തെറുത്തെടുത്ത ബീഡികൾ നിറച്ചിരിക്കുന്നു. അടുത്തതിൽ പലതരം സിഗറട്ടുപായ്ക്കറ്റുകളും, തീപ്പെട്ടി കൂടുകളും . മറ്റൊരു മൂലയിൽ ഒരു അലുമിനിയം ട്രേയിൽ ചില്ലുഗ്ളാസ്സുകൽ കഴുകി കമിഴ്ത്തി വച്ചിരിക്കുന്നു. കൂടെ ഒരു സ്റ്റീൽ ജഗ്ഗിൽ വെള്ളവും. ചുറ്റും നീലകല്ലുവട്ടുകൊണ്ട്‌ സീൽ ചെയ്ത കഴുത്തു കൂടുങ്ങിയ സോഡാകുപ്പികൾ നിരത്തിവെച്ചിരിക്കുന്നു. ഓരോന്നിന്റെ തലയിലും ഓരോ നാരങ്ങയും സ്ഥലം പിടിച്ചിരിപ്പുണ്ട്‌.

ങും? എന്തു വേണം?

ഒരു മുഴങ്ങുന്ന ശബ്ദം. ഞെട്ടിതിരിഞ്ഞുനോക്കുമ്പോൾ കടക്കുള്ളിൽ ഒരു മെലിഞ്ഞു നീണ്ട കറുത്തു വളഞ്ഞ ഒരു മനുഷ്യക്കോലം. ഈ കോലത്തിനുള്ളിൽ ഇത്ര വലിയ ശബ്ദമോ! ഇയാൾ ഇത്ര പെട്ടെന്ന് എവിടെ നിന്നു പ്രത്യക്ഷപ്പെട്ടു?അയാളുടെ നോട്ടം കണ്ട് മനസ്സിൽ അല്പ്പം ഭയം പടർന്നുകയരി. ഈ നട്ടുച്ചക്കു വെറുതെ വഴി ചോദിക്കാൻ വന്നവളാണെങ്കിൽ ,ഇവളിൽ നിന്ന്‌ ബിസിനസ്സൊന്നും തരമായില്ലെങ്കിൽ ,ഇനിവളെന്റെ വായിലിരിക്കുന്നതു കേൾക്കും എന്നു ധ്വനിപ്പികുന്ന നോട്ടം കണ്ട്` ഭയന്ന് വേണ്ടെങ്കിലും അവൾ പറഞ്ഞു,

‘ഒരു നാരങ്ങ വെള്ളം’

സോഡയോ, വെള്ളമോ?

അടുത്ത ചോദ്യം മുഴങ്ങി. വെള്ളം മതി എന്നു പറഞ്ഞാൽ ഇയാൾ ചാടിക്കടിക്കുമോ?
സോഡ
തണുത്തതോ, അതോ..
തണുത്തതു വേണ്ട.
ഉപ്പോ, പഞ്ചസാരയോ?
ഉപ്പു മതി

അയാൾ നാരങ്ങ വെള്ളം തയ്യാറാക്കാൻ തൂടങ്ങി. പുകലപ്പെട്ടിയിൽ ചുറ്റിനും വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു വെറ്റിലമുറുക്കുകാർ വിരൽ വൃത്തിയാക്കിയതിന്റെ വിരൽ പാടുകൾ. പെട്ടിയുടെ ചുറ്റിനും മാത്രമല്ല , വരുന്നവർക്ക് തണലേകാൻ മുകളിൽ ഓലയിൽ ചായ്ച്ചുകെട്ടിയതിലും, തട്ടിലും എല്ലായിടത്തും വെളുത്ത ചുണ്ണാമ്പിന്റെ പാടുകൾ.
‘ഠേ’
ഞെട്ടിതിരിഞ്ഞുനോക്കുമ്പോൾ നാരങ്ങാവെള്ളംതയ്യാറാക്കി ഗ്ളാസ് ഊക്കോടെ പലകപ്പുറത്തു വെച്ചതിന്റെ ശബ്ദം. തന്റെ ശ്രദ്ധ തിരിക്കാൻ കൂടിയായിരിക്കുമയാൾ ശബ്ദത്തോടെ ഗ്ളാസ്സ് പലകപ്പുറത്തു വെച്ചത്‌.എന്തിനാണയാൾ ഇങ്ങനെ ഭയപ്പെടുത്തുന്നത്‌?

