സ്ത്രീകൾ സമൂഹത്തിലിറങ്ങണം

സെലിൻ കുഞ്ഞുകുഞ്ഞ്‌
                                                    


ധനതത്വശാസ്ത്രത്തിൽ എം.എ. നല്ല മാർക്കോടെ പാസ്സായപ്പോൾ അഹങ്കാരമുണ്ടായില്ലെങ്കിലും ആത്മവിശ്വാസവും,അഭിമാനവും തോന്നിയിരുന്നു. എന്നാൽ, ബാംഗ്ളൂരിൽ ഭർത്താവിനോടൊപ്പം ജീവിതമാരംഭിച്ചപ്പോഴാണ്‌ സത്യത്തിന്റെ മുഖം കണ്ട്‌ തരിച്ചു നിന്നു പോയത്‌. അക്കാദമിക് തലത്തിൽ പഠിച്ച്‌ ജയിക്കുന്നതും, ജീവിതവും തമ്മിൽ കടലും കടലാടിയും പോലെ അന്തരമുണ്ട്‌. ധനതത്വശാസ്ത്രത്തിലെ ബിരുദം,ബിരുദാനന്തരബിരുദം ആ വിഷയത്തിലെ ഒരു സർട്ടിഫിക്കറ്റു മാത്രം. ജോലി കിട്ടാൻ ഉപകരിക്കും. ജീവിതത്തിനും ചെറിയ തോതിൽ അനുകൂലമാകും. പക്ഷേ അതൊന്നുമല്ല ജീവിതപാഠം. ഓരോ അനുഭവവും ഓരോ  അദ്ധ്യായമാണ്‌. പ്രത്യേകിച്ച്‌ വന്നുപെട്ടത്‌ മറുനാട്ടിൽ. വീട്ടുകാര്യങ്ങൾ പലതുമറിയില്ല. പാചകം ചിലതൊക്കെ മാത്രം. ഒരു വീടായാൽ എന്തെല്ലാം കാര്യങ്ങൾ.ഭർത്താവ് എന്നേക്കാൾ 3വയസ്സു മുതിർന്നായതുകൊണ്ട്‌ എന്നേക്കാൾ ഭേദം. പ്രാദേശികമായി വിവിധ ഭാഷ സംസാരിക്കുന്നവർ. അവരുടെ ആചാരമര്യാദകൾ, പെരുമാറ്റരീതികൾ. കന്നടയും, തമിഴും ഹിന്ദിയുമെല്ലാം പഠിച്ചെടുക്കാൻ ഏറെ പണിപ്പെട്ടു. സമയമെടുത്തു. മനസ്സിലുള്ളത്‌ മലയാളത്തിലോ, ഇംഗ്ളീഷിലോ ആകാം,അതു പോരല്ലൊ.

ഇന്നത്തെപ്പോലെ സംഘടനകൾ ഒരു ഭാഷക്കാർക്കും അധികമില്ല. ഒത്തുകൂടലുകൾ,പരസ്പരപ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള അവസരങ്ങൾ നാമമാത്രം. കുടുംബബന്ധുക്കളോ ദീർഘകാലമായുള്ള സുഹൃത്തുക്കളോ ഇല്ല. എല്ലാം പുതിയ മുഖങ്ങൾ. പൊയ്മുഖമേതെന്നു തിരിച്ചറിയാൻ വിഷമം. വിദ്യാഭ്യാസത്തിനായി മലയാളികൾ നഗരത്തിൽ നിരവധി എത്തുമായിരുന്നു. അവർ ഹോസ്റ്റലുകളിൽ,ഞങ്ങളെപ്പോലെ കുടുംബജീവിതമായി അവർ ബന്ധപ്പെടില്ല. കേരള സമാജം അൾസൂരിൽ പ്രവർത്തിക്കുന്നുണ്ട്‌.കുറെ നല്ല സേവനസന്നദ്ധരായ മനുഷ്യരായിരുന്നു അന്നത്തെ സംഘടനാപ്രവർത്തകർ.


