നളചരിതം-തുള്ളല്‍


കുഞ്ചൻ നമ്പ്യാർ 

പുരരിപുവാകിയ ഭഗവാൻ തന്നുടെ
തിരുമുടി തന്നിൽ വസിക്കും പാർവ്വതി
തിരുമുടിജടയിൽ സുരവാഹിനിയുടെ
തിരുമുഖവും കുളുർകൊങ്കദ്വയവും
പരിചൊടു കണ്ടു സഹിക്കരുതാഞ്ഞു
പുരഹരനോടഥ ചോദ്യം ചെയ്തു
“തിരുമുടി ജടയുടെ നടുവിൽ വിളങ്ങി-
പ്പരിചൊടു കാണുവതെന്തൊരുവസ്തു?”
ഹരനരുൾ ചെയ്തിതു “നമ്മുടെ ജടയിൽ
പെരുകിന വെള്ളം വേർപെടുകില്ല”
“കുരല കഥിക്കരുതെന്നോടു നാഥ!
സരസം മുഖമിഹ കാണാകുന്നു”
മുഖമല്ലതഹോ ജലമതിലുളവാം
വികചസരോജമിതെന്നുവരേണം
വികചസരോജേ കുറുനിരനികരം
പരിചൊടു കാണ്മാനെന്തവകാശം?
കുറുനിരയല്ലതു മധുപാനത്തിനു
വരിവണ്ടുകൾ വന്നിണകൂടുന്നു
പുരികക്കൊടിയല്ലവിരളമിളകും
ചെറുതിരയത്രേ അചലതനുജേ!
സരസമതാകിന ലോചനയുഗളം
പരിചൊടു കാണ്മാനെന്തവകാശം?
ഗിരിവരതനയേ! ലോചനമല്ലതു‘

കരിമീനിണ കളിയാടുകയത്രേ!
കരികുംഭാകൃതി കുളുമുലയുഗളം
പരിചൊടു കാണ്മാനെന്തവകാശം?
കുളുർമുലയല്ലതു കോകദ്വന്ദ്വം
നളിനസമീപേ വിളയാടുന്നു
കലിവചനം വാ കാര്യമിദം വാ
കരളിലെനിക്കു വിവാദമിദാനീം
ഇങ്ങനെ കപടഗിരാ ഗിരിവരസുത-
തന്നുടെ മാനസവഞ്ചന ചെയ്യും
ഗംഗാധരനാം കിള്ളിക്കുറുശ്ശിയ-
മർന്ന മഹേശൻ കാത്തരുളേണം

ഉലകുടെപെരുമാൾ മന്ത്രികളോടും
കലിയുടെ കടുത വിചാരിക്കുമ്പോൾ
വലിയൊരു വൃദ്ധൻ തൊഴുതുരചെയ്തിതു
കലിയുടെ ശക്തി കുറയ്ക്കുമുപായം
നളചരിതാമൃതമുരചെയ്താലും
തെളിവൊടു കേട്ടു രസിച്ചെന്നാലും
പൊളിയല്ലവനുടെ കലിമലമഖിലം
ജളനെന്നാകിലുമാശു നശിക്കും
കലിയുഗശക്തി മുഴുത്തു ജനാനാം
തലയില്‍ കേറി  മനസ്സും മുട്ടി
പാപികൾ പകിടകൾ പൊരുവതിനായി-
ഗോപികൾ കൊണ്ടുവരച്ചുതുടങ്ങും
കഷ്ടം! സാളഗ്രാമസ്ഥാനേ
കുട്ടിച്ചാത്തനമർന്നുതുടങ്ങും
കളവുകളൊന്നു മുഴുത്തുതുടങ്ങും
വിലയും പാരമിടിഞ്ഞുതുടങ്ങും
മലയുംകാടുമരുത്തുതുടങ്ങും
നിലയും വിട്ടു മാനുഷരശേഷം
വലയും കലിയുഗമേറെ മുഴുത്താൽ
കളമൊഴിമാരുടെ തലയും മുലയും
വളയും തളയും കളിയും ചിരിയും
വളയും പുരികക്കൊടിയും കണ്ടിഹ
വലയും വലയതിൽ മാനുഷരെല്ലാം
യജമാനന്നൊരു ചെകുതി പിണപ്പാൻ
പ്രജകൾക്കൊക്കെ മനസ്സുതുടങ്ങും
യജനം ചെയ്തു ജഗത്തു പുലർത്തും
ദ്വിജവരവൃത്തികൾ ചെയ്തു തുടങ്ങും
രാജസമീപേ ചെന്നൊരു കൂട്ടം
ഏഷണി പറവാനാളുകളേറും
ഭോജനമാത്രം കിട്ടുന്നവനൊരു
രാജാവെന്നു നടിച്ചുതുടങ്ങും
ഭൂഷണമുള്ളൊരു നൃപനെക്കണ്ടാൽ
ഭാഷിപ്പാനങ്ങാർത്തുത്തുടങ്ങും
ഭൂഷണമണിവാൻ വകയില്ലാഞ്ഞാൽ
മോഷണമൊരുവക ചെയ്തു തുടങ്ങും
വല്ലഭമാരുടെ വീടു പുലർത്താ
നില്ലം പണയം വെച്ചുതുടങ്ങും
നെല്ലും പണവും പൊന്നും പാത്രവു-
മില്ലെന്നാമിനി ദിവസേ ദിവസേ
ചൊല്ലും പലവിധമപരാധം പലർ
കൊല്ലും പശുവിനെ മടികൂടാതെ
തെല്ലും നല്ലൊരു സാധുജനത്തെ-
ത്തെല്ലും ഭയവും മാനുഷനില്ല
പുല്ലും പുഴുവും ഭൂമിയിലിങ്ങതു
മെല്ലെന്നങ്ങു നടന്നുതുടങ്ങും
ചൊല്ലുന്നതിനേക്കേട്ടു നടപ്പാൻ
വല്ലഭമുള്ളവരില്ലെന്നാമേ.....!