തുരുമ്പിക്കുന്ന സമരായുധങ്ങൾ


സുരേഷ് കോടൂർ


ഹർത്താലിനെപ്പോലെ തന്നെ ക്ളിഷേ ആയിരിക്കുന്നു ഇപ്പോൾ ഹർത്താലിനെപ്പറ്റിയുള്ള  പഴിപറച്ചി ലുകളും. ഹർത്താൽ ദിനത്തിൽ സാധാരണ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ ക്കുറിച്ചും, ഉൽപ്പാദനമേഖലയിൽ വരുന്ന നഷ്ടങ്ങളെക്കുറിച്ചും,പൊതുമുതൽ നശിപ്പിക്കുന്നതിനെക്കുറിച്ചും, സർക്കാർ ഖജനാവിന് സംഭവിക്കുന്ന ചോർച്ചയെക്കുറിച്ചും, വന്നു വന്നിപ്പോൾ ഹർത്താലിനെ അങ്ങ് ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്ന ഒരു കേരള സമൂഹ ത്തെക്കുറിച്ചുമൊക്കെ പറഞ്ഞ്, പറഞ്ഞ് പുതുമ നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയായിട്ടുണ്ട്‌ ഇന്ന്‌. ഹർത്താൽ ദിന പ്രത്യേക പരിപാടികളുമായി ചാനലുകൾ വീണുകിട്ടിയ വിശേഷദിനത്തെ വർണ്ണാഭമാക്കുന്ന അസംബന്ധങ്ങൾ പോലും ഏറെ  വിദൂരത്തല്ല. അതുകൊണ്ട്‌ ഇവിടുത്തെ ആലോചന ഹർത്താലിന്റെ വിഷമങ്ങളെക്കൂറിച്ചല്ല, മറിച്ച്‌ ഹർത്താൽ ഉൾപ്പെടെ നമ്മുടെ പരമ്പരാഗതമായ സമരരൂപങ്ങളുടെ മൂർച്ച കുറയുന്നതിനെക്കുറിച്ചാണ്‌. ജനങ്ങളെ ബുദ്ധി മുട്ടിക്കാനുള്ള  മൂർച്ചയല്ല, മറിച്ച് ജനങ്ങളെ  ഒന്നടങ്കം കൂടെ നിർത്തി മൂർച്ചയേറിയൊരു ആയുധമെന്ന നിലക്ക് ലക്ഷ്യം നേടാനുള്ള ഇവയുടെ ശേഷി ശോഷിക്കുന്നതിനെക്കുറിച്ചാണ്‌ ആധിയാവാനുള്ളത്‌. കയ്യിലുള്ള ആയുധങ്ങളു ടെ മൂർച്ച ഒട്ടും കുറയാതെ നില നിർത്തേണ്ട തിനെക്കുറിച്ചും, കൂടുതൽ മൂർച്ചയുള്ള, കാലഘട്ടത്തിനിണങ്ങുന്ന പുത്തൻ ആയുധങ്ങൾ കണ്ടെ ത്തേണ്ട തിനെക്കുറിച്ചും കൂടിയാണ്‌ ആലോചിക്കേണ്ടതായിട്ടുള്ളത്‌.
സമരത്തിന്റെ വഴി കാട്ടി 

സമരം ആഘോഷമല്ല, അത്` അവഗണിക്കപ്പെട്ടവന്റെ അവസാനത്തെ പ്രതിഷേധമാണ്‌. അവകാശപ്പെട്ടത്‌ നിഷേധിക്കുന്നതിന്നെതിരേയുള്ള പോരാട്ടമാണ്‌. തങ്ങൾക്ക് നേരെയുള്ള അനീതികള്‍ക്കെതിരെ വിരൽ ചൂണ്ടാതെ,പുഴുക്കളായി,വലിച്ചെറിഞ്ഞു കിട്ടിയത്‌ വിഴുങ്ങി ശബ്ദ മുണ്ടാക്കാതെ മരിച്ചുവീഴാൻ തയ്യാറല്ലെന്നുള്ള അവകാശപ്രഖ്യാപനവുമാണ്‌ സമരങ്ങൾ. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുക എന്നതിനർത്ഥം നമുക്ക് അഭിമാനത്തോടെ  ജീവിക്കാനുള്ള അവകാശത്തെ അടിയറവെക്കുക എന്നതാണ്‌.