മലയാളിക്ക് ആവിഷ്ക്കാര സാദ്ധ്യതകളില്ലായിരുന്നു. സംഘടനകള്‍ വളർന്നതോടെ കൂട്ടായ്മകളും സാംസ്ക്കാരികപ്രവർത്തനങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങളും വികസിച്ചുവന്നു.
ഒരു വിവാഹം നടക്കുമ്പോൾ വരനും  വധുവിനും  കുടുംബജീവിതത്തെക്കുറിച്ച്‌ അവബോധമുണ്ടാകണം. കുടുംബജീവിത ഭദ്രമാക്കുന്നതിന്‌, സാമൂഹിക വീക്ഷണത്തോടെ  ശാസ്ത്രീയമായ പരിശീലനങ്ങൾ നമ്മുടെ യുവതിയുവാക്കൾക്ക് വിവാഹത്തിന്‌ മുമ്പും പിമ്പും ലഭിക്കണം.

സാമ്പത്തികബുദ്ധിമുട്ടുകൾ നമ്മു ടെ വ്യവസ്ഥയിൽ എല്ലാവർക്കും ഉണ്ടാകും. നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കാം. എന്നാൽ കിട്ടുന്നതിന്നനുസരിച്ച്‌ ജീവിതശൈലി സ്വീകരിച്ചില്ലെങ്കിൽ കുടുംബം തകരും. ആർഭാടവും, മൽസരവും ചിലവു വർദ്ധിപ്പിക്കും. കുട്ടികൾക്ക് ഭക്ഷണവും,ചികിൽസയും ,വിദ്യാഭ്യാസവും പരമാവധി കൊടുക്കാൻ ശ്രമിക്കണം. കഷ്ടപ്പാടുകൾ ഉണ്ടാകും, ക്ഷമയോടെ സഹിക്കാൻ ശീലിക്കണം. നല്ലൊരു ഭാവിക്കുവേണ്ടിയാണ്‌ എന്ന് സമാധാനിക്കണം. 

ബന്ധുക്കൾ മറുനാട്ടിലേക്ക് കുട്ടികളെ പഠിപ്പിക്കാനയക്കുന്നത്‌ ഇവിടെയുള്ള നമ്മളെ കണ്ടിട്ടാണ്‌.അവർക്കറിയുമോ നമ്മുടെ തത്രപ്പാടുകൾ?നമ്മൾ തന്നെ പ്രശ്നങ്ങളുടെ നടുവിൽ. ഈ കുട്ടികളുടെ ഫീസ്, ഹോസ്റ്റൽ താമസം സൌകര്യം,തുടങ്ങി പലതും നമ്മുടെ ചുമലിൽ വീഴും. എങ്കിലും നാട്ടുകാരോടും, ബന്ധുക്കളോടുമുള്ള  കടപ്പാട്‌,പരമ്പരാഗതവും, പാരിസ്ഥിതികവുമായ ഭക്ഷണരീതികൾ ,അവയുടെ  ഗുണങ്ങൾ, ഗൃഹപരിപാലനം, പ്രഥമശുശ്രൂഷ, ഒറ്റമൂലികൾ,ആരോഗ്യസംരക്ഷണം, പോഷകാഹാരം എന്നിവ നമ്മുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഭൂരിപക്ഷം യുവതീയുവാക്കൾക്കുമറിയില്ല. നമ്മുടെ വിദ്യാഭ്യാസത്തോടൊപ്പം ഇത്തരം വിഷയങ്ങൾ സിലബസ്സിലുൾപ്പെടുത്തി പഠിപ്പിക്കാനുള്ള സംവിധാനം സർക്കാർതലത്തിൽ ഏർപ്പെടുത്തണം.

കുടുംബജീവിതമെന്നത്‌ വളരെ സങ്കീർണ്ണമാണ്‌. ഓരോ അംഗങ്ങളുടെ വ്യത്യസ്ഥതകളും, അഭിരുചികളും  ശാരീരിക-മാനസികതാല്പ്പര്യങ്ങളും വേറെയാകും. ഓരോരുത്തരും സഹജീവികളെ സസൂക്ഷ്മം വീക്ഷിക്കാനും ,പരമാവധി സഹകരിക്കാനും,തെറ്റുകൾ ചൂണ്ടിക്കാണിച്ച്‌ സ്നേഹപൂർവം തിരുത്താനും ശ്രമിക്കണം. മാനസികവികാസം വെറുതേ ഉണ്ടാകുമെന്നു കരുതാനാകില്ല. അതാണ് ` നമ്മുടെ കുടുംബങ്ങളിൽ കലഹങ്ങളും, പൊട്ടിത്തെറികളും  വിവാഹമോചനങ്ങളും ,ആത്മഹത്യകളും മറ്റും ഉണ്ടാകുന്നത്‌. ഡ്രഗ്ഗ്  അഡിക്റ്റാവുന്നതും ജീവിതം തകരുന്നതും നാം കാണുന്നു. കറയറ്റ സ്നേഹമാണ്‌ എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കാനുള്ള ഔഷധം. 

