ശ്രീ കുരുംബക്കാവ്(ചരിത്രം)



വേലായുധൻ പണിക്കശ്ശേരി 


യഹൂദമതത്തിനും, ക്രിസ്തുമതത്തിനും ,ഇസ്ളാം മതത്തിനും ആദ്യത്തെ ആശ്രയകേന്ദ്രമായിരുന്നതും, ഭാരതത്തിലെ ആദ്യത്തെ മുസ്ളീം പള്ളി സ്ഥിതിചെയ്യുന്ന ഇടവുമായ കൊടുങ്ങല്ലൂരിൽ പഴക്കവും പ്രശസ്തിയുമുള്ള ഏതാനും ക്ഷേത്രങ്ങളുണ്ട്‌.

കൊടുങ്ങല്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ഏകദേശം പത്തേക്കറോളം വരുന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ശ്രീകുരുംബക്കാവാണ്‌ അവയിൽ പ്രമുഖം. മേല്ക്കൂര മുഴുവൻ ചെമ്പു തകിടു കൊണ്ട്‌ പൊതിഞ്ഞിട്ടുള്ള ഈ ക്ഷേത്രത്തിന്‌ ചുറ്റും നിറയെ ആല്‍ വൃക്ഷങ്ങളാണ്‌. കേരളത്തിലെ പ്രമുഖമായ മുഴുവൻ ഭഗവതി ക്ഷേത്രങ്ങളുടേയും മൂലക്ഷേത്രം കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രമാണ്‌. മറ്റു ക്ഷേത്രങ്ങളിലെ ദേവിമാരെല്ലാം കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിമാരാണെന്നാണ് സങ്കല്പ്പം.


ചരിത്ര്യ ദേവതയായ കണ്ണകിയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മക്കായി ചേരൻ ചെങ്കുട്ടവൻ സ്ഥാപിച്ച ക്ഷേത്രമാണിതെന്ന്‌ ചിലപ്പതികാരത്തിൽ നിന്ന്‌ വ്യക്തമാകും. പത്തിനിദേവിയുടെ പ്രതിഷ്ഠക്കു കൃഷ്ണശില ഹിമാലയത്തിൽ നിന്നാണ്‌ കൊണ്ടുവന്നത്‌. പ്രതിഷ്ഠാസമയത്ത്‌ അയൽ രാജ്യങ്ങളിലെ ഗജബാഹുരാജാവും എത്തിയിരുന്നുവത്രെ.
അക്കാലത്തെ ആരാധനാസമ്പ്രദായമായി പത്തിനികടവുകൾ സങ്കല്പ്പത്തിൽ നാട്ടിയ വീരക്കല്ല്‌ കാലാന്തരത്തിൽ ക്ഷേത്ര പ്രതിഷ്ഠയായി മാറി. ആദ്യമത്‌ ജൈന ആരാധനാ കേന്ദ്രമായിരുന്നുവെന്ന്‌ ഊഹിക്കാൻ ധാരാളം തെളിവുകളുണ്ട്‌.
വടക്കോട്ടു അഭിമുഖമായിരിക്കുന്ന ഇപ്പോഴത്തെ ഭദ്രകാളി വിഗ്രഹം വരിക്കപ്ളാവിൽ തീർത്തതാണ്‌. ഇതിനു മുൻപിൽ മണ്ഡപമോ, ബലിക്കല്പുരയൊ ഇല്ല.

ഇവിടെയുള്ള ശിവക്ഷേത്രം ഉപക്ഷേത്രമല്ല. പൂർണ്ണശിവക്ഷേത്രത്തിന്റെ എല്ലാ സംവിധാനങ്ങളുമുണ്ട്‌. കിഴക്കോട്ട്‌ അഭിമുഖമായിട്ടുള്ള ശിവപ്രതിഷ്ഠക്കു പുറത്തു നിന്ന്‌ കടക്കാൻ പ്രത്യേക നടയും ബലിക്കല്ലും ബലിക്കല്‍പ്പുരയും മണ്ഡപവും ഉണ്ട്‌.

പ്രധാനക്ഷേത്രത്തിന്‌ പുറത്ത്‌ പ്രത്യേ കം ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രത്തിലാണ്‌ ക്ഷേത്രപാലകന്റെ പ്രതിഷ്ഠ.പീഠമടക്കം 12 അടിയോളം പൊക്കമുണ്ടതിന്‌. ഇത്രയും വലിയ വിഗ്രഹം കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലില്ല. ഇത്‌ കോവിലിന്റെ പ്രതിഷ്ഠയാണെന്ന്‌ വിശ്വസിച്ചുവരുന്നു. ചേരൻ ചെങ്കുട്ടവൻ ഹിമാലയത്തിൽ നിന്ന്‌ കൊണ്ടുവന്ന കൃഷ്ണശിലയിൽ തീർത്ത പത്തിനിദേവിയുടെ പ്രതിഷ്ഠ പടിഞാറ് അഭിമുഖമായിട്ടായിരുന്നു. ഇപ്പോൾ ആ പ്രതിഷ്ഠ അവിടെയില്ല. ആ സ്ഥലം അടച്ചുകെട്ടി ചുവന്ന പട്ടിട്ടു മൂടിയിരിക്കുകയാണ്‌. ഈ ഭാഗത്തെയാണ്‌ ശ്രീമൂലസ്ഥാനമെന്ന്‌ പറയുന്നത്‌.

