“അമ്മ നല്കിയ സമ്മാനം”


എം.ലീലാവതി


തനിക്കു ലഭിച്ച മാതൃഭൂമി സാഹിത്യപുരസ്ക്കാരം മലയാളത്തിലെ നിരൂപണ സാഹിത്യത്തിനു ലഭിച്ച അംഗീകാരമാണ്‌.പുരസ്ക്കാരം ലഭിച്ച വിവരമറിഞ്ഞപ്പോൾ പ്രതികരിച്ചത്‌“അമ്മ നല്കിയ സമ്മാനം” എന്നായിരുന്നു. മാതൃഭൂമിയുടെ എല്ലാ പത്രാധിപന്മാരും  പ്രോൽസാഹനം തന്നവരാണ്‌. 1951-ൽ  അയച്ച ലേഖനം ഒരു ശസ്ത്രക്രിയ പോലും ചെയ്യാതെ അന്നത്തെ പത്രാധിപർ എൻ.വി.കൃഷ്ണവാരിയർ പ്രസിദ്ധീകരിച്ചതു  വലിയ അനുഭവമായിരുന്നു.

മഹാശ്വേതാദേവി 
സാഹിത്യത്തിന്റെ ചക്രവർത്തിനിയായ മഹാശ്വേതാദേവിയിൽ നിന്ന്‌ പുരസ്ക്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമാണ്‌. എവിടെ ദുഃഖം അനുഭവിക്കുന്നവരു ണ്ടോ,എവിടെ അനീതിയുണ്ടോ അവിടെ മഹാശ്വേതാദേവിയുമുണ്ട്‌. പ്രതിജ്ഞാബദ്ധതയോടെയാണ്‌ അവർ സാഹിത്യം രചിക്കുന്നത്‌.നോബേൽ സമ്മാനം ലഭിക്കാൻ ഏറ്റവുമർഹതപ്പെട്ടവരാണവർ. ഏറ്റവുമൊടുവിൽ കൂടംകുളം ആണവനിലയപ്രശ്നത്തിലും അവർ ഭരണാധികാരികൾക്ക് ശക്തമായ ഭാഷയിൽ തുറന്ന കത്തെഴുതി.

ഇക്കൊല്ലത്തെ മാതൃഭൂമി പുരസ്ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഡോ:എം.ലീലാവതി. പുരസ്ക്കാരം സമ്മാനിച്ച മഹാശ്വേതാദേവി സമൂഹത്തിലെ പീഡിതരുടേയും,തിരസ്ക്കരിക്കപ്പെടുന്നവരുടേയും ശബ്ദമാണ്‌. ഒരു പാർട്ടിയുടേയും, പ്രസ്ഥാനത്തിന്റേയും പിൻബലമില്ലെങ്കിലും ഒരാൾക്കു പോലും അവരുടെ ശബ്ദം അവഗണിക്കാനാവില്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
നിരൂപണരംഗത്ത്‌ എം.ലീലാവതിയെപ്പോലെ പതിറ്റാണ്ടുകളായി ഉറച്ചു നില്ക്കുന്ന ഒരു സ്ത്രീ മറ്റൊരു ഭാഷയിലും ഉണ്ടാവില്ലെന്ന്‌ ഡോ:എം.എം.ബഷീർ പറഞ്ഞു. അപ്രിയ സത്യ ങ്ങൾ പോലും പ്രിയതരമായി പറയാൻ അവർക്കു കഴിയുന്നു. ഖണ്ഡന നിരൂപണത്തിലൂടെ ചിലർ നടത്തിയ ദൌത്യം ,സദ്വാക്കുകളിലൂടെ നടത്താൻ ലീലാവതിക്കു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കാവ്യധാരണകളിലേക്ക് മലയാളി മനസ്സിനെ ഇത്രയേറെ പാകപ്പെടുത്തിയ നിരൂപക ലീലാവതിയെപ്പോലെ വേറെയില്ല.. കേരളത്തിലെ എഴുത്തുകാർ ത്രാണി നഷ്ടപ്പെട്ട് ‘ബുക്കുചെയ്യപ്പെട്ടിരിക്കുകയാണെന്നും ഏതൊരു ഭരണക്കാർക്കും തലവേദനയായിത്തുടരുന്ന മഹാശ്വേതാദേവിയുടെ സാന്നിധ്യം നമ്മുടെ ഭാഗ്യമാണെന്നും പ്രൊ:കല്‍പ്പറ്റ  നാരായണൻ പറഞ്ഞു

ഭാഷക്കും, സാഹിത്യത്തിനും പ്രോൽസാഹനം നല്കാൻ എന്നും മാതൃഭൂമി മുൻപന്തിയിലുണ്ടെന്ന്‌ സ്വാഗതപ്രസംഗത്തിൽ മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ പറഞ്ഞു. 1951-ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ആദ്യലേഖനം പ്രസിദ്ധീകരിച്ചതു മുതൽ എം.ലീലാവതിയുമായുള്ള ബന്ധം തുടരുന്നു. ആദിവാസി ദളിത് വിഭാഗങ്ങൾക്കു വേണ്ടി നിരന്തര പോരാട്ടം നടത്തുന്ന എഴുത്തുകാരിയായ മഹാശ്വേതാദേവിയെത്തന്നെ പുരസ്ക്കാരദാനത്തിനു ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുരസ്ക്കാരദാനച്ചടങ്ങിനു ശേഷം പ്രശസ്ത ഗായിക ഗായത്രി അവതരിപ്പിച്ച ഗസൽസന്ധ്യ കാണികൾക്ക് വിരുന്നായി. ഗുലാം അലി, മെഹ്ദിഹസ്സൻ,ഹരിഹരൻ തുടങ്ങിയവരുടെ പ്രശസ്തമായ ഗസലുകൾ ഗായത്രി ആലപിച്ചു. കാണികളുടെ ആവശ്യപ്രകാരം മറ്റു ചില പാട്ടുകളും അവർ പാടി. 

പത്രവാര്‍ത്ത