സമ്മർദ്ദങ്ങൾ വരുമ്പോൾ കുടുംബം ചിലപ്പോള്‍ മുങ്ങിപ്പോയേക്കാം. പരസ്പരം ഉള്ളു തുറന്ന്‌ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. മനക്കരുത്തുള്ള ഒരാൾ അപ്പോള്‍  കരകയറ്റാൻ വേണ്ടി കുടുംബത്തെ നയിക്കണം. ചിലപ്പോൾ ഭാര്യ കുടുംബത്തെ ചുമലിലേറ്റി എന്നു കരുതി അത്തരം ഭർത്താക്കന്മാരെ ‘ഹെൻ പെക്ക്‌ട്‌’ എന്നാക്ഷേപിക്കരുത്‌.

വഴക്കുകളും വിവാഹമോചനവും കഴിവതും ഒഴിവാക്കണം. എന്റെ വീട്ടുകാർ യാഥാസ്ഥിതികരായിരുന്നു. ഉപേക്ഷിച്ചു വന്നാൽ വീട്ടിൽ കയറ്റില്ല എന്ന്‌ ചെറുപ്പം മുതലേ ഉപദേശിച്ചിരുന്നു.അതുകൊണ്ട്` സഹനവും സൌഹാർദ്ദവും നിലനിർത്താൻ ഉപകരിച്ചുവെന്നു തോന്നുന്നു.

എന്നാൽ പുതിയ തലമുറക്കത്‌ കഴിയണമെന്നില്ല. സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും സ്വന്തം വരുമാനവുമുള്ള  സ്ത്രീകൾ അത്രമാത്രം ‘അടങ്ങിയൊതുങ്ങിക്കഴിയില്ല.’അതി
ന്‌ ഭർത്താക്കന്മാരും അവരെ മനസ്സിലാക്കി പെരുമാറാൻ അവരുടെ ‘പഴഞ്ചൻ ശീലങ്ങൾ“ ഉപേക്ഷിക്കണം. പരസ്പര ധാരണയും, സഹകരണവും ഇല്ലാത്തത്‌ കൊണ്ടാണ്‌ വിവാഹമോചനങ്ങൾ പെരുകുന്നത്‌.സഹജീവിയെ ആത്മാർത്ഥമായി സ്നേഹിക്കാൻ ജീവിതപരിതസ്ഥിതികൾ അനുവദിക്കുന്നില്ല. സമൂഹചിന്താഗതിയും, നമ്മുടെ മൂല്യബോധവും മാറിവരികയാണ്‌. അവനവന്റെ കടമയും, ഉത്തരവാദിത്വവും തിരിച്ചറിയണം. അവകാശവും, സ്വാതന്ത്ര്യവും സ്വാർത്ഥചിന്തയും മാത്രം പോര. കുടുംബഹീവിതമെന്നത്‌ പരസ്പരധാരണയുടെ നൂലുകൊണ്ടാണ്‌ ബന്ധിപ്പിക്കുന്നത്‌. പെട്ടെന്നു പൊട്ടാവുന്ന ഒന്നാണ്‌ ഈ നൂല്‌. അതു പൊട്ടാതെ നോക്കേണ്ടത്‌ സാമൂഹികഭദ്രതയുടെ അനിവാര്യതയാണെന്നും കൂടി ദമ്പതികൾ ഓർത്തിരിക്കണം.

