അമ്മയെത്തേടി


സിസ്റ്റർ ഒലീവിയാ
 ചെമ്പകശേരി

ഗിന്നസ് ബുക്കിൽ എന്റെ പേരും,ഫോട്ടോയും രേഖപ്പെടുത്തി കാണുക, ഏറെക്കാലമായി എന്റെയൊരു സ്വപ്നമാണ്‌.

ഗിന്നസ് ബുക്കിൽ പേരുള്ള ഒട്ടേറെ പേരുടെ പല സാഹസകഥകളും ,ഞാൻ വായിച്ചിട്ടുണ്ട്‌. ഒറ്റക്കാലിൽ എവറസ്റ്റ് കൊടുമുടി കയറിയ ആദ്യത്തെ മലയാളി. 101 ഇഞ്ച് നീളത്തിൽ നഖം നീട്ടിയ മാനസിക രോഗി. ചൂണ്ടുവിരലിൽ ഹെലികോപ്ടർ കെട്ടിയിട്ട് കറക്കിയ പത്തുവയസ്സുകാരൻ; എന്നിങ്ങനെ.

പക്ഷേ,ഇങ്ങനെയൊക്കെ ചെയ്യാൻ ,വർഷങ്ങളോളം നീളുന്ന പരിശീലനവും ,കഠിനപ്രയത്നവും ആവശ്യമാണ്‌. അത്രയ്ക്കൊന്നും ചെയ്യാനുള്ള ക്ഷമയോ, ആരോഗ്യമോ എനിയ്ക്കില്ല. തന്നെയുമല്ല,മുട്ട പൊരിക്കുന്നതും ,മൂളിപ്പാട്ടു പാടുന്നതും ഒക്കെ ഗിന്നസ് ബുക്കിൽ ഇടം നേടിക്കഴിഞ്ഞു.


മറ്റാരും ചെയ്യാത്ത ,ആദ്യത്തേയോ, അവസാനത്തേയോ,എന്തെങ്കിലും ചെയ്യണമല്ലൊ റെക്കോർഡ് നേടാൻ. ഒരു പാടു നാളായി ഞാനിങ്ങനെയൊരു സ്വപനം മനസ്സിൽ കൊണ്ടു നടക്കുന്നു. ഇനി ഈ സ്വപ്നത്തിന്റെ ദൈർഘ്യമോ, മറ്റോ,ഗിന്നസ്ബുക്കിൽ....“ബ്രഷും കൈയ്യിൽ പിടിച്ച്‌,സ്വപ്നം കണ്ട്‌ നില്ക്കാൻ തുടങ്ങിയിട്ട്‌ നേരം കുറെയായല്ലൊ?ഇന്ന്‌ ട്യുഷനും  ഒന്നും പോകുന്നില്ലേ?അടുത്ത പരീക്ഷക്ക്‌ ,ഒന്നാം റാങ്കില്ലാതെ, പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടാൻ കൊണ്ടുവന്നേക്കരുത്‌. നിന്റെ അച്ഛന്റെ സ്വഭാവം നിനക്കറിയാമല്ലൊ?അമ്മയുടെ ശകാരമാണ്‌ എന്നെയുണർത്തിയത്‌.നിത്യവും കിട്ടുന്ന ഈ ശകാരമായാലോ ഗിന്നസ് ബുക്കിൽ...?

അപ്പോഴാണ്‌, വീട്ടുപണിക്കു വരുന്ന കല്യാണിക്കുട്ടി അല്പ്പം ക്ഷമാപണത്തോടെ ഓടിയെത്തിയത്‌.”കൊച്ചമ്മേ അല്പ്പം വൈകി.മോന്‌ ഒരു പനിക്കോള്‌“.
അതെങ്ങിനെയാ കല്യാണി നിന്റെ മോന്‌ പനി വരാതിരിക്കുന്നത്‌? നേരം വെളുക്കുമ്പോഴേ, നിന്റെ മോള്‌ കുഞ്ഞിനേം എടുത്ത്‌ മഞ്ഞത്തിറങ്ങിനില്ക്കും.നീയല്ലേ കല്യാണീ സൂക്ഷിക്കേണ്ടത്‌.
കല്യാണിക്കും കിട്ടി അവളുടെ ഷെയർ.

