ട്രിവാൻഡ്രം ലോഡ്ജ് ഒരു ഉത്തരാധുനിക സിനിമയാണ്‌ ഷമ്മിട്രിവാൻഡരം ലോഡ്ജ് എന്ന് സിനിമയിൽ ശ്രി തെറ്റുകൾ ഇല്ല. ഇതിൽ എല്ലാം ശരിയാണ്‌. അമ്മ ഒരു ലേഡി കാസനോവ ആയിരുന്നു എന്ന്‌ ഇതിലെ നായകൻ തന്റെ അച്ഛനോട് പറയുന്നുണ്ട്‌. അവർ മറ്റുള്ളവരെ സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും നേടിയെടുത്തത്‌ കോടികളു ടെ സ്വത്തുവകകൾ ആണ്‌. അത്‌ വീണ്ടും റിയൽ എസ്റ്റേറ്റ് ബിസിനസ്സിലൂടെ ഇരട്ടിപ്പിക്കുന്ന ആളാണ്‌ നമ്മുടെ നായകൻ. അച്ഛന്‌ ഒരു അഭിമാനിയുടെ മുഖമാണ് . തന്റെ ഭാര്യ വേശ്യാവൃത്തിയിലൂടെ ഉണ്ടാക്കിയ സ്വത്തുക്കളൊന്നും തനിക്കു ആവശ്യമില്ല എന്ന്‌ ചായക്കട നടത്തി അഭിമാനി ആകുന്ന ഒരാൾ. എന്നാൽ അച്ഛനും,മകനും കൂട്ടുകാരെപ്പോലെയാണ്‌. അമ്മ സമ്പാദിച്ച ട്രിവാൻഡ്രം ലോഡ്ജിന്റെ ആധാരം കൈക്കലാക്കി വച്ചതിലൂടെ അച്ഛന്റെ അഭിമാനബോധം വെറുമൊരു ജാടയായിരുന്നു എന്നു വരുന്നു. സ്യൂഡോ അഭിമാന​‍ബോ ധം കാണിച്ചിരുന്ന അച്ഛൻ യഥാർത്ഥത്തിൽ പ്രാക്ടിക്കൽ ആയിരുന്നു എന്നും, എല്ലാവരും പ്രാക്ടിക്കൽ ആണ്‌ എന്നും സിനിമ പറയുന്നു.


പണം എങ്ങനെ ഉണ്ടാക്കിയാലും ശരി,അതുപയോഗിച്ചുകൊണ്ട്‌ പരസ്പരം സ്നേഹത്തോടെ കഴിഞ്ഞാൽ മതി എന്ന വൈരുദ്ധ്യത്തെ വെള്ളം തൊടാതെ വിഴുങ്ങാൻ നമ്മളെ പരിശീലിപ്പിക്കുകയാണ്‌ സിനിമയുടെ ധർമ്മം.


സിഗറട്ട് കമ്പനിക്കാർ ശ്വാസകോശ അർബുദം ചികിൽസിക്കാൻ പണം ദാനം കൊടുത്തുകൊണ്ട്‌ ‘സ്നേഹം’പ്രസരണം ചെയ്യുന്നതുപോലെ......തോക്ക് വിറ്റ് പണം ഉണ്ടാക്കുന്നവൻ സമാധാനം പറഞ്ഞു നോബൽ സമ്മാനം നേടുന്നതു പോലെ....ജോലി ചെയ്തു ചെയ്തു പൊറുതി മുട്ടിയ ആളുകളുടെ ടെൻഷൻ വിറ്റ് ‘ശ്രീശ്രീമാർ’ പണമുണ്ടാക്കി ‘സ്നേഹത്തെ’പറ്റി മുട്ടൻ പ്രസംഗങ്ങൾ നടത്തുന്നതുപോലെ......

അധികാരകേന്ദ്രങ്ങളും ജനങ്ങളും തമ്മിലുള്ള ഇത്തരം വൈരുദ്ധ്യങ്ങളെ മൂടിവെക്കാനുള്ള അഭ്യാസങ്ങൾ (പ്രത്യയശാസ്ത്ര നിർമ്മിതികൾ) എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌.


ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള ഇത്തരം വൈരുദ്ധ്യങ്ങളെ തുറന്നു കാണിക്കുകയും ശരിയായ ഒരു സംഘർഷം കൊണ്ടുവരികയും ചെയ്താൽ മാത്രമേ നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ‘സ്നേഹം ’ എന്ന വാക്കിന്‌ കൃത്യമായ അർത്ഥം ഉണ്ടാവുകയുള്ളു.

നായകൻ പറയുന്നു, ബുദ്ധി വിറ്റ്‌ ജീവിക്കാമെങ്കിൽ,ശരീരം വിറ്റും ജീവിക്കാം.അതിൽ തെറ്റൊന്നുമില്ലെന്ന്‌.ഇവിടെ ശരീരം വില്ക്കുന്നതിനെ ന്യായീകരിക്കുന്നതിലൂടെ ബുദ്ധി വില്ക്കുന്നതിനേയും ന്യായീകരിക്കുന്നു. സ്വന്തം ജനതയെ അധികാരവർഗ്ഗത്തിന്‌ ഒറ്റുകൊടുത്തുകൊണ്ട്‌ സാംസ്ക്കാരികസാഹിത്യ പ്രവർത്തനം നടത്തുന്ന ബുദ്ധിജീവികളെ പാവം‘വേശ്യ’കളുടെ ചെലവിൽ ന്യായീകരിക്കുകയാണ്‌ ചെയ്യുന്നത്‌.