ഗ്ളാസ്സ് കയ്യിലെടുത്ത് ഒന്നു മൊത്തി. കൊള്ളാം. പാകത്തിനു പുളിയും ഉപ്പും.

ഈ രാഘവൻ മാഷിന്റെ വീടെവിടെയാണ്‌?
അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു.

ആര്‌ നമ്മുടെ സ്ക്കൂളിലെ ഹെഡ്മാഷിന്റെ വീടാ?
അതെ,അതു തന്നെ.
അതിനു ദാ..................................

അത്രയും പറഞ്ഞു നിർത്തി അയാൾ അകലേക്കു നോക്കി. അപ്പോഴാണ്‌` ഗായത്രി പിൻ തിരിഞ്ഞുനോക്കിയത്‌. ഇതിനകം ഒരു ബസ്സു വന്നു നിന്നതും, ഒരാൾ ഇറങ്ങിയതും ഒന്നും അവൾ അറിഞ്ഞില്ല. ഗായത്രിക്കായി കടക്കാരൻ അലറി.

മാഷേ, മാഷേ

ബസ്സിറങ്ങി കുടയും നിവർത്തി നടന്നു നീങ്ങിയ ആൾ തിരിഞ്ഞു നിന്നു.

മാഷേ, ഇവർ മാഷിന്റെ വീട്ടിലേക്കാ‘
അധികം വിവരണമില്ലാതെ കാര്യം മനസ്സിലാക്കിയ ഗായത്രി പണം കൊടുത്ത് വേഗം ബാഗുമെടുത്ത് മാഷിന്റൊപ്പം കൂടി.

ആരാ മനസ്സിലായില്ല.

ഞാൻ ഗായത്രി.ഇവിടത്തെ സ്ക്കൂളിൽ പോസ്റ്റിംഗ് കിട്ടി ജോയിൻ ചെയ്യാൻ വന്നതാണ് . രാഘവൻ മാഷല്ലേ?

അല്ല, രാഘവൻ മാഷ് എന്റെ മൂത്ത ജ്യേഷ്ഠനാണ്‌. ഞാൻ രഘുവരൻ. ഞാനും സ്ക്കൂളിൽ തന്നെ. പക്ഷേ മാഷല്ല . അവിടത്തെ ക്ളാർക്കാണ്‌. ഇപ്പോള്‍  എ ഇ ഓ യുടെ ആഫീസ്സുവരെ പോയി വരികയാണ്‌. ടീച്ചർ രണ്ടുമാസമായിട്ടും ജോയിൻ ചെയ്യാത്ത കാര്യത്തിന്‌ പരാതി പറയാൻ പോയതാണ്‌.

ഇപ്പോള്‍  ഞാൻ എത്തിയല്ലൊ. ഇന്നു ശനിയാഴ്ച്ചയല്ലേ? ഞാൻ തിങ്കളാഴ്ച്ച ജോയിൻ ചെയ്യുകയാണ് . അതിനു മുമ്പ് താമസസൌകര്യം ഏർപ്പെടുത്താൻ രാഘവൻ മാഷെ ഒന്നു കാണാൻ ഇറങ്ങിയതാണ്‌.


എന്നാൽ കൂടെ പോന്നോളു, ഞാൻ അങ്ങോട്ടു തന്നെയാണ്‌.
നിവർത്തിയ വലിയ കുടക്കീഴിലേക്ക് ഗായത്രിയെ രഘുവരൻ ക്ഷണിച്ചു. അപരിചിതത്വത്തിന്റെ തെല്ലകലം പാലിച്ചുകൊണ്ട്‌ റോഡു വിട്ടു ഒരു ചെറിയ പാടശേഖരത്തിന്റെ അരികിലെ തണലിലൂടെ അവർ നടന്നു.

ഇവിടെ നേരത്തെ വളരെ വലിയ കൃഷികേന്ദ്രമായിരുന്നു. കൃഷി തുടരാൻ പല ബുദ്ധിമുട്ടുകളും വന്നപ്പോള്‍  മിക്കവരും അവരവരുടെ കൈവശാവകാശം വില്ക്കുകയോ നികത്തി എടുത്ത വീടുകൾ വക്കുകയോ ചെയ്തു. ദാ, ഇന്നിപ്പോൾ ഈ രണ്ടു മുറിക്കണ്ടം മാത്രമേ ബാക്കിയുള്ളു.

