അഭിമുഖം-സച്ചിദാനന്ദൻ-രവികുമാർ തിരുമലരവികുമാര്‍ തിരുമലയുടെ "കടല്‍ക്കാറ്റിലെ ആത്മദളങ്ങള്‍  " എന്ന  പുറത്തിറങ്ങാന്‍ പോകുന്ന പുസ്തകത്തില്‍ നിന്ന് .

താങ്കളുടെ അനുസ്മരണ കവിതകൾ അനുസ്മരണത്തിന്നപ്പുറത്തേക്ക് കാവ്യചരിത്രനിർമ്മാണത്തേയും സാഹിത്യവിമർശന ശീലത്തേയും സമൂഹവിമർശനത്തേയും ഒന്നിച്ചുൾക്കൊള്ളുന്നു.അതേക്കുറിച്ച്‌?ഹൈസ്ക്കൂൾ വരെ മാത്രമേ ഞാൻ മലയാളം മീഡിയ പഠിച്ചുള്ളു. അതിന്റെ പരിമിതിയുണ്ടാകാം. മലയാള കവിതാവഴിയെ പുനർ നിർമ്മിക്കാനും കവികളെ  എന്റെ രീതിയിൽ വായിക്കാനും എനിക്കു കഴിഞ്ഞെന്ന് തോന്നുന്നു. ഭാഷയേയും, ഭാവുകത്വത്തേയും നവീകരിക്കാതെ പൂർവ്വ മാതൃകകളെ അതേ പടി ആവർത്തിക്കുകയും,അനുകരിക്കുകയും ചെയ്യുന്നവരെ എനിക്കു കവികളായി പരിഗണിക്കാനാവുന്നില്ല.


എഴുത്തച്ഛൻ,ഇടശ്ശേരി,മണ്ണു്, ഇവനെക്കൂടി,കോഴിക്കോട്ടെ രാത്രികൾ തുടങ്ങിയ കവിതകൾ വ്യത്യസ്തമായ ശൈലിയിലാണെഴുതപ്പെട്ടിട്ടുള്ളത്‌. ഓരോ കവിതക്കും ആശയത്തിനനുസരിച്ച് വാക്കുകളും, ശബ്ദവും വ്യത്യസ്തമാവണം എന്നാണൊ?


ഈ രചനകളെ കാവ്യാസ്വാദനമായോ,പിതൃപൂജയായോ വായിക്കാം.തീർച്ചയായും ആശയത്തിനനുസരിച്ച്‌ വാക്കുകളുടെ പുതുക്കിയെടുപ്പ് പ്രധാനം തന്നെ.

ഈ ശരീരം ചിതയിൽ വയ്ക്കുമ്പോൾ/നിങ്ങൾ ഒരു നഗരത്തെയാണ്‌/ദഹിപ്പിക്കുന്നത്‌/ഓർക്കുക ഈ ശരീരം കുഴിയിലിറക്കുമ്പോൾ/നിങ്ങൾ ഒരു ജനതയെയാണ്‌ കുഴിച്ചുമൂടുന്നത്‌
(ശരീരം ഒരു നഗരം)താങ്കളുടെ പുതിയ പുസ്തകമായ കവിതാ വിവർത്തനങ്ങൾക്ക് ശീർഷകം നല്കിയിരിക്കുന്നത്‌ മൂന്നാം ലോകകവിത എന്നാണ്‌!

സാമ്പത്തികരാഷ്ട്രീയാർത്ഥത്തിൽ “മൂന്നാം ലോക”മെന്ന പരികല്പ്പനയോട് മുഴുവൻ യോജിപ്പുള്ളതുകൊണ്ടല്ല. സൌന്ദര്യ ശാസ്ത്രപരമായ തലത്തിൽ സാമൂഹികതലത്തിലെന്ന പോലെ ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക, എന്നിവിടങ്ങളിലെ കവിതക്ക് ചില സമാനതകളുള്ളതുകൊണ്ടാണ്‌.യൂറോപ്യൻ ആധുനികതയിൽ നിന്ന്‌ വ്യത്യസ്തമായി പാരമ്പര്യത്തിൽ വേരുകളുള്ളതും സാമൂഹിക വിപ്ളവം അഭിലഷിക്കുന്നതുമായ ഒരു ആധുനിക കാവ്യസംവേദനം ഈ ഭൂഖണ്ഡങ്ങളിൽ നിലനില്ക്കുന്നുണ്ടെന്ന് ഈ മൂന്നാം ലോക കവിത ബോധ്യപ്പെടുത്തും.

