ആത്മാവിന്റെ ശബ്ദമാണ്‌ സംഗീതം

ganamanjari.JPG
 


ബാംഗ്ളൂർ മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റു ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  
“ഗാനമഞ്ജരി” നടത്തി. പ്രസിഡണ്ട് ഇന്ദിരാബാലൻ ആദ്ധ്യക്ഷം വഹിച്ച 
യോഗത്തിൽ സെക്രട്ടറി ഗബ്രിയേൽ സ്വാഗതം പറഞ്ഞു. പ്രശസ്ത സംഗീതസംവിധായകനും, വയലിനിസ്റ്റുമായ ശ്രീ മനോജ് ജോർജ്ജ് പരിപാടി ഉല്ഘാടനം ചെയ്തു. 

ശുദ്ധസംഗീതത്തിനു ഹൃദയത്തിലേക്ക് നേരിട്ടുസംവദിക്കുവാൻ ശക്തിയുണ്ടു. പാട്ടുകളിൽ മാനുഷിക വികാരങ്ങൾ ലയിച്ചുകിടക്കുന്നു.ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി മാറുന്ന ഈ കാലത്തും സംഗീതത്തിന്‌ ഹൃദയത്തെ ദ്രവീകരിപ്പിക്കാനുള്ള ശക്തിവിശേഷമുണ്ടു.നാടൻശീലുകളിൽ നിന്നും കടഞ്ഞെടുത്തിട്ടുള്ള സംഗീതത്തിന്‌ നമ്മുടെ മണ്ണിന്റെ ഗന്ധമാണ്‌. ആദിമ കലാരൂപമായ സംഗീതം ഉദാത്തമാകുമ്പോൾ കവിതയാകുന്നു. വേദനയിൽ നിന്ന് അറിയാതെ പാടിപ്പോകുന്ന ആത്മാവിന്റെ ശബ്ദമാണ്‌ സംഗീതം. കാലത്തിന്നനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ്‌. വികലമായിക്കൊണ്ടിരിക്കുന്ന പൊതു ബോധമണ്ഡലത്തെ വിമലീകരിക്കുവാൻ നല്ല സംഗീതത്തിനു കഴിയുന്നു. യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു. 

കെ.സി.വിനോദ്,എം.ബി.മോഹൻദാസ്,സുരേഷ്കുമാർ,റിൻസി,സായാനരേന്ദ്രനാഥ്,രവികുമാർ തിരുമല എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജോസഫ് വന്നേരി,സുധാകരൻ രാമന്തളി, കെ.ആർ. കിഷോർ, സജി, ടി.എ.ജയരാമൻ, മഹേഷ് നാരായണൻ എന്നിവർ മലയാള ഗാനങ്ങളുടെ സാഹിത്യ - സംഗീത ഘടകങ്ങളെ അധികരിച്ച് അപഗ്രഥനം നടത്തി.   .ശ്രീകുമാർ, പ്രഹ്ളാദൻ കവിതകൾ ചൊല്ലി. തങ്കച്ചൻ പന്തളം നന്ദി രേഖപ്പെടുത്തി.