”മോന്റെ  അച്ഛനും പണിക്കു പോകണ്ടെ കൊച്ചമ്മേ...“ഒരു ഗ്ളാസ്സു കട്ടൻ കാപ്പി പോലും ഉണ്ടാക്കികൊടുക്കാൻ സമയം കിട്ടിയില്ല. ഞങ്ങളു പാവമായിപ്പോയില്ലേ കൊച്ചമ്മേ?പാത്രംകഴുകി അടുക്കുന്നതിന്നിടയിൽ കല്യാണി പതിവ് പല്ലവി ആവർത്തിച്ചു.
”അമ്മേ ഓടിവാ...മോൻ കരയുന്നു...“ വാവിട്ടു കരയുന്ന കുട്ടിയെ ഒക്കത്തു വെച്ചുകൊണ്ട്‌ ,കല്യാണിയുടെ മോൾ വേലിക്കരികിലെത്തി.
കൊച്ചമ്മേ ഇതാ, ഇപ്പ വരാം.
അടിക്കാനെടുത്ത ചൂലും എറിഞ്ഞിട്ട്‌ കല്യാണിക്കുട്ടി ഓടി.
പെട്ടെന്നാണ് ` എന്റെയുള്ളിൽ ഒരു ഐഡിയ ഉദിച്ചത്‌. ലോകത്തിലുള്ള  എല്ലാ അമ്മമാരേം നേരിൽ കണ്ട്‌, ഓരോ അമ്മയും,അവരുടെ മക്കളെ താലോലിക്കുകയും .ശാസിക്കുകയും ഒക്കെ ചെയ്യുന്നതെങ്ങിനെയെന്ന്‌ ഒരു പഠനം നടത്തുക. കൂടുതൽ അമ്മമാരും ചുംബിക്കുകയും,ശിക്ഷിക്കുകയും ചെയ്യും. രണ്ടും സ്നേഹപ്രകടനമാണത്രെ!

ഗിന്നസ് ബുക്കിൽ എല്ലാ അമ്മമാരേം നേരിട്ട് കണ്ട റെക്കോർഡ് മറ്റാർക്കും ഉള്ളതായി അറിവില്ല.


എന്റെ ക്ളാസ്സിലെ, എല്ലാ കുട്ടികളും അവരുടെ അമ്മയെപ്പറ്റി സംസാരിക്കാറുണ്ട്‌. മുടി ചീകികൊടുത്തും, പനി വന്നപ്പോൾ ചൂടുവെത്തിൽ കുളിപ്പിച്ചതും ,പാലു കുടിക്കാത്തതിനു വഴക്കു പറഞ്ഞതും എല്ലാം പറയുമ്പോൾ രാധിക മാത്രം സങ്കടപ്പെട്ട് മാറി നില്ക്കും. രാധികക്ക്‌ അമ്മയില്ല. അവളുടെ ചിറ്റമ്മയ്ക്കു രാധികയോട്‌ ഒട്ടും സ്നേഹമില്ല. എന്റെ അമ്മയെ രാധികയും അമ്മ എന്നാണ്‌ വിളിക്കുക.
എല്ലാ അമ്മമാർക്കും അവരുടെ മക്കളാണ്‌ ഏറ്റവും വിലപ്പെട്ടത്‌. കാക്കയ്ക്കും തൻകുഞ്ഞ്‌ പൊൻകുഞ്ഞെന്നാണല്ലൊ!

ഇന്നിപ്പോള്‍  എന്റെ പ്രശ്നം, ലോകത്തിലുള്ള എല്ലാ അമ്മമാരേം നേരിൽ കണ്ട്‌ ,ഗിന്നസ് ബുക്കിൽ റെക്കോർഡ് നേടുകയെന്നതാണ്‌. അതിന്‌ മാർക്കോ പോളോയും,ഇബനുബത്തൂത്തയും ഒക്കെ ലോക്കം മുഴുവൻ സഞ്ചരിച്ച്‌ യാത്രാവിവരണം എഴുതിയതുപോലെ ഞാനും ലോകം മുഴുവൻ സഞ്ചരിക്കണമെന്നോ?

എനിക്കാണെങ്കിൽ തീരെ ക്ഷമയില്ല.എന്തെങ്കിലും കുറുക്കുവഴി കണ്ടുപിടിച്ച്‌ കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കണം.

