ഭാഷ മനോഹാരിതയുടെ വൈവിധ്യമാണ്‌


ഓ.എൻ.വി.

മലയാളഭാഷയെ ഹൃദയം കൊണ്ട്‌ സ്വീകരിക്കുന്ന വലിയൊരു സമൂഹം ഇന്ത്യയിലും, ഇന്ത്യക്കു പുറത്തുമുണ്ട്‌.പല ദേശങ്ങളിലും പോയപ്പോൾ മലയാളകവിത അവിടുത്തെ ഭാഷയിൽ പരിഭാഷപ്പെടുത്തി വായിക്കുമ്പോൾ അവിടെയുള്ളവർ മലയാളത്തിൽ തന്നെ ചൊല്ലുവാൻ ആവശ്യപ്പെട്ടത് ഓർക്കുന്നു. “മലയാളം” എന്നു കേൾക്കുമ്പോൾ തന്നെ അതു കേൾക്കാൻ പ്രത്യേക സുഖവും, മധുരവുമുണ്ടെന്നായിരുന്നു അവർ പറഞ്ഞത്‌. ജർമ്മനിയിൽ വെച്ചായിരുന്നു ഈ സംഭവം. നമ്മുടെ ഇന്ത്യൻ സാഹിത്യം അഥവാ മലയാളസാഹിത്യം ഒരു സാഹിത്യത്തിന്റേയും പിന്നിലല്ല. അതുവിചാരിച്ചു എല്ലാ സാഹിത്യത്തിനും മുൻപിലാണെന്നും പറയുന്നില്ല. അങ്ങിനെയാകുമ്പോൾ അതു സങ്കുചിതമായ അഭിപ്രായമായിത്തീരും. പക്ഷേ നമ്മുടെ സാഹിത്യം ലോകസാഹിത്യഭാഷക്കൊപ്പം സമശീർഷമാണ്‌. (കവിതയും, സാഹിത്യവും, സംസ്ക്കാരവും എല്ലാം)ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന ഭാവഗീതത്തിന്റെ പ്രശസ്തരായ പല ഉദ്ഗാതാക്കളുടെയും ഭാവഗീതങ്ങൾക്കൊപ്പമാണ് ` ചങ്ങമ്പുഴയുടെ പ്രണയഗാനങ്ങളും, ദാർശനികപ്രണയത്തിന്റെ വക്താവായ ആശാന്റേയും കൃതികൾ. അതുപോലെ കാളിദാസപ്രഭൃതികളുടെ പ്രചോദനമുൾക്കൊണ്ടുള്ള എത്രയെത്ര സാഹിത്യകൃതികൾ നമുക്കുണ്ടായിട്ടുണ്ട്‌. കാളിദാസന്റെ മേഘസന്ദേശത്തിൽ നിന്നും ടാഗോർ ആറ്റിക്കുറുക്കിയെഴുതിയ മേഘസന്ദേശം കൃതി എത്രയോ സമ്പന്നമാണ്‌. ചങ്ങമ്പുഴയുടെ കേവലസൌന്ദര്യാരാധനാപരമായ പ്രണയകവിതകൾ അതുപോലെ ഉദാത്തമാണ്‌`. ഭാരതീയദർശനങ്ങളുടെ വിളക്കുവെട്ടത്തിരുന്നു കവിതയെഴുതിയ ആശാന്റെ കവിതകൾ ഭാരതീയ ദർശനത്തിന്റേതായ പ്രകാശം എന്നെന്നും പ്രസരിപ്പിക്കുന്നതാണ്‌.