അത്‌ പുരോഗമനാത്മകമായ ഒരു സമൂഹം ഉയർന്നുവരാനുള്ള  സാദ്ധ്യതകളുടെ തന്നെ കടയ്ക്കൽ കത്തിവെക്കലാണ്‌. അതുകൊണ്ട്‌ ഹർത്താൽ അടക്കമുള്ള സമരരൂപങ്ങളെ നിയമങ്ങളിലൂടേയും, വിധി പ്രസ്താവ ങ്ങളിലൂടേയു മൊക്കെ നിരോധിക്കുന്നത്‌ ജനാധിപത്യവിരുദ്ധവുമാണ്‌. ഹർത്താൽ നിരോധിക്കേണ്ട തിനെക്കുറിച്ചല്ല, മറിച്ച് അതു ജനവിരുദ്ധമാവുന്നതിനെക്കുറിച്ചും, നമ്മുടെ ആവനാഴിയിലെ ഒരു പ്രധാന ആയുധത്തിന്റെ മൂർച്ച കുറയുന്നതിനെക്കുറിച്ചും,ആയുധപ്പുരയിൽ പുത്തൻ ആയുധങ്ങൾ വന്നുചേരാത്തതിനെക്കുറിച്ചുമാണ്‌ ഒരു ജാനാധിപത്യവിശ്വാസി ആശങ്കപ്പെടേണ്ടതായിട്ടുള്ളത്‌.
എ.കെ. ജി - സമരാവേശം 

ഇക്കഴിഞ്ഞ വാരം ഒരു ഹർത്താൽ കൂടി വന്നുപോയി. പത്രങ്ങളുടെ ഭാഷയിൽ കേരളം ആഹ്ളാദപൂർവം ഹർത്താൽ ആഘോഷിക്കുകയും ചെയ്തു. ഈ ഹർത്താലിന്റെ ബാക്കി പത്രത്തിൽ നേട്ടങ്ങളുടെ കോളത്തിൽ എന്താണ്‌ എഴുതിച്ചേർക്കാനുണ്ടാവുക എന്നത്‌ ജനകീയ സമരരൂപങ്ങളെ ഗൌരവപൂർവം സമീപിക്കുന്ന ഏതൊരു പൌരന്റേയും അന്വേഷണ  പരിധിയിൽ പെടുന്നതാവേണ്ടതുണ്ട്‌.


 അടുത്ത കാലത്തായി നടക്കുന്ന ഒട്ടുമിക്ക ഹർത്താലുകളുടേയും സ്ഥാനം പരാജയത്തിന്റെ പട്ടികയിലാണ്‌. കട കമ്പോളങ്ങളടക്കുന്നതിലോ, നിരത്തിൽ വാഹന ങ്ങളിറങ്ങുന്നത് തടയുന്നതിലോ, ജനജീവിത സ്തംഭിപ്പിക്കുന്നതിലോ ഈ ഹർത്താൽ പരാജയപ്പെട്ടു എന്നല്ല ഇവിടെ വിവക്ഷ. ആ അർത്ഥ ത്തിൽ കേരളത്തിൽ ഹർത്താൽ സമ്പൂർണ്ണ വിജയം തന്നെ.ഇത്‌ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പ്രത്യേകമായി പരാമർശിക്കുന്നതോ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെ മാത്രം ലക്ഷ്യം വെക്കുന്നതോ അല്ല. കേരളനിയമസഭയുടെ വരാന്തയിൽ പോലും ഒരൂഴം ലഭിക്കാതിരിക്കുന്ന പാർട്ടിയുടെ സ്പോൺസർഷിപ്പിലായാലും കേരളത്തിൽ ഹർത്താൽ വൻ “വിജയ: മായിരിക്കുമല്ലൊ എന്നും ,ഒട്ടും സന്തോഷത്തോ ടെയല്ല ഇത്‌ പറയുന്നത്‌ എന്നുകൂടി കൂട്ടിച്ചേർക്കേണ്ടതുണ്ട്‌. കേരളത്തിൽ നവതി കഴിഞ്ഞവർക്കു വേണ്ടി മാത്രമായി ഒരു സംഘട നയുണ്ടാക്കുകയും അവർ ഒരു ഹർത്താലിന്‌ ആഹ്വാനം ചെയ്തുവെന്നും കരുതുക, ആ ഹർത്താലും കേരളത്തിൽ ഈ അർത്ഥത്തിൽ വൻ വിജയമാകും. കേരളജനത ഹർത്താലിൽ പങ്കെടുത്തല്ല, മരിച്ച്‌ ഹർത്താലുകാരെ ‘പ്പേടിച്ച്‌” പുറത്തിറങ്ങാതെ ഹർത്താലിനെ വിജയിപ്പിച്ചുകൊള്ളും. ഹർത്താൽ എന്തു കാരണം പറഞ്ഞാണൊ നടത്തിയത്‌,ഏതു ലക്ഷ്യം നേടാനാണൊ സംഘടിപ്പിച്ചത്‌,ആ ലക്ഷ്യം നേടുന്നതിൽ പൂർണ്ണപരാജയമായി എന്നാണ്  ഇവിടെ വിവക്ഷ. തികഞ്ഞ വിഷമത്തോടും,ആശങ്കയോടും കൂടിയുമാണ്‌ ഹർത്താലിന്റെ ഈ പരാജയത്തെ നാം കാണേണ്ടതും.