നമ്മുടെ അഭ്യസ്തവിദ്യരായ  സ്ത്രീകൾക്ക് അവരുടെ ആത്മാവിഷ്ക്കാരങ്ങളും, ജീവിതപ്രതീക്ഷകളും നിറവേറ്റാൻ അനുകൂലമായ സാമൂഹിക-സാംസ്ക്കാരിക പരിതസ്ഥിതി ഇനിയും ആയിട്ടില്ല. പല പഴയ നിയമങ്ങളുടെ ചങ്ങലകളും പൊട്ടിച്ചെറിയാനുണ്ട്‌. സ്ത്രീധനം കൊടുത്ത്‌/വാങ്ങി വിവാഹം വേണ്ട എന്ന്‌ യുവാക്കൾ പരസ്യമായി പ്രഖ്യാപിക്കണം. സ്ത്രീധനവിവാഹം മാട്‌ കച്ചവടത്തിന്‌ തുല്യമാണ്‌. സ്ത്രീയുടെ മാത്രമല്ല, പുരുഷന്റേയും അന്തസ്സു ചോർന്നുപോവുകയാണ്‌. സമൂഹത്തിൽ അത്തരം മാറ്റങ്ങളുണ്ടാകാൻ നമ്മുടെ സാമൂഹിക സാംസ്ക്കാരികസ്ഥാപനങ്ങൾ പരിശ്രമിക്കണം. സാംസ്ക്കാരിക പരിവർത്തനത്തിന്‌ പുരോഗമനപരമായ കലയും സാഹിത്യവും ഉപയോഗപ്പെടുത്തണം.


എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാൻ സ്ത്രീകൾ മുന്നിട്ടീറങ്ങണം. സമൂഹത്തിന്റെ എല്ലാ തുറകളിലും മാന്യമായും, അന്തസ്സായും ഇടപെടലുകൾ നടത്താൻ സ്ത്രീകൾക്കു കഴിയും. കേരളത്തിലെ സഹകരണസ്ഥാപനങ്ങൾ,തൃതലപഞ്ചായത്തുകൾ, എന്നിവയിൽ സ്ത്രീകൾ വിജയകരമായി ഇടപെടുന്നുണ്ടല്ലൊ. കുറച്ചുകൂടി മുമ്പേ സ്ത്രീകൾ സമൂഹത്തിലിറങ്ങിയിരുന്നെങ്കിൽ നമ്മുടെ സമൂഹം കൂടുതൽ നന്നാവുമായിരുന്നു. പൊതുവിദ്യാഭ്യാസവും, സ്ത്രീവിദ്യാഭ്യാസവും കുറഞ്ഞതായിരുന്നു ഇന്ത്യയുടെ വളർച്ചക്കു് തടസ്സമായി നിന്നത്‌ .ബ്രിട്ടീഷുകാർ പോയതിനുശേഷം , നാം സാക്ഷരത വളർത്തിക്കൊണ്ട്‌ വരികയാണ് ഇനിയും അത്‌ ത്വരിതപ്പെടുത്തനം.

അവരവരുടെ ഇണയെതിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം മക്കൾക്ക് കൊടുക്കണം. എന്നാൽ അനുഭവജ്ഞാനവും ജീവിതബോധവുമുള്ള അച്ഛനമ്മമാരുടെ അഭിപ്രായത്തെ തീരെ അവഗണിക്കാതിരിക്കാൻ മക്കളും  തയ്യാറാവണം. ചെറുപ്പത്തിന്റെ തള്ളിച്ചയിൽ അബദ്ധത്തിൽ ചെന്ന്‌ ചാടിയവരുടെ ചരിത്രവും നമുക്കു മുന്നിലുണ്ട്‌.


ജാതിയും മതവുമെല്ലാം വ്യക്തിപരമാണ്‌. മനുഷ്യനെ അതിനൊക്കെ അതീതമായിക്കാണാൻ കഴിയണം. എല്ലാവർക്കും തെളിഞ്ഞ വിദ്യാഭ്യാസം കൊടുക്കണം. ഈ രംഗത്തെ കച്ചവടം അതിന്‌ പല തടസ്സങ്ങളും ഉണ്ടാക്കുന്നുണ്ട്‌. വിദ്യ വിളക്കാണ്‌. ഇരുട്ടിൽ നിന്നും ജീവിതത്തിലേക്ക് നയിക്കുന്ന വിളക്ക്‌. വിളക്കുണ്ടെങ്കിൽ വഴികാട്ടിയുടെ  ആവശ്യമില്ല. അതാണ്‌ സ്വാതന്ത്ര്യം. മനുഷ്യരെല്ലാം അന്ധതയിൽ നിന്നും അനാചാരങ്ങളിൽ നിന്നും സ്വതന്ത്രരാവണം. അതാണെന്റെ സ്വപ്നം. എന്നെങ്കിലും അത്‌ സാക്ഷാത്കരിക്കുമെന്നുറപ്പുണ്ട്‌.