താങ്കൾ പക്വത പ്രാപിച്ചത്‌ സ്വച്ഛന്ദമായ വിവർത്തന പ്രക്രിയയിലൂടെയാണോ?എഴുപതുകളിലെ വിപ്ളവ സാംസ്ക്കാരിക പ്രവർത്തനത്തിന്റെ ഭാഗമായതോ ഈ വിപുലമായ വിവർത്തനങ്ങൾ?

ഈ കവിതകളേതാണ്ടെല്ലാം തന്നെ ഞാൻ പരിഭാഷ ചെയ്യാനിട വന്നത് എഴുപതുകളിലെ വിപ്ളവ സാഹിത്യ പ്രവർത്തനത്തിന്റെ പുതുക്കിചേർക്കലിലാണ്‌.

വിവർത്തനം ഒരു കൂടുമാറ്റ പ്രക്രിയയാണ്‌ അതെക്കുറിച്ച്‌?

നിലനിന്നിരുന്ന ആധുനികത,സങ്കൽപ്പത്തിൽ നിന്ന് വ്യത്യസ്തമായി സാമൂഹികപരിവർത്തനേച്ഛയേയും, നവഭാവുകത്വത്തേയും സമന്വയിക്കുന്ന ഒരു സമാന്തരപാരമ്പര്യം നല്കുന്നതിൽ പ്രധാനമായിരുന്നു. ഫ്രഞ്ച് സിംബലിസ്റ്റുകളും എലിയട്ട് തുടങ്ങിയവരും പ്രതിനിധാനം ചെയ്തിരുന്ന തരം വികേന്ദ്രിതവും ഏറെക്കുറെ പ്രത്യാശാരഹിതവുമായ ആധുനിക കവിതയിൽ നിന്ന് നെരൂദ,ലാണ്ട്സ്റ്റൺഹ്യൂഗ്സ് തുടങ്ങിയവരുടെ കവിതയിലേക്ക് ഏറെ ദൂരമുണ്ട്‌.


വീണ്ടും വീണ്ടും പാടുന്നതിലൂടെ കവിതക്കു പുതിയ കരുത്തു നൽകപ്പെടുന്നുവെന്ന് സെങ്കോർ വിശ്വസിക്കുന്നുണ്ടോ?

വിഗ്രഹമുണ്ടാക്കിയ മരവും, മണ്ണും ദ്രവിച്ചുപോകുമ്പോൾ വീണ്ടും ദൈവങ്ങൾക്കു രൂപം നല്കുന്ന ആഫ്രിക്കൻ ശില്പ്പിയെ പോലെ വീണ്ടും വീണ്ടും പാടുന്നതിലൂടെ കവിതക്കു പുതിയ ഈടും, പാവും ശക്തിയും, കരുത്തും നല്കപ്പെടുന്നുവെന്ന് സെങ്കോർ വിശ്വസിക്കുന്നു.

നെഗ്രിറ്റ്യൂഡ് നാല്പ്പത് അമ്പതു കാലഘട്ടത്തെക്കുറിച്ച്? കറുത്ത അദ്ധ്യായം?


കറുത്ത നവോത്ഥാനത്തിന്‌ ജന്മം നല്കി അതിന്റെ ചരിത്രപരമായ കടം നിർവേറ്റി ഇന്നത്തെ നീഗ്രോ കവിതക്ക് യാഥാർത്ഥ്യ ബോധം കൂടുതലുണ്ട്‌. ഭൂതകാലത്തെ കാല്പ്പനികതയുടെ വർണ്ണശബളിമയില്ലാതെ തന്നെ കാണുവാൻ നീഗ്രോ പഠിച്ചിരുന്നു.
സെസയർ,സെങ്കോർ, ദാമാസ്, ബിരാഗോ ദി യോപ് എന്നിവരുടെ കവിതാപ്രവർത്തനം കുറഞ്ഞതും ഡേവിഡ് ദിയോപ് കൊല്ലപ്പെട്ടതും കാലഘട്ടത്തിന്റെ കറുത്ത അധ്യായം തന്നെ.


ആഫ്രിക്കയെസ്സംബന്ധിച്ചു  സ്വാത്മദർശനത്തിന്റെ മുഴങ്ങുന്ന ചേങ്കിലയായിരുന്നു നീഗ്രോത്വം. അതേക്കുറിച്ച്?