ജനകീയ സമരങ്ങൾ പുരോഗമനാത്മകവും നീതിയുക്തവുമായ 
ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള 
ജനതയുടെ അഭിലാഷത്തിന്റെ പ്രവർത്തനരൂപങ്ങളാണ്‌. 


 അതിനായുള്ള പോരാട്ട ങ്ങളിലുപയോഗിക്കപ്പെടേണ്ട കൂർപ്പേറിയ ആയുധങ്ങളാണ്‌, നില നില്ക്കുന്ന അധികാരഘടനയുടേയും അതിന്റെ അടിച്ചമർത്തലുകളുടേയും ബലിഷ്ഠമായ പിടിയിൽ നിന്നുള്ള മോചനം അതിനു വിധേയമാകു ന്നവർക്ക് കരഗതമാകുന്നത്‌ ത്യാഗപൂർണ്ണമായ പോരാട്ടങ്ങളിലൂടേയും, സമരങ്ങളിലൂടെയും മാത്രമാണ്‌. അധികാരം പ്രയോഗിക്കുന്നവന്റെ സൌമനസ്യം കൊണ്ട്‌ നിലനില്ക്കുന്ന വ്യവസ്ഥ മാറിയ ചരിത്രം ഇന്നോളം ഉണ്ടായിട്ടില്ല. അത്` ഒരിക്കലും അപ്രകാരമാവുകയില്ല. ഇന്ത്യാ രാജ്യത്തെ സ്വന്തം കോളനിയാക്കി കയ്യടക്കിവെക്കുന്നത്‌ സാമൂഹ്യനീതിക്ക്‌ നിരക്കുന്നതല്ലെന്ന് സ്വതന്ത്രനീതി ന്യായ വ്യവസ്ഥയുടെ ഉത്തുംഗമാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന ബ്രിട്ടനിലെ ഒരു കോടതിയും സ്വന്തം ഭരണകൂടത്തിനെതിരെ വിരൽ ചൂണ്ടിയതായി ചരിത്രത്തിലില്ല.അഹിംസാത്മകവും ഹിംസാത്മകവുമായ രീതികളിലൂടെയൊക്കെ നടത്തിയ പോരാട്ടങ്ങളിലൂടെത്തന്നെയാണ്‌ ഒരു ജനത ഇന്ത്യാ രാജ്യത്തിന്റെ ഭാഗധേയം മാറ്റിയത്‌. തൂണിലും, തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നവർ തന്നെ അധഃസ്ഥിതനെ ദൈവത്തിന്റെ നാലയലത്തടുപ്പിക്കാതെ ബലം പിടിച്ചപ്പോൾ കൊടിയ മർദ്ദനങ്ങളെ നേരിട്ടുകൊണ്ടുള്ള പോരാട്ടത്തിലൂ ടെത്തന്നെയാണ്‌ സ്വന്തം ദൈവങ്ങളെ അടുത്തുനിന്ന്‌ തൊഴാനുള്ള അവകാശം കേരളീയ സമൂഹത്തിന്റെ പുറം വരിയിലേക്ക് മാറ്റിനിർത്തപ്പെട്ടിരുന്നവർ സ്ഥാപിച്ചെടുത്തത്‌, ഉപ്പിന്‌ നികുതി ചുമത്തിയവന്റെ നിയമത്തെ നിഷേധിച്ച് സ്വയം ഉപ്പു വാറ്റിയാണ്‌ ഒരു ജനതയുടെ പ്രതിഷേധത്തിന്‌ ഗാന്ധിജി മൂർത്തരൂപം നലകിയത്‌.പൊതു പ്രതിഷേധത്തിന്റെ അടയാളമായി കടകമ്പോളങ്ങളടക്കുന്നതിന്‌ ഗുജറാത്തി ഭാഷയിൽ പ്രയോ ഗത്തിലിരുന്ന ഹർത്താൽ എന്ന വാക്കിനെ സിവിൽ നിസ്സഹകരണ സമരത്തിന്റെ ഒരുജ്ജ്വലരൂപമായി ഉയർത്തി ക്കൊണ്ടുവരികയും, സ്ഥാപനവല്ക്കരിക്കുകയും, ബ്രിട്ടീഷ് വാഴ്ച്ചക്കെതിരായുള്ള സമരത്തിലെ ഒരു പ്രധാന ആയുധമാക്കുകയും ചെയ്തതും ഗാന്ധിജി തന്നെയാണ്‌.


