മാതൃഭൂമിയോട്‌

വള്ളത്തോൾ



എന്തിഹ തിരുമുഖം താഴ്ത്തിക്കൊണ്ടിരിക്കുന്നു
നിന്തിരുവടി,യമ്മേ ,നിഭൃതം കരകയോ?
മാലിയന്നനേകമാപത്തുകൾ പല നാളായ്
ശീലിച്ച ഭവതിക്കും കണ്ണുനീർ പൊടിയുന്നോ!

അഥവാ, സ്വദുഃഖത്തില്‍പ്പാറയായാലും,പര-
വ്യഥയി‌ൽ നറുംവെണ്ണതാനല്ലോ തവ ചിത്തം

ഞങ്ങളിത്തൂമ്പത്തഴമ്പുയർന്ന കരങ്ങൾകൊ-
ണ്ടെങ്ങനെ തുടയ്ക്കേണ്ടൂ കോമളം തവ മുഖം?

ഇന്നു കിട്ടിയ പണിക്കൂലിയുമിതാ,കൊണ്ടു-
വന്നു നിൻതൃപ്പാദത്തിൽ സമർപ്പിക്കുന്നൂ ഞങ്ങൾ
അയച്ചുകൊള്ളുകിതു,മാപത്തില്‍പ്പ തിച്ച നിൻ-
പ്രിയസോദരിമാർക്കങ്ങായതായെന്നേ വേണ്ടൂ

ഞങ്ങളെപ്പറ്റിച്ചിന്ത തേടേണ്ട തെല്ലുമൊരു
മംഗളവ്രതമമ്മേ നിന്മക്കൾക്കുപവാസം
ഉള്ളംകൈക്കുഴിതന്നിലൊതുങ്ങും വെറും പച്ച-
വെള്ളത്താൽദ്ദിനവൃത്തി സുഖ്മായ്ക്കഴിപ്പാനും
ഉള്ള വാരിധികളെയൊക്കെയുമൊന്നായെടു-
ത്തുള്ളം കൈച്ചുഴിയില്‍ച്ചേർത്താചമിച്ചിടുവാനും
ത്രാണിയുള്ളവരല്ലോ താവകസന്താനങ്ങൾ
പാണിസംസ്ഥിതമിവർക്കാത്മസയമഗുണം
പട്ടിണികിടന്നേറ്റം ചടച്ച കൈകൊണ്ടു, നിൻ
കുട്ടികൾ പെരുകുന്നുമൊരടിക്കമർക്കില്ലേ?
പട്ടണപ്രസാദവും പാഴ്കൊടും കാന്താരവും
പട്ടുമെത്തയും പാറപ്പുറവുമവർക്കൊപ്പം
ത്യാഗമോ സർവോല്ക്കൃഷ്ടമാകിയ ധര്‍മ്മം, മഹാ-
ഭാഗയാം തവ പുത്ര ക്കങ്ങയാലുപദിഷ്ടം
ഏതോ പക്ഷിയെ രക്ഷപ്പെടുത്താൻ വേണ്ടി, സ്വന്തം
മെയ് തന്നെയുപേക്ഷിപ്പോർമറ്റേതു രാജ്യത്തുണ്ടാം?
തുഷ്ടിദം ധർമ്മോദ്ഗീതം കേട്ടുകൊണ്ടല്ലോ, കളി-
ത്തൊട്ടിലില്ക്കിടന്നുറങ്ങുന്നുതേ നിൻപൈതങ്ങൾ

സത്യധർമ്മത്തെസ്സംരക്ഷിക്കുവാൻ സർവ്വസ്വവും
നിസ്തർക്കം വെടികെന്നതായവരുടെ ശീലം

അടരിൽദ്ധർമ്മാർത്ഥമായ്പ്പൊരുതും നിൻപുത്രർക്കു
വെടിയുണ്ടകളും പൂമഴയുമൊരുപോലെ
ചെറ്റേറെനാളായ്ക്കഷ്ടം തുരുമ്പുപിടിക്കിലും
പറ്റലർപ്പടക്കു നിൻ പള്ളി വാളിടിവാൾതാൻ
ഗർവകത്തൊതുങ്ങാത്തശ്ശത്രുക്കളവരുടെ
സർവശക്തികളേയും പുകച്ചുകളയട്ടെ
അപ്പുക കാറ്റേറ്റകന്നാകാശം തെളിയുമ്പോൾ
തൽപ്രിയസഖികൾ തൻ വെറ്റിപ്പൊൻപതാകകൾ
രവിബിംബത്തെത്തൊട്ടു തുടയ്ക്കുന്നതായ്ക്കാണാം
അവർതൻ ജയമല്ലോ നമുക്കും ജയമമ്മേ!