ഈ ഹൈടെക് യുഗത്തിൽ ,എന്തും ഏതും ഒരു സി ഡിയ്‌ല് ഒതുക്കിയെടുക്കാമെന്ന്‌ എന്റെ ചേട്ടൻ പറഞ്ഞു. ചിക്കൻ മസാല, വാഷിംഗ് പൌഡർ നിർമ്മ,ഡാൻ ബ്രൌണിന്റെ ഡാവിഞ്ചികോഡ് സിനിമ ,അങ്ങ നെ എന്തു വേണമെങ്കിലും ഒരു സിഡിയില്‍  കോപ്പി ചെയ്തെടുക്കാം പോലും.


ഇപ്പോള്‍  പല തരം ഉപഗ്രഹങ്ങളും മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്‌. എജ്യുസ്റ്റാറ്റ്,ഓഷ്യൻസാറ്റ്, ഇൻസാറ്റ് എല്ലാം ഒരോ ഉപഗ്രഹങ്ങളുടെ പേരാണ്‌.

എജ്യുസ്റ്റാറ്റ്, വന്നതോടെ സ്ക്കൂളിൽ പോക്കും ,പരീക്ഷ എഴുത്തും ഒക്കെ എളുപ്പമായി. എല്ലാം വീട്ടിലിരുന്നു ചെയ്യാം. പണ്ടൊക്കെ  ഓരോ വിഷയത്തിനും ഗൈഡ് ബുക്ക് വാങ്ങാൻ കിട്ടിയിരുന്നതുപോലെ ,ഇപ്പോൾ ഉപഗ്രഹങ്ങൾ വാങ്ങാൻ കിട്ടും. ഇനി മഴയും നനഞ്ഞ് സ്ക്കൂളിൽ പോവണ്ട, ഹോം വർക്ക് ചെയ്തില്ലെങ്കിൽ ,ടീച്ചർ ക്ളാസ്സിനു പുറത്തിറക്കി നിർത്തില്ലാ,പരീക്ഷയടുക്കുമ്പോൾ ഉറക്കം കളഞ്ഞിരുന്ന്‌ എല്ലാം മനഃപാഠം ആക്കുന്ന പണിയെല്ലാം എജ്യുസ്റ്റാറ്റ് ചെയ്തോളും. ഹോ...ഒടുവിൽ ദൈവം നമ്മുടെയെല്ലാം പ്രാർത്ഥന  കേട്ടു.

ഇതോടെ വിദ്യാർത്ഥി സമരവും, ബന്ദും,ഹർത്താലും, ഒക്കെ പൊളിഞ്ഞതാ ലക്ഷണം. പക്ഷേ കൂട്ടുകാരൊത്തു കളിക്കാനുള്ള ചാൻസു മാത്രം നഷ്ടപ്പെടാൻ പാടില്ല.

ഞാൻ വാങ്ങിയത്` ഒരു അമ്മ സാറ്റ് ഉപഗ്രഹമാണ്‌. ഇതുണ്ടെങ്കിൽ ,ലോകത്തിലുള്ള  എല്ലാ അമ്മമാരേം നേരിട്ടു കാണാൻ സാധിക്കുമെന്നു മാത്രമല്ല,ഗൾഫിലും, അമേരിക്കയിലും ഒക്കെ ജോലി ചെയ്യുന്ന അമ്മമാർക്ക് നാട്ടിൽ മുത്തശ്ശിയും ആയമാരും നോക്കുന്ന തങ്ങളുടെ മക്കളെ നേരിട്ടു പരിചരിക്കാനും സാധിക്കും. ഓരോരോ ഉപയോഗങ്ങൾക്കായി പ്രത്യേക പ്രോഗ്രാം ചെയ്ത മൈക്രോ ചിപ്പ് ഘടിപ്പിച്ചാൽ എന്തു വീട്ടുജോലിയും അമ്മസാറ്റ് ഉപഗ്രഹം കൊണ്ട്‌ ചെയ്തെടുക്കാൻ മറ്റുമെന്നാണ്‌,കമ്പനിക്കാർ പറഞ്ഞത്‌.