തങ്ങളും, മനുഷ്യരും സ്വതന്ത്രരാണെന്നു കണ്ടെത്തുന്നതോടെ ഭരിക്കപ്പെടുന്നവർ ആത്മാഭിമാനം വീണ്ടെടുക്കുന്നു.അതിനായി സ്വന്തം പൈതൃകങ്ങളിലേക്കു തിരിയുന്നു. ഒപ്പം വർത്തമാന സാമൂഹികാവസ്ഥയെ മുഖാവരണം നീക്കി കാണാനാരംഭിക്കുന്നു.നീഗ്രോ കണ്ടെത്തിയ സത്യം? നീഗ്രോത്വം ?

വെള്ളക്കാരന്റെ വർണ്ണവിവേചനത്തിന്റെ ആണിക്കല്ല്‌?

വെള്ളക്കാരന്റെ താല്‍പ്പര്യം സംരക്ഷിക്കുക എന്നത്‌ കറുത്തവൻ ഒരു കടമയായി മാത്രം കണ്ടാൽ പോരാ. അവന്റെ സാക്ഷാല്‍ക്കാരവുമായി കാണണം. വെള്ളക്കാരന്റെ ഈ നിർബന്ധമാണ്‌ വർണ്ണവിവേചനത്തിന്റെ ആണിക്കല്ല്‌.

ഫാനണ്‍ന്റെ വീക്ഷണം?

എന്നെ നിഷ്ക്കരുണം തടവിലാക്കിയ അപരനുമായി ,വെള്ളക്കാരനുമായി തോളുരുമ്മി നില്ക്കാൻ എനിക്കു കഴിയാതെ വന്ന ആ ദിവസം ഞാൻ ബഹിഷ്ക്കൃതനായ ആ ദിവസം ഞാൻ എന്റെ തന്നെ സാന്നിധ്യത്തിൽ നിന്ന്‌ ഏറെ ദൂരത്തേക്കു പോയി. ഒട്ടേറെ ദൂരത്തേക്ക് ഞാൻ എന്നെത്തന്നെ ഒരു വസ്തുവാക്കി മാറ്റി.


അത്‌ ഒരു അവയവ വിച്ഛേദമല്ലാതെ മറ്റെന്തായിരുന്നു?


വെള്ളക്കാരൻ നീഗ്രോവിനെ വിലക്കെടുത്തു. പകരം നീഗ്രോവിനു തിരിച്ചുകിട്ടിയത്‌ മറ്റൊരു രൂപമായിരുന്നു.മരണ വസ്ത്രമണിഞ്ഞ വികൃതമാക്കപ്പെട്ട ഒരു മൃഗാകാരം.


പ്രാചീനമെക്സിക്കോയിലെ സൂര്യാരാധകരായിരുന്ന അസ്തെക്കു വംശത്തിന്റെ മിഥോളജിയെ ആധാരമാക്കി എഴുതപ്പെട്ടവയാണ്‌ ഒക്ടോവിയാപാസ്സിന്റെ മിക്ക കവിതകളും, അതേക്കുറിച്ച്‌?


മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട കവിയാണ്‌ ഒക്ടോവിയാപാസ്.
ലാറ്റിനമേരിക്കൻ ചിന്തകൻ കൂടിയാണ്‌ 1967-ലെ‘ആവർത്തിക്കുന്ന അടയാളങ്ങൾ“ എന്ന ലേഖനത്തിൽ എഴുതി”മാർക്സിസം ഞങ്ങളുടെ ചരിത്രത്തിൽ ആഴത്തിൽ കടന്നുകൂടിയിട്ടുണ്ട്‌.ഞങ്ങളറിയാതെ തന്നെ ഞങ്ങളെല്ലാവരും മാർക്സിസ്റ്റുകളാണ്‌.ഞങ്ങളുടെ ധാർമ്മികവിശ്വാസങ്ങൾ വേർതിരിവുകൾ, ഭാവിയെകുറിച്ചുള്ള സങ്കല്പ്പം വർത്തമാനകാലത്തേയും നീതി,സമാധാനം തുടങ്ങി മാർക്സിസത്തോടുള്ള ഞങ്ങളുടെ എതിർപ്പുകൾ പോലും മാർക്സിസത്താൽ പരിപൂരിതമാണ്‌.
ചൈനയിലെ ലൂ ഷൂൺ-നെക്കുറിച്ച്‌?(ചൌ ഷൂജെൻ)