അതുപോലെത്തന്നെ 1947-ലെ മലയാഹർത്താലും.1953-ലെ സിലോൺ ഹർത്താലും.1967-ലെ പെനാംഗ് ഹർത്താലുമൊക്കൈന്നും ആവേശമുണർത്തുന്ന ഓർമ്മകളാവുന്നത്‌ ആ സമരങ്ങളിലെ ജനപങ്കാളി ത്തത്തിന്റേയും, അതുയർത്തിപ്പിടിച്ച് നീറുന്ന ജനകീയ ആവശ്യങ്ങളുടേയും, ആ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ നേതൃത്വം കാണിച്ച ലക്ഷ്യബോധത്തിന്റെ തീവ്രതയുടേയുമൊക്കെ കാരണങ്ങളാലാണ്‌.

 ഇങ്ങനെ സമൂഹത്തെ മുന്നോട്ട് നയിക്കാനും, നിലവിലുള്ള  വ്യ്വസ്ഥക്കിടയിൽ 
നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെ പൊട്ടിത്തെറിക്കാനും
 പോരാട്ടങ്ങളുടെ പാത മാത്രമാണ്‌ പാർശ്വവല്ക്കരിക്കപ്പെടുന്നവന്റെ ആശ്രയമായിട്ടുള്ളത്‌.
 ആ ആയുധങ്ങൾക്ക് വീര്യം കുറയുന്നത്‌ ഏതു പുരോഗമനവാദിയേയും ആശങ്കപ്പെടുത്തേണ്ടതുണ്ട്‌. പണിയെടുക്കാതിരിക്കാനുള്ള കുറുക്കുവഴിയെന്ന് ഹർത്താൽ പരിഹസിക്കപ്പെടാനിട വരുത്തുമ്പോൾ ഒരു സമരരൂപത്തിന്റെ ഫലപ്രാപ്തിക്കുള്ള ശേഷിയെ ചോർത്തി ക്കളയുകയാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. അരിവാളെടുത്ത് കല്ലിൽ വെട്ടിവെട്ടി അവസാനം വാഴവെട്ടാൻ പോലും കരുത്തില്ലാതാക്കരുത് . ആയുധങ്ങൾ മൂർച്ഛയുള്ളതാകണം. അസ്ഥാനത്ത് പ്രയോഗിച്ച്‌ അതിന്റെ മൂർച്ഛ കളയരുത്‌. വായ്തല പോയ ആയുധങ്ങളെ ഉപേക്ഷിക്കേണ്ടി വരും. പുത്തൻ ആയുധങ്ങൾ പണിതെടുക്കേണ്ടിയും വരും. ഹർത്താൽ എന്ന സമരരൂപത്തിന്റെ പരാജയത്തെക്കുറിച്ചു ആധി ഇത്തരമൊരു ആശങ്കയുടെ തലത്തിൽ നിന്നുകൊണ്ടാണ്‌ വിശകലനത്തിന്‌ വിധേയമാവേണ്ടത്‌. ഈ ആശങ്കയിലേക്ക് ഒരു പിടി കനൽ കൂടി വാരിയിടുന്നതാണ്‌ തീർത്തും ചടങ്ങായി, ആർക്കോവേണ്ടിയെന്നപോലെ ഹർത്താലെന്ന സമരരൂപത്തെത്തന്നെ തീർത്തും അപഹസിച്ചുകൊണ്ട്‌ നടക്കുന്നചില ഹർത്താലാഘോഷങ്ങൾ.