രഘു വളരെ സംഭാഷണപ്രിയനാണെന്നു തോന്നി. അയാൾ മറ്റെന്തൊക്കേയോ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അവൾ ഒന്നും കേട്ടില്ല. ഒരു താമസസൌകര്യം ശരിപ്പെടുത്തുന്നതുവരെ ഗായത്രിക്ക് ടെൻഷനാണ്‌.

ദാ, ഇദന്നെ രാഘവേട്ടന്റെ വീടു. അതിനപ്പുറം കാണുന്ന പുതിയ വീട്ടിലാണ്‌ എന്റെ താമസം. ങാ .....പോന്നോളു.

പഴയതെങ്കിലും ഭംഗിയുള്ള വീട്‌. മുറ്റത്ത് തണലിൽ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നു. പടി കയറുമ്പോൾ അകത്തു നിന്ന് മുണ്ടും ബനിയനും ധരിച്ച തടിച്ചു കുറുകിയ ഒരാൾ ഇറങ്ങിവന്നു.

പോയിട്ടെന്തായി രഘൂ?
എന്താവാനാ ഏട്ടാ.ദാ ഇദന്നെ ഗായത്രി ടീച്ചർ. ആളെ കൈയ്യോടെ കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്‌.
ടീച്ചറെ എവിടുന്ന് കൂട്ടി?

ഞാൻ മാഷിന്റെ വീടന്വേഷിക്കാൻ ബസ് സ്റ്റോപ്പിനടുത്തു കണ്ട കടയിൽ കയറി  വഴി ചോദിക്കുമ്പോഴേക്കും രഘുവരൻ മാഷിനെ കണ്ടു . കൂടെ പോന്നു. ഗായത്രി കടന്നു കയറി പറഞ്ഞു.
അതു ഏതായാലും നന്നായി. 

അകത്തു നിന്നും മുടി വാരി ഒതുക്കിക്കെട്ടി സാരി ഉടുത്ത ഒരു സ്ത്രീ ഇറങ്ങി വന്നു.
ദാ, ഇത് എന്റെ ഭാര്യ, രാധാമണി. ഇവളും സ്ക്കൂളിലെ ടീച്ചറാണ്‌. രാധേ ദാ ഗായത്രി ടീച്ചർ ,ജോലിക്ക് ഹാജരാവാനെത്തി. അകത്തേക്കു കൂട്ടിക്കോളു.

ങാ,ഇതുപോലെ പണ്ടൊരു നാൾ ജോലിക്കു ചേരാൻ മാഷിന്റടുത്തു വന്നതാണ്  രാധേടത്തി. എന്നിട്ട് ഏട്ടന്റെ ലൈഫിലേക്കും കൂടി ജോയിൻ ചെയ്തു എന്നു മാത്രം.

രഘുവരൻ അല്പ്പം കൂടി വിശദീകരിച്ചു പരിചയപ്പെടുത്തി.

നിന്റെ വാചകമടി നിർത്തി വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വേഗം സ്ക്കൂളിലേക്ക് പൊയ്ക്കൊള്ളു. അവിടെ പീടിപ്പതു ജോലിയുള്ളതല്ലേ. രാഘവൻ മാഷ് അനുജനെ ശകാരിച്ചു.

രാധ ടീച്ചർ ഗായത്രിയെ അകത്തേക്കാനയിച്ചു.

രഘു തൊട്ടടുത്ത് കുടുംബസമേതം മറ്റൊരു വീട്ടിലാണ്‌ താമസം. അയാൾക്ക് രണ്ടു  കുട്ടികളു ണ്ട്‌. ചെറിയ ആൾ രണ്ടു  വയസ്സുകാരി നന്ദന.മിക്കവാറും  വല്യച്ഛന്റെ കൂടെയായിരിക്കും. അവൾക്ക് അച്ഛനെക്കണ്ടില്ലെങ്കിലും കുഴപ്പമില്ല. വല്യച്ഛനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാൻ പറ്റില്ല.

രാധേ, എല്ലാവർക്കും ചോറു വിളമ്പിക്കോളു. നമുക്കും ഉണ്ടിട്ട് സ്ക്കൂളിലേക്ക് പോകാം.

അതു വേണ്ട മാഷേ, ഞാൻ തിങ്കളാഴ്ച്ച ജോയിൻ ചെയ്തുകൊള്ളാം.