മാർക്സിയൻ പ്രത്യയശാസ്ത്രത്തിലൂന്നിക്കൊണ്ട്‌ യോജിക്കാവുന്ന എല്ലാ സുഹൃത്തുക്കളോടും യോജിച്ചുകൊണ്ട്‌ സാമ്രാജ്യത്വ നാടുവാഴിത്ത സംസ്ക്കാരത്തെ ശക്തിയായി ചെറുക്കുന്ന ഒരു വിശാലമുന്നണി ചൈനയിൽ രൂപം കൊണ്ടു. ഇതോടെ ലൂ ഷൂണിന്‌ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയതായി തോന്നി. കമ്മ്യൂണിസ്റ്റു വിപ്ളവകാരികളോടൊപ്പം സാംസ്ക്കാരികരംഗത്ത്‌ അദ്ദേഹം ഉറച്ചു നില്ക്കാൻ തീരുമാനിച്ചു.വിപ്ളവകരങ്ങളായ കഥകളും , ലേഖനങ്ങളും വഴി അദ്ദേഹം എഴുതി വിപ്ളവസംസ്ക്കാരത്തിന്‌ കനത്ത പ്രഹരമേല്പ്പിച്ചു. ചൈനയുടെ ഫ്യൂഡ് സംസ്ക്കാരത്തിന്റെ മാനുഷിക മുഖം മൂടി വലിച്ചുകീറി അതിന്റെ നരഭോജിസ്വഭാവം സാധാരണക്കാരന്റെ ഭാഷയിലാവിഷ്ക്കരിക്കാൻ അദ്ദേഹത്തിന്റെ ഒന്നാമത്തെ കഥയായ ഭ്രാന്തൻ ഡയറിക്കു തന്നെ കഴിഞ്ഞു. ചൈനയുടെ സാംസ്ക്കാരിക വിപ്ളവത്തിൽ വസന്തത്തിന്റെ ആദ്യത്തെ ഇടി മുഴക്കമായിരുന്നു അത്‌.


മാവോത് സേ തൂങ്ങിനെക്കുറിച്ച് ?

മാവോ സെ തൂങ്ങിന്റെ കവിതയെ നെരൂദയുടേയോ ബ്രെഹ്റ്റിന്റേയോ  കവിതയുമായി താരതമ്യപ്പെടുത്തുന്നത്  നിരര്‍ത്ഥകമാണ്‌ .അക്കൂട്ടര്‍  പ്രാഥമികമായി കവികളും രണ്ടാമത് മാത്രം  വിപ്ലവത്തിന്റെ സഹയാത്രികനും ആയിരുന്നല്ലോ. മാവോ പ്രാഥമികമായും വിപ്ലവനേതാവുതന്നെയാണ് .അദ്ദേഹത്തിന്റെ കവിതയെ താരതമ്യപ്പെടുത്തേണ്ടത്  മറ്റു വിപ്ലവ പ്രവര്‍ത്തകരുടെ   കവിതകളുമായാണ്‌.ഹോചിമില്‍ , ചെഗുവേര തുടങ്ങിയവരുടെ കവിതകളുമായി ഇവരുടെയെല്ലാം രചനകള്‍  ഒരു പ്രത്യേക വംശത്തില്‍ പെടുന്നവയാണ് .പ്രവര്‍ത്തനത്തിനു അനുപൂരകമായി വര്‍ത്തിക്കുന്ന കവിത ഇവരുടെ ജീവിതത്തില്‍  നിന്നടര്‍ത്തി  മാറ്റിയാല്‍  ഈ കവിതകള്‍  ഇത്രയേറെ ഓജസ്സുറ്റതാവില്ല രശ്മികളെ ഗംഭീരമാക്കുന്നത്  സൂര്യന്റെ  സാന്നിധ്യമാണ്. 1957 ജനുവരി 12നു സാങ്കോ ചിയായ്ക്ക് എഴുതിയ എഴുത്തില്‍ മാവോ തന്നെ സ്വന്തം കവിതയെ കുറിച്ച്  ഇങ്ങനെ പറഞ്ഞു ." ഈ സാധനങ്ങള്‍  ഔപചാരികമായി പ്രസിദ്ധപ്പെടുത്തുവാന്‍  ഇതുവരെയും ഞാനാഗ്രഹിച്ചിരുന്നില്ല . കാരണം പൗരാണിക ശൈലിയില്‍  എഴുതപ്പെട്ടതാണ്. ഇതൊരു ദുഷ്പ്രവണതക്കു പ്രോത്സാഹനം  നല്‍കുമെന്നും, യുവാക്കളില്‍ ദുഃസ്വാധീനം ചെലുത്തുമെന്നും  ഞാന്‍ ഭയപ്പെട്ടു. തന്നെയുമല്ല  കവിത എന്ന  നിലയില്‍ ഇവയ്ക്കു വലിയ പ്രാധാന്യമൊന്നുമില്ല. ഇവയെ സംബന്ധിച്ച് എടുത്തു പറയത്തക്കതായി യാതൊന്നുമില്ല.
‘മഞ്ഞു’ മാവോയുടെ ഏറ്റവും പ്രധാനപ്പെട്ട കവിതയായി പ്രകീർത്തിക്കപ്പെടുന്നു. ഈ കവിതയിൽ മനുഷ്യബിംബവും, പ്രകൃതിദൃശ്യവും പൂർണ്ണമായി തന്മയീഭവിക്കുന്നു. പ്രാക്തന  പ്രൌഢിയുടെ ഓർമ്മ കവിയെ വർത്തമാന ദീപ്തിയെക്കുറിച്ചുള്ള ആത്മവിശ്വാസത്തിലേക്കാണ്‌ നയിക്കുന്നത്‌. ചരിത്രപരമായ അന്തർജ്ഞാനവും വടക്കുകിഴക്കൻ മഞ്ഞുമലകളുടെ മുകളിൽ നിന്നുള്ള  കാഴ്ച്ചയും ചേർന്ന് യുദ്ധവീര്യവും , സംസ്ക്കാരവും ഒന്നുചേർന്ന് കവിയെ നയിക്കുന്നു.