എന്തോ, സെയിൽസ് ബോയ്സ് എല്ലാവരും എന്നോടൊരു പ്രത്യേക താല്പ്പര്യം കാണിച്ചു. എനിക്കു വേണ്ടി മാത്രം പ്രത്യേകം ഡിസൈൻ ചെയ്ത്‌ സ്പെഷ്യൽ ഡിസ്ക്കൌണ്ടും ചോദിക്കാതെ തന്നെ തന്നു.

ഞാൻ വാങ്ങിയ അമ്മസാറ്റ് ഒരു വീട്ടമ്മ ചെയ്യേണ്ട എല്ലാ ജോലികളും  ചെയ്യും. വീട്‌ അടിച്ചുവാരൽ, തുണി അലക്ക്,പാത്രം കഴുകൽ,രാവിലെ ബെഡ് കോഫി എന്നിങ്ങനെ ഓരോന്നും.വിവിധതരം മൈക്രോ ചിപ്പുകൾ ഘടിപ്പിച്ച്‌ പ്രവർത്തിപ്പിക്കേണ്ടതെങ്ങിനെയെന്നതിനുള്ള പരിശീലനവും സൌജന്യമായി നല്കി.

സോപ്പും പൌഡറുമൊക്കെ വാങ്ങുമ്പോൾ .ഒന്നു വാങ്ങിയാൽ ഒന്നു ഫ്രീ,എന്നതുപോലെ ഓരോ ഉപഗ്രഹങ്ങളും വാങ്ങുന്നവർക്ക് പല തരം ഓഫറുകളും ഉണ്ട്‌.

എനിക്കു നല്ലയൊരു ചീപ്പും ഷാമ്പുവും വാങ്ങാനുള്ള ഗിഫ്റ്റ് കൂപ്പണ്‍  ആണ്‌ കോംപ് ളിമെന്റായി കിട്ടിയത്‌.

ഒരു ഓഷ്യൻ സാറ്റ് ,വാങ്ങിയാൽ വേമ്പനാട്ട് കായലിൽ ഒരു തോണിയാത്ര ഫ്രീ.....എല്ലാം കൂടി ഒന്നിച്ചു വാങ്ങിയാലോ, എന്നു പോലും തോന്നിപ്പോയി.

അമ്മ സാറ്റ് ഉപഗ്രഹവുമായി ഞാൻ വീട്ടിലെത്തിയപ്പോഴേക്കും സുഹൃ ത്തുക്കൾ.അയല്ക്കാർ, മാധ്യമപ്രവർത്തകർ, ഒക്കെയായി ഒരു വലിയ ജനക്കൂട്ടം കാത്തുനില്പ്പുണ്ടായിരുന്നു. ജനത്തെ നിയന്ത്രിക്കാനായി ഏതാനും പോലീസും സ്ഥലത്തുണ്ടായിരുന്നു. ഉപഗ്രഹം ഓപ്പറേറ്റ് ചെയ്യുന്ന എന്റെ പല പോസിലുള്ള ,ഫോട്ടോ മാധ്യമക്കാർ എടുത്തു. ഒടുവിൽ മാധ്യമക്കാരുടെ വക ഒരു അഭിമുഖവും.

“ആദ്യമായാണൊ ഇങ്ങിനെയൊരു ഉപഗ്രഹം വാങ്ങുന്നത്‌? എല്ലാ അമ്മമാരേം നേരിൽ കാണണമെന്ന്‌ തോന്നാനുണ്ടായ് വികാരം? ആരാണ് ` കൂടുതൽ പ്രോൽസാഹനം നല്കിയത്‌? അച്ഛനോ, അമ്മയോ?അന്യഗ്രഹങ്ങൾ സന്ദർശിക്കാൻ പ്ളാനുണ്ടോ?എന്നിങ്ങനെ വീർപ്പു മുട്ടിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ്‌ എന്റെ വായിലെ വെള്ളവും വറ്റി.


