അരങ്ങിൽ,ജീവിതത്തിൽ നിറഞ്ഞാടിയ നടൻ



 പ്രേം പ്രസാദ് 
( കവി മുല്ലനേഴിയെ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ 
സുഹൃത്ത് അനുസ്മരിക്കുന്നു)


യോഗക്ഷേമ സഭാനാടകങ്ങൾ അരങ്ങ്‌ വാഴുന്ന കാലത്താണ്‌ മുല്ലനേഴിയുടെ ബാല്യകാലം. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന സന്ദേശപ്രചരണത്തിന്‌ പ്രധാന മാധ്യമം നാടകമായിരുന്നു. അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്, മറക്കുടക്കുള്ളിലെ മഹാനരകം, ഋതുമതി, എന്നീ നാടകങ്ങൾ അന്നത്തെ സമൂഹത്തിൽ ദൂരവ്യാപകചലനങ്ങൾ ഉണ്ടാക്കി. സമരായുധം തന്നെയായി മാറിയ അന്നത്തെ നാടക അവതരണങ്ങളെക്കുരിച്ചുള്ള ഓർമ്മകളായിരിക്കാം മുല്ലനേഴിയിൽ നാടകാഭിനിവേശം അങ്കുരിപ്പിച്ചത്‌.


മുല്ലനേഴി 
വി.ടി.യുടെ 80 ആം പിറന്നാൾ മേഴത്തൂരിൽ കൊണ്ടാടിയപ്പോൾ അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക് എന്ന നാടകത്തിൽ മാറ്‌ മറക്കാത്ത ഒരു പുലയയുവതിയായി മുല്ലനേഴി അഭിനയിച്ചു. സ്ത്രീകൾ അഭിനയരംഗത്ത്‌ ഇല്ലാത്തതുകൊണ്ട്‌ ആൺ പുരുഷന്മാർ തന്നെയാണ്‌ സ്ത്രീവേഷം കെട്ടിയിരുന്നത്‌. പരിയാനം പറ്റ ആയിരുന്നു മേയ്ക്കപ്പിലൂടെ മുല്ലനേഴിയെ കറ്റയുമേന്തി വരുന്ന കർഷകക്കിടാത്തിയാക്കി മാറ്റിയത്‌. വി.ടി.യുടെ ജന്മ സതാബ്ദിവേളയിലും ഈ നാടകം അരങ്ങേറി. മുല്ലനേഴിക്കൊപ്പം മകൻ പ്രദീപനും അന്ന്‌ അഭിനയിച്ചു. മൂന്നു റോളുകൾ ഭംഗിയായി കൈകാര്യം ചെയ്ത മാഷ്‌ കഥാപാത്രമാകാൻ ശരീരത്തിലെ രോമങ്ങൾ വടിച്ചു കളഞ്ഞത്‌ അന്നു സംസാരവിഷയമായിരുന്നു. യോഗക്ഷേമസഭാനാടകങ്ങൾ പകർന്ന ആവേശക്കരുത്ത്‌ ഒരു പിൻ) തുടർച്ചയായി മുല്ലനേഴിയിൽ അവസാനം വരെ നിലനിന്നു. തന്റെ ജീവിതത്തെ പൂർണ്ണമായ അർത്ഥത്തിൽ അരങ്ങാക്കിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം. നിരവധി റേഡിയോ നാടകങ്ങളിലും അദ്ദേഹം ശബ്ദസാന്നിധ്യമായി.