മാർക്സിസ്റ്റു വിപ്ളവ കവി ,പിന്നെ ആദ്ധ്യാത്മിക കവിതയിലേക്ക് ഇപ്പോള്‍  “ദൈവത്തിലേക്കുള്ള വഴി” എത്തിനില്ക്കുന്നു.

ദൈവവും, ആത്മാവും തമ്മിലുള്ള ഈ വൈരുദ്ധ്യം അന്തരം അഥവാ അകലം പാശ്ച്ചാത്യമായ ഒരു സങ്കല്പ്പമാണ് . ആത്മജ്ഞാനത്തിനുള്ള ഒരുപകരണം മാത്രമാണ്‌ ബ്രഹ്മ സങ്കല്പ്പം. ദൈവം എന്നത് മനസ്സിന്റെ ദുർബ്ബലതയെ സൂചിപ്പിക്കുന്നു.

യതാർത്ഥ തത്വചിന്തകൻ രാഷ്ട്രീയ പ്രവർത്തകനാണ്‌ എന്ന ഗ്രാംഷിയുടെ പ്രസ്താവനയെ എങ്ങനെ കാണാം?

പ്രത്യയശാസ്ത്രങ്ങളെന്നു വിളിക്കപ്പെടുന്ന ലോക വീക്ഷണങ്ങൾ അഥവാ സൈദ്ധാന്തിക രൂപീകരണങ്ങൾ ജനജീവിതത്തിൽ വേരിറക്കി ചരിത്രയുഗങ്ങളെ തന്നെ പ്രദീപ്തമാക്കുകയും ബുദ്ധിജീവികൾക്കെന്നപോലെ സാധാരണക്കാർക്കും സംഭവഗതികളെ ക്കുറിച്ചൊരു സാമാന്യവീക്ഷണവും പ്രായോഗികമായ പെരുമാറ്റനിയമങ്ങളും നല്കുകയും ചെയ്യുന്നതെങ്ങനെ എന്ന പ്രശ്നം  ഗ്രാംഷിയുടെ ഒരു മുഖ്യതാല്പ്പര്യമായിരുന്നിരിക്കണം . തത്വചിന്ത മൂർത്തവും യഥാർത്ഥവുമാകണം. ചരിത്രം തന്നെയാകണം.