എല്ലാവരും പിരിഞ്ഞുപോയ ഉടനെ തന്നെ, ഞാൻ എന്റെ അമ്മ സാറ്റിലേക്ക് ഓരോ അമ്മമാരുടേയും ഇമേജ് പകർത്താൻ തുടങ്ങി. ഗോത്രവർഗ്ഗക്കാർ, സ്വന്തം കുഞ്ഞിനെ മാറാപ്പിൽ കെട്ടിയിട്ട്‌ വയലിൽ പണിയെടുക്കുന്ന ചിത്രം,കുട്ടിയെ ഒക്കത്ത്‌ വെച്ച്‌ അമ്പിളിമാമനെ ചൂണ്ടികാട്ടി ചോറൂട്ടുന്ന അമ്മ. നാടോടികൾ, മരച്ചില്ലയിൽ തൊട്ടിൽ കെട്ടി താരാട്ടു പാടുന്ന ദൃശ്യം.യൂറോപ്പും,അമേരിക്കയും പോലുള്ള പരിഷ്ക്കൃത രാജ്യങ്ങളിൽനെഞ്ചത്ത്  കുട്ടിയെ ബെല്‍റ്റു  കൊണ്ട്‌ സ്ട്രാപ്പു ചെയ്ത്‌ ഷോപ്പിങ്ങ് ചെയ്യുന്ന ഒരമ്മ.അങ്ങിനെ ഓരോ അമ്മയും അവരുടെ മക്കളെ ലാളിക്കുകയും, പരിചരിക്കുകയും,ശാസിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഓരോന്നും ഞാൻ പകർത്തിയെടുത്തു.


ഈ ലോകത്തിൽ എന്തെല്ലാം തരം അമ്മമാരാണുള്ളത്‌? ഒരു കുഞ്ഞിക്കാലു കാണാനായി, കണ്ണീരൊഴുക്കി പ്രാർത്ഥിച്ചും,വഴിപാടുകൾ നേർന്നും കാത്തിരിക്കുന്ന അമ്മ. 100 രൂപാക്ക് സ്വന്തം കുഞ്ഞിനെ വില്ക്കുന്ന ഒരമ്മ..ജനിക്കാൻ പോകുന്നത്‌ ,പെൺ-കുഞ്ഞാണെന്നറിഞ്ഞ്‌ ജനിക്കുന്നതിനുമുമ്പ്‌ തന്നെ, ദൈവം കനിഞ്ഞുനല്കിയ ജീവൻ ഇല്ലാതാക്കുന്ന ഒരമ്മ. ജനിച്ചയുടനെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുന്ന അമ്മ.......


ഇങ്ങനെ മാറി, മാറി സന്തോഷിപ്പിക്കുകയും ,വേദനിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ ഞൻ എന്റെ അമ്മസാറ്റിലേക്ക് കോപ്പി ചെയ്തു. വി ഡി പി പ്ളെയർ ഉപയോഗിച്ച്‌ എന്റെ അദ്ധ്വാനത്തിന്റെ ഫലം പലവട്ടം കണ്ട്` ഞാനാസ്വദിച്ചു.


പ്രാർത്ഥിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസം ഞായറാഴ്ച്ചയാണെന്ന ഒരു വിശ്വാസം എനിക്കുള്ളതുപോലെ തന്നെ, ഏതൊരു നല്ല കാര്യവും തുടങ്ങാൻ പറ്റിയ ദിവസം ,തിങ്കളാഴ്ച്ചയാണെന്ന ഒരു വിശ്വാസവും എനിക്കുണ്ട്‌.


അതുകൊണ്ട്‌ ഒരു തിങ്കളാഴ്ച്ച രാവിലെ തന്നെ സിഡിയും, ബയോഡാറ്റയും, അടങ്ങുന്ന ഫയലും നെഞ്ചോട് ചേർത്തു പിടിച്ച്‌ ,എല്ലാം ശുഭമായി തീരണമേയെന്ന പ്രാർത്ഥനയോടേ കുരിശുപള്ളിയിൽ രണ്ടു  തിരിയും കത്തിച്ച്‌ നേർച്ചയും ഇട്ടിട്ടാണ്‌ ഓഫീസിലേക്കു പോയത്‌.