സിനിമയിൽ തന്നെ തേടിവന്ന റോളുകൾ ചെറിയവ ആയിരുന്നുവെങ്കിലും മുല്ലനേഴി അതെല്ലാം അവിസ്മരണീയമാക്കി. മാഷുടെ സാന്നിധ്യം തന്നെ തിരശ്ശീലയെ ജീവത്താക്കി. ശരീരപടുതി കോണ്ടും സവിശേഷമായ ചില നോട്ടങ്ങൾകൊണ്ടും കഥാപാത്രത്തിന്‌ ജീവനുള്ള മുഖം നല്കാൻ മാഷിന്‌ സാധിച്ചു. ചുരുക്കം സീനുകളിലേ ഉള്ളുവെങ്കിലും നടൻ എന്ന അടിസ്ഥാന ഗുണം കൊണ്ട്‌ മാഷ്‌ ഓരോ ക്യാരക്ടറുകളേയും ഓർമ്മിക്കപ്പെടുന്നതാക്കി മാറ്റി.
ജി. ശങ്കരപിള്ള 

മലയാള നാടകത്തിന്റെ ഇതിവൃത്തങ്ങളിൽ ഒരു വലിയ നവീകരണമായിരുന്നു 1973-ൽ ജി.ശങ്കരപ്പിള്ളയുടെ അവതാരികയോടെ പ്രസിദ്ധീകരിച്ച അസീസിന്റെ ചാവേർപ്പട
.‘ഒരു പ്രതിവിപ്ളവ നാടകം’ എന്ന സ്വയം വിശേഷണം
പുസ്തകത്തിന്റെ ആദ്യപേജിൽ തന്നെ കാണാം.
സംസ്കൃത നാടകസമ്പ്രാദായത്തിലുള്ള സ്ഥാപന,വിഷ്ക്കംഭം, അങ്കവ്യവസ്ഥകൾ,സൂത്രധാരൻ എന്നിവയേയും ആധുനിക നാടക സങ്കേതങ്ങളേയും ചാവേർപ്പട പ്രയോജനപ്പെടുത്തി. യാതനകൾ സഹിച്ച്‌ കുടുംബപ്രാരബ്ധങ്ങളുമായി കഴിയുന്ന 
എരോമ വാരിയർ എന്ന 55 വയസ്സുള്ള സ്വാതന്ത്ര്യഭടനായി മുല്ലനേഴി ലയിച്ചഭിനയിച്ചു. സൂത്രധാരന്റെ റോളും മുല്ലനേഴി ഗംഭീരമാക്കി. മാമാങ്ക ചാവേറുകളും കമ്മ്യൂണിസ്റ്റ് തീവ്രവാദ ചാവേറുകളും മാറി മാറി അരങ്ങിൽ നിറയുന്ന ഈ നാടകം ശ്രദ്ധേയമായ ഒരു രാഷ്ട്രീയ നാടകം തന്നെയായിരുന്നു.


1979-ൽ തൃശൂരിൽ ഒരാഴ്ച്ച നീണ്ടുനിന്ന മെയ്ദിന അക്കാദമിയുടെ നാടകക്യാമ്പിന്റെ സംഘാടകരിൽ ഒരാൾ മുല്ലനേഴി ആയിരുന്നു. പ്രൊഫസ്സർ വി.അരവിന്ദാക്ഷനായിരുന്നു ക്യാമ്പ് ഡയറക്ടർ. ക്യാമ്പിലെ പ്രധാന പരിശീലകൻ കർണ്ണാടകയിലെ സമുദായനാടകഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന പ്രസന്ന ആയിരുന്നു. പി.എം.താജ്, ജോസ് ചിറമ്മേൽ,രാജ് തോമസ്, ടി.സി.ജോൺ, പുരുഷൻ കടലുണ്ടി, മുരളി പെരുനെല്ലി, തുടങ്ങി പിന്നീട്` പ്രശസ്തരായ പലരും ക്യാമ്പ് അംഗങ്ങൾ ആയിരുന്നു. രാപ്പകൽ നീണ്ടു നിന്ന ആശയസംവാദങ്ങൾ തെരുവുനാടകം എന്ന പ്രതിരോധമാധ്യമത്തെ മലയാളത്തിൽ ശക്തിയേറിയ സാന്നിദ്ധ്യമാക്കാൻ സഹായിച്ചു.