രാവിലെ പൂജ തുടങ്ങുന്നത്‌ അടച്ചിട്ടിരിക്കുന്ന ശ്രീകോവിലിൽ നിന്നും ശക്തിയെ മൂലസ്ഥാനത്ത്‌ നിന്നെന്നപോലെ ഇപ്പോഴത്തെ ശ്രീകോവിലിലെ പീഠത്തിലാവാഹിക്കുകയും രാത്രി പൂജ കഴിയുമ്പോൾ ശക്തിയെ തിരിച്ച്‌ അതേ ശ്രീകോവിലിലേക്ക് ഉദ്ധ്വംസിക്കുകയും ചെയ്യും. ഈ ക്ഷേത്രത്തിലെ ചൈതന്യകേന്ദ്രം അല്ലെങ്കിൽ ശക്തികേന്ദ്രം അടച്ചിട്ട ശ്രീകോവിലിലാണെന്ന്‌ വ്യക്തമാണ്‌. അടച്ചിട്ട ശ്രീകോവിലിന്‌ പടിഞ്ഞാറ്‌ നടയുണ്ട്‌. നാലമ്പലത്തിന്‌ പുറത്ത്‌ നടയും ദീപസ്തംഭ വുമുണ്ട്‌. ചേരരാജാക്കന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ക്ഷേത്രദർശനത്തിന്‌ വരുമ്പോള്‍  ശ്രീകോവിലിന്റെ അടച്ചിട്ടിരിക്കുന്ന പടിഞ്ഞാറെ വാതിൽ തുറക്കുന്നു. തങ്ങളുടെ പിതാമഹന്മാർ പ്രതിഷ്ഠിച്ചിട്ടുള്ളതും ഇപ്പോൾ പട്ടിട്ട്‌ മൂടിയിട്ടുള്ളതുമായ ഭാഗത്തേക്ക്  നോക്കിയാണ്‌ അവർ പ്രാർത്ഥിക്കുന്നത്‌.

മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത ഒരു പ്രത്യേക മാളികയുണ്ട്‌ ഈ ക്ഷേത്രത്തിൽ. പള്ളിമാടം എന്നാണതിന്റെ പേർ. ഈ പള്ളി മാടത്തിൽ നിന്ന്‌ പൂജാരിമാരുടെ താമസസ്ഥലത്തേക്ക് ഒരു ഗുഹാമാർഗ്ഗമുണ്ട്‌. ഇപ്പോഴത്‌ അടച്ചിട്ടിരിക്കുകയാണ്‌. കൽഗുഹകളിലാണ്  ജൈനമുനിമാർ തപോവൃത്തിയിൽ കഴിഞ്ഞിരുന്നത്‌. അവരുടെ ആവാസസ്ഥാനമായിരുന്നു ഈ പള്ളിമാടം.

ജൈന സന്യാസികളായിരുന്നു പത്തിനിദേവിയുടെ ആദ്യത്തെ പൂജാരികൾ. ഇപ്പോഴും ഇവിടുത്തെ പൂജാരികൾ നമ്പൂതിരിമാരല്ല. അടികളാണ്‌. മുമ്പ്‌ ഈ ക്ഷേത്രത്തിൽ നമ്പൂതിരിമാർ ദർശനം നടത്തിയാൽ പുറത്തു പോയി കുളിച്ചിരുന്നു. പൂജാരികളായ ജൈനസന്യാസിമാർക്ക് തപോവൃത്തിയിൽ കഴിയാനും ആശ്രമസ്ഥലത്തേക്ക് മറ്റുള്ളവരുടെ ശല്യം കൂടാതെ പോകാനുമായി ഉണ്ടാക്കിയതാകാം ഈ ഗുഹാമാർഗ്ഗം.


ഈ ജൈനക്ഷേത്രം പിൽക്കാലത്ത്‌ ബൌദ്ധന്മാർക്കും ആരാധ്യമായി. ബുദ്ധമതം പ്രതാപത്തിലിരുന്ന അക്കാലത്ത്  ധാരാളം വിഹാരങ്ങൾ അവിടെ സ്ഥാപിതമായി . മണി മേഖലയിൽ അതിനെക്കുറിച്ച്‌ വിസ്തരിച്ചു വിവരിക്കുന്നുണ്ട്‌.