ജാതിമതങ്ങൾക്കെതിരായി നിരവധി സമരങ്ങൾ ഈ കന്നടമണ്ണിലുണ്ടായിട്ടുണ്ട്‌. അവരറിയേണ്ട ഒരു കാര്യമുണ്ട്‌. ഇന്ത്യയിലാദ്യമായി ഉപനയനം ചെയ്തു പൂണുനൂൽ ധരിക്കാതെ(14ആം നൂറ്റാണ്ടിൽ)അവർണ്ണനായ മാധവപ്പണിക്കർ എന്നയാൾ തിരുവനതപുരത്തെ മലയിൻ കീഴിലെ ഒരു ക്ഷേത്രത്തിന്റെ കളിത്തട്ടിലിരുന്ന്‌ ഭാഷാഭഗവദ്ഗീത മുഴുവൻ അന്നത്തെ പ്രാചീനമലയാളഭാഷയിലെഴുതി. സ്വന്തം ഭാഷയിലേക്ക് അവർണ്ണനായ ഒരാൾ ഭഗവ്ദ്ഗീത എഴുതിയത് അക്കാലത്തെ സംബന്ധിച്ച് അസാധ്യമായ ഒരു സംഭവമാണ്‌`. അതുപോലെ ലോകത്ത് 4ഇതിഹാസങ്ങളുണ്ടെന്നു പറയുന്നു. ഹോമറിന്റെ ഇലിയഡ്ഡും,ഒഡീസ്സിയും, വാല്മീകി രാമായണവും, വ്യാസമഹാഭാരതവും.ഇവയിൽ ഏറ്റവും കൂടുതൽ കഥാപാത്രങ്ങളും, രസങ്ങളും, ഭാവങ്ങളും ഉള്ളത് മഹാഭാരതത്തിലാണ്  ആ ഭാരതം ഒറ്റക്ക്   ,അർദ്ധനഗ്നനായ ഒരാൾ തന്റെ കുടുമ കെട്ടിവെച്ച് ഒരെഴുത്തുകാരനെ അടുത്തിരുത്തി മലയാളത്തിലേക്ക് എഴുതിയത് കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌. ആ കാലഘട്ടം ഓർക്കണം, 18ആം ദശകത്തിന്റെ അന്ത്യപാദവും, 19 താം 
ദശകത്തിന്റെ ആദ്യ പാദവും ആയിരുന്നു. അതുകേട്ടപ്പോൾ പലർക്കും പല സംശയങ്ങളും ഉയർന്നു. നമ്മുടെ ഭാഷക്ക് ശ്രേഷ്ഠഭാഷയുടെ ആവശ്യമില്ല. ലോകത്ത് രാഷ്ട്രമീമാംസ പ്ളേറ്റോവിന്റെ റിപ്പബ്ളിക്കും, ചാണക്യന്റെ അർത്ഥശാസ്ത്രവുമാണ്‌. അർത്ഥശാസ്ത്രമെന്ന ഭാഷാകൌടലീയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെങ്കിൽ രാഷ്ട്രീയവും, ധൈഷണികവുമായ ഉന്നതമായ നില ആവശ്യമാണ്‌. ഭാഷയിൽ വിശ്രുതങ്ങളായ ആയുർവ്വേദ ശാസ്ത്രഗ്രന്ഥങ്ങൾ, ആസ്ട്രോളജി എല്ലാം ഉണ്ടായി. നമ്മുടെ ഭാഷക്ക് സംസ്ക്കാരത്തിന്റെ സമുന്നതമായ നിലവാരം പണ്ടേയുണ്ട്‌. പക്ഷേ ഇന്നത്തെ അവസ്ഥയോ?