വൈരുദ്ധ്യങ്ങളുടെ ഒരു മുഴുത്ത ചാക്കുകെട്ടാണ്‌ നായകൻ. തന്റെ ഏകപത്നീ വ്രതത്തെ ന്യായീകരിക്കുന്ന അയാൾക്ക് അമ്മയുടെ ബഹുഭർതൃത്വം ഒരു പ്രശ്നമേ അല്ല.
ഇവിടെ ശരിതെറ്റുകളുടെ ഇടയിലുള്ള രേഖ മായിക്കുകയും ,എല്ലാം ശരിയാണ് ` എന്ന പോസ്റ്റ്മേഡേൺ അധികാര പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നു.


‘ആരെടാ അത്‌’ എന്ന്‌ ചോദിച്ച ജന്മിയോട് ‘ഞാനാടാ’ എന്നു വിളിച്ചു പറഞ്ഞ അടിയാളന്റെ ‘അഭിമാനബോധം’ ഒരു സംഘർഷത്തിന്റെ,സമരത്തിന്റെ ഉല്പ്പന്നം ആയിരുന്നു. ഭൂമിയിൽ ഇഴഞ്ഞു നടന്നിരുന്ന രണ്ടു കാലുള്ളവർ തങ്ങളും മനുഷ്യരാണ്‌ എന്ന് മനസ്സിലാക്കിയത്‌ സ്ക്കൂളിൽ പോയിട്ട് മാത്രമല്ല, അധികാരവർഗ്ഗത്തോട് സമരം ചെയ്ത്‌ സ്ക്കൂൾ എന്ന ഇടം തിരിച്ചു പിടിച്ചുകൊണ്ട്‌ കൂടിയാണ്‌.
അത്‌ ശരിതെറ്റുകൾ തമ്മിലുള്ള ഒരു സംഘർഷം ആയിരുന്നു. ആ സ്ംഘർഷത്തിലൂടെ പുതിയ ശരികലിലേക്ക് ഒരു ജനത വളരുകയായിരുന്നു.

ആരാണ്‌ നമ്മളെ ചൂഷണം ചെയ്തുകൊണ്ട്‌ ഇരിക്കുന്നത്‌ എന്ന് മനസ്സിലാകാത്ത തരത്തിൽ ,എല്ലാം ഒരു ബിസിനസ്സ് അല്ലെ.എല്ലാം ഒരു മാംസക്കച്ചവടം അല്ലെ എന്ന്‌ ന്യായീകരിച്ചുകൊണ്ട്‌ നമ്മുടെ മുന്നിലെത്തുന്ന ട്രിവാൻഡ്രം ലോഡ്ജി ൽ എല്ലാ കൊള്ളരുതായ്മകളേയും സഹിക്കുവാനും,അങ്ങനെ നാണം കെട്ട് ‘സ്നേഹിച്ച്‌’ജീവിക്കാനുമുള്ള ഒരു ജീവനകല ഒളിഞ്ഞി രിപ്പുണ്ട്‌.

അധികാര വർഗ്ഗത്തിന്റെ നെഞ്ചിൽ ചവുട്ടി നിന്നുകൊണ്ട്‌ ‘ഞാനാടാ ഇത്‌’ എന്ന് വിളിച്ചു പറഞ്ഞ നമ്മുടെ പൂർവികരുടെ അഭിമാനബോധത്തെ കൊഴുത്ത കവിളിലെ ഒരു വിഡ്ഢിച്ചിരി കൊണ്ട്‌ കൊഞ്ഞനം കുത്തി വലിയ വർത്തമാനങ്ങൾ പറയുന്ന നായകൻ നമ്മുടെ ചരിത്രത്തിനു നേരെത്തന്നെയാണ്‌ കൊഞ്ഞനം കുത്തുന്നത്‌.
തെറിയെ രണ്ടു രീതിയിൽ ഉപയോഗിക്കാം. വ്യവസ്ഥിതിയെ അധികാരത്തെ സംരക്ഷിച്ചു നിർത്തുന്നതിനും അതിനെതിരെ പോരാടുന്നതിനും. എന്തു വൈരുദ്ധ്യങ്ങളും തെറിയിൽ പൊതിഞ്ഞു കൊടുത്താൽ പുരോഗമനപരം എന്ന്‌ കോൾമയിർ കൊള്ളുന്ന ഒരുകൂട്ടം ആളുകൾ അറിഞ്ഞോ, അറിയാതേയോ, അധികാരകേന്ദ്രങ്ങൾക്ക് ഓശാന പാടുകയാണ്‌ ചെയ്യുന്നത്‌.

ഈ ലോകത്ത്‌ ശരി തെറ്റുകൾ ഇല്ല. ഇവിടെ എല്ലാം ശരിയാണ്‌. നമുക്ക് എല്ലാവർക്കും മാപ്പ് നല്കാം എന്ന വികലബോധം നിർമ്മിക്കാൻ ഈ സിനിമക്കു കഴിഞ്ഞിട്ടുണ്ട്‌. പുത്തൻ സിനിമകൾ എന്ന ലേബലിൽ എത്തുന്ന ഇവയുടെ സാംസ്ക്കാരിക ദൌത്യം നിലവിലുള്ള വ്യവസ്ഥിതിയുടെ സംരക്ഷണം മാത്രമാണ്‌.