അഭിമുഖം സച്ചിദാനന്ദൻ-രവികുമാർ തിരുമലകവിയിലെ പരകായപ്രവേശത്തെക്കുറിച്ച്‌?

ഞാൻ മറ്റു കവികളെക്കുറിച്ചെഴുതുമ്പോൾ അവരായി മാറുന്നു എന്ന അർത്ഥത്തിൽ ശരിയാണ്‌.


പരകായപ്രവേശത്തോടൊപ്പം സ്വകായത്തിലേക്ക് ഒരു മടക്കവുമുണ്ട്‌?

വൈലോപ്പിള്ളി,മീര, കബീർ,അക്ക മഹാദേവിയാണ്ടാൾ, ത്യാഗരാജൻ ഇവരെക്കുറിച്ചും കവിതകളെഴുതിയിട്ടുണ്ട്‌. ഇവരുമായി ഭാവനാത്മകമായി താദാത്മ്യം പ്രാപിക്കാതെ ഇവരെ അറിയാനാകില്ല. എന്നാൽ ഭാവനാത്മകമായ അകലം പുലർത്താതെ ഇവരെക്കുറിച്ച്‌ എഴുതാനുമാകില്ല. അപ്പോൾ പരകായപ്രവേശത്തോടൊപ്പം സ്വകായത്തിലേക്കൊരു മടക്കവുമുണ്ട്‌.

നിരന്തരമായ സമകാലീനതയാണ്‌ ഒരു സൃഷ്ടിയെ മഹത്തരമാക്കുന്നത്‌ എന്നു പരഞ്ഞു?

കവിത ചരിത്രാതീതമാകുക വഴിയല്ല മഹത്വം നേടുന്നത്‌. നിരന്തരമായി ചരിത്രത്തിലാവുക വഴിയാണ്‌. പ്രതിപാദ്യത്തിന്റെ സമകാലീനതക്കപ്പുറം മൂല്യദർശനങ്ങളുടേയും, ഭാഷാപരമായ സർഗ്ഗാത്മകതയുടേയും തലത്തിൽ സർവ്വകാലീനവും കൂടിയാവുക വഴിയാണ്‌ .കാലികമായതിനെ അവഗണിച്ചല്ല കാലികമായതിലെ മാനുഷികഭാവത്തിന്റെ പൊരുളിനെ സ്പർശിച്ചാണ്‌ കവിത മഹത്വം നേടുന്നത്‌.

വായനയുടെ ബാല്യം?

കവിത ബാല്യത്തിൽ തന്നെ എന്നിൽ ഉറവയെടുത്തു. പഴമൊഴികലിൽ നിന്നോ നാടൻ പാട്ടുകലിൽ നിന്നോ ഇലകളിൽ നിന്നോ മഴകളിൽ നിന്നോ അതോ എന്റെ ജീവിതത്തിലെ ആദ്യത്തെ കാവ്യാനുഭവമായിരുന്ന രാമായണത്തിന്റെ പ്രകാശനിർഭരമായ വരികളുടെ സൌരഭപ്രഭയിൽ നിന്നോ ആകണം.


എഴുത്തിന്റെ വഴികൾ?


സ്ക്കോൾ കോളേജ് മാസികകളിലാണ്‌ ന്റെ വന്യവും, മെരുക്കപ്പെടാത്തതുമായ ഭാവനകൾ പ്രകാശം കണ്ടത്‌. തുടർന്ന്‌ എം.ഗോവിന്ദന്റെ സമീക്ഷയിലും അയ്യപ്പപ്പണിക്കരുടെ കേരള കവിതയിലും എന്റെ കവിതകൾ പ്രത്യക്ഷപ്പെട്ടു.

ചെറുപ്പകാല രാഷ്ട്രീയം?ചെറുപ്പകാല ഇടതുപക്ഷ സാഹിത്യം?


എഴുപതുകളിൽ സ്വന്തം വായനയും, നിരീക്ഷണവും, വിചിന്തനവും ചില പ്രധാന സൌഹൃദങ്ങളും എന്നെ കേറളത്തിലെ തീവ്ര ഇടതുപക്ഷത്തേക്കു നയിച്ചു. അതിന്റെ ധർമ്മരോഷവും, നീതിക്കുവേണ്ടിയുള്ള തീക്ഷണ്മായ ആകാംക്ഷയും സാംസ്ക്കാരികമുന്നണിയുടെ ഭാഗമാക്കി. എന്റെ പ്രതിജ്ഞാ ബദ്ധത രാഷ്ട്രീയമെന്നതിനേക്കാൾ നൈതികമായിരുന്നു. നിലനില്ക്കുന്ന പുരോഗമന സാഹിത്യം പൊള്ളയായിരുന്നു. നിലനില്ക്കുന്ന ആധുനിക സാഹിത്യം രോഗാതുരവും,അടിയന്തിരാവസ്ഥക്കെതിരേയും കവിതയിലൂടെ പ്രതികരിച്ചവരിൽ ഒപ്പമോ,മുന്നിലോ ഞാനുണ്ടായിരുന്നു. തീവ്ര ഇടതുപക്ഷം ശിഥിലമായെന്നു തോന്നിയപ്പോൾ ഏകാന്തതയിലൂടെ സ്വതന്ത്രമായ പുനരന്വേഷണങ്ങളിൽ ഏർപ്പെടുകയായിരുന്നു. പതുക്കെ പതുക്കെ മാർക്സിസത്തെ വിമർശിക്കാനും വികസിപ്പിക്കാനും തുടങ്ങി. ചെറുപ്പമല്ലേ?