ഈ ഇന്ത്യയിൽ സ്വന്തം ഭാഷ ഒന്നാംഭാഷയല്ലാതെയുള്ള വിദ്യാഭ്യാസസംവിധാനം കേരളത്തിൽ മാത്രമല്ലേയുള്ളു, മറ്റെവിടേയെങ്കിലുമുണ്ടോ ? നിങ്ങൾക്കു ലജ്ജ്ജയില്ലേ എന്ന് യു.ആർ.അനന്തമൂർത്തി ചോദിച്ചത്‌ ഓർക്കുന്നു. മലയാളം ഒന്നാംഭാഷയാക്കാതിരിക്കാനുള്ള തകിടം മറിച്ചിലുകൾ ഇപ്പോഴും നടക്കുന്നു. ഈ ഭാഷ രാവിലെ 9മണിക്കു മുമ്പും, വൈകുന്നേരം 4 മണിക്കു ശേഷവും പഠിപ്പിക്കാമെന്ന് ഉത്തരവിറക്കിയാൽ നട്ടുച്ചക്കുപോലും സ്ത്രീകള്‍ക്ക്  ഇറങ്ങിനടക്കാൻ പറ്റാത്ത അവസ്ഥയിൽ അദ്ധ്യാപികമാർക്ക്  ഇടുക്കിയിലും, മൂന്നാറിലുമെല്ലാം ഇതു പഠിപ്പിക്കാനാകുമോ?ഔദ്യോഗികമായി തന്നു എന്നു പറയുമ്പോഴും തരാതിരിക്കാനുള്ള സ്ഥിതിവിശേഷമാണുള്ളത്‌. കള്ളച്ചുരികയുണ്ടാക്കുന്ന കൊല്ലൻമാർ ഇവിടെയുണ്ട്‌. ഇപ്പോഴും മലയാളം കാറ്റിൽ പറക്കുന്ന കരിയില പോലെ പാറുകയാണ്‌. ഇതിന്റെ ശത്രുക്കൾ മലയാളി അധികാരികൾ തന്നെ. മറ്റു ഭാഷക്കാർ സ്വന്തം ഭാഷയെ ആദരിക്കുമ്പോൾ മലയാളി മലയാളത്തെ പുച്ഛിക്കുന്നു. പണ്ടു കുഞ്ഞുണ്ണിമാഷെഴുതിയ വരികൾ എത്ര പ്രസക്തമാകുന്നു.“ ജനിക്കും തൊട്ടെൻ മകനിംഗ്ളീഷു പഠിക്കുവാൻ ഭാര്യ തൻ പേറങ്ങിംഗ്ളണ്ടിൽ തന്നെയാക്കി”. ഇംഗ്ളീഷ് മീഡിയത്തിൽ പഠിച്ചാൽ അതൊരു അന്തസ്സാണെന്നുള്ള ധാരണ മാറ്റണം. ഇംഗ്ളീഷ ഭാഷയെ ആദരിക്കണം. ഇന്നലെ ഇംഗ്ളീഷ് അടിച്ചമർത്തലിന്റെ, സാമ്രാജ്യത്വത്തിന്റെ ആയുധമായിരുന്നു. ഇന്ന് നമ്മുടെ സംസ്ക്കാരത്തെയും, സാഹിത്യത്തേയും, ചരിത്രത്തേയും,മാനവികമായ ഉന്നതിയേയും  മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഉപാധിയായി ഇംഗ്ളീഷ് ഭാഷയെ കണക്കാക്കണം. അല്ലാതെ മലയാളം  പഠിക്കാതെ എന്റെ കുട്ടിക്ക് അഞ്ചക്കം ശമ്പളം കിട്ടണം എന്ന ചിന്ത മാത്രമാവരുത്‌.

ഈയടുത്ത് വിമാനത്താവളത്തിൽ വെച്ചു ഒരു കുടുംബത്തെ കണ്ടിരുന്നു. എവിടെ പോകുന്നു എന്നുചോദിച്ചപ്പോള്‍  ഞങ്ങൾ നാട്ടിൽ പോകുന്നുവെന്നായിരുന്നു മറുപടി, നാടെവിടെ എന്നു ചോദിച്ചപ്പോള്‍  ഉത്തരം “ടെക്സാസ്” എന്നായിരുന്നു. അവരുടെ നാട് ടെക്സാസിലാണ്‌, കേരളത്തിലല്ല. ടെക്സാസ് ഉപജീവനാർത്ഥം നാടായിട്ടുണ്ടാകാം. എന്നാൽ കേരളം അന്യമാകുമ്പോള്‍  എവിടേയും വേരില്ലാത്തവരായിത്തീരുന്നു. മൂടില്ലാതാങ്ങികളായി