വിലക്കയറ്റത്തിന്നെതിരെയുള്ളതായിരുന്നല്ലൊ ഇക്കഴിഞ്ഞ ഹർത്താൽ. 
ഇതിലൂടെ എന്തായിരിക്കും പ്രക്ഷോഭകർ ലക്ഷ്യമിട്ടിരിക്കുക.




വിലക്കയറ്റത്തിന്നെതിരെ ഒരു നടപടിയുമെടുക്കാത്ത കേന്ദ്രസർക്കാനെതിരെ ജനങ്ങളെ  അണി നിരത്തുക, ഹർത്താലിലൂടെ ജനങ്ങളു ടെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തിവിടുക. ഇങ്ങനെ ഇരമ്പുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തീച്ചൂടിൽ നില്‍ക്കക്കള്ളിയില്ലാതെ കേന്ദ്ര സർക്കാർ വിലകുറക്കുന്നതിനുള്ള അടിയന്തര നടപടികൾ പ്രഖ്യാപിക്കുക, ഒരാഴ്ച്ചക്കുള്ളിൽ അവശ്യസാധനങ്ങളുടെ വില നിയന്ത്രണാധീനമാകുകയും ജനങ്ങൾക്കാശ്വാസമാവുകയും ചെയ്യുക, അങ്ങനെ ഹർത്താൽ  അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിൽ പൂർണ്ണ വിജയമാവുക. ഹർത്താലിന്റെ ലക്ഷ്യമായി സംഘാടകർ മനസ്സിൽ കണ്ടിരിക്കുന്നത്‌,അല്ലെങ്കിൽ കണ്ടിരിക്കേണ്ടത് ഇത്രയുമാണെന്നാണല്ലൊ.അതല്ല, തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്‌, പാർട്ടിക്കാർ പൊതുവേ ആലസ്യത്തില്‍ കിടക്കുകയാണ്‌.പാർട്ടി മിഷണറി ഒന്നു ചൂടാക്കി പ്രവർത്തകരെ ഉണർത്തേണ്ടതുണ്ട്‌. അതിനായി, ഒരു ഹർത്താൽ നടത്തിക്കളയാം എന്നാവില്ലല്ലൊ.ഈ രണ്ടാമതു പറഞ്ഞതായിരുന്നു ലക്ഷ്യമെങ്കിൽ, തീർച്ചയായും പാർട്ടികൾ തങ്ങളുടെ ഹർത്താൽ വൻ-വിജയമായിരുന്നുവെന്ന്‌ വിലയിരുത്തിയിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ പിന്നെ അവരോട് നമുക്ക് പ്രത്യേകിച്ചൊന്നും പറയേണ്ടതായിട്ടില്ല. അതല്ല, ആദ്യം പറഞ്ഞതായിരുന്നു അവരുടെ ലക്ഷ്യമെങ്കിൽ ഒരു ആത്മപരിശോധനക്ക് നമുക്കവരോട് ആവശ്യപ്പെടാവുന്നതാന്‌. ഹർത്താൽ ആർക്ക് എന്തു ഗുണമാണ് ഉണ്ടായത്‌ എന്നൊന്നു പരിശോധിക്കാൻ നമുക്കവരോട് ആവശ്യപ്പെടാവുന്നതാന്‌. ആദ്യത്തേതായിരുന്നു ലക്ഷ്യമെങ്കിൽ.അതില്‍  ഏറ്റവും അനുയോജ്യമായ സമരരീതി ഹർത്താലാണെന്ന് അവർ ആത്മാർത്ഥമായും വിശ്വസിച്ചിരുന്നു. എങ്കിൽ, ഹർത്താലിനു ശേഷം അതിന്റെ ഫലത്തെക്കുറിച്ച്‌ അവർ ഒരു വിശകലനം നടത്തിക്കാണുമെന്നാണല്ലൊ നാം വിശ്വസിക്കേണ്ടത്‌. കാരണം സമരം ഫലപ്രാപ്തിയിലെത്തിയിരുന്നെങ്കിൽ വിലക്കയറ്റത്തിൽ വലഞ്ഞ ജനം തങ്ങൾക്കാശ്വാസം നല്കാൻ വേണ്ടി ഹർത്താലടക്കമുള്ള സമരങ്ങൾ നടത്തി വിജയിച്ച്‌ അവശ്യസാധനങ്ങളു ടെ വിലകുറക്കാൻ ആവേശപൂർവം പോരാടിയ പാർട്ടികളെ തോളിലേറ്റി നൃത്തം  വെക്കുകയും   അടുത്ത തിരഞ്ഞെടുപ്പിൽ കൂട്ടത്തോടെ  വോട്ട് ചെയ്ത് അധികാരത്തിലേറ്റുകയും ചെയ്യുമല്ലൊ. മറിച്ച് സമരം പൂർണ്ണ പരാജയമാവുകയും, വില വീണ്ടും കൂടിവരികയും ചെയ്യുന്ന സാഹചര്യത്തി ൽ ഹർത്താൽ മൂലം ബുദ്ധിമുട്ടിലായ ജനം തങ്ങളെ വീണ്ടും ബുദ്ധിമുട്ടിച്ചവർക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞ് ഇനി അവർക്കു വോട്ടു ചെയ്യേണ്ടന്നു തീരുമാനിച്ചാൽ വെളു ക്കാൻ തേച്ചത്‌ പാണ്ടായിപ്പോയ അവസ്ഥയാണല്ലൊ പാർട്ടികൾ നേരിടേണ്ടി വരിക. അതുകൊണ്ട്‌ വിജയിക്കാൻ തെല്ലും സാധ്യതയില്ലാത്ത ഒരു സമരത്തിന്‌ ഇറങ്ങിപ്പുറപ്പെടാൻ നിർബന്ധിച്ച്‌ പാർട്ടികളു ടെ ഉള്ള സല്‍ പ്പേരും നശിപ്പിക്കാൻ കാരണക്കാരാവുന്നവർ എന്തായാലും തങ്ങളു ടെ ബന്ധുക്കളല്ലെന്ന് അവർ തിരിച്ചറിയണം. ലക്ഷ്യപ്രാപ്തിയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അതിനു പറ്റിയ സമരരൂപങ്ങൾ ആസൂത്രണം ചെയ്യണം. അത്‌ നേടിയെടുക്കുന്നത്‌ വരെ പ്രക്ഷോഭം ചെയ്യാനുള്ള കരുത്ത്‌ കാണിക്കണം. ലക്ഷ്യത്തിൽ വിശ്വാസമുണ്ടായിരിക്കണം  . ലക്ഷ്യം നേടാൻ തന്നെയാണ്‌ ഇവർ സമരം ചെയ്യുന്നതെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെടണം.അതിന്‌ കഴിവില്ലാത്തവർ ജനങ്ങൾക്ക് കൂനിൻ മേൽ കുരുവെന്ന പോലെ വീണ്ടും വിഷമങ്ങളുണ്ടാക്കാൻ മിനക്കെടാതെ മിണ്ടാതിരിക്കണം. 
ഹർത്താലുകൾ കൊണ്ടുണ്ടാവുന്ന നേട്ടങ്ങളൊന്ന് പരിശോധിക്കുക.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഓഫീസുകൾ അവധി ആഘോഷിച്ചു. ഞായറാഴ്ച്ചകളില്‍ പോലും സാദ്ധ്യമാവാത്ത രീതിയിൽ ആളുകൾ മുഴുവൻ സമയം വീടുകളിൽ ടി.വി.യുടെ മുന്നിലിരുന്ന്‌ ഒഴിവു ദിവസം ആസ്വദിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങാതെ മാറിനിന്നു, ബസ്റ്റാന്റിലും ,റെയില്‍വേ സ്റ്റേഷനുകളിലും ആളുകൾ വലഞ്ഞു. ആശുപത്രിയിലെത്താൻ വഴിയില്ലാതേയും ചികിൽസ  ലഭിക്കാതേയും നിസ്സഹായർ പീഢിപ്പിക്കപ്പെട്ടു. വിലക്കയറ്റത്തെപ്പറ്റി മാത്രം ആരും ഒന്നും മിണ്ടിയില്ല. ഒന്നിനും ഒരു മാറ്റവുമുണ്ടാക്കാതെ ഹർത്താൽ വന്നുപോയി. പതിവു പോലെ അടുത്ത പ്രഭാതം വരികയും ആളുകൾ തങ്ങളുടെ പണികളിൽ വ്യാപൃതരാവുകയും ചെയ്തു. 


