നാദം നിലച്ച സിതാർ

പണ്ഡിറ്റ് രവിശങ്കര്‍ 

ആ സിതാറിന്റെ തന്ത്രികളിൽ പിറന്ന ആരോഹണാവരോഹണങ്ങളുടെ രാഗോന്മാദമാണ്‌ ലോകത്തിനു നഷ്ടപ്പെട്ടത്‌. ഗമഗയിൽ നിന്നു തുടങ്ങി സ്വരവിസ്താരങ്ങളുടെ കടലുകളിലേക്ക് പരന്ന്‌,ആകാശം പോലെ സംഗീതത്തിനും അതിരില്ലെന്നറിയിച്ച്‌,ഒടുവിൽ പണ്ഡിറ്റ് രവിശങ്കർ മാന്ത്രികമായ തന്റെ സിതാറിനെ അനാഥമാക്കി,എല്ലാ ഭൂഖണ്ഡങ്ങളിലേയും മൂന്നു തലമുറകളിൽപെട്ട ആരാധകരേയും.

ഇന്ത്യൻ സംഗീതത്തിനു ലഭിച്ച ആദ്യത്തെ ലോകമേൽവിലാസമായിരുന്നു രവിശങ്കർ. കിഴക്കിന്റെ സംഗീതം കൊണ്ടു പടിഞ്ഞാറെ പ്രലോഭിപ്പിച്ച സംഗീതജ്ഞൻ.സ്വന്തം പേരെഴുതിയ ചരിത്രത്താളുകളും നിറഞ്ഞ സദസ്സുകളും നേടാൻ നിത്യവരം നേടിയ മഹാപ്രതിഭ.തൊണ്ണൂറ്റിരണ്ടാം വയസ്സു നല്കിയ ഓക്സിജൻ മാസ്ക്കും കൈവിരലുകളിലെ ആത്മവിശ്വാസം കൊണ്ടു കഴിഞ്ഞ മാസം കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സംഗീത വേദിയെ ഭൂമിയിൽ നിന്നുയർത്തി തിരിച്ചിറങ്ങിയപ്പോഴും മടങ്ങിവരവു പ്രതീക്ഷിച്ചിരുന്നു അദ്ദേഹത്തിന്റെ കേൾവിക്കാർ.

വാരണാസിയിൽ ജനിച്ച്‌,ഗംഗയെ നോക്കി സ്വപ്നം കണ്ടിരുന്നതുകൊണ്ടാവാം രവിശങ്കറിന്റെ സിതാർ വാദനത്തിലെപ്പോഴും ആ മഹാനദിയുടെ ഒഴുക്കുണ്ടായി. പ്രഭാതത്തിന്റെ സൌമ്യ ശുദ്ധിയും ,മദ്ധ്യാഹ്നത്തിന്റെ തീക്ഷ്ണഗാംഭീര്യവും, സന്ധ്യയുടെ വിലാപഹൃദയവും, അദ്ദേഹം നമ്മെ കേൾപ്പിച്ചു. അധികം വലുപ്പമില്ലാത്ത ആ സംഗീതോപകരണത്തിന്‌ അകത്ത്‌ ആകാശവും,ആഴിയും ഉണ്ടെന്നു ലോകം തിരിച്ചറിഞ്ഞു. സിതാറിന്റെ തന്ത്രികളിൽ അദ്ദേഹത്തിന്റെ വിരൽ സ്പർശമേല്ക്കുമ്പോൾ പുറപ്പെടുന്ന ആദ്യനാദത്തിന്‌ തന്നെ കേൾവിക്കാരെ അഭൌമതലങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനായി. ദേശ് രാഗത്തിന്റെ അനുരാഗമിടിപ്പുകളും മേഘ മൽഹാറിന്റെ മഴയഴുകുമൊക്കെയുണ്ടായിരുന്നു ആ സിതാറിൽ.

മുദ്രകളിൽ നിന്നു സ്വരങ്ങളിലേക്കുള്ള ചുവടുമാറ്റമാണ്‌ പണ്ഡിറ്റ് രവിശങ്കറിനെ സൃഷ്ടിച്ചത്‌. സംഗീതത്തിലേക്കുള്ള വഴിത്തിരിവ്‌ വളരെ വൈകിയിരുന്നുവെങ്കിലും,പ്രശസ്ത നർത്തകനായ ജ്യേഷ്ഠ്സഹോദരൻ ഉദയശങ്കറിന്റെ നൃത്തസംഘത്തിൽ അംഗമായി നന്നേ ചെറുപ്പത്തിൽ ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുമ്പോഴൊക്കെ നർത്തകനാവാനായിരുന്നു മോഹം. പതിനെട്ടാം വയസ്സിൽ ഇംഗ്ളണ്ടിൽ പരിപാടികൾ അവതരിപ്പിക്കുന്നതിന്നിടയിൽ ,ഒപ്പമുണ്ടായിരുന്ന ഉസ്താദ് അലാവുദ്ദീൻ ഖാനാണ്‌ സിതാറുമായുള്ള ആദ്യപ്രണയത്തിന്റെ നിമിത്തം.ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ആ പ്രണയിനി.

രവിശങ്കറെ ഇന്ത്യൻ സംഗീതത്തിന്റെ രാജ്യാന്തര അംബാസഡർ എന്ന വിശേഷണത്തിലേക്ക് സിതാർ ആനയിച്ചു. ബീറ്റിൽസിന്റെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന ജോർജ്ജ് ഹാരിസനും പ്രശസ്ത വയലിനിസ്റ്റ് യെഹൂദി മെന്യൂഹിനുമൊക്കെയായി രവിശങ്കറിനുണ്ടായ ഗാഢസൌഹൃദം സംഗീതത്തിനു സമ്മാനിച്ച കലാതീതമുദ്രകൾ കുറച്ചുന്നുമല്ല.പാശ്ചാത്യ ഭാരതീയ സംഗീതോപകരണങ്ങളുടെ സുന്ദര സൌഹൃദം ലോകത്തിന്‌ അനന്യമായ കേൾവിയനുഭവമായിത്തീരുകയായിരുന്നു. സത്യജിത് റേയുടെ ‘പഥേർ പാഞ്ജാലി’ അടക്കമുള്ള ‘അപുത്രയ’ സിനിമകൾക്കു മുതൽ റിച്ചാർഡ് ആറ്റൻ ബറോ സംവിധാനം ചെയ്ത ‘ഗാന്ധി“ക്കു വരെ രവിശങ്കർ ഈണമിട്ടു. 

ഉയരത്തിലേക്ക് നടന്നുകയറുമ്പോഴും രവിശങ്കർ തന്നെത്തന്നെ മറന്നില്ല. അച്ഛനമ്മമാർക്കൊപ്പം മതിയാവോളം ജീവിക്കാനാവാത്ത സങ്കടവും ഏകാന്തതയും  ബനാറസ്സിന്റെ രാത്രികളിൽ ഗംഗയോട് പറഞ്ഞുകരഞ്ഞിരുന്ന ബാലൻ പണ്ഡിറ്റ് രവിശങ്കറിൽ എപ്പോഴുമുണ്ടായിരുന്നു.എല്ലാ ഏകാന്തകളിലും അദ്ദേഹത്തിനു കൂട്ടമായ് ഒപ്പമിരുന്നു,സിതാർ, അനാഥമായത്‌ ആ സിതാറാണ്‌.


(മനോരമ പത്രത്തിനോട്‌ കടപ്പാട്‌)