സാക്ഷരതാപ്രസ്ഥാനത്തിന്റേയും പുരോഗമനസംഘറ്റനകളുടെയും കലാജാഥകളുടെ രൂപീകരണത്തിൽ മുല്ലനേഴിക്കു മുഖ്യ പങ്കുണ്ട്‌. ജാഥകളുടെ സ്ക്രിപ്റ്റ് നിർമ്മാണവേളയിൽ ആദ്യാ വസാനം മാഷുണ്ടാവും. സംഗീത ശില്പ്പങ്ങളും അവതരണ ഗാനങ്ങളും റിഹേഴ്സിലിന്നിടയിൽ പിറക്കും. 1980-ലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യത്തെ കലാജാഥയിൽ മാഷ് നിറസാന്നിധ്യമായി. ആ ജാഥയായിരുന്നു പരിഷത്തിന്റെ ഏറ്റവും മികച്ച കലാജാഥ. ബ്രെഹ്‌തിന്റെ ബോധനനാടകവേദി എന്ന സങ്കല്പ്പത്തെ കേരളത്തിൽ പ്രസക്തമാക്കിയ അവതരണങ്ങൾ കാണികളെ ഉണർത്തുകയായിരുന്നു. ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണവും പാരിസ്ഥിതികാവബോധവും രാഷ്ട്രീയ നിലപാടും ഉയർത്തിപ്പിടിച്ച ആ സാംസ്ക്കാരികജാഥ കേരളത്തിന്റെ   സമൃദ്ധമായ നാടോടി പൈതൃകത്തെ എങ്ങനെ തെരുവരങ്ങിൽ ആവിഷ്ക്കരി ക്കാമെന്ന്‌ തെളിയിച്ചു. ജനകീയ നാടകാവതരണത്തിന്റെ ബദല്മാതൃകകൾ സൃഷ്ടിക്കാൻ മുല്ലനേഴി അടക്കമുള്ളവർക്ക്‌ കലാജാഥയിലൂടെ കഴിഞ്ഞു.

ആദ്യകാല ജാഥയിൽ ശ്രദ്ധിക്കപ്പെട്ട ‘സമതലം’ എന്ന നാടകത്തിലെ വൃദ്ധനായ കഥാപാത്രത്തെ മുല്ലനേഴി തന്നെയാണ്‌ അവതരിപ്പിച്ചത്‌. മാവോ സെ തൂങ്ങ് ഉദ്ധരിക്കാറുള്ള പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധനെപ്പറ്റിയുള്ള കഥയെ മുൻ നിർത്തിയുള്ള നാടകം കേരളത്തിനു നല്കിയ പ്രത്യാശ ചെറുതല്ല. സമതലം, കണ്ണട, സൂര്യായനം, ഇടയൻ, ശവം, മരവും, മനുഷ്യനും, എന്നീ ലഘുനാടകങ്ങളുടെ സമാഹാരവും പരിഷത്ത്‌ പ്രസിദ്ദീകരിച്ചു. സമതലം എന്ന ആ പുസ്തകത്തിന്‌ 1995-ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. അഞ്ചു പതിപ്പുകൾ പ്രസിദ്ധീകരിച്ച സമതലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പാഠപുസ്തകമായി .മുല്ലനേഴിയുടെ രണ്ട്` കാവ്യനാടകങ്ങൾ ‘സ്നേഹക്കിനാവ്‌’ എന്ന പേരിൽ പരിഷത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുല്ലനേഴിയുടെ നാടകങ്ങളിൽ കവിതാവരികളും, വായ്ത്താരികളും പ്രാസഭംഗിയും താളമുള്ള സംഭാഷണശൈലിയും ഇടകലർന്നു വരുന്നതായി കാണാം. കവിതകലിലാവട്ടെ, നാടകീയാംശങ്ങൾ മുന്നിട്ടു നില്ക്കുന്നതും കാണാം. മാഷുടെ പ്രശസ്ത രചനയായ നാറാണത്ത് പ്രാന്തൻ ഒരു കാവ്യനാടകമാണല്ലൊ. വ്യഭിചാരികൾ, തലപുരാണം, ഏതുവഴി തുടങ്ങിയ കവിതകളിൽ നാടകീയതയുടെ ചടുലതയും സംഭാഷണാത്മകതയും തെളിഞ്ഞുകാണാം.
പ്രിയ നന്ദന്‍ 