ഹിന്ദുമതത്തിന്റെ പരിഷ്ക്കരണപ്രസ്ഥാനങ്ങളായി ഉയർന്നുവന്ന ജൈനബൌദ്ധമതങ്ങൾ ക്ഷയിക്കുകയും ഹിന്ദുമതം ,ജൈന-ബൌദ്ധമതങ്ങളിലെ പല നല്ല വശങ്ങളും ഉൾക്കൊണ്ട്‌ പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്ത കാലത്താണ്‌ ജൈന-ബൌദ്ധ ക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി മാറിയത്‌. കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളും അക്കൂട്ടത്തിൽ പെടും. ജൈന-ബൌദ്ധ വിശ്വാസികളിൽ ഭൂരിഭാഗവും ഹിന്ദുക്കളായിത്തീരുകയും ചെയ്തു. സുഗതമതത്തിന്റെ സംഹാരകാലത്ത്‌ മുഴക്കിയ മുദ്രാവാക്യങ്ങളാണ്‌ ഭരണി-ഉൽസവകാലത്തും-കാവ്‌ തീണ്ടൽ സമയത്തും-മറ്റും ഉയർന്നുകേൾക്കുന്ന തെറിപ്പാട്ടുകളും മഞ്ഞപ്പൊടി വാരിവിതറലും.മൃഗബലി നടത്തിയും ,പടയണിതുള്ളിയും ബുദ്ധമതസ്വാധീനത്തിന്റെ വേരറുത്തു.


ഇപ്പോൾ ആരാധിക്കുന്ന ഭഗവതി വിഗ്രഹം വരിക്കപ്ളാവിൽ തീർത്തതാണെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചിരുന്നുവല്ലൊ. അപ്പോള്‍  ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച കൃഷ്ണശിലാവിഗ്രഹം എവിടെപ്പോയി? ഒരിടത്തും പോയിട്ടില്ല. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെമൂലയിൽ മേല്ക്കൂരയില്ലാത്ത ശ്രീകോവിലിൽ വടക്കോട്ട് ദർശനമായിരിക്കുന്ന വസൂരിമാലയുടെ വി ഗ്രഹമാണത്‌. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്‌ കുരുംബക്കാവ് എന്നാണ്‌ ഇപ്പോഴും പേർ. വസൂരിക്ക്‌ തമിഴിൽ കരുപ്പയെന്നാണ്‌ പറയുക. വസൂരിമാലയുടെ നടയിലാണ്‌ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗുരുതി നടത്തുന്നത്‌. വിഗ്രഹത്തിൽ ഗുരുതി ചാർത്തിയാൽ മാറ് പിളർന്ന്‌ രക്തമൊഴുകുന്ന പ്രതീതിയാണ്‌. കേരളീ യ ക്ഷേത്രങ്ങളിൽ കാണുന്ന കോമരങ്ങളുടെ (വെളിച്ചപ്പാട്‌) തുടക്കം മിക്കവാറും ഈ പ്രതിഷ്ഠക്കുശേഷമായിരിക്കും. നിണം പുരണ്ട വസ്ത്രങ്ങളോടും അഴിച്ചിട്ട തലമുടിയോടും കയ്യിൽ ഒറ്റച്ചിലമ്പോടും കൂടിയ ആവേശഭരിതമായ കണ്ണകിയുടെ സഹ്യാദ്രിയിലേക്കുള്ള പാലായനത്തെ അനുസ്മരിപ്പിക്കുമാറ്‌ കൊടുങ്ങല്ലൂർ ഭരണിക്ക്‌ പല ചടങ്ങുകളും  ഇന്നും ആചരിച്ചുവരുന്നു. കേരളത്തിന്റെ കിഴക്കൻ മേഖലകളി ൽ നിന്ന്‌ വരുന്ന ഭക്തജനങ്ങളാണ്‌ പാരമ്പര്യമായി ഈ കർമ്മത്തിന്റെ അവകാശികൾ. രക്തം പുരണ്ട വസ്ത്രങ്ങളുടെ സ്ഥാനത്ത്‌ ചുവന്ന പട്ട് ഉടുക്കുന്നു. ഈ വെളിച്ചപ്പാടന്മാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്‌. കലി കയറി തുള്ളി പരീക്ഷ  കാണിക്കുന്നത്‌ മാറിൽ നിന്നുള്ള രക്തമാണ്‌.ഇതും കണ്ണകിയെ അനുസ്മരിക്കുന്ന സംഭവം തന്നെ. അയിത്തം നിലനിന്നിരുന്ന കാലത്തും ഭരണി ഉൽസവക്കാലത്തെ 28 ദിവസമെങ്കിലും ക്ഷേത്രത്തിൽ ജാതിവ്യത്യാസമുണ്ടായിരുന്നില്ല.ക്ഷേത്രത്തിലെ ഉൽസവാദികാര്യങ്ങളിലും അഭിവൃദ്ധി പദ്ധതികളിലും നേതൃത്വം നല്കുന്ന ഒരു സംഘടനയുണ്ടിവിടെ. ഒന്നു കുറെ ആയിരം യോഗം. മലയാളമാസം ഒന്നാം തീയതികളിൽ ഇവർ കിഴക്കേ നടയിൽ ഇരുന്ന്‌ കാര്യവിചാരം നടത്തുന്നു.