യഥാർത്ഥത്തിൽ ജനങ്ങളുടെ ഇന്നത്തെ ഏറ്റവും നീറുന്ന പ്ര ശ്നങ്ങളിലൊന്നാണ്‌ ഹർത്താലിന്‌ കാരണമായി പ്രഖ്യാപിക്കപ്പെട്ടത്‌. കക്ഷിഭേദമെന്യേ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന  ജീവിതപ്രശ്നം.എന്നിട്ടുമെന്തേ ജനം പുറം തിരിഞ്ഞുനില്ക്കുകയും സമരം യാതൊരു അനക്കവും സൃഷ്ടിക്കാതെ കടന്നുപോവുകയും ചെയ്തു എന്ന്‌ പാർട്ടികൾ ആലോചിക്കണം. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കെടുത്താൽ വിലക്കയറ്റത്തിന്നെതിരെ എല്ലാ പാർട്ടികളുമായി ഇവിടെ നടത്തിയ ഹർത്താലുകലുടെ എണ്ണം കുറച്ചൊന്നുമല്ലല്ലൊ. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് ലക്ഷ്യം നേടുന്നതിലുള്ള ആത്മാർത്ഥതയോടും വിശ്വാസത്തോടും ജനങ്ങൾക്ക് സംശയമുദിക്കുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്‌. പാർട്ടികളുടെ ആവശ്യം വിലകുറയ്ക്കുകയല്ല മറിച്ച്  ഹർത്താൽ നടത്തലാണെന്ന് ജനങ്ങള്‍  തിരിച്ചറിയുന്നു. ഒരു ദിവസത്തെ ഹർത്താലാഘോഷം കഴിഞ്ഞ് ഇവർ അവരുടെ മാളങ്ങളി ലേക്ക് മടങ്ങുമെന്നും ഒന്നിനും പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടാകില്ലെന്നും ആളുകൾക്ക് തിരിച്ചറിവായിരിക്കുന്നു. 