അലഞ്ഞുതിരിയാൻ വിധിക്കപ്പെട്ടവരായിരിക്കരുത്‌ മലയാളികൾ എന്നു പറയേണ്ടിവരുന്നു. കർണ്ണാടകയിൽ ജീവിക്കുമ്പോൾ അഭിമാനത്തോടേ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിൽ തനിക്കു വേരുകളുണ്ടെന്നുള്ളത് മലയാളികൾ മറക്കരുത്‌. അതുകൊണ്ടാണ് ` മഹാത്മാഗാന്ധി ഒരു പാടു കഷ്ടതകളിലൂടെ ഇന്ത്യൻ കാഷ്വലിസത്തിന്റെ കൊടി പാറിക്കുവാൻ പോകുമ്പോൾ രവീന്ദ്രനാഥടാഗോർ  മറ്റേ കയ്യിൽ യൂണിവേഴ്സൽ ഫ്ളാഗ് വേണമെന്നു താഴ്മയോടെ പറഞ്ഞത്‌. സാർവലൌകിക അവബോധത്തിന്റെ കൊടിയാണത്‌. അവർ തമ്മിൽ ഒരു പാടു കത്തിടപാടുകളുണ്ടായിരുന്നു. മഹാത്മാ എന്നും തിരിച്ച് ഗുരു ദേവ് എന്നുമുള്ള അവരുടെ സംബോധന ചേർത്തുവായിച്ചാൽ മനസ്സിലാക്കാവുന്നത്‌ നല്ല ഭാരതീയനായിരിക്കുക, വിശ്വപൌരനായിരിക്കുക എന്നതാണ്‌. മനുഷ്യരെവിടേയും ഒറ്റ ജാതിയും, മതവുമാണ്‌. അവനെവിടെയും ഒരേ സുഖവും, ദുഃഖവും, കാമനകളും, ഭാവവും ആണ്‌.ഒരേ ആകാശത്തിന്റെ കീഴിൽ ഒരേ ഭൂമിയിൽ ജീവിക്കുന്ന പൌരനാണെന്ന അവബോധം ഉണ്ടാകേണ്ടതാണ് . വ്യത്യസ്ത ഭാഷക്കാർ ഒരുമിക്കുമ്പോൾ പാരസ്പര്യത്തിന്റെ സാംസ്ക്കാരികാന്തരീക്ഷമാണ്‌` ഉണ്ടാവുന്നത്‌.ഇതു ചരിത്രത്തിന്റെ മുന്നോട്ടുള്ള കാൽവെയ്പ്പിന്‌ ഏറ്റവും കൂടുതൽ സഹായകമാകുന്നു. ഭാഷയെപ്പറ്റി പറഞ്ഞാൽ ഏതു ഭാഷയും സമൂഹത്തിന്റെ  ഉല്‍പ്പന്നമാണ്‌ എന്നത് ഭാഷാശാസ്ത്രത്തിലെ തത്വം. ഏതു ഭാഷയും മാനവരാശിയുടെ ഉല്‍പ്പന്നമാകുന്നു. എവിടെയെല്ലാം മനുഷ്യരുണ്ടൊ അവിടെയെല്ലാം ഭാഷയും ഉണ്ടാകുന്നു. ഈ വ്യത്യസ്തയിലൂടെ പാരസ്പര്യത്തിന്റെ പരഭാഗശോഭ ഉണ്ടാക്കാൻ ശ്രമിക്കണം. മഴവില്ലിന്റെ ഏഴു നിറങ്ങളിൽ...ഒരു നിറം എവിടെ തുടങ്ങി മറ്റേ നിറം എവിടെ അവസാനിക്കുന്നു എന്നറിയാതെ ഒന്നു മറ്റൊന്നിലേക്ക് പരസ്പരം ലയിച്ചുകിടക്കുകയാണ്‌. ഏഴുനിറങ്ങൾ ഒന്നിച്ചുനിർത്തിയാലുണ്ടാകുന്നത്‌ ഒരു വെൺമയാണ്‌. ആ വെൺമയിൽ നിന്ന് നൻമ ഉണ്ടാകുന്നു. ഭാഷയെന്നു പറയുന്നത്‌ മനുഷ്യന്റെ നൻമ നിറഞ്ഞ ആത്മാവിന്റെ മഹത്തായ പ്രകാശത്തിന്റെ വികിരണമാണ്‌. ഭാഷ മനോഹാരിതയുടെ വൈവിധ്യമാണ്‌. പാരസ്പര്യത്തിന്റെ ഏകത്വത്തിൽ ഭാഷ സമ്പന്നമാകുന്നു.

ബാംഗ്ളൂർ കൈരളി കലാസമിതി സാഹിത്യസായഹ്നത്തിൽ സംസാരിക്കുകയായിരുന്നു. കവി ഓ.എൻ.വി.കുറുപ്പ്‌.