താങ്കളുടെ പ്രമേയങ്ങളുടെ വൈവിധ്യം വിസ്മയകരമാണ്‌. പ്രണയം, സമകാലീന രാഷ്ട്രീയം,മരണം,ആത്മീയത, യാത്രാനുഭവങ്ങൾ സംഗീതം,ചിത്രകല, ചരിത്രം,മലയാള കവിത, ഭക്തികാല കവിത...ഇവയെക്കുറിച്ച്‌?

എന്റെ താല്പ്പര്യങ്ങൾ തന്നെയാണ്‌ ആ വിപുലമായവ. കേവല വികാരത്തിന്റേയും,,കേവല ധിഷണതയുടേയും,ആദ്ധ്യാത്മികതയുടേയും കവിതകൾ ആസ്വദിക്കാനാകുമെങ്കിലും ഇവ മൂന്നും ചേരുന്ന കവിതയിലാണ്‌ എന്റെ വിശ്വാസം.പ്രചോദനത്തിൽ ഞാൻ വിശ്വസിക്കുന്നു. കവിത മനുഷ്യനെപ്പോലെയാകണം. മസ്തിഷ്ക്കവും,ഹൃദയവും,ആത്മാവും ഒരു ജൈവ വലയത്തിൽ നിലനില്ക്കുന്ന മനുഷ്യനെപ്പോലെ.

സ്വകാര്യതയിൽ തികച്ചും സ്വതന്ത്രനായിരിക്കൗന്നതു കാണാമോ?

കവിക്കെങ്ങനെ തീർത്തും സ്വതന്ത്രനാകാൻ സാധിക്കും?ചുറ്റും അസ്വസ്ഥമാവുന്നതെന്തും അയാളുടേയും അസ്വാതന്ത്ര്യമാവില്ലേ?സദാ ജാഗരൂകരായിരിക്കാൻ സമൂഹത്തെ ആഹ്വാനം ചെയ്യേണ്ടവനാണ്‌ കവി.

1965-കളിൽ മലയാള കവിതാ ലോകത്തെ പുതുനാമ്പുകളിൽ ഒരാളായിരുന്നു താങ്കൾ.അക്കാലത്ത്‌ കവിത താങ്കൾക്ക് എന്തായിരുന്നു?


ആ കാലഘട്ടത്തിൽ എഴുതിത്തുടങ്ങിയ പുതുകവികൾക്ക് തങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗമായിരുന്നു കവിത. സർഗ്ഗപ്രക്രിയയിൽ കൂടി തങ്ങളുടെ അന്തഃസത്തയേയും കാവ്യപരമായ അനുഭൂതികലില്ക്കൂടി പ്രപഞ്ചത്തേയും കണ്ടെത്താനുള്ള ശ്രമമായിരുന്നു.

സാമാന്യ ഭാഷയിൽ കവിതയെ വ്യാഖ്യാനിക്കുക സാദ്ധ്യമാണോ?


അത്‌ വായനക്കാരന്റെ ഹൃദയത്തിലേക്ക് വിടുന്നു.

കവിതക്കും വായനക്കാരനുമിടയിൽ മദ്ധ്യസ്ഥനായി ഒരു നിരൂപകന്റെ ആവശ്യകത?

ഇരുവർക്കുമിടയിൽ മീഡിയേറ്ററുടെ ആവശ്യമില്ലായിരിക്കാം. കവിതകൾക്ക് ഒരു ചൂണ്ടുപലകയായി ഗൈഡായി നിരുപകന്റെ അവതാരിക ദോഷം ചെയ്യുന്നില്ലെന്നു തോന്നുന്നു.

സച്ചിദാനന്ദന്റെ കവിതകൾ എന്തു പറയുന്നു?(1970-കാലഘട്ടത്തിൽ)

ഞാനെഴുതുന്ന ആശയങ്ങൾ ചുരുക്കി പറയാവുന്ന വടിവൊത്ത ആശയങ്ങളല്ല. അതു ജീവിതം പോലെ തന്നെ വിഭിന്ന വ്യാഖ്യാനങ്ങൾക്ക് വക നല്കുന്നതാണ്‌. വിചാര വികാരങ്ങളുടെ ഒരു ധാര ആസ്വാദകന്റെ മനസ്സിൽ കവിതാപാരായണം മൂലം സംജാതമാകുന്നുണ്ട്‌.


(തുടരും)