അവിടെ അകത്തു കടക്കുന്നതിനായി ,വാതില്ക്കൽ നിന്ന കാവൽക്കാരൻ മുതൽ 25ഓളം ജീവനക്കാരോട് എന്റെ റെക്കോർഡി നെപ്പറ്റി വിശദീകരിച്ചു. ഓരോരുത്തരും അടുത്ത മേശക്കരികിലേക്ക് പോകാൻ ആംഗ്യം കാണിച്ചു .അവസാനം കാണേണ്ടയാളെ തന്നെ കണ്ട്‌ കാര്യം ബോധിപ്പിച്ചു. സിഡിയും, ബയോഡാറ്റയും എല്ലാം പരിശോധിക്കുന്നതിന്നിടയിൽ സാറദ്ദേഹത്തിന്റെ മുഖത്തെ ഗൌരവം എന്നെയല്പ്പം അസ്വസ്ഥയാക്കി. അല്പ്പനേരത്തെ മൌനത്തിനുശേഷം ,എന്നെയദ്ദേഹം അടിമുടിയൊന്നു നോക്കി, അമ്മസാറ്റ് ഉപഗ്രഹത്തെക്കുറിച്ച്‌ തിരിച്ചും മറിച്ചും ചോദ്യം ചോദിച്ചു.

നെറ്റിയിലെ വിയർപ്പു തുടക്കുന്നതിന്നിടയിൽ എനിക്കല്പ്പം വിക്കും, കൊഞ്ഞയും പിടിപെട്ടു.

ഈ സിഡി വ്യാജമല്ലെന്ന്‌ തെളിയിക്കാൻ എല്ലാ അമ്മമാരേം ,ഒന്നിച്ചു നിറുത്തിയെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയോടൊപ്പം അതാതു ജില്ലകളി ലെ തഹസീൽദാർ,ഈ സിഡിയിൽ കാണുന്ന ഓരോ അമ്മയും ഒറിജിനലും, റിയലും ആണെന്ന്‌ തെളിയിക്കുന്ന ,ഒരു സർട്ടിഫിക്കറ്റും വാങ്ങി വന്നാലേ,ഇതു പരിഗനിക്കാനാവൂ എന്ന്‌ അദ്ദേഹം എന്റെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞു.

ഫയലും മടക്കിപ്പിടിച്ച്‌ തിരിച്ച്‌ പടിയിറങ്ങിയപ്പോള്‍  ഞാൻ ഞാന്‍  തന്നെയോ എന്നു പോലും സംശയിച്ചു പോയി.


വീട്ടിലെത്തി അമ്മസാറ്റും,സിഡിയും കൂടി ഒന്നിച്ചു ചവറ്റുകൊട്ടയിൽ എറിയാനുണ്ടായ പ്രലോഭനം എന്റെ അമ്മ കണ്ടാ ലോയെന്ന്‌ ഭയന്ന്‌ സി.ഡി. മേശവലിപ്പിലും, ,ഉപഗ്രഹം കട്ടിലിന്നടിയിലേക്കും തള്ളി  വെച്ചിട്ട്‌ ഞാനൊന്നു മയങ്ങിപ്പോയി.


കാലം ഏറെ  കടന്നുപോയിരിക്കുന്നു. എങ്കിലും ഗിന്നസ് ബുക്ക് റെക്കോർഡു  ഇന്നും എന്റെയൊരു സ്വപ്നമാണ്‌.ഒന്നോർത്താൽ ഇന്ന്‌ എന്റെ പേരിൽ റെക്കോർഡുകൾ ഒന്നിലധികം ഇല്ലേ?ലോകത്തിലുള്ള എല്ലാ അമ്മമാരേം നേരിൽ കാണാനാഗ്രഹിച്ച ആദ്യത്തെ വനിത.അമ്മസാറ്റ് ഉപഗ്രഹം വാങ്ങിയ ആദ്യത്തേയും, അവസാനത്തേയും മറുനാടൻ മലയാളി എന്നിങ്ങനെ!

എന്റെയീ റെക്കോർഡുകൾ എല്ലാം ഞാനിന്ന്‌ ഈ ലോകത്തിലുള്ള എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നു. ആരീരാരോം പാടിയുറക്കാനും, പാലൂട്ടിവളർത്താനും ഒരു നല്ല അമ്മയെത്തന്നനുഗ്രഹിച്ച “പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല” എന്ന വാക്കു തന്ന്‌ ഓരോ അമ്മയിലും ഒളിഞ്ഞിരിക്കുന്ന ,എന്റെ നല്ല ദൈവത്തിനു സമർപ്പിച്ചുകൊണ്ട്‌...................!