മാർക്സിസ്റ്റു സിദ്ധാന്തം തന്നെ ആ സിദ്ധാന്തത്തിന്റെ പ്രായോഗികാർത്ഥമുൾക്കൊള്ളുന്നുവെന്ന കാര്യം ഓർമ്മിപ്പിക്കുകയാണൊ ഗ്രാംഷി ചെയ്യുന്നത്‌?

ആത്മനിഷ്ഠമായ ശാസ്ത്രങ്ങൾക്കു ജന്മം നല്കുന്ന വ്യക്തി ബുദ്ധിജീവികളും , അധീശവർഗ്ഗ പ്രത്യയശാസ്ത്രം ജനതയുടെ ദൈനംദിന ജീവിതത്തിലേക്ക് ആ വർഗ്ഗത്തിന്റെ നെടുനായകത്വം ഉറപ്പിക്കുന്ന ജൈവ ബുദ്ധിജീവികളും സംഘടിതബുദ്ധിജീവിയായ പാർട്ടികളും തമ്മിലുള്ള അന്തരത്തെ കുറിച്ചുള്ള ഗ്രാംഷിയുടെ വിചാരങ്ങളും മക്കിയാവെല്ലിയുടെ പ്രിൻസിപ്പൽ നടത്തുന്ന നവീനപാരായണവും മറ്റും മാർക്സിസത്തിനകത്തെ ഒരനിവാര്യതയെ ഉറക്കുകയാണ് ` ചെയ്യുന്നത്‌. സിദ്ധാന്തത്തിന്റേയും അതിന്റെ ചിന്തകരുടെയും ആഢ്യമാന്യതക്കെതിരെ മാർക്സിസ്റ്റ് സിദ്ധാന്തം തന്നെ ആ സിദ്ധാന്തത്തിന്റെ പ്രായോഗികാർത്ഥമുൾക്കൊള്ളുന്നു എന്ന കാര്യം ഓർമ്മിക്കുകയാണ്‌ ഗ്രാംഷി ചെയ്യുന്നത്‌.


ഗ്രാംഷി ആത്യന്തികമായി മാർക്സിസത്തിനു എന്തു നല്കി?


ഉല്പ്പാദനബന്ധങ്ങളെ മനുഷ്യബന്ധങ്ങൾ അഥവാ അന്തർ കർത്തൃ ബന്ധങ്ങളാക്കി മാറ്റി മനുഷ്യ കേന്ദ്രീകമായ ഒരു വ്യാഖ്യാനം ഗ്രാംഷി മാർക്സിസത്തിനു നല്കുന്നു.


നാടോടി സാഹിത്യത്തെക്കുറിച്ചുള്ള ഗ്രാംഷിയുടെ പഠനങ്ങളും ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളവയാണോ?


1950-ൽ നാടോടി സാഹിത്യത്തെക്കുറിച്ചുള്ള ഗ്രാംഷിയുടെ കുറിപ്പുകൾ പ്രസിദ്ധീകരിക്കും വരെ, ഗ്രാമീണ സാഹിത്യത്തെക്കുറിച്ച് തീർത്തും കാല്പ്പനിക സിദ്ധാന്തങ്ങളാണ്‌` പാശ്ച്ചാത്യലോകത്ത് നിലനിന്നിരുന്നത്‌. അതിനെ ജനങ്ങളുടെ ആത്മാവ് തൂടങ്ങിയ ആദർശാത്മക സംജ്ഞകളിലൂടെയാണ്‌ നിരൂപകർ വിവരിക്കുന്നത്‌. എന്നാൽ നാടോടി  സാഹിത്യം ഒരു ലോക വീക്ഷണമാണെന്ന് ഗ്രാംഷി പറയുന്നു. അതു കീഴാളവർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വർഗ്ഗബോധത്തിന്റെ ഒരു പ്രാഗ്ബോധ തലമാണ്  നാടോടി സാഹിത്യത്തിനുള്ളത്‌. ഇത്‌ ഏറേയും അബോധവും, അന്തർനിഹിതവുമാണ്‌. വിവിധ വർഗ്ഗങ്ങളുടെ യഥാർത്ഥജീവിതങ്ങളുടെ നൈസർഗ്ഗിക സംഘർഷമാണുള്ളത്‌. ബോധപൂർവം സംഘടിപ്പിക്കപ്പെടുന്ന വർഗ്ഗ സമരമല്ല, പലപ്പോഴും പിന്നിട്ട പ്രാകൃത ലോക  വീക്ഷണങ്ങളുടെ അംശങ്ങൾ കലർന്ന ശകലീകൃതമായ ഒരു ശേഖരം ആണ്‌ നാടോടി സാഹിത്യത്തിനുള്ളത്‌.