അത്തരമൊരു സമരപ്രഹസനത്തിന്‌ തെരുവിലിറങ്ങാൻ അതുകൊണ്ടു തന്നെ ആളെ കിട്ടില്ല. ഇത്തരമൊരു ചിന്താഗതി വേരെടുക്കുന്നത്‌ ജനകീയമുന്നേറ്റ ങ്ങൾക്ക് തികച്ചും അപായകരമാണെന്ന് ജനാധിപത്യവിശ്വാസികളും  രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചറിയണം. അതുകൊണ്ട്‌ സമരത്തിൽ ജനങ്ങളു ടെ വിശ്വാസത്തിന്‌ ഊനം തട്ടുന്നതരത്തിലുള്ള സമരാഭാസങ്ങലിലേർപ്പെടാതിരിക്കാനുള്ള  ഉത്തരവാദിത്വം സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്  ഉണ്ട്‌. ലക്ഷ്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അത്‌ നേടിയെടുക്കാൻ ഏറ്റവുമനുയോജ്യമായ സമരമുറകളാസൂത്രണം ചെയ്യുകയും, ആഹ്വാനം ചെയ്ത സമരപരിപാടികൾ ആവേശപൂർവം ,തികഞ്ഞ വിശ്വാസത്തോടെ നടപ്പിലാക്കാനുള്ള ആർജ്ജവം പ്രകടിപ്പിക്കുകയുമാണ്‌` വേണ്ടത്‌.

ഭരണം ചിരിക്കുന്നു...

വിലക്കയറ്റത്തിന്നെതിരേയുള്ള സമരത്തെക്കുറിച്ച്‌ ഒന്ന് ആലോചിച്ചുനോക്കുക. ഹർത്താലിനേക്കാൾ ഫലവത്തായി മറ്റെന്തു സമരമുറയാണ്‌ ഉപയോഗിക്കാൻ കഴിയുക എന്ന് പാർട്ടികളൊ ന്നാലോചിക്കട്ടെ. ആദായനികുതി അടക്കേണ്ടുന്ന സമയമാണല്ലൊ ഇപ്പോള്‍ . ആദായനികുതി അടക്കാനുള്ളവർ അനവധി ഉണ്ടാവുമല്ലൊ പാർട്ടി പ്രവർത്തകരായി.ഓരോ പഞ്ചായത്തിലും ആദായനികുതി അടക്കാനുള്ള എല്ലാ പ്രവർത്തകരുടെയും ലിസ്റ്റുണ്ടാക്കുക. 