വേണ്ട, വേണ്ട, ഇന്നു തന്നെ ജോയിൻ ചെയ്തുകൊള്ളു. ആഫ്റ്റർ നൂൺ വേണ്ട. ഫോർനൂൺ ആയിത്തന്നെ ജോയിൻ ചെയ്തുകൊള്ളു. എന്തിനു വെറുതേ ഒരു ദിവസത്തെ ജോയിനിംഗ് ടൈം പാഴാക്കണം .

അതല്ല മാഷേ, എനിക്ക് ഇന്നെവിടെയെങ്കിലും ഒരു താമസസൌകര്യം ഏർപ്പാടാക്കണം.


അതൊക്കെ ഞാനേറ്റു. ടീച്ചർ ഇപ്പോള്‍  കൈ കഴുകി ഞങ്ങളോടൊപ്പം ഉള്ളതിൽ പങ്കു കഴിച്ച് സ്ക്കൂളിലേക്ക് വന്ന്, ഡ്യൂട്ടി ജോയിൻ ചെയ്യുക. ബാക്കിയെല്ലാം ശരിയാക്കാം.

ടീച്ചറെ ,ഒന്നും പേടിക്കണ്ട. മാഷ പറയുന്നതുപോലെ ചെയ്തോളു. രാധ ടീച്ചർ ധൈര്യം പകർന്നു.

ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ മാഷ് പറഞ്ഞു.

ടീച്ചർ വേറെ  താമസസൌകര്യം എന്തിനാണന്വേഷിക്കുന്നത്‌. ഞങ്ങൾക്ക് ദൈവം മക്കളെ തന്നിട്ടില്ല. ഞാനും രാധയും മാത്രമാണീ വലിയ വീട്ടിൽ. ഇതിലാണെങ്കിൽ ധാരാളം മുറികളുമുണ്ട്‌. എല്ലാം വെറുതേ അടച്ചിട്ടിരിക്കുകയാണ് . ടീച്ചർക്ക് വിരോധമില്ലെങ്കിൽ ഇവിടെ ഞങ്ങളുടെ കൂടെ കൂടിക്കോളു . തലക്കാലം. എന്താ വിരോധമുണ്ടോ?


ഇല്ല മാഷേ, സന്തോഷമായി. സമാധാനവും.

ശരി, എന്നാൽ സാവധാനം ഊണു കഴിച്ചു കൂടെ പോന്നോളു .



വൈകീട്ട് മാഷിന്റെ കൂടെത്തന്നെ കാറിൽ വീട്ടിൽ വന്ന് വസ്ത്രം മാറി  പുറത്തു വന്നപ്പോൾ ഉമ്മറത്ത് ഫ്രോക്കിട്ട നന്ദന കാൽ നീട്ടി വെച്ച് കസേരയിലിരുന്ന് ഒരു പുസ്തകം തുറന്ന്  തല കീഴായിട്ടാണ്  പിടിച്ചിരിക്കുന്നതെങ്കിലും ശ്രദ്ധയൊടെ വായിക്കുന്നു. ഗായത്രി കുട്ടിയുടെ മുമ്പിൽ ചെന്ന് കസേരക്കു താഴെ ചടഞ്ഞിരുന്നതൊന്നും അവൾ അറിഞ്ഞില്ല. ഗായത്രിക്ക് കുട്ടിയെ വാരിയെടുത്തൊരു മുത്തം കൊടുക്കാൻ കൊതി തോന്നി.എങ്കിലും കുട്ടിയുടെ ഏകാഗ്രതക്ക് ഭംഗം വരുത്താൻ തോന്നിയില്ല. കുട്ടിയേയും നോക്കിക്കൊണ്ട്‌ ഗായത്രി കസേരക്കു താഴെ ഇരുന്നു.

അതു കണ്ടുകൊണ്ടു വന്ന രാഘവൻ മാഷ് അകത്തു ചെന്ന് ഭാര്യയെ കൂട്ടിക്കൊണ്ടുവന്നു പറഞ്ഞു,

ദാ, നോക്ക് പഠിപ്പിക്കാൻ വന്ന ടീച്ചറെ  അവിടെ ഒരാൾ പഠിപ്പിക്കുന്നതു കണ്ടോ? താനും ഒരു വാദ്ധ്യാരല്ലേ, വേണമെങ്കിൽ ആ ക്ളാസ്സിൽ ചേർന്നോളു . വല്ലതും അല്പ്പം കൂടെ പഠിക്കാം.