പ്രിയനന്ദനൻ സംവിധാനം ചെയ്ത ഏകലവ്യൻ, സി.പി.എം. നേതാവ് ബേബിജോൺ എഴുതിയ ജന്മനാ ജായതേ,ചേർത്തല രംഗരമയുടെ നാടകങ്ങൾ,പ്രദീപ് റോയിയുടെ നാടകങ്ങൾ തുടങ്ങി നൂറുകണക്കിന്‌ പ്രൊഫഷണൽ നാടകങ്ങൾക്ക് മുല്ലനേഴി പാട്ടെഴുതിയിട്ടുണ്ട്‌. നാട്ടിൻപുറങ്ങളെ നാടകങ്ങളാൽ സമൃദ്ധമാക്കാൻ മാഷുടെ സാന്നിദ്ധ്യവും ഇടപെടലുകളും സഹായിച്ചിട്ടുണ്ട്‌. യുവനാടകപ്രവർത്തകരുടെ അമേച്വർ നാടകപരീക്ഷണങ്ങൾ കാണാൻ എത്ര ദൂരം സഞ്ചരിച്ചായാലും മാഷ് വരും. അഭിപ്രായം പറയും. ഒരു നാടകസംഘത്തിന്‌ നേരിടേണ്ട കഷ്ടപ്പാടുകൾ അറിയുന്നതുകൊണ്ട്‌ അവതരണം മോശമായാലും മാഷ് ഒരിക്കലും കുറ്റപ്പെടുത്താറില്ല. സ്ത്രീയുടെ കരുത്ത്‌ വീളംബരം ചെയ്യുന്ന ‘സ്ത്രീയേ നീ’ എന്ന സംഗീത ദൃശ്യാവിഷ്ക്കാരം സമതക്കു വേണ്ടി എഴുതി കേരളത്തിലുടനീളം നൂറുക്കണക്കിന്‌ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്‌.

മദ്യലഹരിയുടെ ഉച്ചാവസ്ഥയിൽ ചെന്നെത്തുന്ന ഇടമൊക്കെ തെരുവരങ്ങാക്കുന്ന നടനപാടവം മുല്ലനേഴി പ്രകടിപ്പിക്കുമായിരുന്നു. ആക്കാദമിയെന്നോ. നാട്യഗൃഹമെന്നോ പാർട്ടി ആപ്പീസെന്നോ വേർതിരിവില്ലാതെ അദ്ദേഹത്തിന്റെ സോളോ പെർഫോമൻസ് കത്തിക്കയറും. കഥകളിയിലെ ഗ്വാഗ്വാ വിളിയെ അനുസ്മരിപ്പിക്കുന്ന അകൃത്രിമമായ അലർച്ചകൾ കൊണ്ട്‌ ചുറ്റുമുള്ളവരെ മുൾമുനയിൽ നിർത്തും.അസാമാന്യമായ ഭാവപ്പകർച്ച കൊണ്ട്‌ വിക്ഷുബ്ധമായ ഒരു നാടകാന്തരീക്ഷം സൃഷ്ടിക്കാനും കാണികളാക്കപ്പെടുന്നവരുടെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് കേന്ദ്രീകരിപ്പിക്കാനും ഈ ഏകാംഗാഭിനയത്തിന്‌ കഴിയാറുണ്ട്‌. കവി എന്നറിയപ്പെടുമ്പോഴും അരങ്ങിലും ജീവിതത്തിലും നിറഞ്ഞാടിയ ഉജ്ജ്വലനായ ഒരു നാടകപ്രവർത്തകനും കൂടിയായിരുന്നു മുല്ലനേഴി.