ഇവരടക്കാനുള്ള ആദായനികുതി തുക ഓരോ പഞ്ചായത്തിലും സമാഹരിക്കുക. ഈ തുക കേന്ദ്രഗവണ്മെന്റിലേ ക്ക് ഈ വർഷം അടക്കുന്നില്ലെന്ന് പ്രഖ്യാപിക്കുക. നമ്മളടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ച്‌ അവശ്യസാധനങ്ങളു ടെ വിലനിയന്ത്രിക്കുന്നതടക്കമുള്ള  പരിപാടികൾ നടപ്പിലാക്കാനുള്ള ചുമതലയാണല്ലൊ നാം കേന്ദ്രസർക്കാരിന്‌ നല്കിയിട്ടുള്ളത്‌. കേന്ദ്രസർക്കാർ ഈ ചുമതലയിൽ പരാജയപ്പെട്ടു എന്നാണല്ലൊ പാർട്ടികള്‍  ഹർത്താൽ നടത്തി പ്രഖ്യാപിച്ചത്‌. അതുകൊണ്ട്‌ ചുമതലയിൽ പരാജയപ്പെട്ട സർക്കാരിന്‌ നികുതിപ്പണം തരുന്നില്ലെന്ന് പ്രഖ്യാപിക്കുക.ആ ചുമതല സ്വയം ഏറ്റെടുത്ത്‌ നിയമലംഘന സമരത്തിലേർപ്പെടാൻ ഇവർ തീരുമാനിക്കുകയാണ്  എന്ന് കരുതുക. ഈ സമാഹരിച്ച പണം കൊണ്ട്‌ ഓരോ പഞ്ചായത്തിലും പാർട്ടികളു ടെ ആദായവിലചന്തകൾ തുറക്കട്ടെ. ഇന്ത്യയിലെ മുക്കിലും, മൂലയിലും ഓരോ പഞ്ചായത്തിലും ഇങ്ങനെ ആദായവില ചന്തകള്‍  ഉയരട്ടെ. സമാഹരിച്ച നികുതിപ്പണം കൊണ്ട്‌ കഴിയാവുന്ന അത്രയും ദിവസം ജനങ്ങൾക്ക് അങ്ങാടിവിലയുടെ പകുതിവിലക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യട്ടെ. ഇങ്ങനെ നടത്തിയ ആദായവിലചന്തയുടെ ചിലവു കണക്കുകൾ ആദായനികുതി റിട്ടേണിനോടൊപ്പം സർക്കാരിന്‌  സമർപ്പിക്കുക. ഇത്തരമൊരു സമരരീതി സങ്കല്പ്പിച്ചുനോക്കുക. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ജനം ആദായവിലചന്തകളി ലേക്ക് ഇരച്ചുകയറുന്നു. നികുതിയിനത്തിൽ പണം നഷ്ടപ്പെടുന്നത്‌ തിരിച്ചറിയുന്ന സർക്കാരിന്‌  സ്വന്തം ഖജനാവിൽ സമരത്തിന്റെ അലയടിക്കുന്നത്‌ കൈയ്യും കെട്ടി നോക്കിനില്ക്കാനാവാതെ വരുന്നു.വിലക്കയറ്റത്തിന്നെതിരെ ഏറ്റവും ക്രിയാത്മകമായി പോരാടിയ പാർട്ടികാർക്ക് ജനങ്ങൾ വോട്ട് മൊത്തമായും ചാർത്തിക്കൊടുക്കുന്നു. ഇങ്ങനെ ഒരവസ്ഥ എതെങ്കിലും പാർട്ടിക്കിഷ്ടമില്ലാതെ വരുമോ? ഒരു ദിവസം ആർക്കോവേണ്ടി ഓക്കാനിക്കും പോലെ യാതൊരു ലക്ഷ്യബോധവുമില്ലാതെ ആചരിച്ച ഹർത്താലിനും, അന്ന് കേട്ട ആളുകളു ടെ ശാപവചനങ്ങളുടേതിനുമൊക്കെ എത്രയോ മടങ്ങ്‌ ലാഭകരവും പ്രിയമായതുമായിരിക്കില്ലേ ഈ ഒരവസ്ഥ എന്ന് പാർട്ടിക്കാർ ചിന്തിക്കണം. വിലക്കയറ്റത്തിന്നെതിരേയുള്ള സമരത്തിൽ ജനങ്ങളെ  ഒന്നടങ്കം പങ്കെടുപ്പിക്കാൻ ഹർത്താലല്ല പറ്റിയ സമരോപാധിയെന്ന് അവർ തിരിച്ചറിയണം. ഒന്ന് മാറിചിന്തിക്കാൻ എങ്ങിനെയാണ്  നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളെ നാം പ്രേരിപ്പിക്കേണ്ടത്‌.