ഗ്രാംഷിയെ ചുരുക്കി എങ്ങനെ വിശേഷിപ്പിക്കാം?


കലയുടെ ലോകം ഒരു നൈതിക ധൈഷണിക ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അന്തോണ്യാ  ഗ്രാംഷി സാഹിത്യം,കല, ഭാഷ, പ്രത്യയശാസ്ത്രം ഇവ തമ്മിലുള്ള സൂക്ഷ്മബന്ധങ്ങളിലൂന്നുന്ന ഒരു വിമർശനത്തിന്റെ അഗ്രദൂതനാണ്.  ചരിത്രത്തിന്റേയും,സാഹചര്യത്തിന്റേയും പരിമിതികൾ മൂലം പലപ്പോഴും ആദ്ദേഹത്തിന്‌ പഴയ പരികല്പ്പനകളും സംജ്ഞകളും  ഉപയോഗിക്കേണ്ടി വന്നു. മാർക്സിയൻ നിരൂപണത്തിന്റെ ഒരു അടിസ്ഥാനമാതൃകയും ചട്ടക്കൂടുമെന്ന നിലയിൽ ഗ്രാംഷിയുടെ ഏകീകൃത പദ്ധതി ഇന്നും മാർഗ്ഗദർശകമായിരിക്കുന്നു.


താങ്കൾക്കിഷ്ടപ്പെട്ട ഒന്നു രണ്ടു പുസ്തകങ്ങളെക്കുറിച്ച്‌?

ഇഷ്ടപ്പെട്ട പുസ്തകങ്ങൾ പലതുമുണ്ട്‌. അമിതാവ് ഘോഷിന്റെ“സീ ഓഫ് പോപ്പീസ്”അരവിന്ദ് അഡിഗയുടെ ‘ദി വൈറ്റ് ടൈഗർ“ എന്നീ നോവലുകൾ ഞാൻ വായിച്ചത്‌ അവ ബുക്കർ സമ്മാനത്തിന്‌ ഷോർട്ട് ലിസ്റ്റു ചെയ്യപ്പെടുന്നതിനും മുമ്പാണ്‌.


ഒക്ടോബർ 5 ന്റെ പത്രത്താളുകളിൽ ഹിന്ദു ഉൾപ്പെടെ മാതൃഭൂമിയടക്കം പത്രങ്ങളിൽ ഒരു പ്രധാന വാർത്ത ആയിരുന്നു, മലയാളകവി കെ.സച്ചിദാനന്ദന്റെ പേര്‌ നോബേൽ പുരസ്ക്കാരത്തിനായി പരിഗണിക്കുന്നു എന്നത്‌. മലയാളി എന്ന നിലയിൽ അഭിമാനിക്കാൻ വകയുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ പല വായനക്കാരും ഈ വാർത്ത കണ്ടു ഞെട്ടിക്കാണും. താങ്കൾ ഈ വാർത്തയിൽ ”മലയാളത്തിന്റെ പേരിൽ നോബേൽ പുരസ്ക്കാരത്തിന്‌ പരിഗണിക്കപ്പെട്ടതിൽ അതിയായി സന്തോഷിക്കുന്നു“ എന്ന് ആഹ്ളാദത്തോടെ പ്രതികരിക്കുകയും ചെയ്തു. (ലോക സാഹിത്യത്തെപ്പറ്റിയും, നോബേൽ സാഹിത്യ പുരസ്ക്കാരത്തിന്റെ രീതികളെപ്പറ്റിയും നല്ല  ധാരണയുള്ള വ്യക്തിയാണ്‌)വിവേകപൂർണ്ണമല്ലാത്ത ഒരു ഇടപെടലായിരുന്നു അതെന്ന് തോന്നിയിട്ടുണ്ടോ?

അവാർഡുകളു ടെ, അംഗീകാരങ്ങളു ടെ കളിയാട്ടങ്ങളെ   കുറിച്ച് എന്തു പറയാൻ?നോബേൽ സമ്മാനങ്ങൾക്കു പുറകിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പലപ്പോഴും ഇങ്ങനെയൊക്കെയാണ് . അത്ഭുതം തോന്നേണ്ടതില്ല.